ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ബെല്ലടിക്കാൻ നൽകിയ മണി മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

മണിക​ണ്​ഠൻ പടിയിറങ്ങി; ഇനി മുഴുങ്ങുക സ്വന്തം മണിശബ്​ദം

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇനി മുഴങ്ങുക ഇവിടെ ജീവനക്കാരനായി ഏറെക്കാലം മണിമുഴക്കിയ മണികണ്ഠൻ പാരിതോഷികമായി നൽകിയ ഓട്ടുമണി. എട്ടുവർഷം എഫ്.ടി.എം ആയി ജോലി ചെയ്തിരുന്ന പട്ടിശ്ശേരി സ്വദേശി മങ്ങാട് വീട്ടിൽ മണികണ്ഠൻ 13 കിലോയുള്ള ഓട്ടുമണിയാണ് നൽകിയത്.

സ്കൂളിലെ ഇരുമ്പുകൊണ്ടുള്ള മണി രണ്ടുമാസം മുമ്പ് മോഷണം പോയത് ഇദ്ദേഹത്തെയും ഏറെ സങ്കടപ്പെടുത്തിയിരുന്നു. കോവിഡ് കാലമായതിനാൽ മണിയടിക്കൽ ഒഴിവായിരുന്നു. ജനുവരി ഒന്ന് മുതൽ എസ്.എസ്.എൽ.സി ക്ലാസ് തുടങ്ങിയതോടെ മണിയടിക്കൽ പ്രയാസമായി.

ഈ സാഹചര്യത്തിൽ മൊബൈൽ മുഖേന മൈക്കിലൂടെയായിരുന്നു ബെൽ അടിച്ചിരുന്നത്. ഇതി​െൻറ പ്രയാസം മനസ്സിലാക്കിയ പൂർവ വിദ്യാർഥി കൂടിയായ മണികണ്ഠൻ 12,000 രൂപയോളം വില വരുന്ന ഓട്ടുമണി ഗുരുവായൂരിൽനിന്ന്​ എത്തിച്ച് നൽകുകയായിരുന്നു.

സ്കൂളിൽനിന്ന്​ വിരമിച്ച ശേഷം പട്ടിശ്ശേരി ശ്രീശാസ്താകോവിലിലെ പൂജാരിയും വിളക്കുപാട്ട് കലാകാരനായും പ്രവർത്തിക്കുകയാണ്. മണികണ്ഠൻ തന്നെയാണ് ആദ്യമായി കൂട്ടമണിയടിച്ച് ഉദ്ഘാടനം നിർവഹിച്ചത്. പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ. ബിനുമോൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. വി.പി. റജീന, ചാലിശ്ശേരി പഞ്ചായത്ത്​ അംഗങ്ങൾ, പ്രധാനാധ്യാപിക ടി.എസ്. ദേവിക, പി.ടി.എ പ്രസിഡൻറ് പി.കെ. കിഷോർ തുടങ്ങിയവർ മണികണ്ഠനെ അനുമോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.