കരയിലേക്ക് ഓടിപ്പോകുന്ന കാറ്റിൽ ചാഞ്ഞും ചരിഞ്ഞും തിരയ്ക്ക് മുകളിലൂടെ വള്ളം പതുക്കെ നീങ്ങി. ഇത് ഒരു ജീവിതയാത്രയാണ്. വള്ളത്തിനും വലയ്ക്കും കടലിനും പിന്നെ കുറേപേർക്കും മാത്രമറിയാവുന്ന യാത്ര...
പുലർച്ച 3.30. പരപ്പനങ്ങാടി തുറമുഖത്ത് മണൽ പരപ്പിലെ ഇരുട്ടുവഴികളിൽനിന്ന് നിയോൺ വിളക്കിന്റെ വെളിച്ചത്തിലേക്ക് പതിയെ ചില മനുഷ്യരൂപങ്ങൾ വന്നുചേരുന്നു. പലരും തോർത്തു മുണ്ടുകൾകൊണ്ട് തല മറച്ചിട്ടുണ്ട്. ചിലരുടെ തലയിൽ ചെറിയ ഓലത്തൊപ്പി. എല്ലാവരുടെയും കൈയിൽ വെളുത്ത നിറത്തിൽ മൂടിയുള്ള ചെറിയ ബക്കറ്റുകൾ. രാവിലെ കഴിക്കാൻ വീട്ടിൽനിന്ന് കൊണ്ടുവന്ന വിഭവങ്ങളാണ് അതിനുള്ളിൽ. നാലുമണിയോടെ പല ദിക്കുകളിൽനിന്ന് വന്നവർ 47 പേരടങ്ങുന്ന കൂട്ടമായി മാറി. കടലിൽ അൽപം ദൂരെ മങ്ങിയും തെളിഞ്ഞും കത്തുന്ന കുഞ്ഞു വിളക്കുള്ള ബോട്ടുകൾ. അതിലൊന്ന് അവരെ കാത്തുകിടക്കുന്നു. ‘അൽമിസ്ക്’ എന്ന് പേരെഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് സംഘമെത്തിയിരിക്കുന്നത്. സുഹൃത്ത് ഹംസ കടവത്ത് വഴിയാണ് കടലിന്റെ മക്കളുടെ ജീവിതം അടുത്തറിയാൻ പരപ്പനങ്ങാടി തുറമുഖത്തെ അൽമിസ്ക് ബോട്ടിന്റെ പാർട്ണർമാരിലൊരാളും രണ്ടാം സ്രാങ്കുമായ ജബ്ബാർക്കയിലേക്ക് എത്തിയത്. ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം ഹാപ്പി. സഹായിയായി പൊന്നാനി ലേഖകൻ നൗഷാദ് പുത്തൻ പുരക്കലുമെത്തി. കാമറയും മൈക്കുമൊക്കെയായി ഞങ്ങളെ കണ്ടപ്പോൾ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും ആവേശം. അപരിചിതഭാവം മാറി എല്ലാവരും പെട്ടെന്ന് അടുത്തു. ആദ്യം മോട്ടോർ ഘടിപ്പിച്ച ചെറു ഫൈബർ വള്ളത്തിൽ കയറി ബോട്ടിലേക്ക് പോകണമെന്ന് ജബ്ബാർക്ക പറഞ്ഞു. ഇരുട്ടിൽ തിളങ്ങുന്ന തിരമാലകൾക്കുമുകളിൽ ആടിയുലയുന്ന വള്ളത്തിൽ കയറിപ്പറ്റാൻ ആയാസപ്പെടേണ്ടി വന്നു. കയറുന്നതിനിടെ തിരയടിയിൽ ആെഞ്ഞാന്ന് ഉലഞ്ഞപ്പോൾ ഉള്ളിലൊരാളൽ. അതു മനസ്സിലാക്കിയെന്നോണം, കൂട്ടത്തിൽ പ്രായമുള്ളയാൾ ചെവിയിൽ പറഞ്ഞു, ‘‘പേടിക്കണ്ട. ഞങ്ങൾക്ക് ജീവനുള്ളിടത്തോളം നിങ്ങൾക്കൊന്നും വരില്ല’’. ഇരുട്ടിൽ നക്ഷത്രം തെളിയുന്നതുപോലെ പല വർണങ്ങളിൽ കുഞ്ഞു വിളക്കുകൾ തിളങ്ങി. എല്ലാം യാത്രക്ക് തയാറെടുക്കുന്ന ബോട്ടുകളിൽനിന്നാണെന്ന് അദ്ദേഹം പറഞ്ഞു.
