വിദേശരാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചു

ജിദ്ദ: പുതിയ ഉംറ സീസണ്​ തുടക്കമിട്ട്​ വിദേശരാജ്യങ്ങളിൽ നിന്ന്​ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചതായി ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വ്യോമ, കര, കടൽ പ്രവേശനകവാടങ്ങളിലൂടെ എത്തുന്ന ഉംറ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങി. ബന്ധപ്പെട്ട വകുപ്പുകളുടെ പങ്കാളിത്തത്തോടെ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കത്തിനിടയിലാണ്​ തീർഥാടകരുടെ വരവ്​ ആരംഭിച്ചിരിക്കുന്നത്​. തീർഥാടകർക്ക്​ മികച്ച സേവനങ്ങൾ നൽകാനും ഏറ്റവും കൂടുതൽ പേരെ ഉംറ നിർവഹിക്കാൻ പ്രാപ്‌തരാക്കുന്നതിനും ആവശ്യമായ സംവിധാനങ്ങൾക്ക്​ മന്ത്രാലയം ഊന്നൽ നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന് പുറത്തുനിന്നുള്ളവർക്ക് ‘നുസുക്​’ ആപ്പ്​ (https://www.nusuk.sa) വഴി ഓൺലൈൻ വിസ നേടാനാവും.​ ഉംറ നിർവഹിക്കാനും മസ്​ജിദുന്നബവി സന്ദർശിക്കാനുമുള്ള അനുമതി പത്രവും ഈ ആപ്പിൽനിന്നാണ്​ ലഭിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ മുസ്‌ലിംകളും മക്കയിലേക്കും മദീനയിലേക്കും എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സവിശേഷമായ ആപ്പാണിത്​​. അതിലൂടെ താമസ, ഗതാഗത സൗകര്യങ്ങൾ തെരഞ്ഞെടുക്കാനാവും.

വിവിധ ഭാഷകളിൽ ​ആവശ്യമായ വിവരങ്ങളുടെയും സംവേദനാത്മക മാപ്പുകളുടെയും ഒരു പാക്കേജും അതിലുണ്ട്​. ലളിതമായ ഘട്ടങ്ങളിലൂടെ ആവശ്യമാകുമ്പോൾ തെരഞ്ഞെടുക്കാൻ കഴിയുന്നവിധത്തിലാണ്​ അത്​ സംവിധാനിച്ചിരിക്കുന്നത്​. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും തീർഥാടകർക്ക്​ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - Saudi Arabia Umrah pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.