???????????? ??????? ??????? ????????????? ?????????? ??????? ??????? ??????.

കടൽ​ പാടിയ പാട്ടുകൾ

പ​ത്തേ​മാ​രി​ക​ൾ പൊ​ന്നാ​നി തു​റ​മു​ഖ​ത്തുനി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​കുന്ന​ത്​ 1970ക​ളി​ലാ​ണ്. ഒ​രു തെ ാ​ഴി​ൽ മേ​ഖ​ല​യു​ടെ മാ​ത്രം അന്ത്യമായിരുന്നില്ല അ​ത്. പ​​ത്തേ​​മാ​​രി​​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ പാ​​ട്ടും ക ​​വി​​ത​​യും ഗ​​സ​​ലും ഖ​​വാ​​ലി​​യു​​മെ​​ല്ലാം എന്നെന്നേക്കുമായി മാ​ഞ്ഞു​പോ​യി. ​പൊ​ന്നാ​നി​ തീ​ര​ത്തുനി​ന്ന്​ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക്​ മു​മ്പ്​ അ​പ്ര​ത്യ​ക്ഷ​മാ​യ ആ ​സം​ഗീ​ത പാ​ര​മ്പ​ര്യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്​ ഇൗ ​ലേ​ഖ​നം.

ഒ​രു ജ​ന​ത​യി​ൽനി​ന്ന്​ അ​വ​രു​ടെ പാ​ട്ടു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്നു

നീ​ലാ​കാ​ശ​വും നീല​ക്ക​ട​ലു​മ​ല്ലാ​തെ ക​ണ്ണി​ലൊ​ന്നും പ​തി​യാ​ത്ത നാ​ളു​ക​ളാ​ണ്​ അ​വ​രു​ടെ പ​ത്തേ​മാ​രി​യോ​ർ​മ​ക​ളി​ൽ അ​ധി​ക​വും. ക​ട​ലി​നും ക​ര​ക്കു​മാ​യി ജീ​വി​തം പ​കു​ത്തു ന​ൽ​കി​യ​വ​രാ​യി​രു​ന്നു അ​വ​ർ. ക​ര​യാ​യി​രി​ക്കും അ​തി​ലെ ചെ​റി​യ പ​ങ്കി​ന്നു​ട​മ.
അ​റ്റം കാ​ണാ​തെ​ കി​ട​ക്കു​ന്ന ക​ട​ലി​ലേ​ക്ക്​ ക​ണ്ണ്​ ന​ട്ട്, ക​ര​യെ​യും ഉ​ട​പ്പി​റ​പ്പു​ക​ളെ​യും കി​നാ​വി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി, രാ​വും പ​ക​ലും അ​വ​ർ ശ്വ​സി​ച്ച്​ തീ​ർ​ക്കും. മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നു​മി​ട​യി​ലെ നേ​ർ​ത്ത​വ​ര​യി​ലൂ​ടെ​യാ​കും അ​വ​രു​ടെ ക​ട​ൽ​സ​ഞ്ചാ​ര​ങ്ങ​ൾ ഒാരോ​ന്നും. കാ​റ്റും കോ​ളും അ​വ​രു​ടെ ഉ​ള്ളു​ല​ക്കാ​ത്ത യാ​ത്ര​ക​ളി​ല്ല. ഒാ​രോ യാ​ത്ര​യി​ലും ഒ​രാ​ളെ​യെ​ങ്കി​ലും ന​ഷ്​​ട​പ്പെ​ടും.
വ​ട​ക്കു​നി​ന്ന്​ വ​രു​ന്ന ഒ​രു പ്ര​ത്യേ​ക ത​രം കാ​റ്റു​ണ്ട്. വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ല ആ ​കാ​റ്റി​നെ. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​ഴി മാ​റി വീ​ശാം. ദി​ശ മാ​റി​യാ​ൽ പാ​യ മാ​റ്റി​ക്കെ​ട്ട​ണം. അ​ല്ലെ​ങ്കി​ൽ മ​ഹാ ദു​ര​ന്ത​മാ​കും ഫ​ലം.

രാ​​ത്രി കാ​​റ്റി​െ​​ൻ​​റ ഗ​​തി മാ​​റു​​മെ​​ന്ന​​തി​​നാ​​ൽ പ​ത്തേ​മാ​രി​യി​ലെ ഖ​​ലാ​​സി​​ക​​ൾ (തൊ​ഴി​ലാ​ളി​ക​ൾ) ഉ​​റ​​ങ്ങാ​​തി​​രി​​ക്കും. ഉ​റ​ക്ക​മ​ക​റ്റാ​ൻ പ​ല​വ​ഴി​ക​ളു​ണ്ട്​ അ​വ​ർ​ക്ക്. അ​തി​ലൊ​ന്നാ​ണ്​ സം​ഗീ​തം. കേ​​ട്ട ഹി​​ന്ദി പാ​​ട്ടു​​ക​​ളോ മാ​​പ്പി​​ള​​പ്പാ​​ട്ടു​​ക​േ​​ളാ നാ​ട​ൻ​പാ​ട്ടു​ക​ളോ അ​​വ​​ർ കൂ​ട്ട​മാ​യി ചൊ​ല്ലും. പാ​​ടി​​യ പാ​​ട്ടു​​ക​​ൾ പി​​ന്നെ​​യും പി​​ന്നെ​​യും പാ​​ടി മ​​ടു​​ത്ത​​പ്പോ​​ൾ അ​​വ​​ർ മ​​റ്റൊ​​രു ഉ​പാ​യം ക​ണ്ടെ​ത്തി. സ്വ​​ന്തം ജീ​​വി​​ത​​ത്തി​​ൽ​​നി​​ന്ന്​ പാ​​ട്ടു​​ണ്ടാ​​ക്കാ​​ൻ തു​​ട​​ങ്ങി. അ​വ​രു​ടെ ദു​രി​ത​ങ്ങ​ളും വ്യ​ഥ​ക​ളും​ പ്ര​ണ​യ​വും പ്ര​ണ​യ നൈ​രാ​ശ്യ​വും സ​മ​ര​വും പോ​രാ​ട്ട​വും പ്ര​തി​രോ​ധ​വും ആ​ശ​യും ​ആ​ഗ്ര​ഹ​ങ്ങ​ളും എ​ല്ലാം പാ​ട്ടാ​യി അ​വ​രോ​ടൊ​പ്പം ഒ​ഴു​കി. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ല്‍ ര​ണ്ടോ മൂ​ന്നോ ദി​വ​സം പ​ത്തേ​മാ​രി ക​ട​ലി​ല്‍ ചു​റ്റി​ത്തി​രി​യും. അ​പ്പോ​ള്‍ ക​ട​ലി​െ​ൻ​റ വി​ജ​ന​ത​യി​ല്‍ പ​ത്തേ​മാ​രി​ക​ളി​ല്‍നി​ന്ന് ഹാ​ര്‍മോ​ണി​യ​ത്തി​ലൂ​ടെ പ്ര​ണ​യ​വും വി​ര​ഹ​വും ശ്രു​തി​യി​ട്ട സം​ഗീ​തം ഓ​ള​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​പ്പ​ര​ക്കും. നേ​രം പു​ല​രു​േ​വാ​ളം ഇ​ത് തു​ട​രും. മാ​സ​ങ്ങ​ളോ​ളം കു​ടും​ബ​ങ്ങ​ളെ വി​ട്ട​ക​ന്നു ക​ഴി​യു​ന്ന​തി​െ​ൻ​റ വി​ര​ഹ വേ​ദ​ന​ക​ള്‍ മാ​ഞ്ഞ് പോ​കാ​ന്‍ അ​വ​രെ സ​ഹാ​യി​ച്ച​ത് ഈ ​സം​ഗീ​ത​മാ​യി​രു​ന്നു. പ​തി​യെ ഒ​രു പാ​ട്ട്​ പ്ര​സ്​​ഥാ​നം ത​ന്നെ അ​ന്നാ​ട്ടി​ൽ രൂ​പ​പ്പെ​ട്ടു. ‘ക​ട​ൽ​പാ​ട്ട്​ പ്ര​സ്​​ഥാ​നം’. പാ​ട്ടു​ കെ​ട്ടി​യ​വ​രോ പാ​ടി​യ​​വ​രോ ഇൗ​ണ​മി​ട്ട​വ​രോ ഇ​ങ്ങ​നെ​യൊ​രു പ്ര​സ്​​ഥാ​ന​ത്തെ കു​റി​ച്ച്​ ആ​ലോ​ചി​ച്ചി​ട്ടു പോ​ലു​മു​ണ്ടാ​കി​ല്ല.

വ​​രി​​ക​​ളും താ​​ള​​വും ഇൗ​​ണ​​വും അ​വ​ർ പോ​ലു​മ​റി​യാ​തെ രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​തി​യെ​പ്പ​തി​യെ, പാ​ട്ടു​ക​ളു​ടെ വ​ലി​യ സ​മാ​ഹാ​രംത​ന്നെ ആ ​നാ​ട്ടി​ൽ രൂ​പ​പ്പെ​ടു​ക​യു​ണ്ടാ​യി. മാ​പ്പി​ള​പ്പാ​ട്ടി​െ​ൻ​റ​യും ഹി​ന്ദു​സ്​​ഥാ​നി സം​ഗീ​ത​ത്തി​െ​ൻ​റ​യും അം​ശ​ങ്ങ​ളും താ​ള വ്യ​വ​സ്​​ഥ​ക​ളും അ​വ​ർ അ​തി​ലേ​ക്ക്​ ഉ​ൾ​േ​ച​ർ​ത്തു. ബോം​ബെ​യി​ലേ​ക്കാ​യി​രു​ന്നു പൊ​ന്നാ​നി​യി​ൽ​നി​ന്ന്​ ച​ര​ക്കു​മാ​യു​ള്ള പ​ത്തേ​മാ​രി യാ​ത്ര​ക​ള​ധി​ക​വും. ​മ​ര​വും അ​രി​യും ഉ​പ്പും സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ളും മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​വ​രു​ടെ കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പാ​ട്ടും പാ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഖ​വാ​ലി​യും ഗ​സ​ലും ക​ഥ​യും ക​വി​ത​യും സി​നി​മ​യും എ​ല്ലാം ബോം​ബെ​യി​ൽ​നി​ന്ന്​ കൊ​ണ്ടുവ​ന്നു. ഹി​ന്ദി സി​നി​മ​ക​ളും പാ​ട്ടു​ക​ളും സി​നി​മ റി​ലീ​സാ​യി ഒ​ന്നും ര​ണ്ടും വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പൊ​ന്നാ​നി​യി​ൽ ക​ഥ വ്യ​ത്യ​സ്​​ത​മാ​യി​രു​ന്നു. ബോം​ബെ​യി​ൽ​നി​ന്ന്​ മ​ട​ങ്ങിവ​രു​ന്ന പ​ത്തേ​മാ​രി​ക​ൾ പു​തി​യ പാ​ട്ടു​ക​ളും സി​നി​മാ​ക​ഥ​ക​ളും കൂ​ടി കൊ​ണ്ടുവ​ന്നി​രു​ന്നു.

ച​ര​ക്കി​റ​ക്കി ബോം​ബെ​യി​ൽ​നി​ന്ന്​ മ​ട​ങ്ങുംവ​രെ അ​വി​ട​ത്തെ ദ​ർ​ഗ​ക​ളി​ലാ​യി​രു​ന്നു അ​വ​രു​ടെ രാ​വും പ​ക​ലും. ഇ​ന്ന​ത്തെ പോ​ലെ ത​ന്നെ പ​ല നാ​ടു​ക​ളി​ൽ​നി​ന്നു​ള്ള ഖ​വാ​ലി സം​ഘ​ങ്ങ​ളു​ടെ സ​ം​ഗ​മസ്​​ഥ​ല​മാ​യി​രു​ന്നു ഹാ​ജി അ​ലി ദ​ർ​ഗ ഉ​ൾ​പ്പെ​ടെ​യു​ള്ള ബോം​ബെ​യി​ലെ ദ​ർ​ഗ​ക​ൾ. അ​വി​ടെ തി​ര​മു​റി​യാ​തെ പെ​യ്​​തൊ​ഴി​യു​ന്ന ഖ​വാ​ലി​ക​ൾ അ​വ​ർ ഹൃ​ദ​യ​ത്തോ​ട്​ ചേ​ർ​ത്തു. അ​തേ രാ​ഗ​ത്തി​ൽ സ്വ​ന്തം ഭാ​ഷ​യി​ൽ പാ​ട്ടു​ക​ൾ കെ​ട്ടി. ബോം​ബെ​യി​ലെ ദ​ർ​ഗ​ക​ളി​ൽ മ​ല​യാ​ള​ത്തി​ൽ ഖ​വാ​ലി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന പാ​ട്ടു​കാ​ർ വ​രെ പൊ​ന്നാ​നി​യി​ൽ​നി​ന്നു​ണ്ടാ​യി. വടക്കേ ഇന്ത്യയില്‍നിന്നും കൊച്ചി, കോഴിക്കോട് നിന്നും സംഗീതജ്ഞന്മാരായ ഉസ്താദുമാരും ഖവാലി^ഗസലുകാരും പൊന്നാനിയിൽ വന്ന്​ താമസിച്ചിരുന്നുവത്രെ.

പാ​െട്ടാഴുകിയ പ​ത്തേ​മാ​രി​ക്കാ​ലം
...........................................
സാ​​മൂ​​തി​​രി​​യും പോ​​ർ​​ചു​​ഗീ​​സു​​കാ​​രും ത​​മ്മി​​ലു​​ള്ള നി​​ര​​ന്ത​​ര സം​ഘ​ർ​ഷ​ങ്ങ​ൾ ന​​ട​​ന്ന കാ​​ല​​ത്ത്, സാ​​മൂ​​തി​​രി​​യു​​ടെ പ്ര​​ധാ​​ന ശ​​ക്​​​തി കു​​ഞ്ഞാ​​ലി മ​​ര​​ക്കാ​​ർ​മാ​രു​ടെ നാ​​വി​​ക​സേ​​ന ആ​​യി​​രു​​ന്നു. പൊ​​ന്നാ​​നി അ​​ഴീ​​ക്ക​​ൽ പ്ര​​ദേ​​ശ​​ത്താ​​ണ്​ അ​​ന്ന്​ മ​​ര​​ക്കാ​​ർ​​മാ​​ർ ത​​മ്പ​​ടി​​ച്ചി​​രു​​ന്ന​​ത്. പി​​ന്നീ​​ട​​വ​​ർ പൊ​​ന്നാ​​നി​​യി​​ൽ​​നി​​ന്ന്​ പ​​ലാ​​യ​​നം​ ചെ​​യ്​​​തു. എ​​ന്നാ​​ൽ, ച​രി​ത്ര​ത്തി​ലെ എ​ല്ലാ പ​ലാ​യ​ന​ങ്ങ​ളെ​യും പോ​ലെ അ​തും പൂ​ർ​ണ​മാ​യി​രു​ന്നി​ല്ല. അ​​വ​​രി​​ലെ പ​​ല​​രും ഇ​​വി​​ടെ​ത്ത​ന്നെ തു​​ട​​ർ​​ന്നു. ക​​ട​​ൽ വ​​ഴി​​യു​​ള്ള ച​​ര​​ക്ക്​ കൈ​​മാ​​റ്റ​​മാ​​ണ്​ അ​​വ​​ർ തൊ​​ഴി​​ലാ​​ക്കി​​യ​​ത്. സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കും തീ​​ര​​ങ്ങ​​ളി​​ലേ​​ക്കും ച​​ര​​ക്കു​നീ​​ക്കം വ്യാ​​പി​​ച്ച​​തോ​​ടെ മ​​ല​​ബാ​​റി​​ലെ പ്ര​​ധാ​​ന വ്യാ​​പാ​​ര​കേ​​ന്ദ്ര​​മാ​​യി പൊ​​ന്നാ​​നി മാ​​റി.

