ഭിന്നശേഷിക്കാർ എന്ന് കേൾക്കുമ്പോൾ ഉയർന്ന്പൊങ്ങാറുള്ള സഹതാപതരംഗങ്ങളേ, നിങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. ഇത് ഒരു അത്ഭുതലോകമാണ്. മുഴുവൻ ശാരീരികേശഷിയുമുണ്ടെന്ന് അവകാശപ്പെടുന്നവരുടെ മുന്നിലൂടെ അതിശയകരമായി നടന്നുപോകുന്ന ഭിന്നശേഷിയുള്ള വ്യക്തികളുടെ ലോകം. ഇവരാണ് ഈ കഥയിലെ നായകന്മാർ. ജീവിതം നിസ്സഹായതയും അവശതയും പറഞ്ഞിരിക്കാതെ ഇരുതലമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ആളുകളുടെ കൂട്ടത്തിൽ നിന്ന് പോരാടുന്ന മനുഷ്യർ.
അങ്ങനെ ചിലരെ പരിചയപ്പെടാം..
മേൽപറഞ്ഞവർ ഈ കഥയിലെ ചില കഥാപാത്രങ്ങൾ മാത്രമാണ്. പറഞ്ഞതിലേറെ കഥാപാത്രങ്ങൾ തിരശ്ശീലക്ക് പിന്നിലുണ്ട്്. അത് വിവരിക്കാൻ ഈ താൾ മതിയാകാത്തതുകൊണ്ട് ഉദാഹരണം പറഞ്ഞുവെച്ചു. ഈ മനുഷ്യരുടെ അവസ്ഥ കേട്ടാൽ പരസഹായം കൂടാതെ ജീവിക്കാൻ പറ്റാത്തവരാണെന്ന് ഒറ്റനോട്ടത്തിൽ പറയാമെങ്കിലും ഇവർ ജീവിക്കാൻ വേണ്ടി എന്ത് ജോലി ചെയ്യാനും തയാറാണ്. മഴക്കാലമെത്തുമ്പോൾ നാം ആദ്യം ഒാർക്കുന്നത് കുടയെ കുറിച്ചല്ലേ. അതെ, അവരും ഒാർത്തത് കുടയെ കുറിച്ചാണ്. പക്ഷേ, അത് സ്വയം ഉപയോഗിക്കാനല്ല. മറ്റുള്ളവർക്കുകൂടി ചൂടാനാണ്. ആ തണലിൽ അവർക്കുകൂടി കയറിനിൽക്കാനാണ്. കുട നിർമാണം ജീവിതമാർഗമാക്കിയ നൂറിലധികം ഭിന്നശേഷിക്കാരാണ് ഇന്ന് നമ്മുടെ കേരളത്തിലുള്ളത്. ഇന്ന് അവർക്കൊരു കൂട്ടായ്മയുണ്ട്. ആ കൂട്ടായ്മയാണ്. ഈ കുടക്കീഴിൽ നിർത്തിയത്.
വാട്സ്ആപ് കൂട്ടായ്മയും കുട നിർമാണവും
വെറുതെ കുട നിർമിച്ചതുകൊണ്ടായില്ലല്ലോ, ഭിന്നശേഷിക്കാരായ ഇവർക്ക് അത് വിപണിയിലെത്തിക്കാൻ പരസഹായം കൂടിയല്ലേ തീരൂ... അവിടെയാണ് ദൈവദൂതനെപ്പോലെ ഒരാൾ അവതരിക്കുന്നത്. ഹൈസ്കൂൾ അധ്യാപകനായ പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സന്നദ്ധപ്രവർത്തകൻ ഇവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നു. ഭിന്നശേഷിക്കാരായ മനുഷ്യരുടെ വാട്സ്ആപ് കൂട്ടായ്മ ആരംഭിക്കുന്നു. തെൻറ സുഹൃത്തായ ഭിന്നശേഷിക്കാരെൻറ പൊള്ളുന്ന ജീവിതാവസ്ഥയിൽ നിന്നുള്ള പാഠമാണ് ഇത്തരക്കാരെ ഒരുമിപ്പിച്ചു നിർത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
കുട നിർമാണവും മറ്റുക്രാഫ്റ്റ് വർക്കുകളുമായി മുന്നോട്ടുപോകുന്ന ചുരുക്കം ചിലർ ആദ്യം ഈ കൂട്ടായ്മയുടെ ഭാഗമായി. കുടനിർമാണംതന്നെ ജീവിതത്തൊഴിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം, പേപ്പർ പേനയുടെ നിർമാണവുമുണ്ട്. നിർമാണം അറിയുന്നവരും അറിയാത്തവരുമായി നിരവധി പേർ ഇതിെൻറ ഭാഗമായി. നിർമാണം അറിയാത്തവരെ പഠിപ്പിക്കാനും ഈ കൂട്ടായ്മ മുൻകൈയെടുത്തു. നിലവിൽ 82 പേരാണ് ഈ കൂട്ടായ്മയിൽ അംഗങ്ങളായിട്ടുള്ളത്. പുതിയ ആളുകളെ കണ്ടെത്തി ഉൾപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ഇതോെടാപ്പം ഒരു ഫേസ്ബുക്ക് പേജും രൂപവത്കരിച്ചു.
