മൺസൂൺ മഴയെ ആഹ്ലാദ അനുഭവമാക്കി മഴക്കാലം ആരോഗ്യ പൂർണമാക്കാൻ ആഹാരക്രമത്തിൽ വരുത്തേണ്ട ചില പരിഷ്കാരങ്ങൾ ഇതാ...
ആഹാരം:
- വൃത്തിയുള്ള അന്തരീക്ഷത്തിൽ നന്നായി വേവിച്ച ആഹാര സാധനങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
- മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളും പഴവർഗങ്ങളും നേരിട്ട് ഉപയോഗിക്കാതെ വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
- വേവിക്കാത്ത പച്ചക്കറികൾ ചേർത്ത ആഹാരസാധനങ്ങൾ ഒരിടത്തു നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കുക.
- കാബേജ്, കോളിഫ്ലവർ, ബീൻസ്, ചീര തുടങ്ങിയ പച്ചക്കറികൾ ഉപ്പുവെള്ളത്തിൽ കുറെ സമയം മുക്കിവെച്ചതിനുശേഷം മാത്രം ഉപയോഗിക്കുക.
- ഒരു നിശ്ചിത അളവിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക.
- പച്ചക്കറികൾ, മത്സ്യം, ഇറച്ചി മുതലായവ മുറിക്കാനുപയോഗിക്കുന്ന കത്തി, കട്ടിങ് ബോർഡ്, തേങ്ങ ചിരകാനുപയോഗിക്കുന്ന ചിരവ എന്നിവ ഉപയോഗിക്കുന്നതിനു മുമ്പും പിമ്പും നന്നായി വൃത്തിയാക്കുക.
- വൃത്തിയുള്ളതും നനവില്ലാത്തതുമായ ഇടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കണം.
- പയറുവർഗങ്ങൾ, ധാന്യങ്ങൾ, പൊടികൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളുടെ മുകളിൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ കോട്ടൺ തുണി കൊണ്ട് മൂടിക്കെട്ടിയാൽ ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാം.
- മത്സ്യം, ഇറച്ചി എന്നിവ ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിൽ നിന്ന് വെള്ളം മറ്റു ഭക്ഷ്യവസ്തുക്കളിൽ വീഴാതെ നന്നായി അടച്ചുവെക്കണം.
- പാകംചെയ്ത ഭക്ഷണം അടച്ചുവെക്കാതെ അടുക്കളയിലോ ഡൈനിങ് ഹാളിലോ വെക്കരുത്.
- വിഭവങ്ങൾ പാകംചെയ്ത് അധികം വൈകാതെ ഉപയോഗിക്കുക.
- ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പാകം ചെയ്തതും അല്ലാത്തതും വെവ്വേറെ വെക്കുക.
- ജീവകം സി അടങ്ങിയ മുസംബി, ഓറഞ്ച്, നെല്ലിക്ക, പേരക്ക തുടങ്ങിയവ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒരളവുവരെ രോഗ പ്രതിരോധശേഷി ലഭിക്കും.
- വൈറസ് രോഗങ്ങളെ ചെറുക്കുന്നതിന് ഭക്ഷണത്തിൽ വെളുത്തുള്ളി ചേർത്ത് കഴിക്കാം.
- വീട്ടിൽ തയാറാക്കുന്ന പലതരം സൂപ്പുകളും മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
- ഉലുവ, ജീരകം, മഞ്ഞൾ എന്നിവ ചേർത്ത് തയാറാക്കുന്ന ഭക്ഷണങ്ങൾ ശരീരത്തിെൻറ രോഗപ്രതിരോധശേഷി കൂട്ടും.
- യാത്രകളിൽ ഉണങ്ങിയ പഴങ്ങൾ, കട്ടിയുള്ള പുറംതൊലിയുള്ള പഴങ്ങൾ, വീട്ടിൽ പാകംചെയ്ത ഭക്ഷണം എന്നിവ ഉപയോഗിക്കുക.