നൂ​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള ഈ ​​​തു​​​റ​​​മു​​​ഖ​​​ത്ത് വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ക​​​യ​​​റ്റി​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ന്നി​​​രു​​​ന്നു. പൊ​​​ന്നാ​​​നി തു​​​റ​​​മു​​​ഖ​​​ത്ത് അ​​​റ​​​ബി​​​ക​​​ളും ബ്രി​​​ട്ടീ​​​ഷു​​​കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടെ മ​​​റ്റ് യൂ​​​റോ​​​പ്യ​​​​​രും മ​​​ല​​​ഞ്ച​​​ര​​​ക്കു വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​രി, പ​​ഞ്ച​​സാ​​ര, ഉ​​പ്പ്, സു​​ഗ​​ന്ധ വ്യ​​ഞ്​​​ജ​​ന​​ങ്ങ​​ൾ, മ​​ത്സ്യം, മ​​ര​​ത്ത​​ടി​​ക​​ൾ, ക​​യ​​ർ, കൊ​​പ്ര, ഓ​​ട്, മ​​ര​​ച്ചീ​​നി എ​​ന്നി​​വ​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മാ​​യും കൈ​​മാ​​റി​​യി​​രു​​ന്ന​​ത്. മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ൾ​​​ക്ക് ഏ​​​റെ ആ​​​ശ്ര​​​യി​​​ക്കാ​​​വു​​​ന്ന​​​തും കി​​​ഴ​​​ക്ക് കോ​​​യ​​​മ്പ​​​ത്തൂ​​​ർ വ​​​രെ​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക് ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള​​​തു​​​മാ​​​യ തു​​​റ​​​മു​​​ഖം പൊ​​​ന്നാ​​​നി​​​യാ​​​യി​​രു​​ന്നു. 100 മു​​​ത​​​ൽ 200 ട​​​ൺ ഭാ​​​ര​​​മു​​​ള്ള നൂ​​​റി​​​ലേ​​​റെ പ​​​ത്തേ​​​മാ​​​രി​​​ക​​​ൾ പൊ​​​ന്നാ​​​നി തു​​​റ​​​മു​​​ഖ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യു​​​ടെ ഇ​​​ത​​​ര തീ​​​ര​​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം മ​​​ത്സ്യ​​​ബ​​ന്ധ​​ന​​മാ​​ണ്​ മു​​ഖ്യ​​തൊ​​ഴി​​ൽ. എ​​ന്നാ​​ൽ, പൊ​ന്നാ​നി അ​​​ഴീ​​​ക്ക​​​ൽ ഗ്രാ​​​മ​​​ത്തി​​​ലെ എ​​​ല്ലാ ആ​​ണു​​ങ്ങ​​ളും പ​​ത്തേ​​മാ​​രി പ​​ണി​​ക്കാ​​രാ​​യി​​രു​​ന്നു. ഭാ​​ഷ, വ​​സ്​​​ത്ര​​ധാ​​ര​​ണം, സം​​സ്​​​കാ​​രം, ആ​​ചാ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലെ​​ല്ലാം ഇൗ ​​പ്ര​​ദേ​​ശ​​ത്തു​​കാ​​ർ വേ​​റി​​ട്ട്​ നി​​ന്നി​​രു​​ന്നു. 1970ക​​​ളു​​​ടെ അ​​​വ​​​സാ​​​നം​​വ​​​രെ കാ​​​റ്റി​​​​നെ മാ​​​ത്രം ആ​​​​ശ്ര​​​യി​​​ച്ചാ​​​ണ്​ പ​​​ത്തേ​​​മാ​​​രി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. പി​​​ന്നീ​​​ട്​ യ​​​ന്ത്രം ക​​​ട​​​ന്നു​​​വ​​​ന്നു. കാ​​​റ്റ് അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ങ്കി​​​ല്‍ ര​​​ണ്ടു​​മു​​​ത​​​ൽ അ​​​ഞ്ചു​​ദി​​​വ​​​സം​ കൊ​​​ണ്ട്​ വ​​​രെ ​ബോം​ബെ​യി​ൽ എ​​​ത്തി​​​യ അ​​​നു​​​ഭ​​​വ​​ം ഇ​വി​ടത്തു​കാ​ർ​ക്കു​ണ്ട്. കാ​​​ലാ​​​വ​​​സ്ഥ എ​​​തി​​​രാ​​​യാ​​​ൽ ചി​​​ല​​​പ്പോ​​​ൾ ഒ​​​രു​​മാ​​​സ​​​മെ​​​ടു​​​ക്കും. 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ള ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യാ​​​ണ് പ​​​ത്തേ​​​മാ​​​രി യാ​​​ത്ര. ക​​​ണ​​​ക്ക്​ പി​​​ഴ​​​ച്ചാ​​​ൽ, വ​​​ഴി​​​യി​​​ൽ കാ​​​ണു​​​ന്ന മ​​​റ്റ്​ പ​​​ത്തേ​​​മാ​​​രി​​​ക​​​ളി​​​ൽ​​​നി​​​ന്ന്​ വാ​​​ങ്ങും. ചി​​​ല പ​​​ത്തേ​​​മാ​​​രി​​​ക​​​ള്‍ കൊ​​​ടു​​​ങ്കാ​​​റ്റി​​​ല്‍ പാ​​​റി​​​പ്പോ​​​വ​ു​ക​യും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഏ​​​ത്​ യാ​​​ത്ര​​​യി​​​ലും ഒ​​​രാ​​​ളെ​​ങ്കി​​​ലും മ​​​ര​​​ണ​​​ത്തി​​​ന്​ കീ​​​ഴ​​​ട​​​ങ്ങും. അ​​​ങ്ങ​​​നെ എ​​​ത്ര​​​യോ പേ​​​ർ. തി​​​രി​​​ച്ചു​​​​വ​​​രു​​​മെ​​​ന്ന്​ ഒ​​​രു​​റ​​​പ്പു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ്​ ഒാ​​​രോ യാ​​​ത്ര​​​യും.

ഈ ​​​തു​​​റ​​​മു​​​ഖ​​​ത്ത് 1970ക​​​ളു​​​ടെ പ​​​കു​​​തി​വ​​​രെ പ​​​ത്തേ​​​മാ​​​രി​​​ക​​​ൾ വ​​​ന്ന​​​ടു​​​ക്കു​​​ക​​​യും ച​​​ര​​​ക്കു​​​ക​​​ളു​​​ടെ ക​​​യ​​​റ്റി​​​റ​​​ക്ക് ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പി​ന്നീ​ട്, റോ​ഡ്, റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​തം ശ​ക്​​തി​പ്പെ​ട്ട​തോ​ടെ പ​ത്തേ​മാ​രി​ക​ൾ തു​റ​മു​ഖ​ത്ത്​ പ​ണി​യി​ല്ലാ​തെ കി​ട​ന്നു. പ​തി​യെ പ​ല​തും അ​പ്ര​ത്യ​ക്ഷ​മാ​യി. അ​തി​നെ ആ​ശ്ര​യി​ച്ച്​ ക​ഴി​ഞ്ഞ​വ​ർ മ​റ്റു തൊ​ഴി​ലു​ക​ൾ അ​ന്വേ​ഷി​ച്ചു​പോ​യി. മി​ക്ക​വാ​റും പേ​ർ പ​തി​യ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ക്ക്​ മാ​റി. അ​തോ​ടെ തി​ക​ച്ചും വ്യ​ത്യ​സ്​​ത​മാ​യ ഒ​രു സം​സ്​​കാ​ര​ത്തി​ലേ​ക്ക്​ അ​വ​ർ പ​റി​ച്ചു​ന​ട​പ്പെ​ട്ടു. പ​ല​രും ഗ​ൾ​ഫി​െ​ൻ​റ പ​ച്ച​പ്പ്​ തേ​ടി​പ്പോ​യി. 1970 ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ പ​ത്തേ​മാ​രി​ക​ൾ പൊ​ന്നാ​നി തു​റ​മു​ഖ​ത്തുനി​ന്ന്​ പൂ​ർ​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യി. നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള സ​മ്പ​ന്ന​മാ​യ ഒ​രു സം​സ്​​കാ​രം കൂ​ടി​യാ​ണ്​ അ​തോ​ടൊ​പ്പം മ​ൺ​മ​റ​ഞ്ഞ​ത്. പ​ത്തേ​മാ​രി​ക​ൾ​ക്കൊ​പ്പം ക​ല​യും പാ​ട്ടും ക​വി​ത​യും ഗ​സ​ലും ഖ​വാ​ലി​യു​മെ​ല്ലാം മാ​ഞ്ഞു​പോ​യി.പാ​ട്ടും പൊ​ന്നാ​നി​യും
...............
സ​മ്പ​ന്ന​മാ​യ സാ​ഹി​ത്യ, സാം​സ്​​കാ​രി​ക പാ​ര​മ്പ​ര്യ​മു​ള്ള മ​ണ്ണാ​ണ്​ പൊ​ന്നാ​നി​യു​ടെ​ത്. മാ​പ്പി​ള ക​ലാ-​സാ​ഹി​ത്യ​ത്തി​െ​ൻ​റ​യും സം​ഗീ​ത​ത്തി​െ​ൻ​റ​യും ഈ​റ്റി​ല്ല​മാ​യി​രു​ന്നു പൊ​ന്നാ​നി. പൊ​ന്നാ​നി മു​ന്നോ​ട്ടുവെ​ച്ച, വൈവിധ്യങ്ങൾ നിറഞ്ഞ സാ​ഹി​ത്യധാ​ര​യെ കു​റി​ച്ച്​ നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ പു​റ​ത്ത്​ വ​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ആ​ദ്യ ച​രി​ത്ര​കൃ​തി​യാ​യും ലോ​ക വൈ​ജ്​​ഞാ​നി​ക സാ​ഹി​ത്യ​ത്തി​ലെ വി​ശി​ഷ്​​ട ഗ്ര​ന്ഥ​ങ്ങ​ളി​ലൊ​ന്നാ​യും വി​ല​യി​രു​ത്ത​പ്പെ​ട്ട ശൈ​ഖ്​ സൈ​നു​ദ്ദീ​ൻ മ​ഖ്​​ദൂം ര​ണ്ടാ​മ​െ​ൻ​റ തു​ഹ്​​ഫ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ മു​ത​ൽ അ​ക്ഷ​രാ​ഭ്യാ​സം പോ​ലു​മി​ല്ലാ​ത്ത പൊ​ള്ള​ മൊ​യ്​​തീ​ൻ​കാ​ക്ക കെ​ട്ടി​പ്പാ​ടി​യ പാ​ട്ടു​ക​ൾ വ​രെ നീ​ളു​ന്ന പ​ല ത​ല​ങ്ങ​ളും മാ​ന​ങ്ങ​ളു​മു​ള്ള അ​തി​വി​ശാ​ല സാ​ഹി​ത്യ ച​രി​ത്ര​മാ​ണ​ത്.
പൊ​ന്നാ​നി​ക്കാ​ര​ൻ ത​ന്നെ​യാ​യ എ​ഴു​ത്തു​കാ​ര​ൻ കോ​ട​മ്പി​യേ റ​ഹ്മാ​ന്‍ മാ​പ്പി​ള സാ​ഹി​ത്യ​ത്തി​െ​ൻ​റ വ​ലി​യ കേ​ന്ദ്ര​മാ​യി ‘ചെ​റി​യ​മ​ക്ക​യി​ലെ മു​പ്പ​ത് രാ​വു​ക​ള്‍’ എ​ന്ന ലേ​ഖ​ന​ത്തി​ൽ പൊ​ന്നാ​നി​യെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

സാ​ഹി​ത്യ​ച​രി​ത്ര​ത്തെ കു​റി​ച്ചാ​ണ്​ മേ​ൽ കു​റി​പ്പു​ക​ൾ എ​ങ്കി​ൽ പൊ​ന്നാ​നി​യു​ടെ പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​ൻ ആ​യ ടി.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ കു​ട്ടി പൊ​ന്നാ​നി​യു​ടെ സം​ഗീ​തപാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ച്​ വി​ശ​ദ​മാ​യി എഴുതുന്നു​ണ്ട്.

‘‘സം​ഗീ​ത​ത്തി​െ​ൻ​റ​യും പാ​ട്ടി​െ​ൻ​റ​യും ത​നി​മ​യും സ്വ​ര​മാ​ധു​ര്യ​വും സം​ര​ക്ഷി​ച്ചു പോ​ന്നി​രു​ന്ന അ​പൂ​ർ​വം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു പൊ​ന്നാ​നി. പ​ക​ല​ന്തി​യോ​ളം പാ​ടു​പെ​ട്ട്​ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ബീ​ഡി​തെ​റു​പ്പു​കാ​രും വ്യ​ാവ​സാ​യി​ക​ളും എ​ല്ലാം അ​ന്തി​മ​യ​ങ്ങി​യാ​ൽ സം​ഗീ​തവേ​ദി​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ര​ണ്ടാം ന​മ്പ​ർ പാ​ല​ത്തി​ന്​ സ​മീ​പ​വും ജെ.​എം റോ​ഡി​ലും ക​ച്ച​ത്തെ​രു​വി​ലും ചാ​ണ​യി​ലും കോ​ര​വ​ള​വി​ലും ച​ന്ത​പ്പ​ടി​യി​ലും തൃ​ക്കാ​വി​ലും ജിം ​റോ​ഡി​നും ആ​വി​ക്കു​ള​ത്തി​നും സ​മീ​പ​മു​ള്ള ത​ട്ടി​ൻ​മു​ക​ളും ഇ​ടു​ങ്ങി​യ പീ​ടി​കമു​റി​ക​ളും ​വീ​ടു​ക​ളു​ടെ കോ​ലാ​യ​ക​ളു​മാ​യി​രു​ന്നു ഇ​വ​രു​ടെ സ​േ​ങ്ക​തം.

ഹാ​ർ​മോ​ണി​യം, ത​ബ​ല, വ​യ​ലി​ൻ, ഗി​റ്റാ​ർ, ഫ്ലൂ​ട്ട്, മ​ദ്ദ​ളം, ച്ചൗ​ട്ട്​ ഹാ​ർ​മോ​ണി​യം തു​ട​ങ്ങി​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ ഉ​ണ്ട​ായി​രു​ന്നു. ച​ന്ദ്ര​താ​രാ ക​ലാ​സ​മി​തി, ടൗ​ൺ മ്യൂ​സി​ക്​ ക്ല​ബ്, നൗ​ജ​വാ​ൻ, പീ​പ്പി​ൾ​സ്​ മ്യൂ​സി​ക്​ ക്ല​ബ്, ജ​ന​കീ​യ ക​ലാ​സ​മി​തി, വ​സ​ന്ത്​ ബ​ഹാ​ർ... തു​ട​ങ്ങി ധാ​രാ​ളം ക​ലാ​സ​മി​തി​ക​ൾ ഇ​വി​ടെ സ​ജീ​വ​മാ​യി നി​ല​കൊ​ണ്ടു. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ബാ​ബു​രാ​ജും കോ​ഴി​ക്കോ​ട്​ അ​ബ്​​ദു​ൽ ഖാ​ദ​റും മു​ത​ൽ പ​ല ഹി​ന്ദു​സ്​​താ​നി സം​ഗീ​ത​ജ്​​ഞ​രും ഇ​വി​ടെ സ്​​ഥി​രം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു.’’

ഒ​രു ജ​ന​ത​യി​ൽ​നി​ന്ന്​ ക​ട​ൽ​പാ​ട്ടു​ക​ൾ ക​ണ്ടെ​ടു​ക്കു​ന്നു
.........................................................
മ​ല​യാ​ള​ത്തി​ലെ നാ​ട്ടു സം​ഗീ​ത​ത്തിെ​ൻ​റ ഭി​ന്ന​വ​ഴി​ക​ളെ കു​റി​ച്ച അ​ക്കാ​ദ​മി​ക​വും അ​ല്ലാ​ത്ത​തു​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ ധാ​രാ​ളം ന​ട​ന്നി​ട്ടു​ണ്ട്. മ​ല​യാ​ളി​യു​ടെ സ്വ​ത്വ​ത്തെ​യും സാം​സ്​​കാ​രി​ക​ത​യെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ഒ​രോ പ്ര​ദേ​ശ​ത്തിെ​ൻ​റ​യും ത​ന​ത് വാ​മൊ​ഴി​സം​ഗീ​ത ധാ​ര​ക്ക് അ​നി​ഷേ​ധ്യ​ പ​ങ്കു​ണ്ട്. കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള വി​വി​ധ ഫോ​ക്ക് സം​ഗീ​ത ശാ​ഖ​ക​ളെ കു​റി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ പൊ​തു​വാ​യി നി​രീ​ക്ഷി​പ്പെ​ട്ട വ​സ്​​തു​ത​യാ​ണ് ഇ​ത്. ഒ​രു ജ​ന​ത​യു​ടെ, അ​വ​ർ ജീ​വി​ച്ച കാ​ല​ത്തിെ​ൻ​റ മു​ഖ്യ ബോ​ധ​ന മാ​ധ്യ​മ​ത്തി​ലും ജീ​വ​ൽ​ഭാ​ഷ​യി​ലു​മാ​കും അ​വ സൃ​ഷ്​​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ക എ​ന്ന​താ​ണ് അ​തിെ​ൻ​റ കാ​ര​ണം. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​യു​ടെ വീ​ണ്ടെ​ടു​പ്പ്, ക​ണ്ടെ​ത്ത​ൽ, വാ​യ​ന, പു​ന​ർ​വാ​യ​ന എ​ന്നി​വ​ക്കെ​ല്ലാം ന​മ്മു​ടെ സാ​ഹി​ത്യ വ്യ​വ​ഹാ​ര​ത്തി​ൽ സ​വി​ശേ​ഷ​മാ​യ സ്​​ഥാ​ന​മു​ണ്ട്.