കരയിലേക്ക് ഓടിപ്പോകുന്ന കാറ്റിൽ ചാഞ്ഞും ചരിഞ്ഞും തിരയ്ക്ക് മുകളിലൂടെ വള്ളം പതുക്കെ നീങ്ങി. തുടക്കത്തിലെ ആളൽ മാറി. പതിയെ കടൽയാത്രയുടെ ത്രിൽ മനസ്സിൽ തിരയടിച്ചു. 10 മിനിറ്റിനുള്ളിൽ തീരത്തുനിന്ന് അൽപമകലെ നങ്കൂരമിട്ട ബോട്ടിനടുത്ത് ഫൈബർ വള്ളമെത്തി. രണ്ടു വള്ളങ്ങളിലായി തിരിച്ച സംഘത്തിൽ ആദ്യമെത്തിയവർ ഞങ്ങൾക്കുവേണ്ടി ബോട്ടിനകത്തെ വിളക്കുകൾ പ്രകാശിപ്പിച്ചു. കട്ടയിരുട്ടിൽ വെളിച്ചത്തിൽ കുളിച്ച് ബോട്ട് നിന്നു. ചെറുവള്ളം ആടിയുലഞ്ഞ് ബോട്ടിന് അടുത്തെത്തിയപ്പോൾ കളി മാറി. പൊങ്ങിയും താഴ്ന്നും കളിക്കുന്ന വള്ളം ബോട്ടിന് അടുത്തെത്തുമ്പോൾ ഉടൻ വലിഞ്ഞ് കയറണം. അല്ലെങ്കിൽ പിന്നെയും വള്ളം തെന്നിമാറും. ഒരുകാൽ ബോട്ടിലും രണ്ടാമത്തെ കാൽ വള്ളത്തിലുമായിപ്പോയേക്കാം. വള്ളവും ബോട്ടും കൂട്ടിയുരുമ്മിയും അകന്നും പൊങ്ങിത്താണും കളിക്കുന്നതിനിടെയാണ് മുകളിലേക്ക് കയറേണ്ടത്. സംഗതി അത്ര എളുപ്പമല്ല. മത്സ്യത്തൊഴിലാളികളുടെ കൈകളിൽ തൂങ്ങിയാടി ഒരുവിധം ബോട്ടിൽ കയറിപ്പറ്റി. എല്ലാവരും കയറിയ ഉടൻ വലിയ മുരൾച്ചയോടെ തിരകളെ പിളർന്ന് ആഴക്കടലിലേക്ക് ബോട്ട് നീങ്ങി. വെളിച്ചം അണഞ്ഞതോടെ തിരമാലകൾക്ക് മുകളിലെ ഇരുട്ട് ബോട്ടിലും പടർന്നു. ബോട്ടിന്റെ തുഞ്ചത്ത് ചെറിയ ചുവന്ന ലൈറ്റുണ്ട്. അതിനടുത്ത് പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിൽ കയറിപ്പറ്റിയ സ്രാങ്ക് അശ്റഫിന്റെയും ജബ്ബാറിന്റെയും കൈയനക്കങ്ങൾ ടോർച്ച് വെളിച്ചത്തിൽ കാണാം. ഇടക്കിടെ തെളിയുന്ന വെളിച്ചത്തിൽ അവരുടെ കൈയനക്കങ്ങൾക്കനുസരിച്ച് ബോട്ട് മുന്നോട്ട് നീങ്ങി. താഴെ വിരിച്ച വലക്കു മുകളിൽ മലർന്നുകിടന്ന് ആകാശം കണ്ടു. തൊട്ടിൽപോലെ ചാഞ്ചാടി ബോട്ട് നീങ്ങുന്നതിനിടയിൽ അവിടവിടെ കണ്ണു ചിമ്മി അടക്കുന്ന നക്ഷത്രത്തിളക്കം. ഏതാണ്ട് ആറുമണിവരെ ബോട്ട് നിർത്താതെ പാഞ്ഞു. ബോട്ടിന് പിറകിൽ തിരമാലയുടെ വെളുത്ത നുര ഇരുട്ടിലും പാൽ പോലെ പതഞ്ഞൊഴുകി.