വിപണനവും പ്രതിസന്ധിയും
ചലനശേഷി നഷ്്ടപ്പെട്ടവരായതിനാൽ മാർക്കറ്റിലെത്തുക, വിപണനം നടത്തുക തുടങ്ങിയവ അപ്രായോഗികമാണ്. സമൂഹമാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ആ പ്രതിസന്ധിയും അവർ മറികടന്നു. മാർക്കറ്റ് കണ്ടെത്താനും അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനും വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഉള്ള കൂട്ടായ്മകൊണ്ട് സാധിച്ചു. മെറ്റീരിയൽസ് എവിടെ കിട്ടും. നിർമാണത്തിനും മറ്റുമായി ഏതെല്ലാം സാങ്കേതികവിദ്യ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ഇവർ പരസ്പരം പങ്കുവെച്ചു. സമൂഹമാധ്യമങ്ങൾ വഴിതന്നെ നിർമാതാക്കൾ ഫോൺ നമ്പർ പരസ്യപ്പെടുത്തും. അതുവഴി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്ക് നേരിട്ടോ കൊറിയർ വഴിയോ ഉൽപന്നങ്ങൾ നൽകുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നല്ല മഴയായതിനാൽ കുടവിപണി സജീവമായിരുന്നു. എന്നാൽ, ഇത്തവണ പ്രതീക്ഷ തെറ്റിച്ചു.
വലിയ വിപണി പ്രതീക്ഷിച്ച് നിർമിച്ചുവെച്ചിരുന്ന കുടകൾ പലതും കോവിഡും ലോക്ഡൗണും വന്നതോടെ വിൽക്കാനാവാതെ കിടക്കുന്നു. ലോകമെമ്പാടുമുള്ള കോവിഡ് സാമ്പത്തിക പ്രതിസന്ധി ഇവരെയും തളർത്തി എന്ന് തീർച്ച. എങ്കിലും ഇവർക്ക് പ്രതീക്ഷയുണ്ട്, മഴക്കാലത്ത് കുടനിവർത്താെത മലയാളി മുന്നോട്ടുപോകില്ലെന്ന്. വൻകിട കമ്പനികളുടെ കുടകൾ തേടിപ്പോകുന്ന മനുഷ്യരോട് ഇവർക്ക് ഒന്നേ പറയാനുള്ളൂ: ബ്രാൻഡ്നെയിം ഇല്ലന്നേയൂള്ളൂ, അതിനെക്കാൾ ഈടും ഉറപ്പും തങ്ങൾ നിർമിക്കുന്ന കുടക്കുണ്ടെന്നു മാത്രം.
കുടകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരോട്...Umbrella By Differently Abled -Kerala എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ചാൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഭിന്നശേഷിക്കാരായ കുടനിർമാതാക്കളുടെ മൊബൈൽ നമ്പർ ലഭിക്കും. ഏറ്റവും അടുത്തുള്ള നിർമാതാവിനെ കണ്ടെത്തി വിളിച്ചാൽ കുട സ്വന്തമാക്കാം. 8304095974, 6282458717 (വിനു വി. പിള്ള) എന്നീ മൊബൈൽ നമ്പറിലും ബന്ധപ്പെടാം. ഫേസ്ബുക്ക് ലിങ്ക്: www.facebook.com/kudakal/
-ഫഹീം ചമ്രവട്ടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.