മുക്കം: വെള്ളപ്പൊക്ക സുരക്ഷ മുൻകരുതലുമായി ബോട്ട് നിർമിച്ച് യുവാവ്. കോഴിക്കോട് മുക്കം കറുത്തപറമ്പ് സ്വദേശി ശാന്തിനഗർ കാരാട്ട് കൊളായിൽ ഷരീഫാണ് ബോട്ട് നിർമിച്ച് പുഴയിലിറക്കിയത്.
‘ബുറാഖ്’ എന്നപേരിലുള്ള സ്പീഡ് ബോട്ട് ലോക്ഡൗൺ കാലത്ത് 25 ദിവസങ്ങൾ കൊണ്ടാണ് നിർമിച്ചത്. തറവാടായ കൊടിയത്തൂരിൽ രണ്ട് പ്രളയങ്ങളിലെ ദുരന്തമുഖത്ത് നിസ്സഹായനായി നിന്ന ഓർമകളാണ് ബോട്ട് നിർമാണത്തിന് പ്രേരണയായത്.
ഇപ്പോൾ താമസിക്കുന്ന വീടിെൻറ പരിസരങ്ങളിലൊന്നും പ്രളയം ബാധിക്കില്ലെങ്കിലും മറ്റുള്ളവർക്ക് ആശ്വാസമാകട്ടെ എന്നാണ് ആഗ്രഹം. നാലു മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്. എട്ടുപേർക്ക് യാത്രചെയ്യാം.
ജി.ഐ.ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും കൊണ്ടാണ് നിർമാണം. മകൻ യാസിർ മുഹമ്മദും സഹായത്തിനെത്തി. മണ്ണെണ്ണയിൽ ഉപയോഗിക്കാവുന്ന ഒന്നര എച്ച്.പി മോട്ടോർ ഉപയോഗിച്ചാണ് ബോട്ട് പ്രവർത്തിപ്പിക്കുന്നത്.
മൊത്തം ഒന്നര ക്വിൻറൽ ഭാരമുണ്ട്. സ്റ്റാർട്ടാക്കുന്നത് പെട്രോൾ സംവിധാനത്തിലാണ്. വെള്ളത്തിൽ താഴ്ന്നു പോകാതിരിക്കാൻ എയർ ടാങ്കും ഇരുന്നു യാത്രചെയ്യാൻ സീറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്.
നിർമാണം പൂർത്തിയായ സ്പീഡ് ബോട്ട് ആദ്യ പരീക്ഷണമെന്നനിലയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ഇറക്കി എട്ടോളം പേരെ കയറ്റി യാത്ര വിജയകരമായി പൂർത്തീകരിച്ചു. ചക്രങ്ങൾ ഘടിപ്പിച്ച് മോട്ടോർ സംവിധാനത്തിലൂടെ റോഡിലും സഞ്ചരിക്കാൻ സംവിധാനമൊരുക്കണമെന്ന ആഗ്രഹവും ഷരീഫിനുണ്ട്. 25000 രൂപയാണ് നിർമാണച്ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.