ഉമ്മുകുൽസുവി​ന്‍റെ കോഴിക്കോ​ട്ടെ ചിത്രപ്രദർശനം

ഉല്ലു ഇപ്പോൾ പഴയ ഉല്ലുവല്ല. സദാ പുഞ്ചിരി തൂകുന്ന മുഖത്ത്​ നിറയെ ആത്​മവിശ്വാസം. നിശ്ചദാർഢ്യത്തോടു കൂടിയ അളന്നുമുറിച്ച വാക്കുകൾ. ​നിഷ്​കളങ്ക മനസിൽ നിറയെ വർണ്ണ പ്രതീക്ഷകൾ. സുഹൃദ്​ വലയത്തി​​ന്‍റെ കൈതാങ്ങുകളിൽ ചുവട്​ വെച്ചുതുടങ്ങിയ ഉല്ലു (ഉമ്മുകുൽസു) ഇപ്പോൾ സ്വന്തം കാലിൽ മുന്നേറാൻ പ്രാപ്​തയായിരിക്കുന്നു. ഉല്ലുവെന്ന രണ്ടക്ഷരം ഉൽസുകതയുടെ പര്യായമായിരിക്കുന്നു. വർണ്ണ ചിത്രങ്ങൾക്കിടയിൽ അവളിപ്പോൾ ഭാവി പ്രതീക്ഷകൾ നെയ്​തെടുക്കുകയാണ്​. 'മാധ്യമം' അക്ഷര വീടിലൂടെ സ്വപ്​ന ഭവനം യാഥാർഥ്യമായതി​ന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്​. വീടി​ന്‍റെ തണലോരം പറ്റി, പാവപ്പെട്ട സ്​ത്രീകൾക്കായി ഒരു തൊഴിലിടമെന്ന ആശയത്തിലേക്ക്​ ഉല്ലു മനസി​നെ കൂട്ടികൊണ്ടു പോകുകയാണ്​. കാൻവാസിനൊപ്പം സ്​മാർട്ട്​ ​ഫോണിലും അവൾ വർണ്ണചി​ത്രങ്ങൾ വരക്കാൻ പഠിച്ചിരിക്കുന്നു.

ഉല്ലുവിനെ നാടറിയും. പരിമിതികളെ മറികടന്ന്​ ഉയരങ്ങൾ എത്തിപിടിച്ച പെൺകുട്ടി. ജന്മനാ രണ്ട്​ കൈകൾ ഇല്ലാത്ത, ഇരുകാലുകൾ വ്യത്യസ്ത ഉയരത്തിലുള്ള, ഇത്തിരിപൊക്കം മാത്രമുള്ള അവൾ വരദാനമായി കിട്ടിയ കാൽ വിരലുകൾകൊണ്ട്​ ചിത്രം വരച്ച്​ നാടിനെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു. വിത്തുപേനയും കരകൗശല വസ്​തുക്കളുമുണ്ടാക്കുന്നു. ഇച്​ഛാഭംഗത്താൽ മനസ്​ തളർന്നവർക്ക്​ പ്രചോദനവും ആവേശവുമാകുന്നു. പുതിയ തലമുറക്ക്​ വഴികാട്ടിയാകുന്നു. പാലക്കാട്​-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരിയിൽ നിന്നും തിരിഞ്ഞ്​ ഏതാനും കിലോമീറ്റർ സഞ്ചരിച്ചാൽ പുതുക്കോട്​ അപ്പക്കാടായി. 32കാരിയായ ഉല്ലുവി​ന്‍റെ സ്വദേശം. മുഹമ്മദ്​ ഹനീഫയുടേയും ഉമൈബയുടേയും ഏഴ്​ മക്കളിൽ ഇളയവളാണ്​ ഉല്ലു. മീൻപിടുത്ത തൊഴിലാളി ആയിരുന്നു ഹനീഫ. ആറു വർഷം മുൻപാണ്​ ഉപ്പയുടെ വി​യോഗം. രണ്ട്​ സഹോദരങ്ങൾ നേരത്തെ മരിച്ചുപോയിരുന്നു. ​വീടെന്ന്​ പറയാനാവില്ല, മേൽകൂര ചിതലരിച്ച്​, തറ വിണ്ട്​, കാറ്റടിച്ചാൽ ഇളകിയാടുന്ന കൂരയിലായിരുന്നു നാല്​ സഹോദരിമാർക്കും സഹോദരനും ഉമ്മയുമടങ്ങിയ കുടുംബത്തി​ന്‍റെ താമസം.