മ​ല​ബാ​റിെ​ൻ​റ ഫോ​ക്ക് പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ മു​ഖ്യ​മാ​യും ക​ട​ന്നു​വ​രു​ന്ന ഒ​ന്നാ​ണ് മാ​പ്പി​ള​പ്പാ​ട്ട്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ​വും ശാ​സ്​​ത്രീ​യ​വു​മാ​യ നാ​ട​ൻപാ​ട്ട് ശാ​ഖ​യാ​യി ആ​ണ് മാ​പ്പി​ള​പ്പാ​ട്ട് വി​ല​യി​രു​ത്ത​പ്പെ​ടാ​റു​ള്ള​ത്. മാ​പ്പി​ള​പ്പാ​ട്ടി​നെ മാ​റ്റിനി​ർ​ത്തി കേ​ര​ള​ത്തി​ലെ, വി​ശേ​ഷി​ച്ചും മ​ല​ബാ​റിെ​ൻ​റ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​മി​ല്ല. മലബാറിലെ മാപ്പിളമാരുടെ സാമൂഹികതയുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു ഇൗ സാഹിത്യ ശാഖ. അ​റ​ബി^മ​ല​യാ​ളം ഭാ​ഷ​യി​ൽ പി​റ​വി​കൊ​ണ്ട മാ​പ്പി​ള​പ്പാ​ട്ട്​ കൃ​തി​ക​ള്‍ മ​ല​യാ​ള ഭാ​ഷാ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ ചെ​റു​ത​ല്ലാ​ത്ത പ​ങ്കുവ​ഹി​ച്ചി​ട്ടു​ണ്ട്‌.

‘‘വി​ശു​ദ്ധ​ന്മാ​രെ പ്ര​കീ​ർ​ത്തി​ക്കു​ന്ന മാ​ല​പ്പാ​ട്ടു​ക​ൾ, വി​ശു​ദ്ധ യു​ദ്ധ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന പ​ട​പ്പാ​ട്ടു​ക​ൾ. ധാ​ർ​മി​ക നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഉ​റു​ദി​ക​ൾ, സ്​​തു​തി പ്ര​ധാ​ന​ങ്ങ​ളാ​യ വി​രു​ത്ത​ങ്ങ​ൾ, ക​ഥ​ക​ളും യു​ദ്ധ ച​രി​ത​ങ്ങ​ളു​മ​ട​ങ്ങു​ന്ന കി​സ്സ​ക​ൾ, േപ്ര​മ​ത്തെ​യും വീ​ര​ത്തെ​യും അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള കെ​സ്സു​ക​ൾ, പ്ര​ണ​യ​വും വി​ര​ഹ​വും ആ​വാ​ഹി​ക്കു​ന്ന ക​ത്തു​പാ​ട്ടു​ക​ൾ, സ്​​ത്രീ സൗ​ന്ദ​ര്യ​വും ര​തി​യും വ​ർ​ണി​ക്കു​ന്ന ക​ല്യാ​ണ​പ്പാ​ട്ടു​ക​ൾ തു​ട​ങ്ങി പ​ല അ​വാ​ന്ത​ര വി​ഭാ​ഗ​ങ്ങ​ൾ ഈ ​പ​ദ്യ ശാ​ഖ​ക്കു​ണ്ട്.’’5

പൊ​ന്നാ​നി​യി​ലെ പ​ത്തേ​മാ​രി​ക്കാ​ലം രൂ​പ​പ്പെ​ടു​ത്തി​യ ക​ട​ൽ​പാ​ട്ടു​ക​ളെ ക​ണ്ടെ​ടു​ക്കാ​നും രേ​ഖ​പ്പെ​ടു​ത്താ​നും ഒ​റ്റ​​പ്പെ​ട്ട ​ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. പൊ​ന്നാ​നി​യി​ലെ സീ​ബേ​ർ​ഡ്​​സ്​ എ​ന്ന സാം​സ്​​കാ​രി​ക സം​ഘ​ട​ന 1990ക​ളി​ൽ അ​തി​ന്​ ​ശ്ര​മം ന​ട​ത്തി​യി​രു​​ന്നു. ഏ​താ​നും പാ​ട്ടു​ക​ൾ ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, അ​വ അ​ക്കാ​ദ​മി​ക്​ സ​മൂ​ഹ​ത്തി​ന്​ പ്ര​യോ​ജ​ന​പ്പെ​ടുംവി​ധം പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യോ സാഹിത്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യോ ഉ​ണ്ടാ​യി​ല്ല. അ​ന്ന​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന്​ മു​ൻ​കൈയെടു​ത്ത​ത്​ പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ കെ.​എ. ഉ​മ്മ​ർ​കു​ട്ടി​യാ​ണ്. ക​​​ണ്ണൂ​​​ർ ഗ​​​വ. എ​​​ൻ​​​ജി​​​നീ​​​യ​​​റി​​​ങ്​ കോ​​​ള​​​ജി​​​ൽ​​​നി​​​ന്ന്​ മു​ഖ്യ ലൈ​ബ്രേ​റി​യ​നാ​യി വി​​​ര​​​മി​​​ച്ച ഉ​​​മ്മ​​​ർ​​​കു​​​ട്ടി, സ്വ​ന്തം ജ​ന​ത​യു​ടെ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​തെ പോ​​​യ ക​ട​ൽ​പാ​ട്ടു​ ച​രി​ത്ര​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ്​ ത​െ​ൻ​റ വി​​ശ്ര​മ​കാ​ലം വി​നി​യോ​ഗി​ക്കു​ന്ന​ത്.

‘‘പൊ​ന്നാ​നി​ക്ക് സ​മ്പ​ന്ന​മാ​യ സം​ഗീ​തപാ​ര​മ്പ​ര്യം ഉ​ണ്ട്. സം​ഗീ​തം എ​ന്ന​ത് അ​നു​ഷ്ഠാ​നം പോ​ലെ ആ​ണ് ഈ ​നാ​ടി​ന്. പ്ര​ശ​സ്​​ത​രും അ​പ്ര​ശ​സ്​​ത​രു​മാ​യ ധാ​രാ​ളം സം​ഗീ​ത​ജ്ഞ​ർ ഇ​വി​ടെനി​ന്ന് പി​റ​വി കൊ​ണ്ടി​ട്ടു​ണ്ട്. അ​ന്ന​ത്തെ കൂ​ട്ടാ​യ്മ​ക​ളി​ലെ​ല്ലാം പാ​ട്ട് ഒ​രു നി​ർ​ബ​ന്ധ ചേ​രു​വ​യാ​ണ്. നി​ക്കാ​ഹ്പോ​ലെ ക​ല്യാ​ണച​ട​ങ്ങി​ൽ പാ​ട്ട് ഒരു അ​നി​വാ​ര്യ​തയായിരുന്നു. ഒ​രു ക​ല്യാ​ണത്തി​ൽ ത​ന്നെ ര​ണ്ടും മൂ​ന്നും പാട്ടുസം​ഘ​ങ്ങ​ൾ വ​ന്ന് പാ​ടി​യി​രു​ന്നു. ഉറൂസ്​, റാ​ത്തീ​ബ് പോ​ലു​ള്ള പ​ല സം​ഗീ​ത​ബ​ന്ധി​ത അ​നു​ഷ്ഠാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യി നി​ല​നി​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. പ​ത്തേ​മാ​രി തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​യി​രു​ന്നു മി​ക്ക ക​ട​ൽ​പാ​ട്ടു​ക​ളു​ടെ​യും പ്ര​മേ​യം.

പ്രതിപാദ്യ​ത്തി​ൽ വ​ഞ്ചി​പ്പാ​ട്ടി​നോ​ട്​ അ​സാ​ധാ​ര​ണ​മാ​യ സാ​മ്യം ഇ​തി​ൽ ക​ണ്ടെ​ടു​ക്കാം. ത​െ​ൻ​റ ദാ​രി​ദ്ര്യ​ത്തെ അ​ർ​ഥ​ഗ​ർ​ഭ​മാ​യി വെ​ളി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ്​ രാ​മ​പു​ര​ത്തു വാ​രി​യ​ർ കു​ചേ​ല​വൃ​ത്തം വ​ഞ്ചി​പ്പാ​ട്ട് ര​ചി​ച്ച​ത്. ക​ട​ൽ​പാ​ട്ടു​ക​ളി​ൽ മി​ക്ക​തി​െ​ൻ​റ​യും ഇ​തി​വൃ​ത്തം ഇ​ങ്ങനെയുള്ള സങ്കടം പറച്ചിൽ ആയിരുന്നു. മാ​പ്പി​ള​പ്പാ​ട്ടി​നോ​ട്​ വ​ള​രെ അ​ടു​ത്ത്​ നി​ൽ​ക്കു​ന്ന ഭാ​ഷ​യും പ്ര​യോ​ഗ​വു​മാ​ണ്​ ഇ​തി​ൽ കാ​ണാ​ൻ ക​ഴി​യു​ക. മാ​പ്പി​ള​പ്പാ​ട്ടി​നെ പോ​ലെ ഒ​രേ ക​വി​ത​യി​ൽ വി​വി​ധ ഭാ​ഷ​യി​ലെ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യും ക​ട​ൽ​പാ​ട്ടു​ക​ളി​ൽ കാ​ണാം. റ​​സാ​​ഖ്​ ഹാ​​ജി, പൊ​ള്ള മൊ​​യ്​​​തീ​​ൻ​​കാ​​ക്ക, ഇ.​കെ. അ​ബൂ​ബ​ക്ക​ർ, പൊന്നാനി അസീസ്​ തു​​ട​​ങ്ങി​​യ ഹി​​റ്റ്​ പാ​​ട്ടു​​കാ​​ർ ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്നു. ചി​​ട്ട​​യി​​ൽ പാ​െ​ട്ട​​ഴു​​തി ന​​ന്നാ​​യി അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള​​വ​​രാ​​യി​​രു​​ന്നു അ​​വ​​ർ. ജീ​​വി​​ത​​ത്തി​​ലെ ഒാ​​രോ നി​​മി​​ഷ​​ങ്ങ​​ളെ​​യും അ​​വ​​ർ പാ​​ട്ടി​​ലേ​​ക്ക്​ പ​​ക​​ർ​​ത്തി. ക​​ട​​ലി​​ലെ ദു​​രി​​ത​​ങ്ങ​​ളും ക​​ര​​യി​​ലെ വേ​ദ​ന​ക​ളും എ​ല്ലാം അ​വ​രു​ടെ പാ​ട്ടു​ക​ളി​ൽ വ​ന്നു​നി​റ​ഞ്ഞു. നിമിഷ കവികളായിരുന്നു മൂവരും.

ബ​​​ദ​​​ർ​​​നൂ​​​ർ പ​​​ത്തേ​​​മാ​​​രി​​​യു​​​ടെ സ്രാ​​​ങ്കും ഉ​​ട​​മ​​യു​​മാ​​യി​​രു​​ന്ന ക​​​ണ്ണി​​​യാ​​​ത്താ​​​ന​​​ക​​​ത്ത്​ അ​​​ബൂ​​​ബ​​​ക്ക​​​ർ (ഒൗ​ക്ക​ർ സ്രാ​ങ്ക്) ആ​യി​രു​ന്നു എ​െ​ൻ​റ പി​താ​വ്. എെ​ൻ​റ കു​ട്ടി​ക്കാ​ലം പ​ത്തേ​മാ​രി​ക​ളു​മാ​യി അ​ത്ര​മേ​ൽ ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ജീ​വി​ത​വും സ്വ​പ്ന​വു​മെ​ല്ലാം പ​ത്തേ​മാ​രി​യാ​യി​രു​ന്നു. യു​വാ​വ് ആ​യ​പ്പോ​ഴേ​ക്കും പ​ത്തേ​മാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ൽമേ​ഖ​ല ത​ക​ർ​ന്നു. ഒ​പ്പം സ​മ്പ​ന്ന​മാ​യ സം​ഗീ​തപാ​ര​മ്പ​ര്യ​വും നാ​ശോ​ന്മു​ഖ​മാ​യി. പാ​ട്ട് മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ക​യും പാ​ടു​ക​യും ചെ​യ്തി​രു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ മ​ൺ​മ​റ​ഞ്ഞു തു​ട​ങ്ങി. ഇ​വ എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്​​ട​പ്പെ​ട്ടു പോ​കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി.

അ​ങ്ങ​നെ​യാ​ണ് ഈ ​പാ​ട്ടു​ക​ൾ ക​ണ്ടെ​ടു​ക്ക​ണ​മെ​ന്നും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നുമുള്ള ആ​ഗ്ര​ഹം ഉണ്ടാകുന്നത്​. സീ ​ബേ​ർ​ഡ്സ്​ എ​ന്ന ഇ​വി​ട​ത്തെ ഒ​രു സം​ഘ​ട​ന ഒ​രു ക​ട​ൽ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​തി​നുവേ​ണ്ടി​യാ​ണ് ക​ട​ൽപാ​ട്ടു​ക​ൾ തേ​ടി​ പോ​യ​ത്. പ​ഴ​യ ത​ല​മു​റ​യി​ൽ പ​ല​രെ​യും കണ്ടപ്പോ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​വു​ക​യാ​ണ് ചെ​യ്ത​ത്. പ​ല പാ​ട്ടു​ക​ളു​ടെ​യും യ​ഥാ​ർ​ഥ വ​രി​ക​ൾ​ക്ക് പ​ക​രം പാ​ര​ഡി വ​രി​ക​ളാ​ണ് ആ​ളു​ക​ളു​ടെ ഓ​ർ​മ​യി​ലുള്ള​ത്. ഒ​രേ പാ​ട്ട് ത​ന്നെ പ​ല​രും പ​ല രൂ​പ​ത്തി​ൽ പാ​ടു​ന്നു. ഇ​ത്ത​രം പാ​ട്ടു​ക​ൾ പാ​ടി​യി​രു​ന്ന പൊ​ന്നാ​നിയി​ലെ പ്ര​മു​ഖ ഗാ​യ​ക​ൻ അ​സീ​സ്​​ക്ക പാ​ട്ടി​ലെ തെ​റ്റ് കു​റേ തി​രു​ത്തിത്തന്നു. അ​ഞ്ചോ ആ​റോ ആ​ളു​ക​ളി​ൽ​നി​ന്നാ​കും ഒ​രു പാ​ട്ട് മു​ഴു​വ​ൻ കി​ട്ടു​ക.

പി​ന്നീ​ടാ​ണ് മ​ന​സ്സി​ലാ​യ​ത് സ​്​ത്രീ​ക​ൾ​ക്കാ​ണ് ഈ ​പാ​ട്ടു​ക​ൾ കൂ​ടു​ത​ൽ ഓ​ർ​മ​യു​ള്ള​ത് എ​ന്ന്. ക​ട​ലി​ൽ​നി​ന്ന് ര​ചി​ക്ക​പ്പെ​ടു​ന്ന പാ​ട്ടു​ക​ൾ സ​്​ത്രീ​ക​ളി​ലൂ​ടെ​യാ​ണ് ജ​ന​കീ​യ​മാ​വുക. അഴീക്കലിലെ വ​യ​സ്സാ​യ സ്​​ത്രീ​ക​ളെ ക​ണ്ട​പ്പോ​ഴാ​ണ് ശ​രി​യാ​യ വ​രി​ക​ൾ കി​ട്ടി​യ​ത്. അ​വ​രു​ടെ ഓ​ർ​മ​ക​ൾ കൃ​ത്യ​മാ​ണ്. അ​ഴീ​ക്ക​ൽ പ്ര​ദേ​ശ​ത്തെ വ​യ​സ്സാ​യ നി​ര​വ​ധി സ്​​ത്രീ​ക​ളു​ടെ ഓ​ർ​മ​ക​ളി​ൽ​നി​ന്നാ​ണ് ഈ ​പാ​ട്ടു​ക​ളു​ടെ യ​ഥാ​ർ​ഥ വ​രി​ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​കജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ കാ​ര​ണം സാ​ധി​ച്ചി​ല്ല -കെ.​കെ. ഉ​മ്മ​ർകുട്ടി പ​റ​യു​ന്നു.