പെട്ടെന്ന് ഒച്ചയും ബഹളവും കൂടി. എല്ലാവരും ചാടിയെണീറ്റു. കിഴക്കനാകാശത്ത് ചെഞ്ചായം പടരുന്നേയുള്ളൂ. മങ്ങിയ ഇരുട്ടിലും കൃത്യമായി ഓരോരുത്തർക്ക് നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മത്സ്യത്തൊഴിലാളികൾ സജ്ജരായി. എൻജിൻ റൂമിന് മുകളിലായി പിടിപ്പിച്ച കാമറയിൽ മീൻ കണ്ടതാണെന്നും ഉടൻ വലയിടുമെന്നും ബോട്ടിന്റെ വളയം പിടിച്ചിരുന്ന കരണമൻ വീട്ടിൽ സവാദ് പറഞ്ഞു. തൊട്ടുപിറകെ വെള്ളത്തിലേക്ക് എന്തോ എടുത്തെറിയുന്ന ശബ്ദം. കൂട്ടത്തിലൊരാൾ വലയുടെ തലപ്പുമായി ചാടിയതാണ്. ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ പറ്റിയില്ല. കാമറയുമായിനിന്ന നൗഷാദ് നിരാശനായി. വെള്ളത്തിൽ കറുത്ത രൂപം ഒഴുകിേപ്പായി. അൽപമകലെ വെള്ളത്തിൽ അയാൾ പൊങ്ങിക്കിടക്കു ന്നുണ്ടായിരുന്നു. ഞൊടിയിടകൊണ്ട് ബോട്ടിനകത്ത് യുദ്ധസമാന അന്തരീക്ഷം. വലക്കണ്ണികൾ വലിയ വടത്തിനൊപ്പം കടലിലേക്ക് തെറിച്ചുകൊണ്ടേയിരുന്നു. 500 മീറ്റർ നീളമുണ്ട് വലയ്ക്ക്. വേഗത്തിൽ ചരിഞ്ഞ് നീങ്ങിയ ബോട്ട് അർധവൃത്താകൃതിയിൽ കറങ്ങി വെള്ളത്തിൽ ചാടിയ മത്സ്യത്തൊഴിലാളിയുടെ അടുത്തെത്തി. വലയുടെ രണ്ടു തലപ്പുകളും കൂടിപ്പിണർന്നു. നിമിഷങ്ങൾക്കുള്ളിൽ തിരകൾക്ക് മുകളിൽ അതൊരു വലിയ വലയമായി. പിറകിൽ ബോട്ടിൽ കെട്ടിയിട്ടിരുന്ന ചെറു വള്ളങ്ങൾ അപ്പോഴേക്കും അപ്രത്യക്ഷമായിരുന്നു. മത്സ്യങ്ങൾ പുറത്തു ചാടാതിരിക്കാൻ വെള്ളത്തിൽ നിന്ന് വലയുടെ മുകൾ ഭാഗം ഉയർത്തിപ്പിടിക്കാനാണ് അവർ പോയത്.
