ഒരുവർഷത്തിന് മുമ്പ് പണിയരുടെ ഉന്നമനത്തിനായി അഖിലേന്ത്യാ പണിയ മഹാസഭ എന്ന പേരിൽ സംഘടന രൂപവത്കരിച്ചിരുന്നു. പ്രസിഡന്റ് വി. ബാലൻ, സെക്രട്ടറി ബിജു കാക്കത്തോട് എന്നിവർ അംഗങ്ങളായി 21 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. എന്നാൽ, ഇതുവരെ രജിസ്ട്രേഷൻ നടത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സംഘടനയുടെ രജിസ്ട്രേഷനടക്കം തടസ്സമായത്. പലപ്പോഴും കമ്മിറ്റി കൂടാനും മറ്റുമുള്ള ചെലവുകൾക്കായി സ്വന്തം കീശയിൽനിന്ന് പണം ഇറക്കേണ്ട അവസ്ഥയിലായി സംഘാടകർ.
ദിവസക്കൂലിയിൽ അതത് ദിവസത്തെ വരുമാനം കണ്ടെത്തുന്നവർക്ക് സംഘടന ആവശ്യങ്ങൾക്ക് പണം നീക്കിവെക്കാൻ കഴിയാത്ത അവസ്ഥയാണ്. പണിയർക്ക് മാത്രമായി സംഘടനയില്ല. ഉള്ളതാവട്ടെ ഓരോ പാർട്ടിയെ ആശ്രയിച്ചുള്ള പോഷക സംഘടനകളാണ്. അതിൽ സംഘടനയുടെ പ്രതിനിധികളെല്ലാം മറ്റു സമുദായത്തിൽപ്പെട്ടവരാണ്. വയനാട്ടിൽ രണ്ടു മണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളായിട്ടും ഇന്നും പണിയർക്ക് ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ പറ്റിയിട്ടില്ല. ആദിവാസി കോൺഗ്രസ്, എ.കെ.എസ്, ദലിത് മോർച്ച, ദലിത് ലീഗ് എന്നിവ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളാണ്.
എന്നാൽ, പണിയരെ മത്സരിപ്പിക്കാൻ ആരും ശ്രമിക്കുന്നില്ല. ശ്രമം നടത്തുന്നവരെ ആരും പ്രോത്സാഹിപ്പിക്കുന്നുമില്ല. വയനാട്ടിൽ ആദിവാസികൾ ഒന്നിച്ചു കൂടിയാൽ വലിയൊരു വോട്ടുബാങ്കാവും. എന്നാൽ, പല പാർട്ടികളിലാണ് പലരും വിശ്വസിക്കുന്നത്. അതുക്കൊണ്ട് തന്നെ സമുദായത്തിത് ഇതുക്കൊണ്ട് ഗുണം ലഭിക്കുന്നില്ല.
കേരള സോഷ്യൽ സർവിസ് ഫോറം നടത്തിയ പഠനത്തിൽ 2000ത്തിനും 2008നും ഇടയിലായി ആകെ 1960 ആളുകൾ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. ഇതിൽ 337 ആത്മഹത്യകൾ ആദിവാസി സമുദായങ്ങളിലാണ് സംഭവിച്ചത്. അതിൽ ഒന്നാമത് പണിയ സമുദായമാണ്. 156 പണിയരാണ് ജീവനൊടുക്കിയത്. തവിഞ്ഞാൽ, നൂൽപുഴ, വെള്ളമുണ്ട പഞ്ചായത്തുകളിലാണ് കൂടുതൽ പേർ ജീവിതം അവസാനിപ്പിച്ചത്.
മദ്യപാനം, മനോവൈകല്യം, മാറാത്ത രോഗങ്ങൾ, കുടുംബത്തിലെ അസ്വാരസ്യം, കടബാധ്യത, കാർഷിക പ്രതിസന്ധി, പൊലീസ് കേസിലെ ഭയം എന്നിവയാണ് ആത്മഹത്യക്ക് കാരണമായി പഠനത്തിൽ കണ്ടെത്തിയത്.
1995 മുതൽ 2006 വരെ 12 വർഷത്തിനുള്ളിൽ 448 കേസുകളാണ് ജില്ല കോടതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 27 കേസുകളിൽ ശിക്ഷ കിട്ടി. 421 എണ്ണത്തിൽ പ്രതികളെ വിട്ടയച്ചു. 85 കേസുകൾ തീർപ്പാക്കാതായി. എന്നാൽ, ആറു കേസുകളിൽ മാത്രമാണ് ആദിവാസികൾക്ക് നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രത്യേകം നിയമങ്ങൾ ആദിവാസികളെ എത്രമാത്രം ‘സംരക്ഷിക്കുന്നു’വെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.