ഇ.കെ അബൂബക്കർ

വഞ്ചി സമരവും പാട്ടുകളും
................................
‘‘മ​ല​പ്പു​റം ജി​ല്ല​യി​ൽ പൊ​ന്നാ​നി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു പ​ത്തേ​മാ​രി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട്, വ​ള​പ​ട്ട​ണം, പ​ഴ​യ​ങ്ങാ​ടി, ത​ല​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ളി​ലും പ​ത്തേ​മാ​രി​ക​ൾ വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ബോം​ബെ​യി​ലേ​ക്കാ​ണ് ച​ര​ക്കു​മാ​യു​ള്ള മി​ക്ക​വാ​റും യാ​ത്ര​ക​ൾ. ഒ​രുത​വ​ണ ബോം​ബേ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കും മ​ട​ങ്ങി​വ​ര​വി​നും ഒ​രു വ​ലി എ​ന്ന് പ​റ​യും. ഒ​രു വ​ലി​യി​ലെ ച​ര​ക്കി​ന് ട​ണി​ന് 100 രൂ​പ കി​ട്ടി​യാ​ൽ, ക​സ്​​റ്റം​സ്​ ചെ​ല​വു​ക​ൾ ക​ഴി​ച്ചാ​ണ് വീ​തം വെ​ക്കു​ക. ബാ​ക്കി​യു​ള്ള​തിെ​ൻ​റ പ​കു​തി​യും വ​ഞ്ചി മു​ത​ലാ​ളി​ക്കാ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​തിെ​ൻ​റ ര​ണ്ട് ഓ​ഹ​രി സ്രാ​ങ്കി​നും ഒ​രു ഓ​ഹ​രി ഖ​ലാ​സി​മാ​ർ​ക്കും.

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​യി​രു​ന്നു അ​ന്ന് വ​രു​മാ​നം വീ​തം വെ​ച്ചി​രു​ന്ന​ത്. ഒ​ാരോ വ​ലി​ക്കും വ​രു​മാ​നം വീ​തം വെ​ക്ക​ണം എ​ന്നാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. ക​ഠി​ന​മാ​യി ജോ​ലി ചെ​യ്തി​ട്ടും മ​തി​യാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കാ​ത്ത​ത് തു​ട​ർ​ന്ന​പ്പോ​ഴാ​ണ് മ​ല​ബാ​റി​ലെ​മ്പാ​ടു​മു​ള്ള പ​ത്തേ​മാ​രി തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. വ​ഞ്ചി മു​ത​ലാ​ളി​മാ​രു​ടെ പ​ലത​രം ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് എ​തി​രാ​യി​രു​ന്നു 1950–60 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​ങ്ങ​ൾ.

ഡോ. ​അ​ൽ​വാ​രി​സ്, അ​ഡ്വ. പി.​കെ. ശ​ങ്ക​ര​ൻ​കു​ട്ടി, എ​സ്.​കെ. ഖാ​ദ​ർ ഹാ​ജി, പി.​കെ. ശേ​ഖ​ര​ൻ, മാ​ഞ്ചി​നാ​ഥ് റാ​വു തു​ട​ങ്ങി വി​വി​ധ യൂ​നി​യ​നു​ക​ളു​ടെ സം​സ്​​ഥാ​ന^ദേ​ശീ​യ നേ​താ​ക്ക​ൾ അ​ന്ന് സ​മ​ര​ത്തി​ന് പൊ​ന്നാ​നി​യി​ൽ വ​ന്നി​രു​ന്നു. ക​മ്യൂ​ണി​സ്​​റ്റ് പാ​ർ​ട്ടി​യു​ടെ പോ​ർ​ട്ട് കാ​ർ​ഗോ വ​ർ​ക്കേ​ഴ്സ്​ യൂ​നി​യ​ൻ ആ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​ബ​ല യൂ​നി​യ​ൻ. പ​ത്തേ​മാ​രി, കാ​ർ​ഗോ തൊ​ഴി​ലാ​ളി​ക​ൾ മൊ​ത്ത​ത്തി​ൽ സ​മ​ര​ത്തി​ലാ​യി​രു​ന്നു. തൊ​ഴി​ൽ ബ​ഹി​ഷ്ക​രി​ച്ചു​കൊ​ണ്ടു​ള്ള സ​മ​രം ക​ത്തി​പ്പ​ട​ർ​ന്നു.

പൊ​ന്നാ​നി​യി​ൽ ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യും ഇ.​കെ. അ​ബൂ​ബ​ക്ക​റും ഒ​ക്കെ സ​മ​ര​ത്തിെ​ൻ​റ മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് പാ​ട്ട് ത​ന്നെ ആ​യി​രു​ന്നു പ്ര​ധാ​ന സ​മ​രാ​യു​ധം. ഈ ​പാ​ട്ടു​ക​ൾ സ​മ​ര​സ​ദ​സ്സു​ക​ളി​ലും ക​ല്യാ​ണ വേ​ദി​ക​ളി​ലും ഒ​ക്കെ ആ​വ​ർ​ത്തി​ച്ചു പാ​ട​പ്പെ​ട്ടു. ഇ​മ്പി​ച്ചി​ബാ​വ​യും ഇ.​കെ. അ​ബൂ​ബ​ക്ക​റും എ​ല്ലാം പാ​ട്ടു​കാ​ർ കൂ​ടി​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​വ​രി​ൽ സ​മ​രാ​വേ​ശം നി​റ​ക്കു​ന്ന​തി​ലും ഈ ​പാ​ട്ടു​ക​ൾ വ​ലി​യ പ​ങ്കുവ​ഹി​ച്ചി​ട്ടു​ണ്ട്. സ​മ​ര സ​ദ​സ്സു​ക​ൾ പാ​ട്ടു​ക​ൾ കൊ​ണ്ടാ​ണ് തു​ട​ങ്ങു​ക’’ ദീ​ർ​ഘ​കാ​ലം സ്രാ​ങ്കാ​യും ഖ​ലാ​സി​യാ​യും പ​ത്തേ​മാ​രി​യി​ൽ തൊ​ഴി​ലെ​ടു​ത്ത സ്രാ​ങ്ക് ഖാ​ദ​ർ അ​ക്കാ​ലം ഓ​ർ​ത്തെ​ടു​ത്തു.

ഒൽച്ചിക്കയും ഒൗക്കർ സഖാവും
.......................
മ​നു​ഷ്യ​െ​ൻ​റ ആ​ദ്യ സ​മ​രാ​യു​ധം ക​ല​യും സം​ഗീ​ത​വു​മാ​ണെ​ന്ന്​ പ​റ​യാ​റു​ണ്ട്. പ​ത്തേ​മാ​രി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​ക്കാ​ല​ത്തെ പ്ര​ധാ​ന സ​മ​രാ​യു​ധം പാ​ട്ടാ​യി​രു​ന്നു. എ​ത്ര​യോ സ​മ​ര​പ്പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്​ ഇൗ ​നാ​ട്. പാ​ടി​യും പോ​രാ​ടി​യും പൊ​ന്നാ​നി​യി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ര്‍ട്ടി​യെ വ​ള​ര്‍ത്തി​യ സ്രാ​ങ്കു​മാ​രി​ൽ പ്ര​ധാ​നി​യാ​ണ്​ ഇ.​കെ അ​ബൂ​ബ​ക്ക​ര്‍ എന്ന ഒൗക്കർ സഖാവ്​. പ്ര​മു​ഖ സി.​പി.​എം നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന ​ഇ.​കെ. ഇ​മ്പി​ച്ചി​ബാ​വ​യു​ടെ സ​ഹോ​ദ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഥ​മ ചെ​യ​ർ​മാ​ൻ ആയി പി​ന്നീ​ട്​. 1937ല്‍ ​അ​ബൂ​ബ​ക്ക​ര്‍ ബാ​പ്പ അ​ബ്​ദു​ല്ല​യോ​ടൊ​പ്പം കോ​ഴി​ക്കോ​ട് ‘പി​യേ​ഴ്‌​സ് ല​സ്ലി’ കാ​ർ​ഗോ ക​മ്പ​നി​യി​ല്‍ ജോ​ലി​ക്ക് ചേ​ര്‍ന്നു. 20ാം വ​യ​സ്സില്‍ സ്രാ​ങ്കാ​യി.

അ​ബൂ​ബ​ക്ക​റി​െ​ൻ​റ ജീ​വി​ത​വും മ​റ്റേ​തു അ​ഴീ​ക്ക​ല്‍ യു​വാ​ക്ക​ളു​ടെ​യും പോ​ലെ ക​ട​ല്‍ പ​കു​ത്തെ​ടു​ത്തു. 16 കൊ​ല്ലം കോ​ഴി​ക്കോ​ട്ട് ക​പ്പ​ലി​ല്‍ ജോ​ലി ചെ​യ്താ​ണ് പൊ​ന്നാ​നി​യി​ലെ​ത്തി​യ​ത്. ബാ​ബു​രാ​ജി​െ​ൻ​റ ഹാ​ര്‍മോ​ണി​യം വാ​യ​ന​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ഒ​രേസ​മ​യം ആ ​നാ​ട്ടു​കാ​രു​ടെ പ്രി​യ പാ​ട്ടു​കാ​ര​നും ​നേ​താ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ത്തേ​മാ​രി, കാ​ർ​േ​ഗാ തൊ​ളി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​വ​രി​ൽ സ​മ​രാ​വേ​ശം നി​റ​ക്കു​ന്ന​തി​ലും യൂ​നി​യ​ൻ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നാ​യ​ക​ത്വം വ​ഹി​ച്ചി​രു​ന്നു അ​ദ്ദേ​ഹം. ക​മ്യൂ​ണി​സ​വും ഖ​വാ​ലി​യും ഒ​രേ പൂ​വി​ൽ വി​രി​ഞ്ഞാ​ല്‍ അ​താ​ണ് അ​ബൂ​ബ​ക്ക​ര്‍ എ​ന്ന സ്രാ​ങ്ക്.

സം​ഗീ​ത​ത്തെ​യും പാ​ട്ടു​പെ​ട്ടി​യെ​യും കു​റി​ച്ച ഇ​പ്പോ​ഴ​ത്തെ പൊ​ന്നാ​നി​ക്കാ​രു​ടെ ഒാ​ർ​മ​ക​ളി​ലേ​ക്ക്​ ആ​ദ്യം എ​ത്തു​ന്ന ര​ണ്ട്​ പേ​രു​ക​ളാ​ണ്​ ഒൗ​ൽ​ച്ചി​ക്ക​യു​ടെ​തും ഒൗ​ക്ക​ർ സ​ഖാ​വി​െ​ൻ​റ​തും. ഗാ​നര​ച​യി​താ​വും ഗാ​യ​ക​നു​മാ​യ പൊ​ന്നാ​നി അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ണ്​ ഒൗ​ൽ​ച്ചി​ക്ക എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ട​ത്. 1923ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം 17ാം വ​യ​സ്സ്​ മു​ത​ൽ ബീ​ഡി​ തെ​റ​ുപ്പു​കാ​ര​നാ​യി ജോ​ലി ​നോ​ക്കി. ഒ​രാ​ളു​ടെ കൂ​ലി​ക്ക്​ തെ​റ​ുപ്പു​കാ​ർ​ക്കി​ട​യി​ൽ പാ​ടാ​നാ​യി അ​ദ്ദേ​ഹ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു​വ​ത്രെ. തു​ട​ർ​ന്ന്​ നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​​​െൻറ സ്വ​ര​മാ​ധു​ര്യം എ​ത്തി. മ​ല​ബാ​റി​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പാ​ട്ടു​ക​ൾ സ്​​ഥി​ര​മാ​യി​രു​ന്നു. ഇ.​എം.​എ​സ്, എ.​കെ.​ജി തു​ട​ങ്ങി നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ഗാ​ന​മേ​ള ഉ​ണ്ടാ​യി​രു​ന്നു. പൂ​രം, ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച, ഉ​റൂ​സ്, ക​ല്യാ​ണ സ​ദ​സ്സു​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലെ​ല്ലാം അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സാ​ന്നി​ധ്യം സ​ജീ​വ​മാ​യി​രു​ന്നു. 2002ൽ ​ആ​ണ്​ അ​ദ്ദേ​ഹം വി​ട​പ​റ​യു​ന്ന​ത്.

സ്രാങ്ക്​ ഖാദർ

പൊള്ള മൊയ്​തീൻകാക്കയും റസാഖ്​ ഹാജിയും
...........................................
അ​ക്കാ​ല​ത്തെ ഏ​റ്റ​വും പ്ര​ധാ​ന പാ​ട്ടു​കാ​ര​ൻ ആ​യി​രു​ന്നു പൊ​ള്ള മൊ​യ്തീ​ൻ കാ​ക്ക. പാ​ട്ട് ര​ചി​ക്കു​ക​യും പാ​ടു​ക​യും ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ഴു​ത്തും വാ​യ​ന​യും ഒ​ട്ടും അ​റി​യി​ല്ലാ​യി​രു​ന്നു. ‘‘പൊ​ള്ള മൊ​യ്തീ​ൻ കാ​ക്ക പൊ​ന്നാ​നി​ക്കാ​ര​ൻ ത​ന്നെ​യാ​ണ്. പൊ​ന്നാ​നി​യും കോ​ഴി​ക്കോ​ടും ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിെ​ൻ​റ സ്​​ഥി​രം താ​വ​ളം. ആ​ദ്യം വ​ഞ്ചി​ത്തൊ​ഴി​ലാ​ളി ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തിെ​ൻ​റ ജ്യേഷ്ഠ​ന് സ്വ​ന്ത​മാ​യി വ​ഞ്ചി ഉ​ണ്ടാ​യി​രു​ന്നു. വ​യ​സ്സാ​യ​തി​ൽ പി​ന്നെ അ​ദ്ദേ​ഹം വ​ഞ്ചി​യി​ൽ പോ​കാ​തെ​യാ​യി. കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ആ​ശു​പ​ത്രി​യു​ടെ അ​ടു​ത്താ​ണ് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ലും കാ​ണാ​റ്. പിന്നെ പൊന്നാനിയിലും. എ​പ്പോ​ഴും ത​മാ​ശ പ​റ​യു​ന്ന ഒ​രാ​ളാ​യി​രു​ന്നു. ക​ണ്ടാ​ൽ ത​ന്നെ ചി​രി വ​രു​ന്ന ഒ​രു കോ​ലം. വെ​ള്ളക്കു​പ്പാ​യ​വും വെ​ള്ള തു​ണി​യും ഒ​രു ത​ലേ കെ​ട്ടും കാ​ണും. എ​ഴു​ത്തും വാ​യ​ന​യും ഒ​ന്നു​മ​റി​യി​ല്ല അ​ദ്ദേ​ഹ​ത്തി​ന്. നി​മി​ഷ ക​വി​യാ​യി​രു​ന്നു അയാൾ. മൊ​യ്തീ​ൻ​കാ​ക്ക കെ​ട്ടി​യ പാ​ട്ടു​ക​ൾ ഒ​ക്കെ അ​ന്ന് ഞ​ങ്ങ​ൾ വ​ഞ്ചി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​സി​ദ്ധ​മാ​യി​രു​ന്നു.