വല വൃത്താകൃതിയിലാക്കിയതിന് ശേഷം കാറ്റിൽ ആടിയുലയുന്ന ബോട്ടിന്റെ തലപ്പത്തുനിന്ന് ഭാരിച്ച വല വലിച്ചുകയറ്റുക എന്നത് മണിക്കൂറുകൾ നീളുന്ന ശ്രമകരമായ ജോലിയാണ്. ഏതു നിമിഷവും മറിയുമെന്ന് തോന്നുന്ന ചെറു വള്ളങ്ങളിൽ ട്രിപ്പീസ് കളിക്കാരെപ്പോലെ ബാലൻസ് ചെയ്തു നിന്നാണ് മൂന്നുപേർ വല ഉയർത്തിപ്പിടിച്ചിരിക്കുന്നത്. മീൻ പുറത്തുപോകാതിരിക്കാൻ ബോട്ടിൽ മരക്കഷ്ണങ്ങൾകൊണ്ട് ആഞ്ഞടിച്ച് വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ചിലർ കടലിലേക്ക് എടുത്തുചാടി വലിയ ഓളങ്ങളുണ്ടാക്കി. പതിയെ ചുവന്ന വട്ടപ്പൊട്ടുപോലെ സൂര്യൻ തെളിഞ്ഞു. വിശ്രമമില്ലാതെ വല വലിച്ചു തുടങ്ങിയിട്ട് ഏതാണ്ട് അര മണിക്കൂർ പിന്നിട്ടിരിക്കുന്നു. വലയുടെ വൃത്തം പതിയെ ചെറുതാകാൻ തുടങ്ങി. ഒരു കൂട്ടർ വല വലിക്കുമ്പോൾ മറ്റൊരു കൂട്ടർ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന വലയുടെ പ്ലാസ്റ്റിക് ബോളുകൾ പിടിപ്പിച്ച ഭാഗം വലിച്ചു കയറ്റണം. വടം ചുറ്റിവെക്കണം. ഈ പങ്കപ്പാട് ശരീരമറിയാതിരിക്കാൻ ഈണത്തിലുള്ള പാട്ടുകൾ ഉയർന്നു.
‘‘സല്ലിയാ മൗലൈ വ സല്ലി
മമ്പുറത്തുണ്ടായ യുദ്ധം
കുഞ്ഞലവി ചാടി വെട്ടി
ആന തമ്മിൽ കൂട്ടം കെട്ടി
ഹസൻ പോക്കർ പറന്നു വെട്ടി
നൂറുദ്ദീൻ ൈശഖിന്റെ യാറം
ചാലിയം ബന്ദർ മിനാരം...’’
ഒരാൾ ഉച്ചത്തിൽ പാടുന്നു. മറ്റുള്ളവർ അതേറ്റു പാടുന്നു. ആ താളത്തിൽ വല ബോട്ടിലേക്ക് അനുസരണയോടെ കയറി തുടങ്ങി.