സ്വപ്‌നങ്ങൾക്ക് നിറംപകർന്ന ഉപ്പ

സ്​കൂളിൽ ഉല്ലു, രണ്ടുവരെ മാത്രമേ പോയുള്ളു. അതും ഇടവിട്ട്​. കുറച്ചു ദൂരെയാണ്​ സ്​കൂൾ. ഉമ്മ എന്നും എടുത്തുകൊണ്ടു​ പോകണം. സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത കുട്ടിയായതിനാൽ സ്​കൂളിൽ വിട്ടിട്ടുവരാൻ ഉമ്മക്ക്​​ പേടിയായിരുന്നു. ഒരിക്കൽ ബെഞ്ചി​ന്‍റെ ഒരറ്റത്തിരുന്ന കുട്ടി അറിയാതെ എണീറ്റപ്പോൾ ഉല്ലു താഴെവീണു. അതോടെ സ്​കൂളിൽ വിടാതായി. കുഞ്ഞുപ്രായത്തിലേ ഉല്ലു കാൽവിരലിൽ പേന പിടിച്ച്​ വരക്കുമായിരുന്നു. കാണുന്നതെന്തും ഉണ്ടാക്കാൻ ശ്രമിക്കും. മകളുടെ ഇഷ്​ടംകണ്ട്​ ഉപ്പ, നിറങ്ങളും പേപ്പറും വാങ്ങികൊടുത്തു. താളുകളിൽ അവൾ നിറയെ വരച്ചുകൊണ്ടിരിക്കുന്നു. ചുറ്റിലും കാണുന്ന പൂക്കളും പൂമ്പാറ്റയുമെല്ലാം കടലാസിൽ പകർത്തി കൊണ്ടിരുന്നു. കഥാപുസ്തകത്തിലും മറ്റും കണ്ടുവരുന്ന കൊച്ചു കൊച്ചു ചിത്രങ്ങൾ നോക്കി വരച്ചു ചായമടിക്കാൻ തുടങ്ങി. പിന്നെയും വർഷങ്ങൾ കടന്നുപോയപ്പോൾ പലതരം കരകൗശല വസ്​തുക്കൾ ഉണ്ടാക്കിതുടങ്ങി. കാർഡ്​ ​ബോർഡിൽ വീടി​ന്‍റെ ​ചെറുരൂപമുണ്ടാക്കി. വർണ്ണ കടലാസ്​ വെട്ടി പൂക്കളുണ്ടാക്കാൻ പഠിച്ചു. കളിമണ്ണു കൊണ്ട്​ പല രൂപങ്ങളുമുണ്ടാക്കി. ചോർന്നൊലിക്കുന്ന വീട്ടിൽ ഇതെല്ലാം കിടന്നുനശിച്ചു. ഇതിനിടയിൽ ദീർഘനാൾ ചികിത്സയിൽ, വർഷങ്ങളോളം വര മുടങ്ങി. അതിനിടയിൽ സങ്കടകടലായി ഉപ്പയുടെ വേർപാട്​.

ഉമ്മുകുൽസുവി​ന്‍റെ ​പെയിൻറിങ്​

വഴിത്തിരിവായി കൂട്ടുകാരി

ഉല്ലുവി​ന്‍റെ വിജയങ്ങൾക്ക്​ പിന്നിലെല്ലാം ഒരാളുണ്ട്​. സുസു എന്നു ഉല്ലു ഒാമനപേരിട്ടു വിളിക്കുന്ന സുഹ്​റ (തസ്​ലീന). എഞ്ചിനീയറിങ്​ ബിരുദദാരി. ഉല്ലുവി​ന്‍റെ വീടിന്​ അടുത്ത്​ തച്ചനടിയിലാണ്​ അവൾ താമസം. യാദൃശ്​ചികമായാണ്​ ഇരുവരും കണ്ടുമുട്ടുന്നത്​. ഉല്ലുവി​ന്‍റെ ​ജ്യേഷ്​ഠത്തി ജുബൈലയുടെ സുഹൃത്താണ്​ സുഹ്​റ. ജുബൈലയുടെ കല്യാണ തലേന്നാൾ​ മൈലാഞ്ചിയിടാൻ വന്നപ്പോഴാണ്​​ ഉല്ലുവി​നെ ആദ്യമായി കാണുന്നത്​. ഉല്ലുവി​ന്‍റെ നിഷ്​കളങ്ക മുഖവും നിസ്സഹായത നിറഞ്ഞ നോട്ടവും സുസുവി​ന്‍റെ മനസിൽ തട്ടി. പിന്നീട്​ സുസു ഇടക്കിടെ, ഉല്ലുവി​നെ കാണാൻ വീട്ടി​ൽ വന്നുതുടങ്ങി. വരയ്​ക്കാനുള്ള പേപ്പറുകളും നിറങ്ങളും കൊണ്ടുവന്നു കൊടുത്തു. വരച്ചു കഴിഞ്ഞാൽ ഉല്ലു, ​സുസുവിനെ​ ​ഫോൺ ചെയ്തുപറയും. വരക്കേണ്ടത്​ എങ്ങനെയെന്ന്​ പറഞ്ഞു കൊടുക്കാൻ ആളില്ലാത്തത്​ കുറവായി സുസുവിന്​​ തോന്നി. പിന്നെ, അതിനായുള്ള നിരന്തര അന്വേഷണങ്ങളിലായി.