മ​റ്റൊ​രു പാ​ട്ടു​കാ​ര​നാ​ണ് റ​സാ​ഖ് ഹാ​ജി. തൈ​ലം വി​റ്റു ന​ട​ന്നി​രു​ന്ന ആ​ളാ​ണ്. പൊ​ന്നാ​നി ആ​ശു​പ​ത്രിയുടെ തെ​ക്ക് ഭാ​ഗ​ത്ത് ഒ​രു പ്ര​സ്​ ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിെ​ൻ​റ വീ​ട്. തൈ​ല കു​പ്പി​ക​ളു​ള്ള ബാ​ഗും തൂ​ക്കി പി​ടി​ച്ചാ​കും അ​ദ്ദേ​ഹം ന​ട​ക്കു​ക. റ​സാ​ഖ് ഹ​ജ്ജി​ന് പോ​യി​രു​ന്നു. വ​ലി​യ സാ​ഹ​സി​ക​നാ​യി​രു​ന്നു അ​യാ​ൾ. പ​ത്ത് രൂ​പ സ​മ്പ്യാ​ദ്യ​വു​മാ​യി ഹ​ജ്ജി​ന് പോ​യി വ​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം. ഫ​ത്ത​ഹു​സ്സ​മ​ദാ​ൻ എ​ന്ന പ​ത്തേ​മാ​രി​യി​ലാ​ണ് അ​ദ്ദേ​ഹം തി​രി​ച്ചുവ​ന്ന​ത്. ആ ​യാ​ത്ര​യെ കു​റി​ച്ച് അ​ദ്ദേ​ഹ​മെ​ഴു​തി​യ പാ​ട്ട് അ​ന്ന​ത്തെ കോ​ൽ​ക്കളി​ക്കാ​ർ സ്​​ഥി​ര​മാ​യി പാ​ടി​യി​രു​ന്നു. 1970 കളിലാണ്​ രണ്ട്​ പേരും മരിക്കുന്നത്​. അ​ന്ന് അ​ഞ്ചാ​റ് കോ​ൽ​ക്ക​ളി സം​ഘ​ങ്ങ​ൾ പൊ​ന്നാ​നി​യി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ ക​ല്യാ​ണ​ങ്ങ​ൾ​ക്ക് ‘പ​രി​ശ’​ക്ക​ളി​യും കോ​ൽ​ക്ക​ളി​യും സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. ദ​ലി​ത് സ​മു​ദാ​യാം​ഗ​ങ്ങ​ളാ​ണ് അ​ത് അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്. ഒ​മ്പ​ത് മാ​സം ക​ട​ലി​ൽ ആ​യി​രു​ന്നു. മൂ​ന്ന് മാ​സം ക​ട​ലി​ൽ കാ​റ്റും കോ​ളും കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ എ​ല്ലാ​വരും ഇ​വി​ടെയുണ്ടാ​കും. ആ ​സ​മ​യ​ത്ത് പ്ര​ത്യേ​ക ജോ​ലി​യൊ​ന്നും ഉ​ണ്ടാ​കി​ല്ല. കു​റെ ക്ല​ബു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു അ​ന്ന്. പെ​ട്ടി​യും ത​ബ​ലയും എ​ല്ലാ ക്ല​ബി​ലും ഉ​ണ്ടാ​കും. പ​ത്തേ​മാ​രി​യി​ൽ ഒ​രു​പാ​ട് ന​ല്ല പാ​ട്ടു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു. സി​ദ്ദീ​ഖ്, അ​ബ്​ദുറ​ഹ്മാ​ൻ, മു​ഹ​മ്മ​ദ്, പൊ​ള്ള മൊ​യ്തീ​ൻ​കാ​ക്ക​യു​ടെ മ​ക​ൻ ഖ​വാ​ലി അ​ബ്​ദുല്ല കു​ട്ടി, മൊ​യ്തീ​കു​ട്ടി കാ​ക്ക, ഹം​സാ​ക്ക, പ​രീ​ക്ക, സു​ലൈ​മാ​നി​ക്ക തു​ട​ങ്ങി ധാ​രാ​ളം പാ​ട്ടു​കാ​ർ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു’’ -ഖാ​ദ​ർ അ​ക്കാ​ലം ഓ​ർ​ത്തു.

‘‘പെ​ണ്ണു​ങ്ങ​ളു​ടെ കൈ​മു​ട്ടി​പ്പാ​ട്ടാ​ണ് ക​ല്യാ​ണ ച​ട​ങ്ങു​ക​ളി​ലെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത മ​റ്റൊ​ന്ന്. പൊ​ന്നാ​നി​ക്കാ​ർ​ക്ക് പു​റ​മെ പ​ര​പ്പ​ന​ങ്ങാ​ടി, കൂ​ട്ടാ​യി ഭാ​ഗ​ത്തു​ള്ള സം​ഘ​ങ്ങ​ളൊ​ക്കെ ക​ല്യാ​ണ​ത്തി​ന് വ​ന്ന് പാ​ടി​യി​രു​ന്നു. ഹ​ലീ​മ, കു​ഞ്ഞ​യി​ശു, പാ​ത്തു​മ്മു തു​ട​ങ്ങി​യ​വ​ർ ഒ​ക്കെ ആ​യി​രു​ന്നു പ്ര​ധാ​ന ക​ല്യാ​ണ​പ്പാ​ട്ടു​കാ​ർ. ആ ​കാ​ല​ത്ത് ത​ന്നെ ഒ​രു ഗാ​ന​മേ​ള​ക്ക് 20 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കി​യി​രു​ന്നു. ര​ണ്ട് രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കി​യി​രു​ന്നു. ബാ​ക്കി ക​ല്യാ​ണത്തിെ​ൻ​റ അ​ന്നാ​ണ് ന​ൽ​കു​ക. അ​വ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന​ത് ത​ന്നെ ഒ​രു ച​ട​ങ്ങാ​യി​രു​ന്നു. കു​ഴി​ത്താ​ള​മാ​യി​രി​ക്കും അ​വ​രു​ടെ അ​ടു​ത്തു​ള്ള സം​ഗീ​ത ഉ​പ​ക​ര​ണം. ഏ​ഴ് പേ​രു​ള്ള​താ​ണ് ഒ​രു ട്രൂ​പ്പ്. ന​ടു​വി​ൽ ഒ​രു കോ​ളാ​മ്പി​യു​ണ്ടാ​കും. ബ​ദ​ർ പാ​ട്ടും മാ​ല​പ്പാ​ട്ടു​ക​ളു​മെ​ല്ലാം അ​വ​ർ പാ​ടി​യി​രു​ന്നു. ക​ട​ലി​ൽ​നി​ന്ന് രൂ​പ​പ്പെ​ട്ട പ​ല പാ​ട്ടു​ക​ളും ഇ​വ​ർ ക​ല്യാ​ണ സ​ദ​സ്സു​ക​ളി​ൽ പാ​ടി​യി​രു​ന്നു. ഇ​ങ്ങ​നെ വാ​മൊ​ഴി​യാ​യി പാ​ടി​പ്പോ​ന്ന പ​ല പാ​ട്ടു​ക​ളും പി​ന്നീ​ട് പി. ​ഭാ​സ്​​ക​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ സി​നി​മ​യി​ലേ​ക്ക് പ​ക​ർ​ത്തി’’ -ഉ​മ്മ​ർ കു​ട്ടി പ​റ​ഞ്ഞു.


കടൽപാട്ടുകളിലൂടെ...

പൊന്നാനി അഴീക്കലിലെ പഴയ തലമുറയുടെ ഒാർമകളിൽനിന്ന്​ കണ്ടെടുത്ത ഏഴ്​​ കടൽപാട്ടുകളാണ്​ ഇവിടെ രേഖ​പ്പെടുത്തുന്നത്​.

മ​ഞ്ചി​ത്തൊ​ഴി​ലാ​ളി​ക​ൾ ശ​റ​ഫ​ഞ്ചും പ്ര​ധാ​നി​ക​ൾ
മൊ​ഞ്ചാ​യു​ള്ള ജീ​വി​തം മൊ​ഞ്ചാ​യു​ള്ള ജീ​വി​തം
ത​ഞ്ച​ത്തി​ൽ പൂ​ർ​വി​ക​ർ വ​ഞ്ചി​ച്ച​ബ​ർ​ക​ൾ
കെ​ഞ്ചി മു​ത​ലാ​ളി​മാ​രെ കൊ​ഞ്ചി​അ​ന്നാ​ളു​ക​ൾ
വ​ഞ്ച​ന​യി​ൽ ഒ​ന്നൊ​ഴി​വാ​ക്കി​യ പോ​ർ​ട്ട്​
കാ​ർ​വ​ർ​ക്കൂ​ട്​​സ്​ യൂ​നി​യ​ൻ പ​താ​ക, യൂ​നി​യ​ൻ പ​താ​ക.
വ​ഞ്ചി​ത്തൊ​ഴി​ലാ​ള​ർ വ​സി​ക്കു​ന്ന നാ​ട്​
ക​ഞ്ച​ക തു​റ​മു​ഖ​മാം കോ​ഴി​ക്കോ​ട്​
വെ​യ്​​റ്റ്​ ചെ​യ്യും പൊ​ന്നാ​നി​യും കാ​സ​ർ​കോ​ടും
പി.​സി വ​ർ​ക്കേ​ഴ്​​സ്​ സ്​​ഥാ​പി​ച്ച നാ​ട്​
പു​ഞ്ചി​രി​തൂ​കി​യ പൂ​ഞ്ചോ​ല​കാ​ട്​
പ്ര​വ​ർ​ത്തി​ക​ർ​ക്കു​ള്ള അ​ല​ങ്കാ​ര​നാ​ട്​
പൂ​ഞ്ചോ​ല തൂ​കിയ പൂ​ഞ്ചോ​ല​ക്കാ​ട്​
ചെ​ൻ​ചു​ട​ൽ​കാ​ട്ടി​യ പോ​ർ​ട്ട്വ​ർ​ക്കേ​ഴ്​​സു​കാ​ർ​ക്കു​ള്ള
യൂ​നി​യ​ൻ പ​താ​ക​യി​താ ജൂ​ണി​ന്​ പ​താ​ക​യി​താ
മു​ത​ലാ​ളി സ്രാ​ങ്ക്​ ഖി​ലാ​സി ഇ​വ​ർ മൂ​ന്നും
മ​ര്യാ​ദ ജീ​വി​തം കൈ​ക്കൊ​ള്ളു​വാ​നും
മു​ര​ടി​ട്ട പി.​സി വ​ർ​ക്കേ​ഴ്​​സ്​ പ​റ​യു​ന്നു
മൂ​ടി തു​റ​ന്ന്​ പാ​ടി​യ ഞാ​നും
സ്​​തു​തി ഇ.​കെ പാ​ടി​യ പോ​ർ​ട്ട്​ വ​ർ​ക്കേ​ഴ്​​സ്​
കാ​ർ യൂ​നി​യ​ൻ പ​താ​ക​യി​താ. യൂ​നി​യ​ൻ പ​താ​ക

റ​സാ​ഖ്​ ഹാ​ജി ര​ചി​ച്ച്​ ചി​ട്ട​പ്പെ​ടു​ത്തി​യ ഇൗ ​ഗാ​നം ഇ​പ്പോ​ഴും പൊ​ന്നാ​നി തീ​ര​ത്തെ ഹി​റ്റ്​ പാ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണ്. അ​വ​സാ​ന കാ​ലം വ​രെ ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഇ​ത്​ പാ​ടി​ന​ട​ന്നി​രു​ന്നു. ഇൗ പാട്ടിനെ ജനകീയമാക്കിയത്​ ഇ.കെ ആയിരുന്നു. അദ്ദേഹത്തെ ഇൗ കവിതയുടെ അവസാന വരികളിൽ പരാമർശിക്കുന്നുമുണ്ട്​. 1950-60 കാ​ല​ത്ത്​ പൊ​ന്നാ​നി​യി​ൽ ന​ട​ന്ന വ​ഞ്ചി​സ​മ​ര​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​ത​പ്പെ​ട്ട​താ​ണ്​ ഇൗ ​പാ​ട്ട്.

ആദ്യ വരിയിലെ ‘മഞ്ചി’ എന്നാൽ, പത്തേമാരി എന്നർഥം. പത്തേമാരികൾക്ക്​ വഞ്ചി എന്നും പറയും. പി.​സി വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ ആ​യി​രു​ന്നു പ​ത്തേ​മാ​രി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ പ്ര​ബ​ല യൂ​നി​യ​ൻ. ആ ​യൂ​നി​യ​​നെ കു​റി​ച്ചും സ്വ​ന്തം നാ​ടി​നെ കു​റി​ച്ചു​മു​ള്ള വ​ർ​ണ​ന​ക​ളും അ​വ​രു​ടെ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​ത്തെ കു​റി​ച്ചു​മാ​ണ്​ ഇൗ ​ക​വി​ത​യി​ൽ പ​റ​യു​ന്ന​ത്. വ​ഞ്ചി സ​മ​ര​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​സാ​ഖ്​ ഹാ​ജി ത​ന്നെ എ​ഴു​തി​യ മ​റ്റൊ​രു ക​വി​ത ഇ​ങ്ങ​നെ​യാ​ണ്.

വ​ഞ്ചി​ത്തൊ​ഴി​ലാ​ളി​ക​ളെ ജ​യ​ഭേ​ത്​ പ​താ​കാ
ക​രി​ഞ്ച​ന്ത​ക്കാ​രെ ഒാ​ട്ടു​വാ​ൻ ഇ​നി​മേ​ൽ പ​താ​ക
ജോ​ലി വി​യ​ർ​പാ​വും​ജ​നം കൂ​ലി​ശ​രി​യാ​യി വാ​ങ്ങാ​ൻ
കൂ​ലി​ശ​രി​യാ​യി വാ​ങ്ങാ​ൻ
മേ​ലി​ലി​താ ഇൗ ​ചെ​െ​ങ്കാ​ടി പ​താ​കാ.
ക​ട​ലോ​ട്​ യു​ദ്ധം ചെ​യ്​​തൂടി​കി​ൻ മ​ര​ണ​പ്പെ​ടു​വാ​ൻ എ​ളു​പ്പം
മ​ര​ണ​പ്പെ​ടു​വാ​ൻ എ​ളു​പ്പം
അ​ട​രാ​ടി​ടും തൊ​ഴി​ലാ​ളി​ക​ളെ ജ​ല​ഭേ​രി പ​താ​കാ
ക​രി​ഞ്ച​ന്ത​ക്കാ​രെ ഒാ​ട്ടു​വാ​ൻ ഇ​നി​മേ​ൽ പ​താ​ക

മ​ര​ണ​പ്പെ​െ​ട്ടാ​ഴി​വോ​ളം ആ​ണ്​ മാ​ർ​ക്കി​സ​ക്കൊ​ടി​നീ​ളം
സാ​ക്ഷാ​ൽ മാ​ർ​ക്കി​സ​ക്കൊ​ടി​നീ​ളം
വ​ഞ്ചി​ത്തൊ​ഴി​ലാ​ൾ ​െഎ​ക്യം വേ​ണം എ​ന്നാ​ലെ സൗ​ഭാ​ഗ്യം
വ​ഞ്ചി​യും മു​ത​ലാ​ളി​മാ​രു​ടെ നി​ർ​ഭാ​ഗ്യം
പി​സി വ​ർ​ക്കേ​ഴ്​​സി​ൽ ക​ണ്ട ചെ​റു​സൗ​ഭാ​ഗ്യം
മ​ര​ണ​പെ​െ​ട്ടാ​ഴി​വോ​ളം....
കേ​ര​ള​ത്തി​െ​ൻ​റ ത​ണ​ൽ കൈ​വ​ന്നു ഇ​തി​നു​മു​മ്പ്​
കി​ട്ടാ​നു​ള്ള​ത്​ കി​ട്ടി സ​ഹ​ന​ക്ക​ടി​യി​ൽ
പ​രി​പൂ​ർ​ണ സം​ഭ​രി​ക്കും പ​ഴി​യി​ൽ
ചോ​പ്പെ​ന്ന കു​ട്ടി​ത​ത്ത ചി​ങ്കാ​ര​പാ​ട്ടു​ക​ൾ
കേ​ട്ടാ​ൽ ചോ​പ്പോ​ട്​ എ​തി​ർ​ക്കു​വാ​ൻ വ​രേ​ണ്ട പൊ​ന്നി​ഷ്​​ടാ...
മ​ര​ണ​പ്പെ​െ​ട്ടാ​ഴി​വോ​ളം....
വ​രൂ വ​രൂ വ​ഞ്ചി​ത്തൊ​ഴി​ലാ​ളി​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ നോ​ടാ​ൻ
പി​സി വ​ർ​ക്കേ​ഴ്​​സി​െ​ൻ​റ ത​ണ​ലി​ൽ അ​വ​കാ​ശ​ങ്ങ​ൾ നേ​ടാ​നാ​യി
വ​രൂ വ​രൂ...
ജീ​വി​ത​സാ​ധ​നം ​വാ​ണം​പോ​ലെ വി​ല​ക​യ​റു​ന്നു
ജീ​വി​ത ജോ​ലി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ന​മ്മു​ടെ നാ​ടി​ൻ ​െഎ​ക്യം വേ​ണം
ന​ല്ല​വ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പി​സി വ​ർ​ക്കേ​ഴ്​​സി​ൽ അ​ണി​അ​ണി​യാ​യി
വ​രൂ വ​രൂ.....
പൈ​ശാ​ചി​ക​മാം വ​ഞ്ച​ന​വേ​ല​യെ എ​തി​ർ​ക്കു​ക നാം ​അ​ണി​അ​ണി​യാ​യി
പ​ര​സ്യ​മാ​യ ചൂ​ഷ​ണ​ച​രി​തം ചെ​റു​ത്ത്​ നി​ൽ​ക്കാ​ൻ നാം ​അ​ണി അ​ണി​യാ​യി
പ​ര​മാ​ർ​ഥ​ങ്ങ​ൾ നാ​മ​റി​യാ​തെ ഇ​ഞ്ചി ഇ​ഞ്ചാ​യി ന​ശി​ച്ചി​ട​ലാ​യി
വ​രൂ വ​രൂ...

