ചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ കരാട്ടേ ചാമ്പ്യൻഷിപ് നിയന്ത്രിക്കാനെത്തിയത് ദമ്പതികൾ. കുഴൂർ സ്വദേശിയായ അഞ്ജന പി. കുമാറും ഭർത്താവ് ആനന്ദുമാണ് മത്സരം നിയന്ത്രിക്കുന്നത്. കരാട്ടേ ഫെഡറേഷന്‍റെ ഏഷ്യയിലെ ഏക വനിത പരിശീലകയാണ് ബ്ലാക്ക് ബെൽറ്റ് ഫോർത്ത് ഡാൻ ആയ അഞ്ജന. ബ്ലാക്ക് ബെൽറ്റ് തേർഡ് ഡിഗ്രിയുള്ള ആനന്ദ് സംസ്ഥാന ജൂനിയർ ടീമിന്റെ പരിശീലകനായിരുന്നു.
ഇരുവരും പയ്യന്നൂരിൽ അലൻ തിലക് കരാട്ടേ സ്‌കൂൾ നടത്തിവരുന്നു. 400ഓളം പേർക്ക് ഇരുവരും ചേർന്ന് പരിശീലനം നൽകുന്നുണ്ട്. വിവാഹം കഴിഞ്ഞ ശേഷം 15 വർഷമായി അഞ്ജന പയ്യന്നൂരാണ്. കുഴൂർ സ്വദേശിനിയായ ഇവർ ചാലക്കുടി സി.കെ.എം.എൻ.എസ്.എസ് സ്കൂളിലാണ് എൽ.കെ.ജി മുതൽ ആറാം ക്ലാസ് വരെ പഠിച്ചത്. അവിടെ വെച്ചാണ് കരാട്ടേ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്റെ കീഴിൽ ഏഴുവർഷം കരാട്ടേ അഭ്യസിച്ചത്.
പിന്നീട് കരാട്ടേയിലൂടെ പരിചയപ്പെട്ട ആനന്ദ് ജീവിത പങ്കാളിയായി. കരാട്ടേ കാര്യമായി എടുക്കാതിരുന്ന ആനന്ദ് വിവാഹത്തോടെയാണ് അതൊരു പ്രഫഷൻ ആയെടുത്തത്. അഞ്ജനയുടെ പഴയ ഗുരുനാഥൻ ഉണ്ണികൃഷ്ണനും മത്സര നിയന്ത്രണത്തിനായി ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ സജീവമാണ്.
ചാലക്കുടി: മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ കരാട്ടേ ചാമ്പ്യൻഷിപ് ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീൽ മോസസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യാതിഥിയായി. 18 വയസ്സിന് മുകളിലുള്ള നാനൂറോളം കുട്ടികൾ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ 48 പോയന്‍റോടെ പാലക്കാട് ഒന്നും 46 പോയന്‍റോടെ തൃശൂർ രണ്ടും 32 പോയന്‍റോടെ തിരുവനന്തപുരം മൂന്നും സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.