ബോട്ടിൽ വലയുടെ ഒരു ഭാഗം കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു. ഏഴു മണിയോടെ വലയം ചുരുങ്ങിവന്നു. വലക്കൊപ്പം ചെറിയ മൂന്നു വള്ളങ്ങളും ബോട്ടിനോടടുത്തു. സഞ്ചാരപാത മുറിഞ്ഞതോടെ വല വിരിച്ച വട്ടത്തിനുള്ളിൽ മത്തി തിളച്ചു മറിയാൻ തുടങ്ങി. പരുന്തും കൊക്കുകളും വട്ടമിട്ട് പറന്ന് അവർക്കാവശ്യമുള്ളത് കാലിലും കൊക്കിലും കുരുക്കിയെടുത്ത് പറന്നുപൊങ്ങുന്ന മനോഹര ദൃശ്യം ഇടക്കിടെ ആവർത്തിച്ചു. വള്ളങ്ങളും ബോട്ടും അടുപ്പിച്ച് ചെറിയ ചാലുപോലെ ആക്കി അതിൽനിന്ന് കോരുവല ഉപയോഗിച്ച് മത്തി ചെറുവള്ളത്തിലെ കള്ളികളിൽ നിറച്ചു. മൂന്നു കള്ളികളിൽ നിറഞ്ഞപ്പോൾ ആദ്യ വള്ളം മാറി രണ്ടാമത്തേത് എത്തി. അതിൽ നാലു കള്ളികൾ നിറയാൻ മാത്രം മീൻ വലക്കുള്ളിൽ കുടുങ്ങിയിരുന്നു. വലയിൽ കുടുങ്ങിയ ചെറിയ അയ്ക്കൂറയും കോരയും അയലയും കൂന്തളുമൊക്കെ ചെറുവള്ളത്തിലുള്ള തൊഴിലാളികൾ ബോട്ടിലേക്ക് ഇട്ടു തന്നു. ഉച്ചഭക്ഷണത്തിന് കറി വെക്കാനാണ് അതുപയോഗിക്കുക. എല്ലാവരുടെയും മുഖത്ത് വെയിലിനൊപ്പം സന്തോഷം പടർന്നു. രണ്ടാമത്തെ വള്ളവും നിറഞ്ഞതോടെ അതും അകന്നുപോയി. തീരത്ത് കാത്തുനിൽക്കുന്ന കച്ചവടക്കാരുടെ അടുത്തേക്കാണ് വള്ളങ്ങൾ പോയത്. തീരത്തെത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ അത് വിറ്റഴിച്ച് രണ്ടു മൂന്ന് മണിക്കൂറുകൾക്കകം തന്നെ അവർ തിരിച്ചെത്തി. ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ മത്തിയാണ് ഒറ്റ വലക്ക് ലഭിച്ചത്. കിട്ടുന്നത് തുല്യമായി വീതിക്കുക എന്നതാണ് രീതി. പാർട്ണർമാർക്ക് അവരുടെ വിഹിതവും ലഭിക്കും.
വല വലിച്ചു കയറ്റിയതോടെ പാട്ടു നിലച്ചു. അടുത്ത വലയെറിയുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങുകയായി. ഭംഗിയിൽ വിരിച്ചിട്ട്, വടം കെട്ടിവെച്ച് മിനിറ്റുകൾക്കുള്ളിൽ വല പഴയ പടിയായി. ഇതിനിടെ പൊട്ടിയ കണ്ണികൾ മുതിർന്നവർ കൈയോടെ തുന്നിച്ചേർത്തു. ബോട്ട് വീണ്ടും മുരണ്ട് നീങ്ങി. ഇനി പ്രാതലിനുള്ള തയാറെടുപ്പാണ്. ബക്കറ്റുകളിലാക്കി കൊണ്ടുവന്ന വിഭവങ്ങൾ പ്ലേറ്റുകളിലേക്ക് വീണു. പത്തിരി, പൊറോട്ട, പുട്ട്, ദോശ... ചിക്കൻ കറി, കടല, ചെറുപയർ എല്ലാം പങ്കിട്ടെടുത്ത് ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. ബോട്ടിലെ ഗ്യാസ് അടുപ്പിൽ വലിയ കലത്തിൽ ചായ തിളച്ചു. ചൂടു ചായക്കൊപ്പം എല്ലാ വിഭവങ്ങളും കൂട്ടിക്കലർത്തി വലിയ പ്ലേറ്റിലാക്കി എല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു. കുടിവെള്ളം പ്രത്യേക കാനുകളിലാക്കി സൂക്ഷിച്ചിട്ടുണ്ട്. പ്രാഥമിക കൃത്യങ്ങൾക്കുള്ള പരിമിതമായ സൗകര്യവുമുണ്ട്. ഭക്ഷണം കഴിഞ്ഞു. ഇനി അൽപം വിശ്രമം. ദിശ കാണിക്കാൻ അശ്റഫ്ക്കയും ജബ്ബാർക്കയും പിന്നെയും ബോട്ടിന്റെ തുഞ്ചത്ത് കയറിനിന്നു. വെയിലിന് ചൂട് കൂടിത്തുടങ്ങി. പൊന്നാനിയിൽ ചെമ്മീനുണ്ടെന്ന് വയർലെസ് സന്ദേശം വന്നതോടെ അവിടേക്കായി യാത്ര. എന്നാൽ, അൽപം കഴിഞ്ഞതോടെ അതില്ലെന്ന് അറിയിപ്പ് വന്നു. പിന്നെയും മത്തി അന്വേഷിച്ചുള്ള യാത്ര. പലപ്പോഴും ഈ യാത്ര കിലോമീറ്ററുകൾ നീളും. കാസർകോടും വലിയ തുറയിലും കായംകുളത്തുമൊക്കെ ഇങ്ങനെ എത്തിയിട്ടുണ്ട് ഇവർ.