പ​ത്തേ​മാ​രി മു​ത​ലാ​ളി​മാ​രി​ൽ​നി​ന്നും സ്രാ​ങ്കു​മാ​രി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ (ഖ​ലാ​സി​ക​ൾ) നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളു​മാ​ണ്​ ഇ​തി​െ​ൻ​റ ഉ​ള്ള​ട​ക്കം. നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രെ സ​മ​ര​ത്തി​ന്​ ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ്​ ഇൗ ​ക​വി​ത. മാർക്​സിസ്​റ്റ്​ ആ​ശയങ്ങളെ കുറിച്ച പരാമർശങ്ങളും ഇതിൽ കാണാം. അ​ന്ന​ത്തെ സ​മ​ര​വേ​ദി​ക​ളി​ൽ ഇൗ ​പാ​ട്ട്​ ഒ​ഴി​ച്ചു​കൂ​ടാ​ൻ ആ​വാ​ത്ത​താ​യി​രു​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​മ്മു​ടെ ജോ​ലി സു​ര​ക്ഷി​ത​മാ​ക്കാ​ൻ നാ​ടി​െ​ൻ​റ ​െഎ​ക്യം വേ​ണം എ​ന്നാ​ണ്​ ഇൗ ​ക​വി​ത പ​റ​യു​ന്ന​ത്.

കേ​േ​ട്ടാ​ളിം സോ​ദ​രെ കൂ​ട്ട​ർ പൊ​ന്നാ​നി
സ്രാ​ങ്ക​ൻ​മാ​ർ ചെയ്യും അന്യാ​യ​മേ
ബ​ന്ധു​കു​ടും​ബ​ങ്ങ​​ളെ തോൽപിക്കുവാ​ൻ
സ്വ​ത്തു​ണ്ടാ​ക്കാ​ന​ഹ​ങ്കാ​ര​മേ
(കേ​േ​ട്ടാ​ളീ)
സാര​ങ്ങ​ൾ അ​ധ്വാ​ന​ഭാ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്നു.
സാര​മ​ല്ലാ​ത്ത മ​ര​ങ്ങ​ളും പേ​റു​ന്നു.
തൊ​ഴി​ലാ​ളി എ​േ​ട്ടാ​ളം ത​പ്പി​ട്ട്​ കോ​രു​ന്നു.
സ്രാ​ങ്ക​ൻ​മാ​ർ മെ​ത്ത​യി​ൽ ആ​ന​ന്ദം കൊ​ള്ളു​ന്നു.
വെ​ള്ളം വ​റ്റു​ന്നി​ല്ല. ക​ണ്ടാ​ലും സ്രാ​ങ്ക്​ എ​ണീ​ക്കു​ന്നി​ല്ല.
സ്രാ​ങ്ക്​ പ​റ​ഞ്ഞു മ​ല​പ്പ​ക്ക്​ പോ​ണെ​ന്ന്​
സാ​ര​മി​ൽ തൊ​ഴി​ലാ​ളി തെ​മ്മ​തി​ള​കു​ന്നു.
സ​ങ്ക​ട​ത്താ​ലെ ക​ര​ക്ക​വ​ൻ പോ​കു​ന്നു.
നാ​ലു​പേ​രും കൂ​ടി ചൂ​റ്റി ന​ട​ക്കു​ന്നു.
ക​ണ്ട​ല്ലോ ഇൗ​ർ​ച്ച​പ്പൊ​ടി അ​തു​ട​ൻ
കൊ​ണ്ട​ല്ലോ സം​ഘം കൂ​ടി.
സാ​രം പ​റ​യു​വാ​ൻ ഘേ​ര സ​മു​ദ്ര​ത്തി​ൽ
സാ​ധു​ക്ക​ൾ മു​ങ്ങി മ​ഞ്ചി​ൻ​റ​ടി​വാ​ര​ത്തി​ൽ
വി​ട്ട​ല്ലോ ഇൗ​ർ​ച്ച​പ്പൊ​ടി അ​തു​ട​ൻ
ചെ​ന്ന​ങ്ങ്​ ഒാ​ട്ടമൂ​ടി
അ​ന്ന്​ സു​ഖ​മാ​യി ഉൗ​ണു ക​ഴി​ഞ്ഞ്​
സ​ന്ധ്യ​ക്ക്​ പാ​വ​ങ്ങ​ൾ ഒ​ന്ന്​ ച​രി​ഞ്ഞ്​
സു​ബ​ഹി​ക്ക്​ തെ​ങ്ങ​ര​ക്കാറ്റു അ​ണ​ഞ്ഞ്​
സ്രാ​ങ്കി​നെ നാട്ടിവിടി കൂ​ട്ട​മാ​യ്​
ആ​ലാ​ത്തി വേ​ഗം പി​ടീ.
സാ​രം പ​റ​യു​വാ​ൻ സം​ഗ​തി ഏ​റെ​യു​ണ്ട്​
സ​മ്പാ​ദ്യം സ്രാ​​ങ്കി​െ​ൻ​റ ത​ല്ലു ഏ​റെ കൊ​ണ്ട്​
വാ​ർ​ത്താ ചു​രു​ക്കി​ടു​ന്നു. ഞാ​നാ​ദുഃ​ഖം മ​റ​ന്നി​ടു​ന്നു.

സ​മാ​ന ആ​ശ​യ​മു​ള്ള മ​റ്റൊ​രു ക​വി​ത ആണിത്​. ഇൗ ​പാ​ട്ടി​െ​ൻ​റ ര​ച​യി​താ​വ്​ ആ​രെ​ന്ന്​ കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ങ്കി​ലും ഇ​തി​ലെ വ​രി​ക​ൾ ക്ര​മ​പ്പെ​ടു​ത്തി​യ​തും ചി​ട്ട​പ്പെ​ടു​ത്തി​യ​തും പൊള്ള മൊയ്​തീൻ കാക്കയാ​ണ്. ഒരാളോ ഒരു കൂട്ടം ആളുകളോ ആകാം ഇതി​​​െൻറ യഥാർഥ രചയിതാക്കൾ. മാ​പ്പി​ള​പ്പാ​ട്ടി​ൽ ക​ത്തു​പാ​ട്ടും അ​തി​െ​ൻ​റ ആ​ലാ​പ​ന ശൈ​ലി​യും വ​രു​ന്ന​തി​ന്​ മു​േ​മ്പ, അ​തേ ശൈ​ല​യി​ൽ പാ​ട​പ്പെ​ട്ട പാ​ട്ടാ​ണ്​ ഇ​തെ​ന്ന്​ കെ.​എ. ഉ​മ്മ​ർ​കു​ട്ടി പ​റ​യു​ന്നു. പ​ത്തേ​മാ​രി​യു​ടെ മേ​ധാ​വി​യാ​ണ്​ സ്രാ​ങ്ക്. അ​യാ​ൾ​ക്ക്​ കീ​ഴി​ലാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ. പ​ത്തേ​മാ​രി യാ​ത്ര​ക്കി​ടെ, സ്രാ​ങ്കു​മാ​ർ ഖ​ലാ​സി​മാ​രോ​ട്​ ചെ​യ്യു​ന്ന അ​നീ​തി​ക​ളെ കു​റി​ച്ചാ​ണ്​ ‘‘കേ​േ​ട്ടാ​ളിം സോ​ദ​രെ കൂ​ട്ട​ർ പൊ​ന്നാ​നി സ്രാ​ങ്ക​ൻ​മാ​ർ അ​ന്യാ​യ​മേ’’ എന്ന്​ തുടങ്ങുന്ന ​പാ​ട്ട്.


ക​ട​ൽ​പാ​ട്ടി​ലെ സ​ർ​ക്കീ​ട്ട് ക​ഥ​ക​ൾ

സ​ഞ്ചാ​ര സാ​ഹി​ത്യം എ​ന്ന നി​ല​യി​ൽ മാ​പ്പി​ള​പ്പാ​ട്ടിൽ യാ​ത്ര​വി​വ​ര​ണം അ​ട​ങ്ങി​യ ധാ​രാ​ളം പാ​ട്ടു​ക​ൾ ഉ​ണ്ട്. പു​ലി​ക്കോ​ട്ടി​ൽ ഹൈ​ദ​റിെ​ൻ​റ ​െഷ​ാർ​ണൂ​ർ യാ​ത്ര, കോ​ലാ​ർ യാ​ത്ര, തി​രൂ​ർ യാ​ത്ര എ​ന്നി​വ വ​ള​രെ ജ​ന​കീ​യ​മാ​യി മാ​റു​ക​യു​ണ്ടാ​യി. അ​ല്ലു സാ​ഹി​ബിെ​ൻ​റ ശ്രീ​രം​ഗം യാ​ത്ര, കെ. ​മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ കോ​ലാ​ർ യാ​ത്ര, ഒ​റ്റ​ക​ത്ത് ആ​റ്റ​ക്കോ​യ ത​ങ്ങ​ളു​ടെ ഭ​ദ്ര​വ​തി സ​ർ​ക്കീ​ട്ട്, പി.​ടി. ബീ​രാ​ൻ​കു​ട്ടി മൗ​ല​വി​യു​ടെ ഹ​ജ്ജ് യാ​ത്ര എ​ന്നി​വയെ​ല്ലാം സ​ഞ്ചാ​ര സാ​ഹി​ത്യം എ​ന്ന ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന മാ​പ്പി​ള​പ്പാ​ട്ടു​ക​ളാ​ണ്.

ചു​റ്റി​യ​ടി​ക്കു​ക എ​ന്ന​ർ​ഥ​ത്തി​ൽ മ​ല​ബാ​റി​ൽ പ്ര​യോ​ഗി​ക്ക​പ്പെ​ടു​ന്ന വാ​ക്കാ​ണ് സ​ർ​ക്കീ​ട്ട് എ​ന്ന​ത്. ദീ​ർ​ഘ​യാ​ത്ര​ക​ളാ​യി​രു​ന്നി​ല്ല അ​തി​ൽ പ​ല​തും. സ​ഞ്ചാ​ര സൗ​ക​ര്യം പ​രി​മി​ത​മാ​യി​രു​ന്ന കാ​ല​ത്തെ ചെ​റു​യാ​ത്ര​ക​ൾ പോ​ലും അ​വ​ർ​ക്ക് അ​തി സാ​ഹ​സി​ക​മാ​യി​രു​ന്നു. പൊ​ള്ള മൊ​യ്​​തീ​ൻ​കാ​ക്ക​യും റ​സാ​ഖ്​ ഹാ​ജി​യു​മെ​ല്ലാം ഇ​ങ്ങ​നെ സ​ർ​ക്കീ​ട്ട്​ ന​ട​ത്തു​ന്ന​വ​രാ​യി​രു​ന്നു. അ​ങ്ങ​നെ യാ​ത്ര​യെ കു​റി​ച്ചും ക​ണ്ട കാ​ഴ്​​ച​ക​ളെ കു​റി​ച്ചും ധാ​രാ​ളം അ​വ​ർ എ​ഴു​തി. സ​ർ​ക്കീ​ട്ട്​ പാ​ട്ടു​ക​ളു​ടെ ഗ​ണ​ത്തി​ൽ പെ​ടു​ത്താ​വു​ന്ന പൊ​ള്ള മൊ​യ്​​തീ​ൻ​കാ​ക്ക​യു​ടെ ര​ണ്ട്​ ര​ച​ന​ക​ൾ ചു​വ​ടെ.

ആ​ദി​യാ​യ​വ​ൻ ഏ​ക​നാ​ൽ പൊ​ന്നാ​നി​യി​ൽ നി​ന്നാ​ണേ
ആ​ശ​യാ​ലെ​നി​ക്ക്​ കൊ​ച്ചി പോ​ക​ണ മെ​ന്നാ​ണേ
പൂ​തി മു​ൻ​കാ​ല​ത്ത​തു​ണ്ട്​ പോ​യി​ടാ​ൻ സാ​ദി​ക്ക​ക​ണ്ട്​
മാ​തി​രി ചി​ല​രെ​യും ക​ണ്ട്​ മ​ട്ട​വും ചോ​ദി​ക്ക​ലു​ണ്ട്​
ത​ഞ്ച​മേ​റി​യേ ഞാ​നും മ​ഞ്ചി​കേ​റി​യേ
ചെ​ന്ന്​ ചാ​വ​ക്കാ​ടി​റ​ങ്ങി ഉൗ​ണ​തും ക​ഴി​ഞ്ഞേ
പ​യ്യ​കാ​വോ​ടെ​ട്ടു മ​ണി ക​മ്പ​നി​യി​ലു​ദി​ച്ചെ
അ​പ്പോ ഇ​ര​ഞ്ച്​ പേ​ർ വ​ന്നെ​നേ​യും വി​ളി​ച്ചു
ഉ​ണ്ണി നി​ങ്ങ​ളെ നാ​ടെ​വി​ടെ
ഉ​ട​ൻ പ​റ​ഞ്ഞു ഞാ​ന​ണ്ട​േ​താ​ട്​
വ​ന്നി​രു​ന്ന​വ​​െ​ന​െ​ൻ​റ കൂ​ടെ കി​സ്സ ഒാ​മാ​തി​രി​ത​രം
മോ​രെ ചോ​ടെ ക​മ്പ​നീ തെ​റ്റി ഒ​ടു​വി​ൽ
ഞ​ങ്ങ​ളി​രു​ത്തീ ചു​റ്റി​യ​തി​നെ​ല്ല​നേ​രം
ഉ​ണ്ട്​ ഫാ​ഹി​ദോ​രെ
പൂ​രി​ത​പ്പെ​ട്ടു​ള്ള മ​ഞ്ച​ലാ​ൽ ഉൗ​ത​കേ​ട്ടു ഞാ​നേ
മു​ട്ടി വേ​ഗം മ​ഞ്ചി​ൽ ക​യ​റി മൂ​ന്ന്​ പേ​​ര​ല്ലാ​തെ
മ​റ്റു​കാ​രെ ക​ണ്ടു കൂ​ട​യും മ​റ്റു​ക​ര ഞാ​ൻ ക​ണ്ട​പാ​ടെ
ക​ണ്ടു ത​നാ​തു​രു​ത്തീ നാ​മം വി​ണ്ട​യി​ട​ത്തു​തു​ത്തീ
ഇ​ട​തു​രു​ത്തി​യി​ൽ ഇ​റ​ങ്ങി ചാ​യ​കു​ടി​ച്ചു
മ​ഞ്ഞാ​ന​ക​മേ ഹി​തം​പോ​ൽ ചാ​യ
കു​ടി​ക്കാ​ൻ ത​ക്ക ഇ​ട​മി​ല്ലാ​തെ ഉ​ഴ​ഞ്ഞേ
പ​തി ക​ല്ലി​ക്കോ​െ​ട്ട മെ​യ്​​തീ​ൻ​കോ​യ
അ​റി​യാ​ൻ കു​റി​ത്തെ അ​വ​ർ​ക്കും മ​റ്റു
സ്​​നേ​ഹി​ത​ർ​ക്കും സ​ലാ​മി​ത്തീ​ട്ടി​യ​ച്ചേ


പൊ​ന്നാ​നി​ക്കാ​ര​നാ​യ പൊ​ള്ള മൊ​യ്​​തീ​ൻ​കാ​ക്ക​ക്ക്​ കൊ​ച്ചി കാ​ണാ​നു​ള്ള മോ​ഹ​വും അ​ത്​ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​വും പ​ങ്കു​വെ​ക്കു​ക​യാ​ണ്​ ഇൗ ​ക​വി​ത​യി​ലൂ​ടെ. വ​ഞ്ചി​യി​ലാ​ണ്​ അ​ദ്ദേ​ഹം കൊ​ച്ചി​യി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​ത്. കൊ​ച്ചി​ കാ​ണാ​ൻ താ​ൻ ഒ​രു പാ​ട്​ കാ​ല​മാ​യി മോ​ഹി​ക്കു​ന്നു. കൊ​ച്ചി ക​ണ്ട പ​​ല​േ​രാ​ടും ആ ​നാ​ടി​നെ കു​റി​ച്ച്​ ഞാ​ൻ ചോ​ദി​ക്കാ​റു​ണ്ട്. കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​​​​ത്ര​യെ കു​റി​ച്ചാ​ണ്​ ഇൗ ​ര​ച​ന എ​ങ്കി​ൽ കൊ​ച്ചി​യി​ലെ കാ​ഴ്​​ച​ക​ളി​ലേ​ക്കാ​ണ്​ അ​ടു​ത്ത ക​വി​ത.

