ബാള്‍ക്കന്‍ മലനിരകളുടെയും അഡ്രിയാറ്റിക് സമുദ്രത്തിന്‍റെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു യൂറോപ്യന്‍ രാജ്യമാണ് ബോസ്നിയ-ഹെർസഗോവിന. യൂറോപ്പിന്‍റെ ജറൂസലേമെന്ന പേരിലറിയപ്പെടുന്ന ഈ രാജ്യം ഭൂമിശാസ്ത്രപരമായി രണ്ട് മേഖലകളാണ് എന്നതല്ലാതെ അവക്കിടയിൽ സാംസ്കാരിക വേര്‍തിരിവുകളൊന്നുമില്ല. ഓട്ടോമന്‍ ഭരണകാലത്ത് ഇവാന്‍ പര്‍വതനിരകളാല്‍ വിഭജിക്കപ്പെട്ട ബോസ്നിയ, ഹെര്‍സഗോവിന എന്നീ രണ്ടു രാജ്യങ്ങളായിരുന്നു ഇവ. പിന്നീട് യൂഗോസ്ലാവ്യയില്‍ നിന്നും പൂർണ സ്വാതന്ത്ര്യം നേടിയതോടെ രണ്ടു രാജ്യങ്ങളെയും ചേർത്ത് ഒരൊറ്റ രാജ്യമാക്കി. അനവധി ചരിത്രങ്ങളാലും സംസ്‌കാരങ്ങളാലും സമ്പന്നമായ ഇവിടം മനോഹരമായ തെരുവുകളാലും മലകളാലും പുഴകളാലും തടാകങ്ങളാലും സമൃദ്ധമാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകൾ, ആസ്‌ട്രോ-ഹംഗേറിയന്‍ ചിഹ്നങ്ങൾ തുടങ്ങി നൂറ്റാണ്ടുകളുടെ ശേഷിപ്പുകൾ ഈ നാടിന് ചുറ്റുമുണ്ട്.

ബോസ്നിയൻ പ്രസിഡന്‍റായിരുന്ന അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്‍റെ പുസ്തകങ്ങളും ബോസ്നിയന്‍ സിനിമകളുമാണ് ഇവിടേക്ക് യാത്രക്ക് നിയ്യത്തുറപ്പിക്കാൻ പ്രചോദനമായത്. 51ശതമാനം മുസ്ലിംകളുള്ള ഒരു യൂറോപ്യന്‍ രാജ്യത്തെ റമദാന്‍ എങ്ങനെയാകുമെന്ന കൗതുകവും അബൂദാബിയില്‍ നിന്ന് വിസ്എയറില്‍ 250 ദിര്‍ഹമിന് ബോസ്നിയയില്‍ പോയി വരാനാകുമെന്നും- അഥവാ ദുബൈയില്‍ നിന്ന് ടാക്‌സി വിളിച്ച് അബൂദാബിയിലേക്കെത്താനുള്ള ചാര്‍ജ്- കണ്ടതാണ് വിസക്ക് അപേക്ഷിക്കാൻ ഊർജമായത്.

