സാബൂദാന കിച്ചഡി; ഒരു മറാത്തീ ആരോഗ്യക്കൂട്ട്

സാബൂനരി വിഭവങ്ങള്‍ വ്രതനാളുകളിലാണ് മറാത്തികള്‍ കൂടുതലായും കഴിക്കുന്നത്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണെന്ന് മറാത്തികള്‍ പറയുന്നു. മാംസപേശികള്‍ക്ക് ശക്തി പകരുന്ന പ്രോട്ടീന്‍ സാബൂനരി വിഭവങ്ങളിലുണ്ട്. എല്ലുകള്‍ക്ക് ഗുണമേകുന്ന കാല്‍സ്യം, രക്ത സമ്മര്‍ദത്തെ വരുതിയിലാക്കുന്ന പൊട്ടാസ്യം ഘടകങ്ങൾ, ഊര്‍ജം ഉത്തേജിപ്പിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റുകൾ കൂടാതെ ഇരുമ്പ്, വിറ്റാമിന്‍ കെ എന്നിവയും ഇതിലുണ്ട്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ക്രമക്കേടുകള്‍ നീക്കി ദഹന പ്രക്രിയ നേരയാക്കാനും സാബൂനരി വിഭവങ്ങള്‍ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. മറാത്തീ തീന്‍മേശയിലെ സാബൂനരി വിഭവങ്ങളില്‍ ഒന്നാണ് സാബുദാന കിച്ചഡി.

സാബൂദാന കിച്ചഡി

ചേരുവകൾ:

  • സാബൂനരി-ഒരു കപ്പ്
  • ഇടത്തരം ഉരുളക്കിഴങ്ങ്-രണ്ടെണ്ണം
  • വറുത്ത കടല-അര കപ്പ്
  • കരിവേപ്പില-എട്ടെണ്ണം
  • ഇഞ്ചി ചതച്ചത്-ഒരു ടീസ്പൂണ്‍
  • പച്ച മുളക്-ഒന്ന് അരിഞ്ഞത്
  • ജീരകം-ഒരു ടീസ്പൂണ്‍
  • ചിരവിയ തേങ്ങ-കാല്‍ കപ്പ്
  • പഞ്ചസാര-അര ടീസ്പൂണ്‍
  • ചെറുനാരങ്ങ നീര്-അര ടീസ്പൂണ്‍
  • എണ്ണ-രണ്ട് ടീസ്പൂണ്‍

പാകം ചെയ്യേണ്ടവിധം:

വിഭവം തയാറാക്കുന്നതിന് തലേരാത്രി സാബൂനരി (ചൗവ്വരി) അഞ്ച് മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ക്കുക. പിറ്റേദിവസം കുതിർന്ന സാബൂനരി വെള്ളം വാര്‍ന്ന് പോകുന്നതുവരെ മാറ്റിവെക്കണം. ഇനി പാചകത്തിലേക്ക് കടക്കാം. ആദ്യം ഉരുളക്കിഴങ്ങ് വേവിച്ച ശേഷം അരിഞ്ഞുവെക്കാം. കടല വറുത്തെടുത്ത് തണുപ്പിച്ച ശേഷം കുത്തി ഉടക്കാം. എന്നിട്ട് കടലപൊടിയും ഉപ്പും പഞ്ചസാരയും ഉണങ്ങിയ സാബൂനരിയില്‍ ചേര്‍ക്കണം. ചൂടായ എണ്ണയില്‍ ജീരകപൊട്ടി തവിട്ട് നിറമാകുമ്പോള്‍ പച്ചമുളകും കരിവേപ്പിലയും ഇട്ട് അല്‍പം കഴിഞ്ഞ് ഇഞ്ചി ചതച്ചത് ചേര്‍ത്ത് ഇളക്കാം. ഇത് പാകമായാല്‍ അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് ഇട്ട് രണ്ട് മിനിട്ടോളം വേവാന്‍ വിടുക. ഇനി തയാറാക്കി മാറ്റിവെച്ച സാബൂനരി ചേർത്ത് നന്നായി ഇളക്കി എല്ലാം കലര്‍ന്നെന്ന് ഉറപ്പാക്കുക. സാബൂനരി വീര്‍ത്ത് വെള്ള കുമിള പോലെ ആകുന്നതോടെ വിഭവം പാകമായി. തീയണച്ച് ചിരവിയ തേങ്ങ ചേര്‍ത്ത് ഇളക്കിയ ശേഷം മൂടിവെക്കുക. ഇനി മല്ലിയിലയും നാരങ്ങാ നീരും വിതറി ചൂടോടെ വിളമ്പാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.