വയർലെസ് ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു. ചില ബോട്ടുകളിൽ നിന്ന് പാട്ടുകൾ ഒഴുകിയെത്തി. ബോട്ട് മുന്നോട്ടു നീങ്ങുമ്പോൾ സവാദ് സ്ക്രീനിൽ ഇടക്കിടെ നോക്കുന്നുണ്ട്. ബോട്ടിന് താഴെ ഘടിപ്പിച്ച കാമറ മീൻ കൂട്ടം പോകുന്നത് പിടിച്ചെടുത്ത് മുകളിലെ സ്ക്രീനിൽ എത്തിക്കുന്നു. മീനുകൾ ചെറിയ പുള്ളികളായി സ്ക്രീനിൽ ഒഴുകിപ്പോകുന്നു. അത് വലിയ കൂട്ടമായി രൂപപ്പെടുമ്പോഴാണ് വലയെറിയുക. ഏതാനും മിനിറ്റുകൾ കൂടി കഴിഞ്ഞതോടെ വലിയ കൂട്ടംതെളിഞ്ഞു. മിനിറ്റുകൾക്കുള്ളിൽ വല കടലിലെത്തി. വീണ്ടും പാട്ടും ബഹളവും. ആദ്യ വലയുടെ അത്ര നിറവില്ലാതെയായിരുന്നു രണ്ടാമത്തെ ഊഴം. മണിക്കൂർ നീണ്ട അധ്വാനത്തിനൊടുവിൽ ചെറു വള്ളത്തിലെ രണ്ടു കള്ളികൾ നിറയാനുള്ള മത്തി ലഭിച്ചു. ബോട്ട് വീണ്ടും മുന്നോട്ടു നീങ്ങി. പലതവണ ഇടത്തോട്ടും വലത്തോട്ടും നീങ്ങിയെങ്കിലും വലയിടാൻ പാകത്തിൽ മീൻ കണ്ടില്ല. വെയിൽ നിന്നു കത്തി. തിരകൾക്കൊപ്പം ചൂടും പതച്ചുപൊങ്ങി. അരിയിട്ട വലിയ കലം തിളക്കുന്നതിനൊപ്പം പുറത്ത് വെയിലും തിളച്ചു. ഇടക്ക് ബോട്ട് നിർത്തിയിട്ട് അൽപ നേരം വിശ്രമം. പിന്നെയും യാത്ര. ചോറ് വെന്തയുടൻ നേരത്തേ പിടിച്ച മത്സ്യങ്ങൾ ഒന്നിച്ച് മുറിച്ച് കറി തയാറാക്കി. ഒരു മണിയോടെ ഭക്ഷണം റെഡി. നേരത്തേ കഴിച്ചതുപോലെ ചെറു സംഘങ്ങളായി ഒന്നിച്ചിരുന്ന് ആസ്വദിച്ച് കഴിച്ചു.
