ആടുതോമയും ചാക്കോ മാഷുമല്ല; 'സ്ഫടിക'ത്തിലെ താരം പൊന്നമ്മയാണ്




1. അച്ഛനും മകനുമിടയിൽ പൊന്നമ്മയുടെ സംഘർഷങ്ങൾ

മകൻ തെമ്മാടിയായി നടക്കുന്നു. അവൻ എങ്ങനെ തെമ്മാടിയായി എന്നതിന്‍റെ പശ്ചാത്തലം ഏറ്റവും നന്നായി അറിയാവുന്നത് അമ്മയ്ക്കാണ്. അച്ഛന്‍റെയും മകന്‍റെയും നടുക്ക് നിന്നുകൊണ്ട് ആ അമ്മ ജീവിതകാലം മുഴുവനും സംഘർഷം അനുഭവിക്കുകയാണ്. ഒടുവിൽ ഒരു പോയിന്‍റിൽ അവർ പൊട്ടിത്തെറിക്കുന്നു. അങ്ങനെയൊരു കഥാപാത്രത്തെ അത്രയും മനോഹരമായാണ് 'സ്ഫടികം' സിനിമയിൽ കെ.പി.എ.സി ലളിത അവതരിപ്പിച്ചിരിക്കുന്നത്.


 



'പൊന്നുകൂട്ടി വിളിക്കരുത് നീയെന്നെ...' എന്ന് ഒരു രംഗത്തിൽ മകനോട് പൊന്നമ്മ പറയുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രമാണ് ഏറ്റവും മികച്ച ഒരു കഥാപാത്രമായി ആദ്യം മനസ്സിൽ വരുന്നത്​.

കഥാപാത്രം: പൊന്നമ്മ

അഭിനേതാവ്: കെ.പി.എ.സി ലളിത

ചിത്രം: സ്ഫടികം (1995)

സംവിധാനം: ഭദ്രൻ

********************************




 

2. സ്നേഹത്തിന്‍റെ നോവറിഞ്ഞ യശോദാമ്മ

അമ്മ വേഷമെന്ന് പൂർണമായും പറയാൻ കഴിയില്ലെങ്കിലും അതിന് സമാനമായ വേഷമാണ് 'തേന്മാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിലെ കവിയൂർ പൊന്നമ്മയുടെ യശോദാമ്മ എന്ന കഥാപാത്രം. നെടുമുടി വേണുവിന്‍റെ ചേച്ചിയായി അഭിനയിച്ച കഥാപാത്രം. അവിടെയും ഒരു സംഘർഷമുണ്ട്. മകനെപ്പോലെ സ്നേഹിക്കുന്ന അനിയൻ, മകനായി കരുതുന്ന വീട്ടിലെ ജോലിക്കാരൻ. ഇവർക്ക് രണ്ടുപേർക്കുമിടയിൽ ഒരു പ്രശ്നമുണ്ടായപ്പോൾ ആരുടെ കൂടെ നിൽക്കുമെന്ന സംഘർഷത്തിന്‍റെ നടുവിലാണവർ. ന്യായം തന്‍റെ അനിയന്‍റെ പക്ഷത്തല്ല എന്നറിയുമ്പോൾ കവിയൂർ പൊന്നമ്മയുടെ കഥാപാത്രം എടുക്കുന്ന ഒരു ടേൺ ഉണ്ട്. ഈ സംഘർഷങ്ങളെ അതിന്‍റെ എല്ലാ ആത്മാംശത്തോടെയും അവതരിപ്പിച്ച കഥാപാത്രമെന്ന നിലയിൽ ശാരദാമ്മ എന്‍റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.

കഥാപാത്രം: യശോദാമ്മ

അഭിനേതാവ്: കവിയൂർ പൊന്നമ്മ

ചിത്രം: തേന്മാവിൻ കൊമ്പത്ത് (1994)

സംവിധാനം: പ്രിയദർശൻ

***************************************************



 

