മഞ്ചേരി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തൃപ്പനച്ചി ഗവ. ആശുപത്രിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കാനായില്ല. ആശുപത്രിയുടെ സ്ഥിതി മാറ്റാന്‍ സ്ഥലം എം.എല്‍.എ വഴി പലതവണ സര്‍ക്കാറിലേക്ക് പരാതികളും നിവേദനങ്ങളും നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടേക്കര്‍ സ്ഥലവും ആവശ്യത്തിന് കെട്ടിടങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരുടെ അഭാവമാണ് കിടത്തി ചികിത്സ നടത്താനാകാത്തത്. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയായിരുന്ന ഘട്ടത്തില്‍ പ്രാദേശിക വികസന ഫണ്ടില്‍ നിര്‍മിച്ചതാണ് ഇവിടത്തെ ഐ.പി ബ്ളോക്. ഐ.പി ബ്ളോക്കും കിടത്തിച്ചികിത്സാ സംവിധാനങ്ങളുമായപ്പോള്‍ തടസ്സം കുടിവെള്ളമില്ലാത്തതായിരുന്നു. അത് പരിഹരിക്കാന്‍ പലതവണ ആലോചനകളും പദ്ധതികളും വന്നെങ്കിലും സ്ഥിരം പരിഹാരമായില്ല. പുല്‍പ്പറ്റ പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് കേന്ദ്രം. കിടത്തിച്ചികിത്സ മുടങ്ങിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. രണ്ട് ഡോക്ടറും ഒരു സ്റ്റാഫ് നഴ്സും മാത്രമാണിപ്പോഴുള്ളത്. നിത്യേന നാനൂറോളം രോഗികള്‍ എത്തുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തില്‍ ആകെയുള്ള ഒരു കിണര്‍ വേനല്‍ക്കാലത്ത് വറ്റും. കുഴല്‍ക്കിണര്‍ ഉണ്ടെങ്കിലും മോട്ടോര്‍ സ്ഥാപിച്ചിട്ടില്ല. മീഞ്ചിറക്കടുത്ത തയ്യില്‍ ഭാഗത്തെ കിണര്‍ നവീകരിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകുമെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നു. മാസത്തില്‍ മുപ്പതിലേറെ ഫീല്‍ഡ് ക്യാമ്പുകള്‍ നടത്തുന്ന കേന്ദ്രത്തിന് ആകെയുള്ളത് 20 വര്‍ഷം പഴക്കമുള്ള ജീപ്പ് മാത്രമാണ്. ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഗ്രാമപഞ്ചായത്തിനും താല്‍പര്യമില്ളെന്നാണ് ജനങ്ങളുടെ പരാതി. കിടത്തി ചികിത്സ നിലവിലുള്ളപ്പോള്‍ പ്രധാനമായും പ്രസവാവശ്യത്തിന് പ്രദേശത്തെ സ്ത്രീകളുടെ ഏകാശ്രയമായിരുന്നു ഈ കേന്ദ്രം. അടിയന്തരമായി രണ്ട് സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ്, ഹോസ്പിറ്റല്‍ അറ്റര്‍ഡര്‍, ഗ്രേഡ് ടു ജീവനക്കാര്‍ എന്നീ തസ്തികകള്‍ ഏര്‍പ്പെടുത്തുകയും ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും ചെയ്താല്‍ കിടത്തി ചികിത്സ ആരംഭിക്കാമെന്നും ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.