ഭക്ഷണം കഴിഞ്ഞ് അൽപ നേരം കൂടി കടലിൽ കറങ്ങിയശേഷം മീൻ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മടക്കയാത്ര തുടങ്ങി. ചില ദിവസങ്ങളിൽ ഈ മടക്കം ഒന്നും കിട്ടാതെയാണ്. നാലു പതിറ്റാണ്ടായി കടലിൽ ജീവിതം കരുപ്പിടിപ്പിച്ചവർ വരെ കൂട്ടത്തിലുണ്ട്. വയർലെസ്, ജി.പി.എസ്, മത്സ്യലഭ്യത കാണിക്കുന്ന കാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഇന്നുണ്ട്. എന്നാൽ, ഇതൊന്നുമില്ലാത്ത കാലത്ത് പഴയ തലമുറ മാനം നോക്കി ദിശയറിഞ്ഞും തിരമാലകൾക്കടിയിൽ മത്സ്യത്തിന്റെ അനക്കം കണ്ടുപിടിച്ചും ജീവിച്ചിരുന്നതായി 56 പിന്നിട്ട ചിങ്കോർ അബ്ദുസ്സലാം വികാരാധീനനായി പറഞ്ഞു. ഏതു സീസണിലും വല നിറക്കുന്നത് മത്തിയാണ്. ‘മക്കളെ പോറ്റി’യാണ് മത്തിയെന്ന് മടക്കയാത്രയിൽ ജബ്ബാർക്ക പറഞ്ഞു. ‘‘ഞങ്ങളുടെ ജീവിതം കണ്ടില്ലേ? ഒരുപാട് പ്രയാസം സഹിച്ചാണ് പിടിച്ചുനിൽക്കുന്നത്. തുറമുഖത്ത് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതരോട് പറയാനായാൽ വലിയ ഉപകാരമാവും. ഞങ്ങളുടെ സങ്കടങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. ഒന്നുമാവില്ലെങ്കിൽ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയെങ്കിലും വേണം. ഞങ്ങൾ തിരിച്ചെത്തുന്നതും കാത്ത് കുറെ കണ്ണുകൾ വീടുകളിലുണ്ട്’’. യാത്രപറഞ്ഞു പിരിയുമ്പോൾ ജബ്ബാർക്ക പറഞ്ഞു.
എല്ലാ സൗകര്യവുമുള്ള ഒരു ബോട്ട് സജ്ജമാക്കാൻ 1.25 കോടി രൂപയാണ് ചെലവ്. 50-55 തൊഴിലാളികൾ വരെയുണ്ടാവും ഇതിൽ. ഒരു ദിവസം മുഴുവൻ കറങ്ങണമെങ്കിൽ 450-500 ലിറ്റർ ഡീസൽ വേണം. ഇത് വലിയ കാനുകളിലാക്കിയാണ് ബോട്ടിൽ സൂക്ഷിക്കുന്നത്. തൊഴിലാളികളുടെ ഭക്ഷണം, ഏജന്റുമാരുടെ കമീഷൻ തുടങ്ങി ചെലവുകൾ ഏറെയാണ്.കാലാവസ്ഥയുടെയും കടലിന്റെയും വെല്ലുവിളികൾ വേറെയും. ദിവസങ്ങളോളം കടലിൽ പോകാതെ നോക്കിയിരിക്കേണ്ടി വരും. എങ്കിലും കടലിന്റെ മക്കൾ പിൻവാങ്ങാൻ ഒരുക്കമല്ല. തിരമാലകൾ കീറിമുറിച്ച്, പാട്ടും പാടി അവരിനിയും വലയെറിഞ്ഞുകൊണ്ടേയിരിക്കും. കടലുള്ളിടത്തോളം കാലം.
ചിത്രങ്ങൾ: നൗഷാദ് പുത്തൻ പുരയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.