ആരോഗ്യ പ്രാതല്‍ കഴിക്കാം

ദിവസം തുടങ്ങുന്നത് മികച്ചൊരു പ്രാതല്‍ വിഭവത്തോടെയായാല്‍ എത്ര നന്നാവും. വേറിട്ടതും ആരോഗ്യ പ്രദവുമായ ചില പ്രാതൽ വിഭവങ്ങള്‍ ഇതാ...

1. ഉണക്കലരി ഇളനീര്‍ ദോശ


ചേരുവകള്‍: 

  • ഉണക്കലരി -100 ഗ്രാം
  • ഇളനീര്‍/തേങ്ങ -25 ഗ്രാം 
  • ജീരകം -1 ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം: 
ഉണക്കലരി രണ്ടു മണിക്കൂര്‍ കുതിര്‍ത്തുവെക്കുക. അരി നന്നായി കുതിര്‍ന്ന ശേഷം ജീരകം, ഇളനീര്‍ ചുരണ്ടിയത്, ഉപ്പ് എന്നിവ ചേര്‍ത്ത് ദോശ മാവ് പരുവത്തില്‍ അരച്ചെടുക്കുക. ഇനി തവയില്‍ അല്‍പം എണ്ണ പുരട്ടി ഇളനീര്‍ ദോശ ചുട്ടെടുക്കാം.

2. കോക്കനട്ട് ഫ്രഷ് ടോസ്റ്റ്


ചേരുവകള്‍: 
  • തേങ്ങാപ്പാല്‍ -3/4കപ്പ്
  • മുട്ട -3 എണ്ണം
  • ഏലക്കാപ്പൊടി -ഒരു നുള്ള്
  • എള്ള്-ഒരു നുള്ള്, ഉപ്പ് -ഒരു നുള്ള്
  • വെണ്ണ -2 ടീസ്പൂണ്‍
  • മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് -4 സ്ലൈസ്

തയാറാക്കുന്ന വിധം: 
അടിഭാഗം പരന്ന ഒരു പാത്രത്തില്‍  തേങ്ങാപ്പാല്‍, മുട്ട, ഏലക്കാപ്പൊടി, എള്ള്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബ്രെഡ് എടുത്ത് അതിന്‍െറ ഇരു വശവും ഈ മിശ്രിതത്തില്‍ നന്നായി മുക്കുക.  ചൂടാക്കിയ പാനില്‍ അല്‍പം വെണ്ണ പുരട്ടുക. തേങ്ങാപ്പാല്‍ മിശ്രിതം മുക്കിയ ബ്രെഡ് പാനില്‍ ഇട്ട് ഇരുവശവും ഗോള്‍ഡന്‍ നിറമാകുന്നതുവരെ ടോസ്റ്റ് ചെയ്യുക. പ്രാതലിന് വിളമ്പാന്‍ വ്യത്യസ്ത രുചിയും പോഷകസമ്പന്നവുമായ ടോസ്റ്റ് റെഡി. ബട്ടറോ സോസോ ചേര്‍ത്ത് കഴിക്കാം.

3. അട ദോശ


ചേരുവകള്‍: 
  • പച്ചരി -100 ഗ്രാം
  • ബംഗാള്‍ കടല -50 ഗ്രാം
  • കടല -50 ഗ്രാം
  • ചുവന്നുള്ളി -5 എണ്ണം
  • ഉണക്കമുളക്/ചുവന്നമുളക് -3 എണ്ണം
  • കായം -കാല്‍ ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം: 
അരിയും രണ്ടു തരം കടലയും കുതിര്‍ത്തുവെക്കുക. ശേഷം കുതിര്‍ത്ത അരിയും കടലകളും ഉപ്പ്, കായം, മുളക് എന്നിവയും ചേര്‍ത്ത് ദോശമാവ് പരുവത്തില്‍ അരച്ചെടുക്കുക. മാവിലേക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞിടുക. തവയില്‍ എണ്ണയോ വെണ്ണയോ തൂവി അട ദോശ ചുട്ടെടുക്കാം. 

