ഇനി കേൾക്കാം, ചില കേക്ക് വിശേഷങ്ങൾ. ക്രിസ്മസ് വിപണിയിൽ നക്ഷത്രത്തിളക്കമാണ് കേക്കുകൾക്ക്. ഒരിക്കലും അവസാനിക്കാത്ത പരീക്ഷണങ്ങളിൽ വേവിച്ചെടുക്കുന്ന വർണ, ഭാവ, രുചിക്കൂട്ടുകൾ. ഓരോ ക്രിസ്മസിനും ബേക്കറികളിലെ ചില്ലുകൂട്ടിൽ പിറക്കുന്നത് വ്യത്യസ്തയിനം കേക്കുകൾ.
കേക്കുകളിലെ യാഥാസ്ഥിതികനായ പ്ലമ്മിനെ മറികടക്കാൻ പോപുലാരിറ്റിയുടെ കാര്യത്തിൽ ഇന്നും ആരുമില്ല. കിലോക്ക് 300 മുതൽ 800 വരെ വിലയുണ്ട് ഇവക്ക്. സ്കോട്ടിഷ് പ്ലം, റൈസം പ്ലം എന്നിവക്കാണ് ഇവയിൽ ഉയർന്ന വില. എന്നാൽ, ആര് വന്നാലും പോയാലും ബ്ലാക്ക് ഫോറസ്റ്റിന് എന്നും രുചിയിലും വിലയിലും ഔന്നത്യം തന്നെ. ചോക്ലേറ്റ് കാഷ്യു നഗറ്റോ, ക്വീൻസ് വൈറ്റ് ചോക്ലേറ്റ് തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാനികൾ. 1500 രൂപ വരെയാണ് കിലോക്ക് വില.
കാരറ്റ് കേക്കിനുമുണ്ട് 22 കാരറ്റ് ഡിമാൻഡ്. കുട്ടികളെയും ന്യൂജനറേഷനുകളെയും തൃപ്തിപ്പെടുത്താനുള്ള വിവിധ അഴകുകളിൽ പേസ്ട്രി ഇനങ്ങളും നിരന്നുകഴിഞ്ഞു. ഐസിങ് കേക്കുകൾക്ക് 400 രൂപ മുതൽ 600 വരെയാണ് വില. പ്ലം വിത്ത് കോംപേസ്റ്റ്, വാനില, പിസ്ത, സ്ട്രോബറി, പൈനാപ്പിൾ കേക്ക്, ബട്ടർസ്കോച്, ഓറഞ്ച്, കോഫി, ചോക്ലേറ്റ്, പ്ലം വിത്ത് റോയൽ, പ്ലം വിത്ത് ബട്ടർ, ഓപ്പറ, കാൻഡ്, മാർബിൾ, വൈറ്റ് ഫോറസ്റ്റ് തുടങ്ങിയവ സാധാരണ ഇനങ്ങളാണ്.
പ്രമുഖ കമ്പനികളെ കൂടാതെ ബേക്കറികളും സ്വന്തം കേക്കുകൾ ബ്രാൻഡ് നാമത്തിൽ വിപണിയിലെത്തിക്കുന്നു. ഷുഗർ ഫ്രീ കേക്കുകളും കിട്ടാനുണ്ട്. സംസ്ഥാനത്ത് 70 കോടി രൂപയുടെ കേക്ക് കച്ചവടമാണ് ഓരോ ക്രിസ്മസ് സീസണിലും നടക്കുന്നത്. ഉൽപാദനച്ചെലവ് വർധനയും ജി.എസ്.ടിയും പ്രതികൂല സാഹചര്യം ഉണ്ടാക്കുമെങ്കിലും ലാഭവിഹിതം കുറച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് ശ്രമമെന്ന് കോട്ടയം ഗ്രാൻഡ് ബേക്കറി ഉടമ പി.എൽ. നജി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.