ചിത്രങ്ങളെ കുറിച്ച്​ സുസു തന്നെ മനസിലാക്കാൻ ശ്രമിച്ചു. ചിത്രകല അധ്യാപകരെ തേടി നടന്നെങ്കിലും ആരേയും കിട്ടിയില്ല ഗ്രീൻ പാലിയേറ്റീവ്​ വളണ്ടിയറായ സുസു, ഉല്ലുവി​െനകുറിച്ച്​ ചെയർമാൻ റഈസ്​ ഹിദായയോട്​ പറഞ്ഞു. അങ്ങനെ സ്​മാർട്ട്​​ഫോണും വീൽചെയറും കളറുകളും കാൻവാസും ബ്രഷുമെല്ലാം കിട്ടി. യുട്യൂബ് നോക്കിയാണ്​ ഉല്ലു ചിത്രരചന പഠിച്ചത്​. എല്ലാം വളരെ വേഗം പഠിച്ചെടുത്തു. ഉല്ലു വലിയ കാൻവാസുകളിൽ അക്രിലിക്, ​ഫാബ്രിക്​ ചിത്രങ്ങൾ വരച്ചു​തുടങ്ങി. പൂക്കളും പച്ചപ്പും പ്രകൃതിയും കാൻവാസിൽ നിറഞ്ഞു. സുസു ഉല്ലുവി​ന്‍റെ പേരിൽ എഫ്​.ബി എക്കൗണ്ട്​ തുറന്നു. അതിൽ ചിത്രങ്ങളും വിവരണങ്ങളും പോസ്​റ്റ്​ ചെയ്​തു. നാനാദിക്കുകളിൽ നിന്നും ​അന്വേഷണങ്ങൾ വന്നു തുടങ്ങി. പിന്നെ, പ്രദർശനങ്ങൾക്കുള്ള ഒരുക്കമായി. സുസുവി​ന്‍റെ കൂട്ടുകാരികളും ഒപ്പം ചേർന്നു. സംഘാടനത്തിന്​ ഉല്ലുവി​ന്‍റെ പെൺപട എന്ന വാട്ട്​സാപ്പ്​ ഗ്രൂപ്പുണ്ടാക്കി.

ഉമ്മുകുൽസു കാൽവിരലുകൊണ്ട്​ ചിത്രം വരക്കുന്നു 

മലപ്പുറത്തും കോഴിക്കോടും എറണാകുളത്തുമടക്കം ​​നിരവധി പ്രദർശനങ്ങൾ. നിരന്തര യാത്രകൾ. കോളജുകളിലേക്ക്​ ക്ഷണം. ​ചിത്രങ്ങളുടെ വിൽപ്പനയിലൂടെ വരുമാനം വരാൻ തുടങ്ങി. യാത്രകളും ഇടപഴകലുകളും ഉല്ലുവി​​ന്‍റെ ആത്​മവിശ്വാസം കൂട്ടി. ചിന്തയും ചക്രവാളവും വികസിച്ചു. കൂടുതൽ മികവാർന്ന ചിത്രങ്ങൾ പിറന്നു. സുസുവും അവളുടെ ഉമ്മയും അനിയനും യാത്രകളിൽ ​എല്ലായിപ്പോഴും ഉല്ലുവിന്​ തുണയായി. പിന്നിട്ട വഴികളിൽ, എണ്ണമറ്റയാളുകൾ ഉല്ലുവിന്​ തുണയായെങ്കിലും അവരൊന്നും സുസുവിനോളം വരില്ല​. പരിമിതികളുടെ ഇരുട്ടുമുറികളിൽ ഒതുങ്ങിപോകുമായിരുന്ന അവൾക്ക്​ പുതിയ ആകാശവും മനസുനിറയെ സ്വപ്​നങ്ങളും സമ്മാനിച്ചത്​ അവളുടെ പ്രിയപ്പെട്ട സുസുവാണ്​.

