ഇരിങ്ങാലക്കുട: മൂന്നു പതിറ്റാണ്ടുകാലം അധ്യാപികയായിരുന്ന എം.പി. ഗീത എന്ന ഗീത ടീച്ചർ ‘മെഴുകുതിരി യൂനിറ്റ്’ തുടരാനായി സഹായം തേടുകയാണ്. കൈരളി നാട്യകലാക്ഷേത്രം നൃത്ത വിദ്യാലയം മുൻ പ്രിൻസിപ്പലും കോലഴി ചിന്മയ സ്കൂളിൽ 30 വർഷം അധ്യാപികയും ആയിരുന്ന ഗീത ആരോഗ്യപരമായ കാരണങ്ങളാൽ സ്വയം വിരമിച്ച് മൂന്നു വർഷം മുമ്പ് ഇരിങ്ങാലക്കുട കൂത്തുപറമ്പിൽ തുടങ്ങിയതാണ് ‘ദ്യുതി കാൻഡിൽസ് ആൻഡ് ക്രയോൺസ്’.
മുന്നോട്ട് കൊണ്ടുപോകാൻ പണമില്ലാത്തതിനാലാണ് നിർധന വിദ്യാർഥികളുടെ പഠനച്ചെലവുൾപ്പെടെ ഏറ്റെടുത്ത് നടത്തിവന്നിരുന്ന ഗീത ടീച്ചറുടെ മെഴുകുതിരി നിർമാണം നിലക്കാൻ കാരണം.
ഒട്ടേറെ ബാങ്കുകളെ വായ്പക്കായി സമീപിച്ചെങ്കിലും വായ്പ തരാനാവില്ലെന്നു പറഞ്ഞ് മടക്കിയതായി ഗീത പറഞ്ഞു. വീട് നിർമിക്കാനെടുത്ത വായ്പ നിലനിൽക്കുന്നതായിരുന്നു തടസ്സം. കുരിയച്ചിറ ഗ്രാമീണ ബാങ്കിൽനിന്ന് ലഭിച്ച ചെറിയ തുകയിലായിരുന്നു ആദ്യം യൂനിറ്റ് ആരംഭിച്ചത്. വ്യവസായ വകുപ്പിന്റെയും ജി.എസ്.ടിയുടെയും രജിസ്ട്രേഷൻ ലഭിച്ചു.
400ഓളം കടകളിൽ മെഴുകുതിരി വിൽപന നടക്കാറുണ്ടത്രേ. ദിവസം 2000 മെഴുകുതിരികൾ ഉണ്ടാക്കാനാകുന്നുണ്ട്. സിഡ്കോ അനുവദിച്ച 300 കിലോ മെഴുക് ഏറ്റെടുക്കണമെങ്കിൽ പണം വേണം.
സാമൂഹിക സംഘടനകളുടെയും നാട്ടുകാരുടെയും സഹായം ലഭിച്ചതിനാലാണ് ഇത്രയും നാൾ മുന്നോട്ട് പോയത്. ഇനി എന്ത് ചെയ്യണമെന്നറിയുന്നില്ല ഗീത ടീച്ചർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.