ഐ.എസ് ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു –സംവാദം

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റ് ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ ഭാഗമായി ‘ഇസ്ലാമും ഐ.എസും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം ഒരേസമയം സമാധാനത്തിന്‍െറയും യുദ്ധത്തിന്‍െറയും മതമാണെന്നും യുദ്ധത്തിലൂടെയാണ് ഇസ്ലാം വ്യാപിച്ചതെന്നും ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാമോഫോബിയ എന്ന വലിയ ഭയത്തിനടിയിലാണ് ഇന്നത്തെ മുസ്ലിം സമുദായം ജീവിക്കുന്നതെന്ന് വി. അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. ഇസ്ലാമിന്‍െറ ഇന്നത്തെ ചിന്തകളിലുള്ള ആശയവ്യതിചലനത്തിനും തകര്‍ച്ചക്കും കാരണം ആന്തരികമായും ബാഹികമായും നേരിടുന്ന ആക്രമണമാണെന്ന് മുജീബ് റഹ്മാന്‍ കിനാലൂര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം നേരിടുന്ന പ്രശ്നങ്ങളെ സാമുദായികമായി മാത്രം കാണരുതെന്ന് എന്‍.പി. ചെക്കുട്ടി പറഞ്ഞു. സാമാജ്യത്വ ഇടപെടലാണ് ഇസ്ലാമിന്‍െറ തകര്‍ച്ചക്ക് പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു. മധ്യകാലഘട്ടത്തെ തത്ത്വശാസ്ത്ര ആശയങ്ങളെ കൈവിട്ടതും ആരാധനാചര്‍ച്ചകളെ മുറുകെ പിടിച്ചതുമാണ് ആശയപരമായ പ്രശ്നങ്ങള്‍ ഇസ്ലാമില്‍ തുടങ്ങാന്‍ കാരണമായതെന്ന് ഡോ. അഷറഫ് കടയ്ക്കല്‍ പറഞ്ഞു.

മനുഷ്യദുരിതങ്ങള്‍ ദേശീയതയുടെ പേരില്‍ ന്യായീകരിക്കപ്പെടുമ്പോള്‍ ദേശീയത ചോദ്യംചെയ്യപ്പെടുന്ന ആശയമാണെന്ന് കാനം രാജേന്ദ്രന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ദേശീയതയുടെ നിര്‍വചനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്ക്കാരിക പ്രവര്‍ത്തകരായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ,സി.ആര്‍. നീലകണ്ഠന്‍,  സിവിക് ചന്ദ്രന്‍ എന്നിവരും സംസാരിച്ചു. എ.കെ. അബ്ദുള്‍ ഹക്കീം മോഡറേറ്ററായി.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍െറ മൂന്നാംദിവസത്തെ ചൂടേറിയ സെഷനുകളിലൊന്നായിരുന്നു ‘കലഹിക്കുന്ന കലാലയങ്ങള്‍’. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷനില്‍ അദ്ദേഹം എത്തിയില്ളെങ്കിലും ചര്‍ച്ച സജീവമായി. ഹൈദരബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ബി. അരുന്ധതി, ഫാറൂഖ് കോളജിലെ കെ. ദിനു, ആക്ടിവിസ്റ്റ് ഒ.പി. രവീന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ലോ അക്കാദമിയില്‍ ജാതിപ്പേര് വിളിച്ചുകളിയാക്കിയതിന്‍െറ ഗൗരവം ഇടതുപക്ഷം പോലൊരു പുരോഗമനപ്രസ്ഥാനം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ളെന്ന് കെ. ദിനു ചോദിച്ചു. സമരത്തിലേര്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ ഭാവി പലപ്പോഴും നാം ഓര്‍ക്കുന്നില്ളെന്നും സ്വാശ്രയപ്രശ്നങ്ങളില്‍ കോളജ് തല്ലിപ്പൊളിക്കുകയല്ല വേണ്ടതെന്നും ദിനു കൂട്ടിച്ചേര്‍ത്തു. കാമ്പസുകളില്‍ പ്രക്ഷോഭമുണ്ടാക്കുന്ന വിദ്യാര്‍ഥികളെ രാജ്യസ്നേഹി, രാജ്യദ്രോഹി എന്നീ ദ്വന്ദങ്ങളിലേക്ക് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബി. അരുന്ധതി പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കാമ്പസുകളില്‍ എ.ബി.വി.പി ചെയ്യുന്നത് കേരളത്തില്‍ എസ്.എഫ്.ഐ ഏറ്റെടുത്തിരിക്കുകയാണെന്ന് ഒ.പി. രവീന്ദ്രന്‍ പറഞ്ഞു.

Tags:    
News Summary - Isis could wrongly interpret the Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT
access_time 2024-11-17 07:45 GMT