തച്ചനക്കരയിലെ പ്രളയത്തെക്കുറിച്ച് സുഭാഷ് ചന്ദ്രൻ

പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്‍റെ  മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിലെ തച്ചനക്കര എന്ന ദേശത്തിന്‍റെ യഥാർഥ നാമം കടുങ്ങല്ലൂർ എന്നാണ്. മഹാപ്രളയത്തിൽ പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ ഏറ്റവും അപകടത്തിൽ പെട്ട പ്രദേശം. കടുങ്ങല്ലൂരുകാരനായ സുഭാഷ് ചന്ദ്രന്‍റെ ഭാവനയിൽ നിന്നുമാണ് തച്ചനക്കര ഉണ്ടായത്. പ്രളയത്തിൽ മുങ്ങിപ്പോയ കടുങ്ങല്ലൂരിനെക്കുറിച്ചും അമ്മ രക്ഷപ്പെട്ടതിനെക്കുറിച്ചും ഹൃദയസ്പർശിയായ ഭാഷയിലാണ് സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.

'ആലുവാമണപ്പുറം താണ്ടി എത്തുന്ന പെരിയാർ കടുങ്ങല്ലൂരിനെ ചുറ്റി ഒരു വളവെടുക്കുന്നു. എന്നാൽ ഇപ്പോൾ ആ വളവിനെ ഒഴിവാക്കി പുഴ നേരെ വന്ന് കടുങ്ങല്ലൂരിനെ തല്ലുകയാണ്. ഒരിക്കലും പുഴ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തിൽ അവിടെ ജീവിക്കുന്നവർക്കിട്ടൊരു അടിയായി ഈ പ്രളയം. അവിടെ എന്റെ വീട്‌ ഒറ്റനിലയാണ്. അമ്മയ്ക്കായി ഞാൻ പണിത പൊൻചന്ദ്രിക എന്ന വീട്‌. ഇന്നലെ അത്‌ മുഴുവനായും മുങ്ങിപ്പോയി. അമ്മ തൊട്ടടുത്തുള്ള പെങ്ങളുടെ ഇരുനില വീട്ടിലേക്ക്‌ മിനിഞ്ഞാന്നു രാത്രി മാറിയിരുന്നു. പുലർച്ചേ ഒന്നരയ്ക്കാണ് ഞാൻ അവസാനം വിളിച്ചത്‌. പിന്നെ ഓരോരോ ഫോണുകളായി ഓഫായി, നേരം വെളുക്കുമ്പോഴേക്ക്‌ കടുങ്ങല്ലൂർ റിമോട്ട്‌ ഏരിയ ആയി. 
എന്റെ കാലിന്റെ ലിഗമെന്റ്‌ പൊട്ടി ഞാനിവിടെ കോഴിക്കോട്ട്‌ കിടപ്പിലാണ്. ഇടക്കിടെ കറന്റ്‌ പോകുന്നതുകൊണ്ട്‌ എന്റെ ഫോണിലും ചാർജ്ജില്ല. ആരെ വിളിക്കും? എങ്ങനെ അമ്മയെക്കുറിച്ചറിയും? തച്ചനക്കര എന്ന പേരിൽ വയലാർ അവാർഡും കേന്ദ്രസാഹിത്യ അക്കാദമിയുമൊക്കെ വാങ്ങിയ ദേശമാണ് കടുങ്ങല്ലൂർ. ആ നോവലിൽ പുഴ നീന്തിക്കടന്ന ധീരയായ പെൺകുട്ടി ചിന്നമ്മയാണ് എന്റെ അമ്മ പൊന്നമ്മ. എന്നിട്ടിപ്പോൾ ആ ദേശവും അമ്മയടക്കമുള്ള ആയിരം പച്ചമനുഷ്യരും വെള്ളത്തിൽ മുങ്ങിപ്പോകുമ്പോൾ ഞാനിവിടെ ഒന്നും ചെയ്യാനാവാതെ കാലൊടിഞ്ഞ്‌ കട്ടിലിൽ!
പക്ഷേ കടുങ്ങല്ലൂർ എന്ന പേർ ആരൊക്കെയോ ശ്രദ്ധിച്ചു. അവരിൽ ആ കഥാപാത്രത്തെ സ്നേഹിച്ച പ്രശസ്തരും പേരെടുത്തുപറയാൻ മാത്രം പേരില്ലാത്ത കുറേ നല്ല മനസ്സുകളും ഉണ്ടായിരുന്നു. പിന്നെ അജ്ഞാതയായ ഒരമ്മയെ തിരക്കി കുത്തോഴുക്കിൽ ബോട്ടിറക്കിയ പ്രിയപ്പെട്ട ഇന്ത്യൻ സൈനികരും. നാൽപ്പതു മണിക്കൂറുകൾക്കൊടുവിൽ അമ്മയെ അവർ മുങ്ങാൻ തുടങ്ങുന്ന മുകൾനിലയിൽനിന്നു രക്ഷിച്ചു. ഒപ്പം ആ വീട്ടിൽ അമ്മയോടൊപ്പമുണ്ടായിരുന്ന ഇരുപതോളം പേരേയും. അമ്മ പുറത്തുവന്ന് ലോകത്തെ പകച്ചുനോക്കുന്നത്‌ ഇന്നുച്ചയ്ക്ക്‌ ഞാൻ ടിവിയിൽ കണ്ടു. 
ഇന്നലേയും മിനിഞ്ഞാന്നും ഞാൻ ഉറങ്ങിയിട്ടില്ല. ഇന്നും ഞാൻ ഉറങ്ങുകയില്ല. കാരണം മഹാ പ്രളയത്തിൽ നിന്ന് രക്ഷയ്ക്കായി നിലവിളിച്ചുകൊണ്ട്‌ എന്‍റെ മറ്റേ അമ്മ- കടുങ്ങല്ലൂർ- ഇപ്പോഴും എനിക്കു നേരെ കൈനീട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണ്.'

Tags:    
News Summary - Subhash chandran=Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT