പൊങ്കലും വിഭവങ്ങളും

തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. തൈമാസത്തിന്‍െറ തുടക്കത്തില്‍ ജാതി, മത വ്യത്യാസമില്ലാതെ നാലു ദിവസങ്ങളിലാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. സംക്രാന്തി എന്ന പേരില്‍ ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും ആഘോഷിക്കാറുണ്ട്. ഒന്നാം ദിവസം ദേവതകള്‍ക്കും (ബോഗി പൊങ്കല്‍), രണ്ടാം ദിവസം കുടുംബത്തിനും (തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍), മൂന്നാംദിവസം പ്രകൃതിക്കും (മാട്ടുപ്പൊങ്കല്‍), നാലാം ദിവസം സമൂഹത്തിനും (കാണപ്പൊങ്കല്‍) വേണ്ടിയാണ് ആഘോഷങ്ങള്‍.

ബോഗി പൊങ്കല്‍ ദിവസം വീട്ടിലെ പാഴ്വസ്തുക്കളും അനാവശ്യ സാധനങ്ങളും തൂത്തുപെറുക്കി കത്തിച്ചു കളയും. രാവിലെ എണ്ണതേച്ചു വിസ്തരിച്ചുള്ള കുളിയും ഉച്ചക്കു മൃഷ്ടാനഭോജനവും വൈകിട്ട് ശുദ്ധികലശവും നടത്തി തീ കത്തിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണനെയോ മഴയുടെ ദേവനായ ഇന്ദ്രനെയോ സ്മരിച്ചുള്ളതാണെന്ന് ഐതീഹ്യം. രണ്ടാം ദിവസമാണ് തൈപൊങ്കല്‍ അഥവ സൂര്യപൊങ്കല്‍. അന്നേദിവസം രാവിലെ പാല്‍ മണ്‍പാത്രത്തില്‍ തിളപ്പിക്കും. കൂടാതെ വീടിന് മുറ്റത്തു ഭക്ഷണങ്ങളും മധുര പലഹാരങ്ങളും തയാറാക്കി വിതരണം ചെയ്ത് മറ്റുള്ളവരെയും ആഘോഷത്തില്‍ പങ്കാളികളാക്കും. വീടിന്‍െറ മുറ്റത്തു കോലം വരയ്ക്കും.

കന്നുകാലികള്‍/ മാടുകള്‍ക്കു വേണ്ടിയുള്ള ആഘോഷമാണ് മാട്ടുപ്പൊങ്കല്‍. മനുഷ്യനോടൊപ്പം കഷ്ടപ്പെടുന്ന കന്നുകാലികള്‍ക്കായുള്ള ഉത്സവം. അന്നേദിവസം, കന്നുകാലികളെ എണ്ണയും മഞ്ഞളും തേച്ചു കുളിപ്പിച്ച്, നല്ല ആഹാരം നല്‍കി, അവയുടെ ദേഹത്ത് മഞ്ഞളും കുങ്കുമവും പൂശിയും കഴുത്തില്‍ മാലയും ചെറിയ മണികളും കെട്ടി, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തെരുവിലൂടെ ആനയിക്കും. കൂടാതെ കന്നുകാലി മത്സരമായ ജെല്ലിക്കെട്ടും നടത്താറുണ്ട്. സന്ദര്‍ശിക്കാനുള്ള/ കാണാനുള്ള ദിനം എന്ന അര്‍ഥത്തില്‍ നാലാം ദിവസത്തിന് കാണപ്പൊങ്കല്‍ എന്ന് അറിയപ്പെടുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനുള്ള ദിനമാണിത്. മനുഷ്യര്‍ക്കും പ്രകൃതിക്കും വേണ്ടി മാറ്റിവെച്ച ആഘോഷം. അതിനാല്‍, വാഴയിലയില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചോറും തൈരും വിളമ്പി നല്‍കുന്നു. ഇതോടെ പൊങ്കലിന് തിരശീല വീഴും.

പൊങ്കല്‍ വിഭവങ്ങള്‍

1. അരി പൊങ്കല്‍

ചേരുവകള്‍:

  • പച്ചരി -ഒരു കപ്പ്
  • ചെറുപയര്‍ പരിപ്പ് -അര കപ്പ്
  • നെയ്യ് -ഒരു വലിയ സ്പൂണ്‍
  • കുരുമുളക് -ഒരു വലിയ സ്പൂണ്‍
  • ജീരകം -ഒരു വലിയ സ്പൂണ്‍
  • കറിവേപ്പില -ഒരു തണ്ട്
  • ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു കഷണം
  • അണ്ടിപരിപ്പ് -10 എണ്ണം

പാകം ചെയ്യേണ്ട വിധം:
പച്ചരിയും ചെറുപയര്‍പരിപ്പും നന്നായി കഴുകി മൂന്നു കപ്പ് വെളളത്തില്‍ നല്ലതുപോലെ വേവിച്ചു എടുക്കുക. ചീനച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ നെയ്യൊഴിച്ചു കുരുമുളക്, ജീരകം, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ചുചേര്‍ക്കുക. ബാക്കിയുളള നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്തു അലങ്കരിക്കുക. പൊങ്കല്‍ ചട്നിയും സാമ്പാറും ചേര്‍ത്ത് ഉപയോഗിക്കുക.

2. നെയ്യ് പൊങ്കല്‍

ചേരുവകള്‍:

  • പച്ചരി -400 ഗ്രാം
  • ചെറുപയര്‍ പരിപ്പ് വറുത്തത് -150 ഗ്രാം
  • അണ്ടിപരിപ്പ് -50 ഗ്രാം
  • നെയ്യ് -150 ഗ്രാം
  • കുരുമുളക് -ഒന്നര ടീസ്പൂണ്‍
  • ജീരകം -1 ടീസ്പൂണ്‍
  • ഇഞ്ചി -1 കഷണം
  • ഉപ്പ് -പാകത്തിന്

പാകം ചെയ്യേണ്ട വിധം:
പാത്രത്തില്‍ വെള്ളമൊഴിച്ചു നല്ലതുപോലെ തിളക്കുമ്പോള്‍ അതില്‍ ചതച്ച ഇഞ്ചി ചേര്‍ത്തതിന് ശേഷം അരിയും പരിപ്പും കഴുകി ഇടുക. നന്നായി കുഴയത്തക്കവിധം വേവിച്ച ശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങിവെക്കുക. കുരുമുളകും ജീരകവും നെയ്യില്‍ വറുത്തത് ചെറുതായി പൊടിച്ചിടുക. അണ്ടിപരിപ്പ് പിളര്‍ന്നതും ബാക്കി നെയ്യും അതില്‍ ഒഴിച്ച ശേഷം നന്നായി ഇളക്കുക.

3. ശര്‍ക്കര പൊങ്കല്‍

ചേരുവകള്‍:

  • പച്ചരി -1 കപ്പ്
  • ചെറുപയര്‍ പരിപ്പ് -കുറച്ച് (1/8 കപ്പ്)
  • പാല്‍ -1 കപ്പ്
  • നെയ്യ് -അര കപ്പ്
  • ശര്‍ക്കര ഉരുക്കിയത് -ഒന്നര കപ്പ്
  • ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
  • ഉണക്കമുന്തിരി -10 എണ്ണം
  • അണ്ടിപ്പരിപ്പ് -10 എണ്ണം

തയാറാക്കുന്ന വിധം:
പച്ചരിയും ചെറുപയര്‍ പരിപ്പും പാലും ആവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിച്ചെടുക്കുക. ഇത് പാകമാകുമ്പോള്‍ ശര്‍ക്കര ഉരുക്കിയത് അല്‍പാല്‍പമായി ഒഴിച്ച് വറ്റിച്ചെടുക്കുക. (ശര്‍ക്കര കൂടുതല്‍ വേണ്ടവര്‍ക്ക്, അളവ് കൂട്ടാവുന്നതാണ്) അരിയും ചെറുപയര്‍പരിപ്പും ശര്‍ക്കരയും ചേര്‍ന്ന മിശ്രിതത്തിലേക്ക് അല്‍പം നെയ്യ് ഒഴിച്ച് ഇളക്കുക. ശേഷം ഏലക്കായ പൊടിച്ചതു ചേര്‍ക്കാം. ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും ഗോള്‍ഡന്‍ നിറമാകുന്നതു വരെ നെയ്യില്‍ വറുത്ത്, പൊങ്കലിലേക്ക് തൂവാം. തയാറായ ചക്കര പൊങ്കല്‍ ചെറു ചൂടോടെ വിളമ്പാം.

4. കാര പൊങ്കല്‍

ചേരുവകള്‍:

  • അരി -ഒരു കപ്പ്
  • ചെറുപയര്‍ പരിപ്പ് -ഒരു കപ്പ്
  • നാളികേരം ചിരകിയത് -ഒരു ടീസ്പൂണ്‍
  • അണ്ടിപരിപ്പ് -10 എണ്ണം
  • ജീരകം -ഒരു ടീസ്പൂണ്‍
  • കുരുമുളകുപൊടി -ഒരു  ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  • പച്ചമുളക് -നാല് എണ്ണം
  • ഉപ്പ് -പാകത്തിന്
  • വെള്ളം -പാകത്തിന്

പാകം ചെയ്യേണ്ട വിധം:
അരിയും ചെറുപയര്‍പരിപ്പും പ്രത്യേകം കഴുകിവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ കശുവണ്ടിപരിപ്പ് വറുത്തെടുത്തു വാങ്ങിവെക്കണം. എണ്ണയില്‍ കടുക്, ജീരകം എന്നിവ പൊട്ടിക്കണം. ശേഷം പച്ചമുളകിട്ട് നല്ലതു പോലെ വഴറ്റുക. ഈ കൂട്ടിലേക്ക് ചെറുപയര്‍ പരിപ്പും ചേര്‍ക്കണം. ഇതിലേക്ക് നന്നായി ഇളക്കിയ അരിയും പാകത്തിന് വെള്ളവും ചേര്‍ക്കുക. തേങ്ങ ചിരകിയത്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക. ശേഷം നന്നായി വേവിച്ചെടുക്കണം. വേവിച്ച പൊങ്കലിലേക്ക് കുരുമുളകുപൊടി, വറുത്ത അണ്ടിപരിപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക.

Tags:    
News Summary - pongal special dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.