ഗ്രീ​ഷ്മ നാ​യ​ര്‍


അവാര്‍ഡ് തിളക്കവുമായി ഗ്രീഷ്മ ടീച്ചർ

അബൂദബി: അപ്രതീക്ഷിതമായി തേടിയെത്തിയ പുരസ്‌കാരത്തിന്‍റെ സന്തോഷത്തിലാണ് മലയാളി അധ്യാപിക ഗ്രീഷ്മ നായര്‍. ലോക അധ്യാപക ദിനത്തില്‍ അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (അഡെക്ക്) ഈ വര്‍ഷം തിരഞ്ഞെടുത്ത മികച്ച അധ്യാപകരില്‍ ഒരാള്‍ ഈ പത്തനംതിട്ടക്കാരിയാണ്. ഏഴുവര്‍ഷമായി അബൂദബി മയൂര്‍ പ്രൈവറ്റ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രൈമറി വിഭാഗം ഹെഡ് ആണ്.

എല്ലാ വര്‍ഷവും മികച്ച അധ്യാപകരെ നാമനിർദേശം ചെയ്യാന്‍ സ്‌കൂള്‍ അധികൃതരോട് അഡെക്ക് ആവശ്യപ്പെടാറുണ്ട്. ഇക്കുറി മയൂര്‍ സ്‌കൂളില്‍നിന്ന് നോമിനേഷനുണ്ടായത് ഗ്രീഷ്മക്കാണ്. ചൊവ്വാഴ്ച സ്‌കൂള്‍ സന്ദര്‍ശിച്ച അഡെക്കിന്‍റെ പ്രതിനിധികള്‍ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ആദരിക്കുകയുമായിരുന്നു. വിദ്യാർഥികളുടെ സാക്ഷ്യപത്രങ്ങളും സമ്മാനങ്ങളും ട്രോഫിയും അധികൃതര്‍ കൈമാറി.

ക്ലാസ് മുറികളിലും വിദ്യാർഥികളുടെ പഠന മികവിലും കാര്യമായ സ്വാധീനം ചെലുത്തിയതെങ്ങനെ, സമപ്രായക്കാരില്‍നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്, എങ്ങനെയാണ് സ്‌കൂള്‍ സംവിധാനങ്ങളുടെ സംഘാടനത്തില്‍ ഇടപെടുന്നത് തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കിവരുന്നത്. അഡെക്കിന് സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകളില്‍നിന്ന് 190ലധികം നോമിനേഷനുകള്‍ ഈ വര്‍ഷം ലഭിച്ചു. അധ്യാപന യാത്രയിലുടനീളം നല്‍കിയ മികച്ച പിന്തുണക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അന്നക്കും ഡിപ്പാര്‍ട്മെന്‍റ് ഹെഡ് മിസ്മിതക്കും സഹപ്രവര്‍ത്തകര്‍ക്കും ഗ്രീഷ്മ നന്ദി അറിയിച്ചു.

പത്തനംതിട്ട മൗണ്ട് സിയോന്‍ എന്‍ജിനീയറിങ് കോളജില്‍ എം.സി.എ. വിഭാഗം മേധാവി ആയിരിക്കേയാണ് പ്രവാസം തിരഞ്ഞെടുത്തത്. അഴൂര്‍ കണ്ണങ്ങാട്ടു കിഴക്കേതില്‍ അനില്‍ കുമാര്‍-പത്മകുമാരിയമ്മ ദമ്പതികളുടെ മകളാണ്. പത്തനംതിട്ട കാത്തലിക് കോളജില്‍ നിന്നു ഡിഗ്രിയും തിരുവല്ല മാര്‍ അത്തനേഷ്യസില്‍ നിന്ന് എം.സി.എയും നേടി. മകള്‍ അരുണിമ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. സഹോദരന്‍ അനീഷ് അനില്‍കുമാര്‍ ദുബൈയില്‍ എന്‍ജിനീയറാണ്.

Tags:    
News Summary - World Teacher's Day: Greeshma teacher with award glitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-20 07:01 GMT