കൊച്ചി: ഒരുമയുടെ ചവിട്ടുനാടക ചുവടുകളിലൂടെ റെക്കോഡ് മധുരവുമായി കുടുംബശ്രീ വനിതകൾ. ദേശീയ സരസ്സ് മേളയുടെ ഭാഗമായി കുടുംബശ്രീയുടെ കാൽ നൂറ്റാണ്ട് കാലത്തെ ചരിത്രം പ്രമേയമാക്കിയ മെഗാ ചവിട്ടുനാടകം -ചുവടി 2023 അവതരിപ്പിച്ചാണ് കുടുംബശ്രീ വനിതകൾ വേൾഡ് ടാലന്റ് റെക്കോഡ് സ്വന്തമാക്കിയത്.
ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 504 വനിതകളാണ് ദർബാർ ഹാൾ ഗ്രൗണ്ടിൽ അണിനിരന്നത്. നഗരത്തിന് നവ്യാനുഭവമായ ചവിട്ടുനാടകം കാണാൻ വൻ ജനാവലിയും ഒത്തുചേർന്നു. പരമ്പരാഗത വേഷവിധാനങ്ങളോടെ അരങ്ങിലെത്തിയ വനിതകൾ ഏകദേശം 20 മിനിറ്റ് സമയം കൊണ്ടാണ് വേദിയിൽ കുടുംബശ്രീ ചരിത്രം ചവിട്ടിയത്.
ഓൾ ഗിന്നസ് വേൾഡ് റെക്കോഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, ടി. ആർ. ബി ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാജെയിൻ എന്നിവർ വിധികർത്താക്കളായി. ജില്ല മിഷൻ കോ-ഓഡിനേറ്റർ ടി.എം. റെജീന, സംഘടന പ്രോഗ്രാം ഓഫീസർ രതീഷ് പീലിക്കോട് എന്നിവർ പങ്കെടുത്തു.
തീരമേഖലയിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ മാത്രം വ്യാപകമായ ഈ കലാരൂപം കുടുംബശ്രീ നേതൃത്വത്തിൽ ആദ്യമായാണ് വലിയ ജന പങ്കാളിത്തത്തോടെ നഗരത്തിലെത്തിയത്. മെഗാ ചവിട്ടു നാടകത്തിനായി കുടുംബശ്രീയൊരുക്കിയത് ചിട്ടയായ പരിശീലനമാണ്.
ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും ഏഴ് പേരിൽ കുറയാത്ത കുടുംബശ്രീ വനിതകളെ തെരഞ്ഞെടുത്ത് ബ്ലോക്ക് പരിധിയിൽ തന്നെ പരിശീലനം നൽകിയായിരുന്നു പരിപാടിയുടെ അരങ്ങൊരുക്കം. ഏകദേശം ഒന്നരമാസത്തോളം പരിശീലനം നൽകിയതായി ചുമതലയുള്ള അസി. ജില്ല മിഷൻ കോഓഡിനേറ്റർ കെ.ആർ. രജിത പറയുന്നു. ഗോതുരുത്തിലുള്ള ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. കുടുംബശ്രീയുടെ കാൽ നൂറ്റാണ്ട് കാലത്തെ ചരിത്രവും അത് വഴി സ്തീകളുടെ വിജയ ഗാഥയുമായിരുന്നു പ്രമേയം.
ആവശ്യമായ ചമയങ്ങൾ, വേഷവിധാനങ്ങളെല്ലാം കുടുംബശ്രീ തന്നെയാണ് സജ്ജീകരിച്ചത്. ബ്ലോക്ക് കോഓഡിനേറ്റർമാരും ജില്ല പ്രോഗ്രാം ഓഫിസർമാരും സി.ഡി.എസ് ചുമതലയുള്ളവരുമെല്ലാം ഇതിനായി കൈ മെയ് മറന്ന് പ്രവർത്തിച്ചതായും അവർ പറയുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തിൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ്സ് മേള അഞ്ചാം ദിനത്തിലേക്ക് കടന്നു. ഐ.എസ്.എൽ ഫുട്ബാൾ നടക്കുന്നതിനാൽ ഞായറാഴ്ച മേള ഉണ്ടായിരുന്നില്ല. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച രാവിലെ 11 ന് മേളയിൽ കുടുംബശ്രീ കലാസരസ് നടക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൈകൊട്ടി കളിയും വൈകീട്ട് 6.30ന് റിമിടോമിയും സംഘവും നയിക്കുന്ന മ്യൂസിക്കൽ നൈറ്റും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഉൽപന്നങ്ങളുടെ ശേഖരവുമായി 250 സ്റ്റാളുകളും ഇവിടെയുണ്ട്. രാവിലെ 11 മുതൽ രാത്രി വരെ നീളുന്ന മേളയിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. മേള അടുത്തമാസം ഒന്നിന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.