യെല്ലോ ഫോര്‍ട്ടിലെ പീരങ്കിയും നോമ്പുതുറയും

ബോസ്നിയ-ഹെര്‍സഗോവിനയുടെ തലസ്ഥാനമായ സരയേവോയായിരുന്നു ആദ്യ ലക്ഷ്യസ്ഥാനം. മലകളാലും ചെറിയ കുന്നുകളാലും പുഴകളാലും ചുറ്റപ്പെട്ട ഈ നഗരം അതിസുന്ദരമാണ്. നോമ്പ് തുറക്കുന്നതിന്‍റെ ഒരു മണിക്കൂര്‍ മുമ്പാണ് സരയേവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെന്നിറങ്ങിയത്. നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ, എന്നെ കൊണ്ടുപോകാനെത്തിയ ഡാനിയോള ആദ്യം തന്നെ നഗരത്തിന്‍റെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന യെല്ലോ ഫോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടുത്തെ പീരങ്കിയില്‍ നിന്ന് വെടിയുതിര്‍ക്കുന്നതോടെയാണ് സരയോവയിലെ ജനങ്ങളുടെ ഇഫ്താര്‍ ആരംഭിക്കുക. ഈ ശബ്ദം കേള്‍ക്കുന്നതോടെ നഗരത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും ബാങ്കിന്‍റെ സ്വരവീചികൾ വൃതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരു സംഗീതകൂട്ടൊരുക്കും. മോസ്റ്റാറിലും ട്രാവിന്‍ക്കിലും ഈ ചര്യ തന്നെയാണ് പിന്തുടരുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് ഈ പതിവ് ബോസ്നിയാക്കുകള്‍ തുടങ്ങുന്നത്. പക്ഷെ, രണ്ടാം ലോകമഹായുദ്ധ കാലത്ത് വെടിയുതിര്‍ക്കലിന് നിരോധമുണ്ടായി. പിന്നീട് ബോസ്നിയ പൂർണ സ്വാതന്ത്ര്യം നേടിയതിന് ശേഷം 1997ലാണ് വെടിയുതിര്‍ക്കല്‍ വീണ്ടും തുടങ്ങിയത്. യെല്ലോ ഫോര്‍ട്ടില്‍ നിന്നും ഡാനി എന്നെ സരയോവയിലെ ബസ്സാര്‍സയില്‍ സ്ഥിതി ചെയ്യുന്ന ഈസയുടെ ഹോട്ടലിലേക്ക് എത്തിച്ചു. നോമ്പ്തുറ കഴിഞ്ഞ ജനങ്ങളെല്ലാം തന്നെ കോഫിയും ആസ്വദിച്ചിരിപ്പാണ്.

റമദാന് സമൂനിന്‍റെ മണം

ബോസ്നിയൻ രുചികളുടെ തുടക്കമെന്നോണം ഞാന്‍ സമൂനും ചിക്കനും ഓര്‍ഡര്‍ ചെയ്തു. റമദാനില്‍ വളരെ പോപ്പുലറായൊരു തരം ബ്രഡാണ് സമൂൻ. സരയോവയിലെ ജനങ്ങളുടെ വാക്കിൽ പറഞ്ഞാൽ സമൂനിന്‍റെ മണമാണ് റമദാന്‍റെ മണം. അത് ശരി വെക്കുന്ന രൂപത്തിലായിരുന്നു ബസ്സാര്‍ഷയിലെയും ട്രാവിച്ചിലെയും ബേക്കറികളിലും സമൂന്‍കടകളിലും കണ്ട നീണ്ട ക്യൂ. ഭക്ഷണം കഴിച്ചിറങ്ങി ബസ്സാര്‍ഷയിലൂടെ നടന്നു. നഗരം ചെറിയൊരു ഇസ്തംബൂൾ പോലെയാണ്. വര്‍ഷങ്ങളോളം നീണ്ട ഒട്ടോമന്‍ ഭരണത്തിനിടയിൽ പതിനഞ്ചാം നൂറ്റാണ്ടിൽ രൂപപ്പെടുത്തിയ ബസ്സാർഷയുടെ ശിൽപി ഇസബെഗ് ഇസകോവിച്ചാണ്. തുര്‍ക്കിഷ് ഭാഷയില്‍ പ്രധാന മാര്‍ക്കറ്റ് എന്നാണീ പേരിന്‍റെ അര്‍ഥം. അതിനാൽ തന്നെ തുര്‍ക്കിയുടെ പതാകയും തുര്‍ക്കിഷ് മധുരപലഹാരങ്ങളും ഇവിടെ സുലഭമാണ്. മാത്രമല്ല, ഷീഷകളും, കോഫി ഷോപ്പുകളും നിറഞ്ഞ് നില്‍ക്കുന്ന ഈ മാര്‍ക്കറ്റില്‍ നിരവധി മുസ്ലിം പള്ളികളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടൊരു പള്ളിയിലേക്കാണ് മഗ്രിബ് നമസ്കരിക്കാനെത്തിയത്. പള്ളിക്കു ചുറ്റും നിരവധി പേരിരുപ്പുണ്ട്.

