ദമ്മാം: ഒരു കലാലയം പിച്ചവെച്ചതുമുതൽ മൂന്നര പതിറ്റാണ്ട് ഒപ്പം നടന്ന അധ്യാപന അനുഭവങ്ങളുമായി സാറാബായി സൈഫുദ്ദീൻ ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പടിയിറങ്ങി. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന വികാരനിർഭരമായ യാത്രയയപ്പ് യോഗത്തിന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടെ അനവധി പേരാണ് സാക്ഷിയായത്.
1987 സെപ്റ്റംബറിൽ 105 വിദ്യാർഥികളും എട്ട് അധ്യാപികമാരും രണ്ടു ഓഫിസ് ജോലിക്കാരുമായി പോർട്ടബിൾ ക്യാബിനിൽ ആരംഭിച്ച സ്കൂളിലേക്ക് തൊട്ടടുത്ത വർഷം തന്നെ അറബിക് അധ്യാപികയായി സാറാബായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് കഴിഞ്ഞമാസം 31 വരെ അധ്യാപിക എന്നതിലുപരി സ്കൂളിനും കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലക്കും നിസ്തുലമായ സംഭാവനകൾ നൽകിയാണ് അവർ വിരമിച്ചത്. ജുബൈൽ സ്കൂളിന്റെ ചരിത്രത്തിൽ ഇത്രയേറെ വർഷം തുടർച്ചയായി ജോലിചെയ്ത മറ്റൊരധ്യാപകരുമില്ല.
സ്കുളിന്റെ അതിസങ്കീർണ നിമിഷങ്ങളിലെല്ലാം അധികൃതർ ഏൽപിച്ച ഗൗരവപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാറാബായി ഒരു മടിയും കാട്ടിയിട്ടില്ല. ആക്റ്റിങ് വൈസ് പ്രിൻസിപ്പൽ, അഡ്മിഷൻ ഇൻ ചാർജ്, ഗേൾ സെക്ഷൻ ഇന്റേണൽ സൂപ്പർവൈസർ, ആന്വൽ സ്പോർട്സ് മീറ്റ് ഓവറോൾ ഇൻ ചാർജ് ഗേൾ സെക്ഷൻ, ഖുർആൻ ഹിഫ്സ് ഇൻചാർജ് തുടങ്ങി വ്യത്യസ്തമായ നിരവധി മേഖലകളിൽ അവർ ശ്രദ്ധേയമായ സേവനം അർപ്പിച്ചു. 10 വർഷം മുമ്പ് അക്കാദമിക് ഇയർ സ്കൂൾ ഫൗണ്ടേഷൻ ഡേ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ കമാലുദ്ദീൻ അഹ്മദിൽനിന്ന് മികച്ച അധ്യാപികക്കുള്ള അവാർഡും ഏറ്റുവാങ്ങി. കൂടാതെ സാഫ്ക, കേരള പാരന്റ്സ് ഫോറം, സെപ്ക സി.എം.ആർ അസോസിയേഷൻ, നവോദയ തുടങ്ങിയ സാംസ്കാരിക സംഘടനകളും മികച്ച സേവനത്തിനുള്ള അംഗീകാരങ്ങൾ നൽകി ആദരിച്ചിരുന്നു.
പ്രവാസ സമൂഹത്തിലെ സാമൂഹിക സാംസ്കാരിക പ്രവർത്തന മേഖലയിലും സാറാബായി സജീവ സാന്നിധ്യമായിരുന്നു. ജുബൈലിലെ തനിമ കലാ സാംസ്കാരിക വേദിയുടെ വനിത വിങ്ങിന്റെ തുടക്കം കുറിക്കുകയും ഒന്നര പതിറ്റാണ്ട് കാലം പ്രസിഡന്റായി തുടരുകയും ചെയ്തിരുന്നു. പ്രവാസി സാംസ്കാരിക വേദിയുടെ പ്രഥമ വനിത പ്രസിഡന്റുമായിരുന്നു. താമസസ്ഥലത്ത് സൗജന്യമായി ജുബൈലിലെ മലയാളി സമൂഹത്തിലെ കുട്ടികൾക്ക് മദ്റസ പഠനത്തിനും നേതൃത്വം നൽകി. ആരാമം മാസിക, മഹിള ചന്ദ്രിക, പ്രബോധനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുത്തുകാരിയായിരുന്നു. ആരാമത്തിലെ ചരിത്രവനിതകൾ എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൾഫ് മാധ്യമത്തിലും ലേഖനമെഴുതിയിട്ടുണ്ട്. താൻ പഠിപ്പിച്ച വിദ്യാർഥികളുടെ മക്കളെയും പഠിപ്പിക്കാനുള്ള ഭാഗ്യം സാറാബായിക്കുണ്ടായി. സ്കൂളിൽ മാറിമാറി വന്ന പല പ്രിൻസിപ്പൽമാരുടെ കീഴിലും ജോലിചെയ്യാനും ഇവർക്ക് കഴിഞ്ഞു.
അഫ്ദലുൽ ഉലമ പാസായി ഭർത്താവിനൊപ്പം ചേരാൻ സൗദിയിലെത്തിയ തനിക്ക് ആദ്യമൊക്കെ ഇവിടത്തെ അറബി ഭാഷ താൻ പഠിച്ചതിൽനിന്നും വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. പതുക്കെ എല്ലാം ശരിയായി. താൻ പഠിപ്പിച്ചുവിട്ട ആയിരക്കണക്കിന് മക്കളുടെ സ്നേഹമാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് സാറാബായി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ വെസ്റ്റ് ചേന്ദമംഗലൂരിനടുത്ത പൊറ്റശ്ശേരിയിലാണ് താമസം. കരുപറമ്പത്ത് അബൂബക്കർ-ആമിന ദമ്പതികളുടെ മകളും ജുബൈലിലെ ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ സൗദിയുടെ ജനസേവന വിഭാഗം അംഗവുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ഭാര്യയാണ്. ഡോക്ടർ ശിഹാന സൈഫുദ്ദീൻ (ലണ്ടൻ), ശിഹാസ് സൈഫുദ്ദീൻ (സൗദിയിലെ പ്രമുഖ കമ്പനി), ശിഹാദ് സൈഫുദ്ദീൻ (അക്കൗണ്ട്സ് ഓഫിസർ ഇന്റർനേഷനൽ ഇന്ത്യൻ സ്കൂൾ ജുബൈൽ) എന്നിവരാണ് മക്കൾ. മരുമകൻ ഡോ. അഹമ്മദ് നൗഫൽ (ലണ്ടൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.