ആ​ദി ബസ്​മല -സ്​​തു​തി ഹം​ദും സ​ലാ​വ​ത്തും
ആ​രം​ഭം ത​ങ്ങ​ളി​ൽ കു​​റെ ന​ബി​ക്കൊ​രു​മ്മ
വീ​ണ്ടും അ​ബൂ​ദാ​ബും സ​ബൂ​ക​ർ​ക്കും അ​ട​ങ്ക​ൽ​കു​മേ
ഒാ​തി ഞാ​ൻ കു​റി​ക്കു​ന്നെ ഹ​ബീ​ബാ​യ മെ​യ്​​തീ​ൻ ഞാ​ൻ
ഒാ​മ​ന എ​തൈ മൊ​യ്​​തീ​ൻ സ്രാ​ങ്കു​ള​ത്ത്​
ക​ണ്ട വി​മാ​ന​ത്തി​െ​ൻ​റത​ർ​പ്പ​ങ്ങ​ൾ
പ​റ​യ​വാ​ൻ മ​െ​ട്ട
ചെ​ല്ലു​ന്ന​തി​െ​ൻ​റാ​രാ​ത്ഭു​ത​ങ്ങ​ൾ കേ​ൾ​ക്ക
ശ​റ​ഫ​ഞ്ച്​ ശ​റ​ഫോ​ടി​മ്പ​മേ​ക​വ​ർ​ക്ക്​
വ​ല്ല​തൊ​രു തി​രി​യു​ന്ന പ​ങ്ക​ത​ൻ മു​ന്നി​ലെ
വ​ല്ലാ​ത്തൊ​രു ഡ്രൈ​വ​റു​ണ്ട​തി​ൽ ത​ന്നി​ലെ
തെ​ല്ലി​ന്​ മീ​തെ ചി​റ​കു​ണ്ട​തി​ൽ താ​നെ
തേ​യു​സ്സ​ന​മാ​താ ന​ബി​െ​ൻ​റ പൊ​ന്നു​മോ​നെ
വ​ല്ലാ​ത്ത ച​ക്ര​മു​ന്ന തു​ണ്ട​ൻ അ​ടി​യി​ലെ
വ​രാ കോ​ട​വും വ​ഴി​പോ​ക്കി​ന്ന​തും ശ​റ​ഫി​ലെ
ശ​റ​ഫ​ഞ്ചി​നെ പ​റ​ഞ്ഞാ​ൽ ഒ​ടു​ക്ക​മ​തി​ല്ലെ
ശ​രി​യാ​യ സം​ഗ​തി പി​ന്നെ​യും കു​​റേ ചൊ​ല്ലി
ന​ഗ​ര​ത്തി​ലു​ണ്ട​തി സാ​ര​മേ പ​ട്ടാ​ളം
നി​റ​ത്തോ​ക്ക്​ കു​ന്തം പാ​റ​മേ കെ​ട്ടാ​ളോ
പ​ര​ക്കേ പ​ടി​ച്ച്​ ക​വാ​ത്തും മ​റ്റും ജോ​റ്​
ചി​ല​തൊ​ക്കെ ക​ണ്ടു​ഞാ​ൻ ചി​ന്ത​യി​ൽ പ​റ​യ​വേ
ഹൈ​റാ​നി​യ​ത്താ​ൽ ഹൈ​യ്​​മി​ട്ടും ഞാ​നേ
അ​ത്​ ദേ​ശ​വും അ​തി​ൽ ചു​റ്റി​യും ഞാ​ന​ട​ന്നാ​നേ
മൈ​താ​നി വി​ട്ട​താ പോ​ണ്​ കു​ഞ്ഞി​ക്കോ​യ
മ​ക്കാ​നി​യി​ലെ​ത്തി​ ചേ​ർ​ന്ന്​ ഞ​ങ്ങ​ൾ ചാ​യ
ഹ​ബീ​ബും അ​വീ​ബും എ​ൻ അ​കി​ബി​ല്​ സു​മ്മ
ഒാ​തി മൊ​യ്​​തീ​ൻ അ​ല്ലാ​മും സ​ലാ​മാ


കൊ​ച്ചി​യി​ൽ വി​മാ​നം ഇ​റ​ങ്ങി​യ കാ​ല​ത്ത്​ അ​ത്​ കാ​ണാ​ൻ പോ​യ ക​ഥ വി​വ​രി​ക്കു​ക​യാ​ണ്​ പൊ​ള്ള മൊ​യ്​​തീ​ൻ​കാ​ക്ക. ദൈ​വ​ത്തി​ന്​ ന​ന്ദി അ​വ​ർ​പ്പി​ച്ചു​കൊ​ണ്ടും പ്ര​വാ​ച​ക​നോ​ടു​ള്ള സ്​​നേ​ഹം പ്ര​ക​ടി​പ്പി​ച്ചു​മാ​ണ്​ ഇൗ ​ക​വി​ത തു​ട​ങ്ങു​ന്ന​ത്. പ്ര​ണ​യ​ത്തെ​യും പ്ര​ണ​യ നൈ​രാ​ശ്യ​ത്തെ​യും കു​റി​ച്ചാ​ണെ​ങ്കി​ൽ പോ​ലും ദൈ​വ​ത്തെ​യും പ്ര​വാ​ച​ക​നെ​യും സ​്​മ​രി​ച്ചു തു​ട​ങ്ങു​ക എ​ന്ന​ത്​ മാ​പ്പി​ള​പ്പാ​ട്ടു​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട ശൈ​ലി​യാ​ണ്. ഇ​തി​ന്​ ശേ​ഷ​മാ​ണ്​ വി​മാ​ന​ത്തി​െ​ൻ​റ പ​ങ്ക​യെ​യും ച​ക്ര​ത്തെ​യും കു​റി​ച്ച്​ മൊ​യ്​​തീ​ൻ​കാ​ക്ക വി​വ​ര​ണം ന​ട​ത്തു​ന്ന​ത്. വി​മാ​നം ക​ണ്ട ശേ​ഷം കൊ​ച്ചി ന​ഗ​ര​ത്തി​ലൂ​െ​ട ന​ട​ന്ന അ​ദ്ദേ​ഹം അ​വി​ടെ തോ​ക്കും കു​ന്ത​വും പി​ടി​ച്ച പ​ട്ടാ​ള​ത്തെ ക​ണ്ട കാ​ര്യ​വും ഇ​തി​ൽ കു​റി​ക്കു​ന്നു. എ​ല്ലാം ചു​റ്റി ക​ണ്ട ശേ​ഷം അ​വ​സാ​നം മ​ക്കാ​നി​യി​ൽ പോ​യി ഒ​രു ചാ​യ കു​ടി​ച്ച ക​ഥ കൂ​ടി പ​റ​ഞ്ഞാ​ണ്​ അ​ദ്ദേ​ഹം ത​െ​ൻ​റ യാ​ത്രാ വി​വ​ര​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. മാപ്പിളപ്പാട്ട്​ കവികൾ പലരും തങ്ങളുടെ രചനകളിൽ പേരും എഴുതിയ കാലവും ഒക്കെ ചേർക്കാറുണ്ട്​. ഇൗ കവിതയിൽ ത​​​െൻറ പേര്​ ​മൊയ്​തീൻകാക്ക പരാമശർശിക്കുന്നുണ്ട്​.

ഫ​ത്താ​ഹിം ഖുദ്​​​റ​ത്തി​ൽ വി​താ​നെ​ൻ പൂ​ക​ൾ തേ​ട്ടം
ഫ​ത്ത​ഹു​ൽ സ​മ​ദാ​നന്ന പ​ത്തേ​മാ​രി​ത​ൻ ഒാ​ട്ടം
ആ​ന​ന്ദ മൈ​ലാ​ട്ടം ^ആ​ന​ന്ദ മൈ​ലാ​ട്ടം (പ​ത്താ​ഹിം
മെ​ത്തേ പ​തി പൊ​ന്നാ​നി​യി​ലേ​ക്കു​പ്പ്​ ക​യ​റ്റി​യേ
എ​ത്താ​നി​താ റ​ബ്ബോ​ട്​ ദു​അാ ഞ​ങ്ങ​ൾ ചാ​ർ​ത്തി​യേ
സു​ത്ത​ൻ നി​ധി​യും സ്രാ​ങ്ക്​ അ​സൈ​നാ​രു​ട്ടി തേ​ട്ടം
ത​യ്യാ​റു മ​ഹാ​ദേ​വ​ശ​ക്​​തി ഉ​ൾ​കി​ലാ​സി​ക​ൾ

ഹയ്യാ​യ​വ​െ​ൻ​റ ഉ​ദ​വി​യെ തേ​ടു​ന്നു പാ​പി​ക​ൾ
ഒ​യ്യാ​തെ മെ​ച്ച​മാ​യ കാ​റ്റ്​ കി​ട്ടു​വാ​ൻ തേ​ട്ടം
കീ​ർ​ത്തി മി​ക​ന്ത ഏ​ഴ്​ പാ​യ്​​നി​റ​ച്ച്​ റീ​ഹ്​​ക​ൾ
കേ​മി​ച്ച്​ വി​ത​യ​പ്പെ​ടു​ത്തു​വാ​ൻ ഉ​രൈ ഞ​ങ്ങ​ൾ
പ്രാ​ർ​ഥി​ച്ചി​ടും നീ ​നി​റ​വേ​റ്റി ത​രു​തേ​ട്ടം.
ഫ​ത്ത​ഹു​സ​മ്മാ​ൻ എ​ന്ന പ​ത്തേ​മാ​രി​യു​ടെ ഒാ​ട്ടം

പൊ​ള്ള മൊ​യ്​​തീ​ൻ​കാ​ക്ക​യു​ടെ സ​മ​കാ​ലി​ക​ൻ ആ​യി​രു​ന്നു റ​സാ​ഖ്​ ഹാ​ജി. പാ​ട്ട്​ ര​ചി​ക്കു​ന്ന​തി​ന്​ പു​റ​മെ, നേ​ര​ത്തെ കേ​ട്ട്​ പോ​ന്നി​രു​ന്ന പാ​ട്ടു​ക​ളെ ക്ര​മ​പ്പെ​ടു​ത്താ​നും അ​ദ്ദേ​ഹം മി​ടു​ക്ക്​ കാ​ട്ടി​യി​രു​ന്നു​വ​ത്രെ. അ​ദ്ദേ​ഹം പ​ത്തേ​മാ​രി​യി​ൽ ഹ​ജ്ജി​ന്​ പോ​യി മ​ട​ങ്ങിവ​രു​ന്ന​തി​നെ സം​ബ​ന്ധി​ച്ചാ​ണ്​ ഇൗ ​ക​വി​ത. ഫ​ത്ത​ഹു​ൽ സ​മ​ദാ​ൻ എ​ന്ന പ​ത്തേ​മാ​രി​യി​ൽ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െ​ൻ​റ യാ​ത്ര. യാ​ത്ര​ക്ക്​ അ​നു​കൂ​ല​മാ​യ കാ​റ്റ്​ കി​ട്ടു​വാ​നും അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കു​വാ​നും ദൈ​വ​ത്തോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണ്​ ഇൗ ​പാ​ട്ടി​ലൂ​ടെ. ആ നിലക്ക്​ ഇതൊരു പ്രാർഥനാ ഗീതമാണ്​.

അ​റി​വീ​നി​മ്പി​റാ​ഹീ​മി​െ​ൻ​റ സ്​​ഥ​ല​ത്ത്​
കാ​ദൻ​മാ​ർ പാ​ർ​ക്കും വ​ഴ​ക​ട​വ​ത്ത്​
നാ​ണ​വും മാ​ന​വു​മി​ല്ലാ​ത്ത മു​​ള്ളാ
മാ​തൂ​റാ​നു​മ്പാ​വ എ​ന്നു​ള്ള ക​ള്ളാ

ഞാ​ന​ത്ത​മെ​ന്ന ന​ടി​പ്പും ന​ടി​ച്ച്​
ആ​ർ​ക്കും ഞാ​നു​ണ്ടെ​ന്ന്​ മീ​ശ വ​ലി​ച്ച്​
വ​ശി​കെ​ട്ട കാ​ര്യ​സ​ഭ കൂ​ടി​യി​രു​ന്നു
ബ​ദ​റി​ൽ ത​മീ​മും മൗ​ലു​ദു​മു​തി​ർ​ന്നു
പോ​രി​ശ​മൗ​ലൂ​ദും ക​ഴി​ഞ്ഞേ പി​ന്നേ
പ​ല​പ​ല ഒ​ചീ​നം വെ​ച്ച​ഹ​രി​രു​ന്നേ

ഇ​രു​ന്ന​തി​ലു​ണ്ടൊ​രു ഇ​റ​ച്ചി​യും ചാ​റും
അ​തി​ശ​യ​മാ​യൊ​രു കാ​ച്ചി​യ മോ​രും
ഒ​രു​വി​ധം ന​ല്ലൊ​രു നീ​ണ്ടൊ​രു ചാ​റും
ചാ​റ്റി​നാ​യ്​ ഗു​ണ​മു​ള്ള വാ​യ്​​ക ച​മ്മ​ന്തി
ത​ർ​ക്ക​ങ്ങ​ൾ ഇ​വ​ർ​കു​ല്ലം ഇ​തി​ന്​ വേ​ണ്ടി
എ​ര​പ്പി​ന്​ ഏ​മം​കാ​ട്ടി​യി​ട്ടി​റ​ച്ചി വാ​രി
അ​തു ക​ണ്ടി​ട്ടി​സ​റാ​ബി​ൻ മ​ക​നും ചാ​ടി
ചാ​ടി​യു​ട മൂ​സ​യെ​ളു​ന്തേ,
‘‘ചാ​യീ​ണ ത​ച്ച​ത്​ ന​മ്മ​ക്ക്​ ചോ​ദി​ക്ക വേ​ണ​മെ​ടോ’’
അ​ല്ല​ങ്കി​ലോ​മ​ന മീ​ശ​ക​ളെ​ല്ലാം പ​റി​ച്ച്​ ക​രി​ച്ചി​ട​ലാം’’
‘‘പ​റി​പ്പാ​മോ​നേ,
നീ​യി​വി​ടെ നി​ക്ക്​
കൂ​ന​ൻ പ​രീ​കു​ട്ടീ​നെ,
ബാ​പ്പാ കു​ല ചെ​യ്യ​െ​ട്ട’

അ​പ്പോ​ൾ ഏ​റി​വ​ന്തു​ള്ള കൂ​റ​യോ​ട​വ^
നീ​റ ചീ​റി​ട​ലാ​യ്​
മു​ക്കോ​ര​ണി​യെ​ല്ലാം ഒ​രു​ങ്ങീ​ട​ലാ​യ്​
മു​ന്തീ ക​ട​പ്പു​റ​ത്തെ​ണീ ചേ​ര​ലാ​യ്​
ചാ​ടി​യ​ടി​ച്ച​പ്പോ​ൾ ഒ​ടീ​യ​ൻ കു​ട്ടി
പാ​ണ്ടീ മൊ​യ്​​തീ​െ​ൻ​റ ത​ല​യും പൊ​ട്ടി
പൊ​ട്ടീ അ​ത്​ മു​ള്ളം പൗ​റ്​ ക​ണ്ട്​
ത​ട്​​ത്താ​ൻ അ​വ​ൻ പോ​യി​െ​ട്ട​ടു​ത്താ​ൻ ത​ണ്ട്​

എ​ടു​ത്ത​താ​ൻ ത​ണ്ടെ​ടു​ത്ത​തും
ര​ണ്ട്​ കൊ​ടു​ത്ത​തും ന​ല്ല ത​ര​ത്തി​ലാ​യ്​
വെ​ടി​ക്കാ​ര​ൻ ഹൈ​ദ്ര​സ്​ ബ​യി കൊ​ടു​ത്ത​ല്ലോ ചെ​ണ്ട പൊ​രു​തു​വാ​ൻ
ക​ത്തും കൊ​ണ്ടു ​പു​റ​പ്പെ​ട്ടു

ചെ​റി​യ​ന​മ്മ​തും കു​റേ ജ​ന​ങ്ങ​ളും
തെ​ര​ക്കി​ന​ട​ന്ന​വ​നെ​ത്തി​യേ
ക​ത്തു​കൊ​ടു​ത്ത​ല്ലോ ചെ​ണ്ട പൊ​രു​തു​വാ​ൻ.
ഭൂ​േലാകത്ത്​ വെച്ചുള്ള പലേ കഷ്​ടം
ങ്ങളായ പുലിക്കുട്ടികൾ
ചൊത്തി ചുണ്ടൻ മക്കി​​​െൻറ പക്കറു
കറുത്ത ഒൗളയും വരവായ്​

പൊ​ന്നാ​നി​യി​ലെ ത​ന്നെ ര​ണ്ട്​ പ്ര​ദേ​ശ​ത്തു​കാ​ർ ത​മ്മി​ൽ ന​ട​ന്ന ഒ​രു സം​ഘ​ർ​ഷ​ത്തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​ത​പ്പെ​ട്ട​താ​ണ്​ ഇൗ ​ക​വി​ത. പൊള്ള മൊയ്​തീൻകാക്കയാണ്​ രചയിതാവ്​. സം​ഘ​ർ​ഷ​ത്തി​െ​ൻ​റ തീ​വ്ര​ത വി​വ​രി​ക്കാ​ൻ ത​ക്ക ഭാ​ഷ​യി​ലാ​ണ്​ ഇ​തി​െ​ൻ​റ ര​ച​ന. ക​ലാ​പ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ഇ​രു പ​ക്ഷ​ത്തെ​യും ആ​ളു​ക​ളെ പേ​രെ​ടു​ത്ത്​ പ​രാ​മ​​ർ​ശി​ക്കു​ന്നു​ണ്ട്​ ഇ​തി​ൽ. സം​ഘ​ർ​ഷ​ത്തി​ൽ ആ​ളു​ക​ൾ​ക്ക്​ പ​രി​ക്ക്​ പ​റ്റി​യ​തും മ​റ്റും ഇ​തി​ൽ വാ​യി​ക്കാം

ക​ട​ലും മാ​പ്പി​ള​പ്പാ​ട്ടും

ക​ട​ലും ക​പ്പ​ലും ക​പ്പ​ൽ യാ​ത്ര​യും വ​ഞ്ചി യാ​ത്ര​യു​മൊ​ക്കെ മാ​പ്പി​ള​പ്പാ​ട്ടി​ൽ ത​ന്നെ ധാ​രാ​ളം വ​ന്നി​ട്ടു​ണ്ട്. മ​ല​ബാ​റി​ലെ മാ​പ്പി​ള ജീ​വി​ത​ത്തി​ന് ക​ട​ലു​മാ​യും ക​ട​ൽ യാ​ത്ര​ക​ളു​മാ​യും അ​ത്ര​മേ​ൽ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​കാം അ​തി​ന് കാ​ര​ണം. പൗ​രാ​ണി​ക​വും ആ​ധു​നി​ക​വു​മാ​യ മാ​പ്പി​ള​പ്പാ​ട്ട് കാ​വ്യ​ങ്ങ​ളി​ലൊ​ക്കെ ത​ന്നെ​യും ക​ട​ലും ക​ട​ൽ യാ​ത്ര​യും വി​ഷ​യ​മാ​യി വ​ന്നി​ട്ടു​ണ്ട്.