ഡിജിറ്റൽ അതിശയം

നിരന്തര യാത്രകളും സോഷ്യൽ മീഡിയ വഴിയുള്ള അന്വേഷണങ്ങളും ​ഉല്ലുവി​ന്‍റെ സുഹൃദ്​വലയം വിപുലമാക്കി. അവൾ തന്നെ പുതിയ സാധ്യതകൾ തേടിപിടിച്ചുതുടങ്ങി. അതിനിടെ, അംഗപരിമിതർക്ക്​ കരകൗശലവസ്​തു നിർമ്മാണത്തിൽ പരിശീലനം നൽകുന്ന ഹാൻറിക്രോപ്പ്​ എന്ന കൂട്ടായ്​മയുമായി ബന്ധപ്പെട്ടു. ഈ സംഘടനയുടെ പരിശീലകർ ഉല്ലുവി​നെ തേടി വീട്ടിലെത്തി. അവർ വിത്തുപേന ഉണ്ടാക്കാൻ പഠിപ്പിച്ചു. ഉല്ലുവിന്‍റെ മാന്ത്രിക വിരലുകളിലൂടെ നൂറുകണക്കിന്​ വിത്തുപേനകൾ പിറന്നു. ഒരുപേന ഉണ്ടാക്കാൻ അവൾക്ക്​ ഏതാനും മിനിറ്റ്​ മതി. ഒാരോ പേനയിലും അവൾ കൊള്ളാവുന്നത്ര വിത്തുകൾ നിറച്ചു. അധികവും പച്ചക്കറിവിത്തുകൾ. വീടി​െൻറ ഉമ്മറത്ത്​ പടർന്ന്​ പന്തലിച്ച പാഷൻ ഫ്രൂട്ടി​െൻറ വിത്തുകളും ഉല്ലു പേനയിൽ നിറച്ചു.

ഉമ്മുകുൽസുവി​ന്‍റെ ​പെയിൻറിങ്

സോഷ്യൽ മീഡിയയിലൂടെ ഉല്ലുവി​ന്‍റെ വിത്തുപേന നിർമ്മാണം ​നാടറിഞ്ഞു. കലാലയങ്ങളിൽനിന്നും മറ്റും ഒാർഡറുകൾ വന്നുകൊണ്ടിരുന്നു. ​ഫോൺവഴി ഒാർഡർ നൽകിയവർക്ക്​ കൊറിയർ വഴി പേന അയച്ചുകൊടുത്തു. പേന വിൽപ്പനയിലൂടെ ചെറുതാണെങ്കിലും സ്ഥിരമായ വരുമാനമായി. യാത്രകൾ മുടങ്ങിയ ​കോവിഡ്​ കാലത്തും ഉല്ലു വെറുതെയിരുന്നില്ല. കാൽവിരലുകൾ കൊണ്ട്​ സ്​മാർട്ട്​ഫോണിൽ ചിത്രംവരച്ചുതുടങ്ങി. നിരന്തരമായ പരിശീലനത്തിലൂടെ ഡിജിറ്റൽ പ്രതലത്തിൽ അവൾ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ വരച്ചു തുടങ്ങി. യൂട്യൂബ്​ നോക്കി ചവിട്ടി തുന്നാനും പഠിച്ചു. ​​അതി​ന്‍റെ ചിത്രം വാട്ട്​സാപ്പ്​ ഗ്രൂപ്പുകളിലൂടെ കണ്ടവരെല്ലാം ഉല്ലുവിന്​ ലൈക്ക്​ കൊടുത്തു.