- മഴക്കാലത്ത് തണുത്ത ആഹാര പദാർഥങ്ങൾക്കും സാലഡുകൾക്കും പകരമായി സൂപ്പോ പാകം ചെയ്ത മറ്റു ഭക്ഷണങ്ങളോ ഉപയോഗിക്കണം.
- പാകത്തിന് ചൂടുള്ള ഭക്ഷണം കഴിക്കുക. എണ്ണയിൽ പൊരിച്ചെടുത്തവ നല്ല ചൂടോടെ ഉപയോഗിക്കുന്നത് പതിവാക്കരുത്.
- പഴച്ചാറുകൾ, ലസ്സി, തൈര്, കരിമ്പിൻ ജ്യൂസ് മുതലായവ ഒഴിവാക്കണം.
- ദഹനപ്രശ്നങ്ങളുണ്ടാക്കുന്ന കിഴങ്ങുവർഗങ്ങൾ, മുളപ്പിച്ച ധാന്യങ്ങൾ, ചില പയർ വർഗങ്ങൾ എന്നിവയും ഒഴിവാക്കണം.
- ചാട്ട് മസാല, സമോസ, അച്ചാറുകൾ, ഉപ്പിലിട്ടത്, ബർഗർ, ചിക്കൻ റോൾ, ചട്ട്ണി എന്നിവ മഴക്കാലത്ത് കുറക്കാം.
- പഴങ്ങൾ, കക്കിരി എന്നിവ മുറിച്ചു കഷണങ്ങളാക്കി വിൽക്കുന്ന ഇടങ്ങളിൽനിന്ന് വാങ്ങി ഉപയോഗിക്കാതിരിക്കുക.
- വലിയ വിരുന്നു സൽക്കാരങ്ങളിലൊക്കെ പലവിധ പഴങ്ങൾ ചെറിയ കഷണങ്ങളാക്കി വലിയ പത്രങ്ങളിൽ തുറന്നുവെച്ചിരിക്കും. ആവശ്യക്കാർക്ക് ഇഷ്ടാനുസരണം എടുത്തുകഴിക്കാം. എന്നാൽ, പഴങ്ങൾ നന്നായി കഴുകിയിട്ടുണ്ടാകണമെന്നില്ല. തുറന്നുവെച്ചപ്പോൾ ഈച്ചകൾ വന്നിരുന്നിട്ടുമുണ്ടാവും.
- മഴക്കാലത്ത് പച്ചമുട്ട, പാതിവെന്ത മുട്ട, ചെമ്മീൻ പോലുള്ള ചിലതരം കടൽമത്സ്യങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം. ചിലതരം കടൽമത്സ്യങ്ങളുടെ പ്രജനനകാലം മഴക്കാലമായതിനാൽ അവ വാങ്ങി ഉപയോഗിക്കുന്നത് അണുബാധക്ക് കാരണമാകാം.
വെള്ളം:
- മഴക്കാലമാണല്ലോ എന്നു കരുതി ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം വരും. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കാം. പല ഹോട്ടലുകളിലും തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ചൂട് കുറച്ചു നൽകുകയാണ് പതിവ്. ഈ വെള്ളം കുടിക്കരുത്.
- ഫിൽറ്റർ ചെയ്ത വെള്ളം, മിനറൽ വാട്ടർ തുടങ്ങിയവ അണുമുക്തമാണെന്നുറപ്പിച്ച് ഉപയോഗിക്കുക.
- പുറത്തുനിന്ന് ജ്യൂസ്, നാരങ്ങവെള്ളം മുതലായ പാനീയങ്ങൾ കഴിക്കാതിരിക്കുക.
- ഗ്രീൻ ടീ, ചുക്ക് കാപ്പി എന്നിവ മഴക്കാലത്ത് നല്ലതാണ്. എന്നാൽ, ചായ, കാപ്പി എന്നിവ കൂടുതലായി ഉപയോഗിക്കാനും പാടില്ല.
തയാറാക്കിയത്: യാസിർ ഫയാസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.