മാ​പ്പി​ള​പ്പാ​ട്ടി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന, രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട കൃ​തി​ക​ളി​ലൊ​ന്നാ​ണ് മ​ഹാ​ക​വി കു​ഞ്ഞാ​യി​ൻ മു​സ്​​ലി​യാ​രു​ടെ ക​പ്പപ്പാ​ട്ട്. മ​നു​ഷ്യ ശ​രീ​ര​ത്തെ ഒ​രു പാ​യ​ക്ക​പ്പ​ലിനോട്​ ഉ​പ​മി​ച്ചാ​ണ് അ​ദ്ദേ​ഹം ഈ ​കാ​വ്യം ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പാ​യ​ക്ക​പ്പ​ലിെ​ൻ​റ ആ​കൃ​തി, ഉ​പ​ക​ര​ണ​ങ്ങ​ൾ, ക​ട​ൽ യാ​ത്ര, തീ​ര​മ​ണി​യ​ൽ, ക​ട​ൽ ദു​ര​ന്ത​ങ്ങ​ൾ തു​ട​ങ്ങി​യ എ​ല്ലാ​ത്തി​നെ​യും മ​നു​ഷ്യ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​കൃ​തി. ക​വി​യു​ടെ സൂ​ഫി സ​ർ​ഗ​ചേ​ദ​ന ത​ന്നെ​യാ​ണ് ഈ ​കാ​വ്യ​ത്തിെ​ൻ​റ മൊ​ത്തം ഉ​ള്ള​ട​ക്കം. ക​പ്പ​ലോ​ട്ട​ങ്ങ​ളു​ടെ ഒ​രു ഇ​മേ​ജ​റി ആ​ണു അ​തി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ലോ​കം ക​ട​ലും ശ​രീ​രം ക​പ്പ​ലും ആ​ത്മാ​വ് ക​പ്പി​ത്താ​നു​മാ​ണ് എ​ന്ന് ക​പ്പ​പ്പാ​ട്ട് സ​ങ്ക​ൽ​പി​ക്കു​ന്നു. ആ ​അ​ർ​ഥ​ത്തി​ൽ വി​ശാ​ല​മാ​യ ദാ​ർ​ശ​നി​ക​ത മു​ന്നോ​ട്ട് വെ​ക്കു​ക കൂ​ടി​യാ​ണ് ഈ ​കൃ​തി. അ​റ​ബി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ ആ​ദ്യ ദാ​ർ​ശ​നി​ക കാ​വ്യ​വും സി​മ്പോ​ളി​ക് കാ​വ്യ​വു​മാ​യി ക​പ്പ​പ്പാ​ട്ടി​നെ നി​രീ​ക്ഷി​ച്ച​വ​രു​ണ്ട്.

6
സി.ഇ 1738–1786 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് മാപ്പിളമഹാ കവി കു​ഞ്ഞാ​യി​ൻ മു​സ്​​ലി​യാ​ർ ജീ​വി​ച്ചി​രു​ന്ന​ത്. ത​ല​ശ്ശേ​രി​യി​ൽ ജീ​വി​ക്കു​ക​യും പൊ​ന്നാ​നി​യി​ൽ പ​ഠി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശൈ​ഖ് നൂ​റു​ദ്ദീ​ൻ മ​ഖ്മൂ​ദിെ​ൻ​റ ദ​ർ​സി​ൽ (പള്ളികൾ കേന്ദ്രീകരിച്ചുള്ള മതപാഠശാല) വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം ക​പ്പ​പ്പാ​ട്ട് ര​ചി​ക്കു​ന്ന​ത്. പൊ​ന്നാ​നി​യു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തിെ​ൻ​റ ആ​ണി​ക്ക​ല്ലാ​യി​രു​ന്നു പാ​യ​ക്കപ്പ​ലും വ​ഞ്ചി​ക​ളും പ​ത്തേ​മാ​രി​ക​ളും. അ​റ​ബി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ നാ​ടു​ക​ളി​ൽ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​രും സ​ഞ്ചാ​രി​ക​ളും ഈ ​നാ​ടി​ലേ​ക്ക് നി​ര​ന്ത​രം ക​ട​ൽയാ​ത്ര​ക​ളി​ലൂ​ടെ ക​ട​ന്നു​വ​ന്നു. മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ത​ുറമു​ഖ​മാ​യി പൊ​ന്നാ​നി പി​ന്നീ​ട് വി​ക​സി​ക്കു​ക​യും ചെ​യ്തു. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി–​ഇ​റ​ക്കു​മ​തി കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റി. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൽ മാ​ർ​ഗം ക​പ്പ​ലും ക​ട​ൽ യാ​ത്ര​ക​ളും ആ​യ​ത് കൊ​ണ്ട് ത​ന്നെ​യാ​വ​ണം കു​ഞ്ഞാ​യി​ൻ​മു​സ്​​ലി​യാ​ർ ജീ​വി​ത​ത്തിെ​ൻ​റ രൂ​പ​ക​മാ​യി ക​പ്പ​ലി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വാ​യ​ന​ക്കാ​രു​മാ​യി ഏ​റ്റ​വും ശ​ക്ത​മാ​യി സം​വ​ദി​ക്കാ​ൻ അ​തു വ​ഴി സാ​ധി​ക്കും എ​ന്ന് ക​വി തി​രി​ച്ച​റി​ഞ്ഞി​രി​ക്ക​ണം.

മാ​പ്പി​ള​ക​വി​ക​ളി​ൽ ഉ​ന്ന​ത സ്​​ഥാ​നീ​യ​നാ​യ മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​രും (1852–1892) ക​പ്പ​ൽ യാ​ത്ര​യെ കു​റി​ച്ച് എ​ഴു​തി​യി​ട്ടു​ണ്ട്. വൈ​ദ്യ​രു​ടെ സ​മാ​കാ​ലി​ക​ൻ ആ​യി​രു​ന്ന മാ​പ്പ​ള ക​വി ചേ​റ്റു​വാ​യ് പ​രീ​ക്കു​ട്ടി​യും (1848–1886) വ​ഞ്ചി, ക​ട​ൽ യാ​ത്ര​ക​ൾ പ്ര​മേ​യ​മാ​ക്കി ക​വി​ത​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണം മു​ന്നി​ൽ ക​ണ്ട് പൊ​ന്നാ​നി​യി​ൽ നിന്ന്​ ചേ​റ്റു​വാ​യി​ലേ​ക്ക് മ​ട​ങ്ങ​വെ വ​ഞ്ചി​യി​ൽ വെ​ച്ചാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങ​ൽ ഗാ​നം ര​ചി​ക്കു​ന്ന​ത്.7 20ാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ച് മ​രി​ച്ച മാ​പ്പി​ള​ക​വി പി.​ടി. ബീ​രാ​ൻ​കു​ട്ടി മൗ​ല​വി​യു​ടെ ഹ​ജ്ജ് യാ​ത്രാ കാ​വ്യ​ത്തി​ലും ക​പ്പ​ൽ യാ​ത്ര​യെ കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ട്. പ്ര​സി​ദ്ധ​നാ​യ മ​റ്റൊ​രു മാ​പ്പി​ള​ക​വി പു​ലി​ക്കോ​ട്ടി​ൽ ഹൈ​ദ​ർ മ​ക്ക​യി​ലേ​ക്ക് അ​യ​ച്ച ക​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ ത​​െൻ​റ ഹ​ജ്ജ് യാ​ത്ര കാ​വ്യം ബീ​രാ​ൻ​കു​ട്ടി മൗ​ല​വി എ​ഴു​തു​ന്ന​ത്. ക​ട​ൽയാ​ത്ര​യി​ൽ നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് ഈ ​ക​വി​ത​യി​ൽ പ​റ​യു​ന്ന​ത്. 8

‘‘നോ​ട്ടം പ​ശ്ചി​മ തീ​രം മ​ഴ​ക​ളാ​ൽ
നേ​ട്ടം ചെ​യ്തി​ടും കാ​റ്റും കോ​ളും കു​റേ
നൊ​ന്തും ക​പ്പ​ലി​ൻ ഉ​ന്തും രം​ഗ​മെ
ചി​ത്ര​മ​തെ​ത്ര​യും മി​ത്ര​രെ പ​ത്ര​മി​ൽ
വ​ർ​ണി​ക്ക​ൽ കു​ടു​ങ്ങും
വി​ധം ശ​ബ്​ദം ക​ർ​ണ​ത്തി​ൽ മു​ഴ​ങ്ങും...’’

ക​ട​ൽപാ​ട്ടു​ക​ൾ മാ​പ്പി​ള​പ്പാ​ട്ടോ?

മാ​പ്പി​ള​പ്പാ​ട്ടി​െൻ​റ ശാ​ഖ​ക​ളാ​യി ഗണിക്കപ്പെടുന്നവയി​​ലൊ​ന്നും പെ​ടാ​ത്ത ഒ​രു വി​ഭാ​ഗ​മാ​യി വേ​ണം പൊ​ന്നാ​നി​യി​ലെ പ​ത്തേ​മാ​രി​ക്കാ​ലം രൂ​പ​പ്പെ​ടു​ത്തി​യ ക​ട​ൽ​പാ​ട്ടു​ക​ളെ വി​ല​യി​രു​ത്താ​ൻ. മാ​പ്പി​ള​പ്പാ​ട്ടിെ​ൻ​റ ഇ​ശ​ൽ (ഈ​ണ​ത്തി​ലെ താ​ള​ക്ര​മം), പ്രാ​സ നി​യ​മ​ങ്ങ​ൾ (ക​മ്പി, ക​ഴു​ത്ത്, വാ​ൽ​ക​മ്പി, വാ​ലു​മ്മ​ൽ ക​മ്പി) എ​ന്നി​വ അ​ട​ക്ക​മു​ള്ള ഉ​പ​ദാ​ന​ങ്ങ​ൾ പാ​ലി​ച്ചാ​ണോ ക​ട​ൽ​പാ​ട്ടു​ക​ൾ ര​ചി​ക്ക​പ്പെ​ട്ട​ത് എ​ന്ന്​ പ​റ​യേ​ണ്ട​ത് ഈ ​വി​ഷ​യ​ത്തി​ൽ അ​വ​ഗാ​ഹ​വും കൈ​ത​ഴ​ക്ക​വു​മു​ള്ള​വ​രാ​ണ്. എ​ങ്കി​ൽ ത​ന്നെ​യും മാ​പ്പി​ള​പ്പാ​ട്ടിെ​ൻ​റ ഇ​ശ​ലു​ക​ളി​ലാ​ണ് ഇ​വ പാ​ടി​പ്പോ​ന്നി​രു​ന്ന​ത് എ​ന്ന് പൊ​ന്നാ​നി​യി​ലെ പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. പ​ഴ​യ വ​ഞ്ചി​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രു​ടെ​യും മ​ന​സ്സി​ൽ ഈ ​ഈ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ത്തു​പാ​ട്ടിെ​ൻ​റ​യും പ​ട​പ്പാ​ട്ടിെ​ൻ​റ​യും ഒ​ക്കെ ശൈ​ലി​യി​ൽ ആ​ണ് അ​വ​ർ ഇ​ത് ആ​ല​പി​ക്കു​ന്ന​ത്. മാപ്പിളപ്പാട്ടി​​​െൻറ ഇശൽ-പ്രാസ നിയമങ്ങൾ ഇൗ രചനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന്​ ഇൗ പാട്ടുകൾ പരിശോധിച്ച മാപ്പിളപ്പാട്ട്​ നിരൂപകൻ അഷ്​റഫ്​ കൊണ്ടോട്ടി പറയുന്നു.

‘‘മാ​പ്പി​ള​പ്പാ​ട്ടി​ൽ സം​ഗീ​ത​ത്തി​നാ​ണ് മു​ൻ​തൂ​ക്കം. ഒ​രു പാ​ട്ട് മാ​പ്പി​ള​പ്പാ​ട്ടാ​ണോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള ഉ​പാ​ധി​ക​ളി​ൽ പ്ര​ധാ​നം അ​ത് പാ​ടി​ക്കേ​ൾ​ക്കു​ക എ​ന്ന​താ​ണ്’’.9 സ​ങ്ക​രഭാ​ഷ​യി​ലാ​ണ് പ​ഴ​യ​കാ​ല മാ​പ്പി​ള​പ്പാ​ട്ടു​ക​ളി​ൽ മി​ക്ക​തും ര​ചി​ക്ക​പ്പെ​ട്ട​ത്. മ​ല​യാ​ള​വും അ​റ​ബി​യും ത​മി​ഴും സം​സ്​​കൃ​ത​വും പേ​ർ​ഷ്യ​നും ഒ​ക്കെ അ​തി​ൽ ക​ട​ന്നു​വ​ന്നു. ഇ​തോടൊപ്പം പ്രസിദ്ധീകരിക്കുന്ന പ​ല ക​ട​ൽ​പാ​ട്ടു​ക​ളി​ലും ഈ ​സ​ങ്ക​രഭാ​ഷാ സാ​ന്നി​ധ്യം ക​ണ്ടെ​ടു​ക്കാ​നാ​കും. മ​ല​യാ​ളഭാ​ഷ​യി​ൽ ത​മി​ഴ് ചു​വ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഹി​ന്ദു​സ്​​ഥാ​നി പ​ദ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഇ​തി​ൽ കാ​ണാം. മാ​പ്പി​ള​പ്പാ​ട്ടി​ൽ പ​തി​വാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന പ​ദ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​വ​യി​ൽ മി​ക്ക​തും.
മാ​പ്പി​ള​പ്പാ​ട്ടി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ പാ​ട്ടു​ക​ൾ പി​റ​ന്നി​ട്ടു​ണ്ട്. കാ​ള​പൂ​ട്ടി​നെ കു​റി​ച്ചും വെ​ള്ള​പ്പൊ​ക്ക​ത്തെ കു​റി​ച്ചും നാ​യാ​ട്ടി​നെ കു​റി​ച്ചു​മെ​ല്ലാം പാ​ട്ടു​ക​ൾ ര​ചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​ൽ​പാ​ട്ടു​ക​ളി​ലും ഈ ​വി​ഷ​യ വൈ​വി​ധ്യം കാ​ണാം.

കേരള നിയമസഭ ഏർപ്പെടുത്തിയ ആർ. ശങ്കരനാരായണൻ തമ്പി അച്ചടി മാധ്യമ പുരസ്​കാരത്തിന്​ അർഹമായ ലേഖനം.മാധ്യമം ആഴ്​ചപ്പതിപ്പ്​ ലക്കം1030 ൽ പ്രസിദ്ധീകരിച്ചത്​

Tags:    
News Summary - Coastal Literature - Folk Songs - Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.