അക്ഷരവീടി​ന്‍റെ തണൽ

അടച്ചുറപ്പുള്ള, ചോർന്നൊലിക്കാത്ത ഒരു കൊച്ചുവീട്​, അത്​ കാലങ്ങളായി ഉല്ലു മനസിൽ താലോലിച്ചു വരുന്ന സ്വപ്നമായിരുന്നു. വീട്​ ഇത്രവേഗം യാഥാർഥ്യമാകുമെന്ന്​ അവൾ വിചാരിച്ചതല്ല. 'മാധ്യമം' അക്ഷരവീട്​ കിട്ടിയതിൽ പറഞ്ഞാൽ തീരാത്ത ആഹ്ലാദത്തിലാണ്​ ഉല്ലുവും കുടുംബവും. കലാകാരിയെന്ന നിലയിൽ ത​ന്‍റെ കഴിവുകൾ അംഗീകരിച്ചതിലും അങ്ങനെ അറിയപ്പെടാൻ കഴിഞ്ഞതിലും അവളുടെ മനം നിറയുകയാണ്​. ഉല്ലുവിന്​​ ഇനിയുമേറെ ആശകളുണ്ട്​. വീട്ടി​ന്‍റെ ശാന്തതയിലിരുന്ന്​ കുറേയേറെ നല്ല പെയിന്‍റിങ്ങുകൾ ചെയ്യണം. പുതുതായി പലതും ചെയ്​തുനോക്കണം. വിവാഹമോചിതരും വിധവകളുമായ കുറേ സ്​ത്രീകൾ ചുറ്റുപ്പാടുമുണ്ട്​. വീടിനോട്​ ചേർന്ന്​ അവർക്കായി ഒരു തൊഴിലിടമൊരുക്കണം. പേപ്പർബാഗ്​, പേന നിർമ്മാണം, തയ്യൽ തുടങ്ങി വിവിധങ്ങളായ തൊഴിലുകളിൽ അവർക്ക്​ വിദഗ്​ധ പരിശീലനം നൽകി സ്വന്തമായി വരുമാനം ഉണ്ടാക്കികൊടുക്കണം. അങ്ങനെ നീളുന്നു ഉല്ലുവി​ന്‍റെ സ്വപ്​നങ്ങൾ, ആ​ഗ്രഹങ്ങൾ.

മനക്കരുത്തിൽ മുന്നോട്ട്

വർണ്ണചിറകിലേറി ഉയരങ്ങളിലേക്ക്​ പറക്കു​മ്പോഴും ഉല്ലുവി​ന്‍റെ മനസിൽ സങ്കടങ്ങളുടെ തിരതല്ലലുണ്ട്​. അവളെ സ്​കൂളിൽ വിട്ട്​ പഠിപ്പിക്കാൻ ഉപ്പ ഏറെ ആഗ്രഹിച്ചിരുന്നു. വയ്യാത്ത കുട്ടി ആയതിനാൽ അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്​ ഉപ്പ കൊതിച്ചിരുന്നു. ഉല്ലുവിനും സഹപാഠികളോടൊപ്പം ഇരുന്ന്​ പഠിക്കാൻ ഏറെ ഇഷ്​ടമായിരുന്നു.​വീട്ടിലെ സാഹചര്യം അതിന്​ അനുവദിച്ചില്ല. ആറു വർഷംമുൻപ്​ ഉപ്പ മരിക്കു​മ്പോൾ ഉല്ലു അറിയപ്പെടാത്ത ഒരു കുട്ടി ആയിരുന്നു. ആറു വർഷങ്ങൾക്കിപ്പുറം ഒരുപാട്​ പേരുടെ പിന്തുണയോടെ ഇൗ നിലയി​ലെത്തി. കഴിവുകൾക്ക്​ അംഗീകാരം കിട്ടു​മ്പോൾ, അതുവഴി വീട്​ കിട്ടിയപ്പോൾ, ചെറിയതോതിലെങ്കിലും വരുമാനം വന്നു തുടങ്ങിയപ്പോൾ ഇതെല്ലാം കാണാൻ സാധുവായ ആ ഉപ്പയുണ്ടായിരുന്നെങ്കിൽ എന്ന്​ പലപ്പോഴും അവൾ സങ്കടപ്പെടാറുണ്ട്​. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിയാത്തതി​ന്‍റെ വേദനയിലും ആളുകളുടെ പിന്തുണയും കൈതാങ്ങും ഉമ്മുകുൽസുവിന്​ ഇനിയും മുന്നോട്ടു പോകാൻ കരുത്താകുന്നു, ആവേശമാകുന്നു.

ഉമ്മുകുൽസു 


Tags:    
News Summary - Ummu Kulsu get Madhyamam Aksharaveedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.