ടൂറിസ്റ്റുകളും ബോസ്നിയാക്കുകളും വിശ്വാസികളും അവിശ്വാസികളും ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു. ഇശാ ബാങ്ക് കൊടുത്തതോടെ ആളുകള്‍ പള്ളിയിലേക്ക് കയറിത്തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കും പള്ളിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, കേരളത്തിലും യു.എ.ഇയിലുമൊക്കെ കാണുന്ന തരത്തിലല്ല പള്ളികളില്‍ സ്ത്രീകള്‍ നിസ്കരിക്കുന്നത്. പ്രത്യേക മറകളൊന്നും തന്നെ ഇവിടില്ല. നിസ്കരിച്ചിറങ്ങിയപ്പോള്‍ ഞാന്‍ ചില ബോസ്നിയാക്കുകളോട് റമദാൻ വിശേഷങ്ങളാരാഞ്ഞു. റമദാൻ മുഴുക്കെയും‍ ഇവര്‍ക്കൊരുത്സവരാവുകളാണ്. ഇരുപതു റക്അത്താണ് ഇവിടുത്തെ തറാവീഹ്. പള്ളിയില്‍ നിന്നിറങ്ങാനിരിക്കുമ്പോഴാണ് ഞാനാ ബോര്‍ഡ് ശ്രദ്ധിച്ചത്. അതില്‍ പള്ളിയുടെ ചരിത്രം വിശദമായി കുറിച്ചു വെച്ചിട്ടുണ്ട്. ഗാസി ഹുസ് റെവ്ബേ എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. 16ാം നൂറ്റാണ്ടില്‍ ഈ പള്ളി നിര്‍മാണത്തിനു നേതൃത്വം നൽകിയ ഗവര്‍ണറുടെ പേരിലാണീ പള്ളി. ഒട്ടോമന്‍ ശില്‍പചാതുരിയുടെ പ്രതീകമായി കണക്കാക്കുന്ന ഈ പള്ളിയാണ് ലോകത്തിലാദ്യമായി വൈദ്യുതീകരിച്ച പള്ളി. 1898-ൽ തന്നെ ഈ പള്ളി വൈദ്യുതീകരിക്കപ്പെടുകയുണ്ടായി.

ഖുര്‍ആന്‍ നിറയുന്ന നഗരം

പിറ്റേ ദിവസം നോമ്പു തുറക്കുന്നതിന്‍റെ പത്ത് മിനുറ്റ് മുമ്പ് തന്നെ ഈസയുടെ റസ്റ്റോറന്‍റില്‍സ്ഥാനം പിടിച്ചു. ജനങ്ങള്‍ ഓരോരുത്തരായി കടന്നുവരുന്നുണ്ട്. ഫാമിലിയായിട്ടാണ് കൂടുതല്‍ പേരും. ബാങ്ക് കൊടുക്കുന്നതിന്‍റെ മുമ്പ് തന്നെ റസ്റ്റോറന്‍റ് നിറഞ്ഞു. ടി.വിയില്‍ ബോസ്നിയന്‍ ഭാഷയും അറബികും മിക്സ് ചെയ്തുളള, മൗലിദുകൾ പോലുള്ള ഗാനങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു. സ്ത്രീകളൊന്നും ഹിജാബ് ധരിക്കാത്തവരാണ്. ചിലര്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. ചിലര്‍ ഹാഫ് സ്കേട്ടാണ് ധരിച്ചത്. ടി.വിയില്‍ ബാങ്ക് കേട്ടതോടെ ആളുകള്‍ ഈത്തപ്പഴമെടുത്തു നോമ്പ് മുറിക്കുന്നു. ഡാനി നിർദ്ദേശിച്ച ചില തനത് വിഭവങ്ങളാണ് ഞാന്‍ ഒാർഡര്‍ ചെയ്തിരുന്നത്. താപ്പ, സൂപ്പ്, സമൂൻ തുടങ്ങിയവ. ഉരുളക്കിഴങ്ങും ചിക്കനും കൂടിയൊരു തരം വിഭവമാണ് ഞാന്‍ ഓർഡർ ചെയ്തത്. ബോസ്നിയന്‍ കബാബ് നേരത്തെ ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ നിന്നു കഴിച്ചതിനാല്‍ പുതുമയൊന്നും തോന്നിയില്ല. പക്ഷേ, ബാക്കി വിഭവങ്ങളെല്ലാം അതീവ രുചികരമായിത്തോന്നി.

