അവിയല്‍

നാടന്‍ മുരിങ്ങക്കായ, ചക്കച്ചുള, ചക്കക്കുരു, നാട്ടുമാങ്ങ എന്നിവ ചേര്‍ത്തുള്ള അവിയലിന്‍െറ സുഗന്ധം ഓര്‍ത്തു കൊണ്ടും അമ്മ പകര്‍ന്നു തന്ന രുചിയനുഭവങ്ങള്‍ ഓര്‍ത്തു കൊണ്ടും തല്‍ക്കാലം ഓണസദ്യക്കുള്ള അവിയലിനായി ഇന്നു കലവറ തുറക്കാം. ചേന, നേന്ത്രക്കായ, പടവലം, അച്ചിങ്ങപ്പയര്‍, നീളന്‍ വഴുതന, വെള്ളരിക്ക, മുരിങ്ങക്കായ ഒപ്പം കാരറ്റ് അത്രയും ഉണ്ടെങ്കില്‍ തുടങ്ങാം. നല്ല മൂക്കാത്ത കോവക്ക ഉണ്ടെങ്കില്‍ അതും ഇരിക്കട്ടെ. പിന്നെ കൂസയും തീരെ മൂപ്പില്ലാത്ത ചുരക്കയും ചീരത്തണ്ടുണ്ടെങ്കില്‍ അതും കൂടി  ഞാന്‍ ചേര്‍ക്കാറുണ്ട്. ‘അവിയലില്‍ ചേരാത്ത കഷ്ണമില്ല’ എന്നാണ് ചൊല്ല്.

അപ്പോള്‍ നല്ല ചെറുതായി കനം കുറച്ച് നീളത്തില്‍ പച്ചക്കറികള്‍ അരിഞ്ഞോളൂ. ചേന തൊലി കളഞ്ഞ് അരിഞ്ഞ് ഒരു അരിപ്പപ്പാത്രത്തില്‍ കഴുകിവെക്കണം. ബാക്കി പച്ചക്കറിയൊക്കെ നല്ല വൃത്തിയായി കഴുകിയ ശേഷം അരിയുക. അരിഞ്ഞ ശേഷം കഴുകിയാല്‍ ഗുണം പോകും. സദ്യക്ക് വേണ്ടി ഉണ്ടാക്കുമ്പോള്‍ വെളിച്ചെണ്ണയുടെയും കറിവേപ്പിലയുടെയും മണമുള്ള തേങ്ങ അരച്ച നല്ല അവിയല്‍തന്നെ ആയിക്കോട്ടെ. അരിഞ്ഞ കഷ്ണങ്ങള്‍ വേവിക്കാന്‍ ചുവടുകട്ടിയുള്ള പാത്രം എടുക്കാം. അതില്‍ അല്‍പം വെളിച്ചെണ്ണയും അല്‍പം വെള്ളവും ഒഴിച്ച് കഷ്ണങ്ങള്‍ ഇടാം. മീതെ അല്‍പം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും കറിവേപ്പിലയും ഇട്ട് അടച്ചുവെച്ച് വേവിക്കുക. കഷണങ്ങള്‍ ഒരു വിധം വെന്തുവരുമ്പോള്‍ അരിഞ്ഞ മാങ്ങ  (വാളന്‍ പുളിയോ തൈരോ ആയാലും മതി) ചേര്‍ക്കാം.

പാകത്തിന് ഉപ്പുകൂടി ചേര്‍ക്കുക. വെള്ളം നല്ലപോലെ വറ്റുമ്പോഴേക്ക് കഷ്ണങ്ങളില്‍ ഉപ്പും പുളിയും പിടിച്ചിട്ടുണ്ടാവും. ആ സമയത്തേക്ക് അരപ്പ് തയാറാക്കി വെച്ചിട്ടുണ്ടാവണം. തേങ്ങയും പച്ചമുളകും ജീരകവും ഒന്നൊതുക്കിയാല്‍ അവിയലിനുള്ള അരപ്പായി (സദ്യകളില്‍ ചുവന്നുള്ളി പതിവില്ലെങ്കിലും അവിയലില്‍ അതുകൂടി അരക്കാം). പാകമായ കഷ്ണങ്ങളില്‍ അരപ്പു ചേര്‍ത്ത് നന്നായി  ഇളക്കി നടുവില്‍ വെളിച്ചെണ്ണ ഒഴിച്ച് കുറേ കറിവേപ്പില കൂടി ചേര്‍ത്ത് അടച്ച് അടുപ്പത്തു നിന്നിറക്കാം (കഷ്ണം വെന്തുകഴിഞ്ഞ് അരപ്പുചേര്‍ക്കും മുമ്പ് തീ അണക്കുന്ന പതിവും കണ്ടിട്ടുണ്ട്).

മേമ്പൊടി: കറിവേപ്പിലയും തേങ്ങയും ലോഭമില്ലാതെ ചേര്‍ത്തോളൂ. വെന്ത വെളിച്ചെണ്ണ കുറച്ച് ഉണ്ടാക്കിവെച്ചാല്‍ നന്നായിരിക്കും. ഇക്കുറി ഓണസദ്യക്ക് സ്വയം ഉണ്ടാക്കിയ കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ ആവാം. തേങ്ങ നല്ല പോലെ അരച്ച് കുറച്ചു വെള്ളം ചേര്‍ത്ത് പാല്‍ മൊത്തം പിഴിഞ്ഞെടുക്കണം. ആ പാല്‍ ഫ്രിഡ്ജില്‍ വെക്കുക. പിറ്റേന്ന് അതെടുക്കുമ്പോള്‍ അതിന്‍െറ ക്രീം കട്ടിയായി മുകളില്‍ കിടക്കും. ചുവടുകട്ടിയുള്ള ചീനച്ചട്ടിയില്‍ ഇതൊഴിച്ച് അടുപ്പില്‍ വെച്ച് ഉരുക്കിയാല്‍ നല്ല ഉരുക്കു വെളിച്ചെണ്ണ റെഡി. അടുപ്പില്‍ വെച്ചിട്ട് സിമ്മില്‍ ഇട്ടുവെക്കാം. ഇടക്കൊന്ന് ഇളക്കിക്കൊടുത്താല്‍ മതി. അധിക സമയവും വേണ്ട. വിര്‍ജിന്‍ ഒലിവ് ഓയില്‍ ആരോഗ്യത്തിനു ഉത്തമമാണ്. നമുക്കിവിടെ ചിരകിയ തേങ്ങ കിട്ടുമല്ലോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.