കോഴിക്കോട്: സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായവേളയിൽ സ്വന്തം നിലപാടിൽ ഹാദിയ ഉറച്ചുനിന്ന സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ. ഹാദിയ ആത്മവിശ്വാസമുള്ളവളാണെന്നും കോടതിയിൽ മകൾ ഉറച്ച നിലപാട് സ്വീകരിക്കുന്ന തരത്തിൽ മകളെ വളർത്തിയതിൽ പിതാവ് അശോകനും മാതാവ് പൊന്നമ്മക്കും അഭിമാനിക്കാമെന്നും എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു.
സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വന്തം നിലപാടിൽ അവൾ ഉറച്ചു നിന്നു. മനസിലുള്ളത് അവൾ തുറന്നു പറഞ്ഞു. വളരെ കൃത്യതയോടെയാണ് നിലപാട് വിവരിച്ചത്. മതിപ്പുളവാക്കുന്ന നിലയിൽ മകളെ വളർത്തിയതിന് മാതാപിതാക്കൾക്ക് ലഭിച്ച സമ്മാനമാണിതെന്നും എൻ.എസ് മാധവൻ ട്വിറ്ററിൽ കുറിച്ചു.
ചുറ്റു നോക്കിയാൽ മുതിർന്നവർ സമ്മർദത്തിന് കീഴ്പ്പെടുന്നത് കാണാം. എന്നാൽ, അവൾ കീഴ് പ്പെട്ടില്ല. ഹാദിയ അങ്ങനെ ആവാൻ അവളെ വളർത്തി രീതി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നതായും മാധവൻ വ്യക്തമാക്കി.
All around us we see adults wilting under pressure. She didn’t. I was wondering whether her upbringing played a part in that. Hope you got it.
— N.S. Madhavan (@NSMlive) November 27, 2017
തിങ്കളാഴ്ച തന്‍റെ നിലപാട് അറിയിക്കാൻ സുപ്രീംകോടതിയിൽ ഹാജരായ ഹാദിയ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ ഉത്തരമാണ് നൽകിയത്.
ഹാദിയയും ജഡ്ജിമാരും കോടതിയിൽ നടത്തിയ സംസാരം
ഭാവിയെക്കുറിച്ച് എന്താണ് സ്വപ്നമെന്ന് ചിരിച്ചു കൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ സ്വാതന്ത്ര്യവും മോചനവും എന്ന് ആവേശത്തോടെയായിരുന്നു ഹാദിയയുടെ മറുപടി. ചീഫ് ജസ്റ്റിസ് സംസാരിക്കാൻ നിർദേശിച്ചതോടെ സ്കൂൾ ദിനങ്ങളും കോളജ് ജീവിതത്തിലും തുടങ്ങി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹാദിയയുടെ മാനസികാവസ്ഥ കൂടി അറിയുന്ന തരത്തിലുള്ള സംഭാഷണത്തിലേക്കാണ് കടന്നത്.
ഹാദിയക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയാത്തതിനാൽ ദ്വിഭാഷിയായി കേരള സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയെ സുപ്രീംകോടതി സഹായത്തിന് വിളിച്ചു. ഇടക്ക് ചീഫ് ജസ്റ്റിസും പങ്കുചേർന്നു ഇൗ സംഭാഷണത്തിൽ. ഏത് സ്കൂളിലാണ് പഠിച്ചതെന്നും അധ്യയന മാധ്യമം ഏതായിരുന്നുവെന്നും സേലത്ത് എത്ര കാലമുണ്ടായിരുന്നുവെന്നും വൈക്കവും സേലവും തമ്മിലെത്ര അകലമുണ്ടെന്നുമുള്ള ചോദ്യങ്ങൾക്കൊക്കെ ഹാദിയ കൃത്യമായ ഉത്തരം നൽകി. സേലത്ത് നിന്ന് വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്നും ഹാദിയ പറഞ്ഞു.
കുട്ടിക്കാലത്ത് ആരോടായിരുന്നു കൂടുതൽ അടുപ്പമെന്ന് ചോദിച്ചപ്പോൾ അച്ഛനോടെന്നായിരുന്നു ഹാദിയയുടെ മറുപടി. കോളജിൽ പഠിക്കുേമ്പാൾ ഒഴിവുവേളകൾ എങ്ങെന ചെലവിട്ടിരുന്നുവെന്ന ചോദ്യത്തിന് കൂട്ടുകാരിയുടെ ലാപ്ടോപ്പിൽ സിനിമകൾ കണ്ടെന്ന് അവർ പറഞ്ഞു. ഉടൻ ലാപ്ടോപ്പിൽ വൈഫൈ ഉണ്ടായിരുന്നോ എന്നായി ജസ്റ്റിസ് ചന്ദ്രചൂഡ്. തെൻറ വിശ്വാസവുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്ന് ഹാദിയ പറഞ്ഞപ്പോൾ, വിശ്വാസം ശരിയായ രീതിയിൽ കൊണ്ടുപോകുന്നതോടൊപ്പം തന്നെ ഒരു വിലപിടിപ്പുള്ള പൗരനാകാൻ കഴിയുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. വിശ്വാസിയാകുന്നതോടൊപ്പം തന്നെ നല്ലൊരു ഡോക്ടറാകാമെന്നും അദ്ദേഹം ചേർത്തുപറഞ്ഞു.
അതിന് ശേഷമായിരുന്നു പഠനത്തിലേക്കിനി തിരിച്ചു പോകേണ്ടേ എന്ന് അദ്ദേഹം ചോദിച്ചത്. തീർച്ചയായും തിരിച്ചു പോകണം, എന്നാൽ ആദ്യം എന്നെ ഒരു മനുഷ്യനായി പരിഗണിക്കണമെന്നായിരുന്നു ഹാദിയയുടെ മറുപടി. 11മാസമായി നിയമവിരുദ്ധമായി തന്നെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവർ പരാതിപ്പെട്ടു. സേലത്തെ തുടർ പഠനത്തിന് ആരെ രക്ഷിതാവാക്കണമെന്ന് ആരാഞ്ഞപ്പോൾ ഭർത്താവ് ശഫിൻ ജഹാനെ എന്നായി പ്രതികരണം. ഒരു ഭർത്താവിനൊരിക്കലും അയാളുടെ ഭാര്യയുടെ രക്ഷിതാവാകാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടപെട്ടു.
ഒരു സ്ത്രീ സ്വന്തം കഴിവിലും പ്രതിഭയിലും നിൽക്കാൻ കഴിയുന്ന സ്വതന്ത്ര വ്യക്തിയാണെന്നും സ്വന്തം കാലിൽ നിന്ന് അന്തസ്സോടെ ജീവിക്കാനുള്ള യോഗ്യത വേണമെന്നും ഹാദിയയോട് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സർക്കാർ ചെലവ് വഹിക്കുകയാണെങ്കിൽ സേലത്ത് പഠിച്ചുകൂടെ എന്ന് ചോദിച്ചേപ്പാൾ ഭർത്താവുള്ളപ്പോൾ സർക്കാർ തന്‍റെ ചെലവ് വഹിക്കേണ്ടെന്ന് ഹാദിയ തീർത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.