ദമ്മാം: ചെറുപ്പത്തിൽ കുസൃതികാട്ടിയപ്പോൾ അടക്കിയിരുത്താൻ ടീച്ചർ കാട്ടിയ ഉപായമാണ് ഫെഹ്മിൻ മുഷാലെന്ന കുട്ടിയെ കരകൗശല പ്രതിഭയാക്കി വളർത്തിയത്. നൂലിഴകളും കടലാസ് കഷണങ്ങളും കൊണ്ട് ഫെഹ്മിൻ ഒരുക്കുന്ന ആഭരണങ്ങൾക്കും പൂക്കൾക്കും സമ്മാനപ്പെട്ടികൾക്കും ആവശ്യക്കാർ എത്തുന്നത് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നാണ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും എഴുത്തുകാരനും ഗായകനുമായ മുഷാൽ തഞ്ചേരിയുടെ ഭാര്യയാണ് ഫെഹ്മിൻ.
ചെറുപ്പത്തിൽ ഉമ്മ തയ്യൽ പഠിക്കാൻ പോകുമ്പോൾ ഫെഹ്മിനെയും ഒപ്പം കൂട്ടും. ഇതിനിടയിൽ കുസൃതികാട്ടുന്ന കുട്ടിയെ അടക്കിയിരുത്താനാണ് അവിടത്തെ ടീച്ചർ കടലാസുകൊണ്ട് ഭംഗിയുള്ള വിവിധ രൂപങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചത്.
അതിവേഗത്തിൽ ഈ കഴിവുകൾ സ്വായത്തമാക്കിയ ഫെഹ്മിനെ വീട്ടുകാർ അവധിക്കാലങ്ങളിൽ ക്രോഷേ, എംബ്രോയ്ഡറി വർക്ക്ഷോപ്പുകൾക്കയച്ചു. ജന്മവാസനയും പരിശീലനവും സമന്വയിച്ചതോടെ ഇവിടെയെല്ലാം ഫെഹ്മിൻ ഒന്നാമതായി.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ഫെഹ്മിൻ സംസ്ഥാന ജലസേചനവകുപ്പിൽ ജോലിക്കാരിയായിട്ടും തെൻറ കഴിവുകളെ നനച്ചുവളർത്താൻ മറന്നില്ല. കൂട്ടുകാർക്ക് സമ്മാനിച്ച വിവിധ നിറത്തിലുള്ള പേപ്പറുകളിൽ ഫെഹ്മിൻ തീർത്ത സമ്മാനപ്പെട്ടികളും ഫോട്ടോ ഫ്രെയിമുകൾക്കും അഭിനന്ദനങ്ങൾ ഏറെ കിട്ടി. പലരും തങ്ങൾക്കുകൂടി ഇത്തരത്തിൽ ഉണ്ടാക്കിത്തരാമോ എന്നു ചോദിക്കാൻ തുടങ്ങി. അവരൊക്കെ അതിെൻറ വില മനസ്സിലാക്കി ചോദിക്കാതെതന്നെ പണം കൊടുത്തു.
ഇതോടെ ആദ്യമൊക്കെ മാനസിക സംതൃപ്തിക്കുവേണ്ടി തുടങ്ങിയ കാര്യങ്ങൾ പതുക്കെ പണം കിട്ടുന്നതിനുള്ള ഉപാധിയായി മാറി. ഇത്തരത്തിലുണ്ടാക്കിയ കരകൗശല വസ്തുക്കൾ ഭർതൃസഹോദരന്റെ കടയിൽ പ്രദർശനത്തിന് വെച്ചപ്പോൾ വളരെ വേഗം അത് വിറ്റുപോയി.
ഇതിനിടയിലാണ് ചെറിയ കമ്പികളും നൂലുകളും ഉപയോഗിച്ച് വിവിധ ആഭരണങ്ങൾ നിർമിക്കുന്ന വിദ്യ പഠിച്ചെടുത്തത്. രണ്ടു മൂന്ന് വർഷം മുമ്പ് പെട്ടെന്ന് ട്രെൻറായി മാറിയ ഇത്തരം ആഭരണങ്ങളുടെ ഭ്രമം പലർക്കും പെട്ടെന്നുതന്നെ അവസാനിച്ചു.
പക്ഷേ ഫെഹ്മിൻ അതിൽ സ്വന്തം കഴിവുകൾ കൂടി സന്നിവേശിപ്പിച്ചതോടെ അതിന് പുതിയ രൂപവും ഭംഗിയും കൈവന്നു. അതോടെ ഫെഹ്മിൻ ഉണ്ടാക്കുന്ന മാലക്കും കമ്മലിനും ആംഗ്ലെറ്റിനും ബ്രെസ്യ്ലെറ്റിനും ആവശ്യക്കാർ ഏറിവന്നു. ഇതോടെ അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം ഈ യുവതി സഞ്ചരിക്കാൻ തീരുമാനിച്ചു.
ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ സ്വന്തമായി ഒരു ഷോപ്പ് കൂടി തുറന്നതോടെ ഫെഹ്മിന്റെ ആഭരണങ്ങൾ കടൽ കടന്നുപോയി. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, അറബ് രാജ്യങ്ങൾ, കാനഡ എന്നിവിടങ്ങളിൽ നിന്നെല്ലാം ഫെഹ്മിന്റെ ആഭരണങ്ങൾക്ക് ഇഷ്ടക്കാരുണ്ടായി.
കേവലം ഒരു വർഷം മുമ്പാണ് ജോലിയിൽനിന്ന് താൽക്കാലിക അവധിയെടുത്ത് ഭർത്താവിനോടൊപ്പം ചേരാൻ ദമ്മാമിൽ എത്തിയത്. എന്നാൽ ഇതിനിടയിൽ വിവിധ രാജ്യക്കാരുെട നിരവധി എക്സിബിഷനുകളിൽ ഫെഹ്മിൻ തെൻറ സാന്നിധ്യമറിയിക്കുകയും അവിടെയെല്ലാം ഇഷ്ടപ്പെട്ട ഉപഭോക്താക്കളെ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ ഓൺലൈനിലും അല്ലാതെയും ഫെഹ്മിൻ നേതൃത്വം കൊടുക്കുന്ന ആർട്ടിസ്റ്റിക് കിഡ്സ് ക്ലബിൽ നിരവധി കുട്ടികളാണ് ഈ വിദ്യകൾ പഠിക്കാനെത്തുന്നത്.
കച്ചവടമെന്നതിനപ്പുറത്ത് ജീവിതത്തിലെ ഇഷ്ടങ്ങളെ കൂടെക്കൂട്ടാൻ കഴിഞ്ഞു എന്നതാണ് താൻ ഇതിലൂടെ അനുഭവിക്കുന്ന ആനന്ദമെന്ന് ഫെഹ്മിൻ പറഞ്ഞു. കുട്ടികളിലേക്ക് ഇത് പകരുന്നതിലും ആഹ്ലാദം കണ്ടെത്തുന്നു. മക്കളായ ഐസിൻ, ഇസാൻ ഉൾപ്പെടെയുള്ള കുടുംബത്തിെൻറ മുഴുവൻ ഉത്തരവാദിത്തങ്ങളും ചെയ്തതിനു ശേഷമാണ് ഫെഹ്മിൻ തെൻറ ഇഷ്ടങ്ങളുമായി സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.