റിയാദ്: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കശ്മീരിൽ പര്യവസാനിച്ചപ്പോൾ പ്രവാസലോകത്തും ആവേശവും അഭിമാനവും. ഒന്നര പതിറ്റാണ്ട് സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകയും റിയാദിലെ മോഡേൺ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ സൂപ്പർവൈസറും വൈസ് പ്രിൻസിപ്പലുമായിരുന്ന ഷീബ രാമചന്ദ്രനും കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന കൂട്ടത്തിലുണ്ടായിരുന്നു.
ജനമനസ്സുകളിൽ സ്നേഹവും സാഹോദര്യവും നിറക്കാൻ 4080 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കാനായ പുതിയൊരു ചരിത്രത്തിെൻറ നിറവിലാണ് അവർ. പാർട്ടിയുടെ തിരിച്ചുവരവാണ് തെൻറ യാത്രയുടെ പ്രധാന പ്രചോദനമെന്നും ഈ ഉദ്യമത്തിന് പ്രവാസത്തിലെ ജീവിതാനുഭവങ്ങൾ കരുത്തും ശക്തിയും പ്രദാനം ചെയ്തുവെന്നും ഷീബ രാമചന്ദ്രൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റിയാദിലെ ഇന്ദിര പ്രിയദർശിനി വനിതാവേദിയുടെ ആദ്യകാല ഭാരവാഹിയായും മറ്റും പ്രവാസി സാമൂഹികരംഗത്ത് വളരെ സജീവമായിരുന്നു. ബുറൈദ ഇന്ത്യൻ സ്കൂളിലും ഇത്യോപ്യൻ എംബസി സ്കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിതാഖാത്ത് കാലത്ത് പരിഭാഷകയായി ഇന്ത്യൻ എംബസിയിലും സന്നദ്ധസേവനം നടത്തിയിട്ടുണ്ട്. ഇപ്പോൾ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പദവിയിലാണ്. ആ നിലയിലാണ് ഭാരത് ജോഡോ യാത്രയിൽ സ്ഥിരസാന്നിധ്യമായത്.
പ്രവാസത്തിൽനിന്ന് ലഭിച്ച ബഹുഭാഷകൾ കൈകാര്യംചെയ്യാനുള്ള പ്രാവീണ്യം ഭാരത് ജോഡോ യാത്രയുടെ ഏകോപന പ്രവർത്തനങ്ങൾ നടത്താൻ തന്നെ ഏറെ സഹായിച്ചതായി അവർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം ജീവവായുവായി കണ്ട തെൻറ പിതാവിന് നൽകുന്ന സ്മരണാഞ്ജലി കൂടിയായിരുന്നു യാത്രയെന്നും അവർ പറയുന്നു. പ്രതികൂല കാലാവസ്ഥ തൊട്ട് സുരക്ഷാപ്രശ്നങ്ങൾ വരെ അവഗണിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഈ യാത്ര പൂർത്തിയാക്കിയത്. കേരളം തൊട്ട് കശ്മീർ വരെ വൻ ജനപിന്തുണയാണ് ലഭിച്ചത്. രാജ്യത്തിെൻറ നാനാതുറകളിൽ നിന്നുള്ള പ്രമുഖർ മുതൽ സാധാരണക്കാർ വരെ ആശീർവദിച്ചാണ് യാത്ര കടന്നുപോയതെന്നും ഷീബ രാമചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.
യാത്രയിലും കെണ്ടയിനറുകളിലും അൽപസമയം രാഹുൽ ഗാന്ധിയോടൊപ്പം ചെലവഴിക്കാൻ ഭാഗ്യം ലഭിച്ചു. സാമൂഹിക രാഷ്ട്രീയ കാര്യങ്ങൾ പറയാനും വായിച്ച പുസ്തകങ്ങളിലെ ചില ആശയങ്ങൾ പങ്കുവെക്കാനും സാധിച്ചു. അദ്ദേഹം നല്ലൊരു കേൾവിക്കാരൻ കൂടിയാണ്. നിശ്ചയദാർഢ്യവും ഇന്ത്യയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും അദ്ദേഹത്തിനുണ്ട് -ഷീബ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ അവസാന പദയാത്രയിൽ ലാൽ ചൗക്കിൽ ഉയർത്താനുള്ള ദേശീയ പതാക വഹിക്കാൻ തന്നെ വിളിച്ചത് മറക്കാനാവില്ലെന്നും അവർ പറഞ്ഞു. സെപ്റ്റംബർ ഏഴിന് തുടങ്ങിയ ഭാരത് ജോഡോ യാത്ര ജനുവരി 30നാണ് സമാപിച്ചത്.
എറണാകുളം സ്വദേശിനിയായ ഷീബയുടെ ഭർത്താവ് രാമചന്ദ്രൻ എ.ഇ.എസ് അറേബ്യ ലിമിറ്റഡ് അമേരിക്കൻ എൻജിനീയറിങ് സർവിസസ് കമ്പനിയിൽ റിയാദിലെ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ നാട്ടിലാണ്. മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ മകൻ ശ്രീരാഗ് കൊച്ചിൻ റിഫൈനറിയിൽ ജോലി ചെയ്യുന്നു. മകൾ ശ്രീലയ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.