80ന്‍െറ നിറവില്‍ തൃക്കോട്ടൂരിന്‍െറ 'പെരുമ'ക്കാരന്‍

കോഴിക്കോട്: തൃക്കോട്ടൂര്‍ കഥകളിലൂടെയും തൃക്കോട്ടൂര്‍ നോവല്ളെകളിലൂടെയുമൊക്ക മലബാറിന്‍െറ പ്രിയകഥാകാരനായ യു.എ. ഖാദര്‍ കഴിഞ്ഞ 66 വര്‍ഷമായി എഴുത്ത് തുടരുകയാണ്. കൊയിലാണ്ടിക്കാരനായ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബര്‍മക്കാരിയായ മാമൈദിയുടെയും മകനായി 1935ല്‍ ബര്‍മയില്‍ ജനിച്ച യു.എ. ഖാദറിന് ഇന്ന് 80ാം ജന്മദിനം. മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത ബര്‍മക്കാരന്‍ ബാലനില്‍നിന്ന് എഴുത്തുകാരന്‍ യു.എ. ഖാദറിലേക്കുള്ള യാത്രക്കിടയില്‍ അദ്ദേഹം തീര്‍ത്ത കഥാപ്രപഞ്ചം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

പിറന്നാള്‍ ദിനത്തില്‍ കൊയിലാണ്ടിയില്‍ സഹോദരിയുടെ മകന്‍െറ മകളുടെ വിവാഹത്തിരക്കിലാണ് പ്രിയ കാഥികന്‍. കടത്തനാടന്‍ ശൈലി കടമെടുത്ത് ഭാഷയില്‍ ഗുരുനാഥന്മാരില്ലാതെയാണ് ഇദ്ദേഹം വടക്കന്‍ മലബാറിന്‍െറ കഥകള്‍ പറഞ്ഞത്. ഏഴാം വയസ്സില്‍ നാട്ടിലത്തെിയശേഷമാണ് മലയാളം പഠിച്ചത്.  ഗുരുനാഥനെന്ന് പറയാനാരുമില്ളെങ്കിലും സി.എച്ച്. മുഹമ്മദ് കോയ നല്‍കിയ പിന്തുണ എഴുതാനുള്ള ഊര്‍ജമായി. 1950കളില്‍ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങിയ ഇദ്ദേഹം പിന്നീട് മലയാളി നെഞ്ചിലേറ്റിയ നിരവധി കഥകള്‍ സമ്മാനിച്ചു.

ആഘോഷങ്ങളില്‍ താല്‍പര്യമില്ളെന്നും എഴുത്തുകാരന്‍ എഴുത്തിലൂടെയാണ് നിലനില്‍ക്കേണ്ടതെന്നുമാണ് യു.എ. ഖാദര്‍ പറയുന്നത്.  'വയസ്സല്ല, ഭാഷയില്‍ നമ്മള്‍ ഇപ്പോഴുമുണ്ടോ എന്നതാണ് പ്രധാനം. മലയാള സാഹിത്യത്തില്‍ എന്‍േറതായ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സാധിച്ചുവെന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഏഴാം വയസ്സില്‍ മലയാളഭാഷ പഠിച്ച എനിക്ക് മലയാള ഭാഷാശൈലിയില്‍ എന്‍േറതായ ചില ചലനങ്ങളുണ്ടാക്കാനായി. അത് ചാരിതാര്‍ഥ്യമുള്ള കാര്യമാണ്' -യു.എ. ഖാദര്‍ പറയുന്നു.

എഴുത്തിനോടൊപ്പം ചിത്രരചനയിലും തന്‍േറതായ കൈയൊപ്പ് ചാര്‍ത്തിയ ഖാദര്‍ സമകാലിക വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും തന്‍െറ നിലപാട് വ്യക്തമാക്കാനും മടിക്കാറില്ല. ഇന്നത്തെ പ്രത്യേക സാമൂഹിക അന്തരീക്ഷത്തില്‍ എപ്പോഴത്തെയും പോലെ അനീതിക്കെതിരെ നിലനില്‍ക്കുന്നതായിരിക്കണം എഴുത്തുകാരന്‍െറ ധര്‍മം. പുതുതായി കളരി അടിസ്ഥാനമാക്കി നോവല്‍ എഴുതാനുള്ള തയാറെടുപ്പിലാണ്. വടക്കേ മലബാറിലെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കളരിയുണ്ട്. സൗഹാര്‍ദത്തിന്‍െറയും ആരോഗ്യത്തിന്‍െറയും ഭാഗമായിരുന്ന ആ കളരിയുടെ നിറം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്.

അതിനെ അടിസ്ഥാനമാക്കി ഒരു നോവലെഴുതാനാണ് ശ്രമം 1967 മുതല്‍ കോഴിക്കോട് പൊക്കുന്നിലെ 'അക്ഷരം' എന്ന വീട്ടില്‍നിന്നാണ് ഖാദര്‍ എന്ന പ്രിയകഥാകാരന്‍ കോഴിക്കോട് നഗരത്തിന്‍െറ സ്വന്തമാകുന്നത്. പിറന്നാള്‍ ആഘോഷിക്കാറില്ല. എന്നാല്‍, ഇത്തവണ തന്‍െറ പിറന്നാള്‍ ദിവസമായ ഞായറാഴ്ചതന്നെയാണ് സഹോദരിയുടെ മകന്‍െറ മകളുടെ നിക്കാഹും. പിറന്നാള്‍ മധുരത്തിനെക്കാള്‍ നിക്കാഹിന് കാര്‍മികത്വം വഹിക്കുന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷമുള്ള കാര്യമെന്നും അദ്ദേഹം പറയുന്നു. നിക്കാഹിനുശേഷം തിക്കോടിയിലെ ഭാര്യാവീട്ടില്‍ കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ശനിയാഴ്ച സമസ്ത കേരള സാഹിത്യ പരിഷത്തിന്‍െറ പുരസ്കാരം എറണാകുളത്തുനിന്ന് ഏറ്റുവാങ്ങിയശേഷമാണ് ഞായറാഴ്ചത്തെ വിവാഹ ചടങ്ങുകള്‍ക്ക് യു.എ. ഖാദര്‍ എത്തുന്നത്. പുരസ്കാരവും വിവാഹവും കുടുംബസംഗമവും എല്ലാം പിറന്നാള്‍ മധുരമായി സ്വീകരിക്കുകയാണ് കഥാകാരന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.