സരയോവയില്‍ നിന്ന് മോസ്റ്ററിലേക്കു പോകുന്ന വഴിക്ക് ഡാനിയോട് ഇവിടുത്തെ മുസ്ലിംകളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. ഡാനിയുടെ അച്ചന്‍ സെർബും അമ്മ ക്രോട്ടുമാണ്. ഭര്‍ത്താവാകട്ടെ മുസ്ലിം. പ്രത്യേകിച്ചൊരു മതവും പ്രാക്റ്റീസ് ചെയ്യാത്ത ഡാനിക്ക് ഇവിടുത്തെ മുസ്ലിം സ്ത്രീകളോട് എന്തോ അരിശമുള്ളത് പോലെ തോന്നി. റമദാനില്‍ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നത് വളരെ കുറവാണെന്നും ആളുകള്‍ ഹോട്ടലുകളെയാണ് കൂടുതല്‍ ആശ്രയിക്കുകയെന്നും ഡാനി പറഞ്ഞു. നഗരങ്ങളിലാണ് കൂടുതലും. ഖുര്‍ആന്‍ പാരായണത്തെക്കുറിച്ചു ഡാനി പറഞ്ഞത് വീടുകളിലൊക്കെ ഖുര്‍ആനുണ്ടെങ്കിലും തുറന്നു നോക്കുന്നവര്‍ വളരെ കുറവാണെന്നാണ്. ഒരു അലങ്കാരമായിട്ടാണ് ഇവര്‍ ഖുര്‍ആനെ കാണുന്നത്.

പക്ഷേ, അര്‍വാന്‍ പറഞ്ഞത് മതം പിന്തുടരുന്നവര്‍ പൊതുവേ, ഉച്ചക്ക് ശേഷം ഖുര്‍ആന്‍ പരായണം ചെയ്യാറുണ്ടെന്നാണ്. സരയോവില്‍ പല പള്ളികളിലും ഇടവിട്ടുള്ള ദിവസങ്ങളില്‍ ഖുര്‍ആന്‍ പാരായണം നടക്കും. അസര്‍, സുബ്ഹി നിസ്‌കാരത്തിനു ശേഷമാണ് ഇവയുണ്ടാകുക. നഗരത്തിന്‍റെ ഹൃത്തടത്തില്‍ സ്ഥിതി ചെയ്യുന്ന ഖാസി ഹുസ്‌റേവ് ബെഗ് പള്ളിയാണ് ഇത്തരം രീതികളുടെ കേന്ദ്രബിന്ദു. ഇവിടെ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ഖാരിഉകള്‍(പാരായണം ചെയ്യുന്നവർ) തമ്പടിക്കുകയും നഗരം മുഴുക്കെയും ഖുര്‍ആന്‍റെ മാധുര്യം പ്രസരണം ചെയ്യുകയും ചെയ്യും. മാത്രമല്ല, നഗരത്തിനു ചുറ്റുമുള്ള ചില പള്ളികളില്‍ സ്ത്രീ ഖാരിഉകളുടെ ഓത്തും ഒരു പതിവ് കാഴ്ചയാണത്രേ.