4. സ്റ്റഫ്ഡ് പാന്‍ കേക്ക് വിത്ത് കോക്കനട്ട്


ചേരുവകള്‍: 

പാന്‍ കേക്കിന്
  • ഗോതമ്പ് പൊടി -100 ഗ്രാം
  • പഞ്ചസാര -1 ടേബ്ള്‍ സ്പൂണ്‍
  • ഏലക്കാപ്പൊടി -ഒരു നുള്ള്

തേങ്ങാ മിക്സ് തയാറാക്കുന്നതിന്

  • തേങ്ങ ചിരവിയത് -25 ഗ്രാം
  • പഞ്ചസാര -5 ഗ്രാം/മൂന്ന് ടീസ്പൂണ്‍
  • ഏലക്കാപ്പൊടി -ഒരു നുള്ള്

തയാറാക്കുന്ന വിധം: 
ഗോതമ്പുപൊടി, പഞ്ചസാരയും ഏലക്കാപ്പൊടിയും ചേര്‍ത്ത് ഒരു കപ്പ് വെള്ളത്തില്‍ കലക്കിവെക്കുക. തേങ്ങ ചുരണ്ടിയത്, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ മിക്സിയില്‍ അരച്ചെടുക്കുക. ഗോതമ്പു മാവ് മിശ്രിതത്തിലേക്ക് തേങ്ങ അരച്ചത് ചേര്‍ത്തിളക്കുക. ശേഷം നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതിലേക്ക് ഈ മിശ്രിതത്തില്‍ കാല്‍ഭാഗം പകര്‍ന്ന് പാകം ചൂടില്‍ വേവിക്കുക. ഇരുവശങ്ങളും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായാല്‍ പാത്രത്തിലേക്ക് മാറ്റി വിളമ്പാം. 

5. ഗോതമ്പ് വെള്ളയപ്പം

ചേരുവകള്‍: 

  • ഗോതമ്പുപൊടി -100 ഗ്രാം
  • യീസ്റ്റ് -1 ടീസ്പൂണ്‍
  • പഞ്ചസാര -2 ടേബ്ള്‍ സ്പൂണ്‍
  • മുട്ട -1 എണ്ണം 
  • തേങ്ങാപ്പാല്‍ -1/2 കപ്പ്
  • ഉപ്പ് -പാകത്തിന്
  • ഇളം ചൂടുവെള്ളം -പാകത്തിന്

തയാറാക്കുന്ന വിധം: 
ഗോതമ്പ് പൊടി, യീസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ യോജിപ്പിച്ച് ഇളം ചൂടുവെള്ളം ചേര്‍ത്തിളക്കുക. ഗോതമ്പുപൊടി കട്ടപിടിക്കാതെ വേണം മാവ് പരുവത്തിലാക്കാന്‍. കൈയുപയോഗിച്ചോ ഹാന്‍ഡ് മിക്സര്‍ ഉപയോഗിച്ചോ ചേരുവകള്‍ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം എട്ടു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക. (രാത്രി തയാറാക്കി വെക്കുന്നതാണ് നല്ലത്.) ഈ മിശ്രിതത്തിലേക്ക് തേങ്ങാപ്പാലും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തിളക്കുക. ശേഷം മുട്ട പതപ്പിച്ച് മാവിലേക്ക് ഒഴിച്ച് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. തവ ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് ചുഴറ്റി വട്ടത്തിലാക്കുക. അടച്ചുവെച്ച് വേവിക്കുക. ആവി പറക്കും ഗോതമ്പ് വെള്ളയപ്പം റെഡി.

തയാറാക്കിയത്: ഗിരീഷ് ഗോവിന്ദന്‍,
കണ്‍സല്‍ട്ടന്‍റ് ഷെഫ്, മാസ്കോട്ട് ഹോട്ടല്‍, തിരുവനന്തപുരം.

Tags:    
News Summary - Healthy Breakfast in Kerala -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.