ഇന്ന് മനസ്സമ്മതം

മലപ്പുറം: ജില്ലയില്‍ 122 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 29,06,645 വോട്ടര്‍മാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്. പുരുഷന്മാരെക്കാള്‍ 55,142 സ്ത്രീ വോട്ടര്‍മാര്‍ കൂടുതലാണ്. 14,80,892 സ്ത്രീകളും 14,25,750 പുരുഷന്മാരുമാണുള്ളത്. ഗ്രാമപഞ്ചായത്തില്‍ 32,060 പേരും നഗരസഭയില്‍ 13,692 പേരും പുതിയ വോട്ടര്‍മാരാണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ 3,04,617 പേരുടെ വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 79.61 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്. 
വോട്ടര്‍മാരുടെ വര്‍ധനവിനൊപ്പം പോരാട്ടത്തിന്‍െറ വീറും വാശിയും ചേര്‍ന്നതോടെ ഇത്തവണ ശതമാനം വര്‍ധിപ്പിക്കുമെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞതവണ 52.78 ശതമാനം വോട്ടുകള്‍ യു.ഡി.എഫിനും 34.47 ശതമാനം വോട്ടുകള്‍ എല്‍.ഡി.എഫിനും ലഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം. വോട്ടെടുപ്പിനായി 3,911 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 3,431ഉം നഗരസഭകളില്‍ 480 ഉം ബൂത്തുകളുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫിസറും മൂന്ന് പോളിങ് ഓഫിസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 3,911 പ്രിസൈഡിങ് ഓഫിസര്‍മാരും 11,733 പോളിങ് ഓഫിസര്‍മാരും അടക്കം 15,644 പേര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടാകും. അവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് റിസര്‍വ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഏഴിനാണ് വോട്ടെണ്ണല്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.