ശീഷ പുകയും ഫാസ്റ്റ് ഫ്രം ബീറും

ഇവിടുത്തെ മറ്റൊരു പ്രത്യേകത ശീഷയാണ്. തറാവീഹിന് ശേഷമാണ് ശീഷകളും കഫേകളും അതിന്‍റെ ഉച്ചിയിലെത്തുക. നിരന്നു കിടക്കുന്ന സരയോവയിലെ ബസ്സാര്‍സ പഴയ മാര്‍ക്കറ്റ് ശീഷയുടെ പുക കൊണ്ട് മൂടും. കുടുംബമൊത്തും കൂട്ടുകാരുടെ കൂടെയും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പുക മേലോട്ടുയര്‍ത്തുന്നത് ഇവരുടെ ഹോബിയാണ്. ഒരു ദിവസം ട്രാവനിക്കിലെ പള്ളിയിലാണ് നോമ്പ് തുറക്കെത്തിയത്. പള്ളിക്കുള്ളിൽ ടേബിളുകൾ വരി വരിയായി നിരത്തിയിട്ടുണ്ട്. ഫ്രൂട്ട്സും ഈത്തപ്പഴവും സൂപ്പുമാണ് മുഖ്യ വിഭവങ്ങൾ. സ്ത്രീകളും പുരുഷന്മാരും പള്ളിക്കുള്ളിലുണ്ട്. കൂട്ടത്തിൽ ഹിജാബ് ധരിച്ചവരും ധരിക്കാത്തവരുമുണ്ട്. ബോസ്നിയയിലെ മുസ്ലിംകളിൽ ഭൂരിപക്ഷവും ഹിജാബ് ധരിക്കാത്തവരാണ്.

അതുപോലെ, സർബനിസ്സയിലെ ഒരു ഗ്രാമത്തിൽ ഒരു ദിവസം പോയിരുന്നു. ഡാനിയുടെ സുഹൃത്ത് ഇർവിന്‍റെ കൂടെയാണ് ഗ്രാമത്തിലെത്തിയത്. മുസ്ലിം വംശഹത്യ കൊണ്ട് പ്രസിദ്ധിയാർജിച്ച നഗരമാണ് സർബനിസ്സ. സർബനിസ്സയിലെ തന്‍റെ ഗ്രാമത്തിൽ രണ്ട് പേർ നോമ്പ് നോൽക്കാറുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ബാക്കിയുള്ളവർ ഫാസ്റ്റ് ഫ്രം ബീറാണ്. അഥവാ റമദാൻ മാസം ആരും ബീർ കുടിക്കാറില്ല. ഇത്തരത്തിൽ വിചിത്രതകൾ ഏറെയുണ്ടിവിടെ. ഇവിടെയുള്ള മുസ്ലിംകൾ അഞ്ച് നേരം നിസ്കരിക്കുന്നില്ലെങ്കിലും അതിമനോഹരമായതും ആത്മാർത്ഥവുമായ പെരുമാറ്റം കൊണ്ട് ഹൃദയം കവരുന്നവരാണ്. ബാൽകൺ രാജ്യങ്ങളിലുള്ള മുസ്ലിംകൾ കേരളത്തിൽ നിന്നുള്ള ഒരാളെ ആകെ ആശയക്കുഴപ്പത്തിലാക്കുമെന്നത് തീർച്ച. യൂഗോസ്ലാവിയൻ അധിനിവേശ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം ബാൽക്കൺ രാജ്യങ്ങളിലെ മത ചിഹ്നങ്ങളെ അടിച്ചമർത്തിയതാണ് മതം ഇവരുടെ ജീവിതത്തിൽ നിന്നും മാറി നിൽക്കാനുള്ള പ്രധാന ഹേതു. മാത്രമല്ല, ഒട്ടോമൻ കാലഘട്ടത്തിൽ ഇവിടുത്തെ മുസ്ലിംകൾ ടാക്സ് കൊടുക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഇസ്ലാം സ്വീകരിച്ചതെന്നുമാണ് ഇർവിന്‍റെ വാദം.

Tags:    
News Summary - ramadan days in bosnia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.