3. സമൂഹം ഭ്രാന്തനാക്കിയ ബാലൻ മാഷ്

മലയാള സിനിമയിലെ മഹാനടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്‍റെ പകർന്നാട്ടങ്ങൾ വിസ്മയിപ്പിച്ച ധാരാളം കഥാപാത്രങ്ങളുണ്ട്. പക്ഷേ, മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ ആലോചിക്കുമ്പോൾ ആദ്യം ഓർമയിലെത്തുക 'തനിയാവർത്തന'ത്തിലെ ബാലൻ മാഷാണ്. സമൂഹവും ഒരു വ്യക്തിയും തമ്മിലുള്ള സംഘർഷവും സമൂഹം ഒരു വ്യക്തിയെ പിന്തുടർന്ന് ഭ്രാന്തനാക്കുന്നതും നമുക്ക് തനിയാവർത്തനത്തിൽ കാണാം. മനുഷ്യൻ എന്ന നിലയിലുള്ള നിസ്സഹായാവസ്ഥ ഇത്രയും ഗംഭീരമായി സിനിമയിലേക്ക് കൊണ്ടുവന്ന വേറൊരു കഥാപാത്രം ഉണ്ടോയെന്ന് പോലും സംശയിച്ചുപോകുന്ന കഥാപാത്ര സൃഷ്ടിയാണ് ബാലൻ മാഷുടേത്. മമ്മൂട്ടിയെന്ന നടനോടൊപ്പം ആ കഥാപാത്ര സൃഷ്ടികൂടി പരിഗണിക്കേണ്ടതുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രം ഏതെന്നു ചോദിച്ചാൽ ഞാൻ തനിയാവർത്തനത്തിലെ ബാലൻ മാഷ് എന്നാണ് പറയുക.

കഥാപാത്രം: ബാലൻ മാഷ്

അഭിനേതാവ്: മമ്മൂട്ടി

ചിത്രം: തനിയാവർത്തനം (1987)

സംവിധാനം: സിബി മലയിൽ

***************************************************




 

4. ഹൃദയപക്ഷത്തു നിർത്തിയ സത്യനാഥൻ

പെൺകുട്ടികൾക്ക് നേരെയുള്ളവ ഉൾപ്പെടെ പലതരം കുറ്റകൃത്യങ്ങൾ നമ്മുടെ മുന്നിൽ കാണുമ്പോൾ 'സദയ'ത്തിലെ മോഹൻലാലിന്‍റെ കഥാപാത്രമായ സത്യനാഥനെ ഓർമവരും. യഥാർഥത്തിൽ ഒരു കുറ്റകൃത്യം ചെയ്യുന്ന ആളാണ് അതിലെ മുഖ്യകഥാപാത്രം. കുറ്റകൃത്യവും അതിന്‍റെ സാഹചര്യവുമെല്ലാം ചേർത്ത് വായിക്കുമ്പോൾ എങ്ങനെ ആ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെട്ടു എന്നത് ആലോചിക്കേണ്ടിവരുന്നു.

മോഹൻലാൽ അവിസ്മരണീയമാക്കിയിട്ടുള്ള ധാരാളം കഥാപാത്രങ്ങളുടെ ഇടയിൽ ഹൃദയപക്ഷത്ത് നിൽക്കുക സദയത്തിലെ കഥാപാത്രമായിരിക്കും.

കഥാപാത്രം: സത്യനാഥൻ

അഭിനേതാവ്: മോഹൻ ലാൽ

ചിത്രം: സദയം (1992)

സംവിധാനം: സിബി മലയിൽ

***************************************************



 

5. പ്രതികാരദാഹിയായ ഭദ്ര

ധാരാളം കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിയാണ് മഞ്ജുവാര്യർ. അവരുടെ ഏറ്റവും മികച്ച കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ എല്ലാവർക്കും പറയാനുള്ള മറുപടിയാണ് 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലെ ഭദ്ര. രണ്ട് തരത്തിൽ, വശീകരിക്കുന്ന പെൺകുട്ടിയായും പ്രതികാരം നിർവഹിക്കുന്ന സ്ത്രീയായുമുള്ള മഞ്ജുവിന്‍റെ രണ്ട് മുഖങ്ങളാണ് സിനിമയിൽ. പ്രതികാരദാഹിയായാണ് വശീകരിക്കുന്നത് തന്നെ. ആ കഥാപാത്രത്തിന്‍റെ ശക്തി വളരെയേറെയായിരുന്നു. മഞ്ജുവാര്യരുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന കഥാപാത്രമാണ് കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലേത്​.

കഥാപാത്രം: ഭദ്ര

അഭിനേതാവ്: മഞ്ജുവാര്യർ

ചിത്രം: കണ്ണെഴുതി പൊട്ടുംതൊട്ട് (1999)

സംവിധാനം: ടി.കെ. രാജീവ് കുമാർ

*********************************************************



 

6. ഹാസ്യകഥാപാത്രത്തിനപ്പുറത്തേക്ക് വളർന്ന നിശ്ചൽ

കേരളത്തിലെ ബഹുമുഖപ്രതിഭയായ നടൻ ഏതാണെന്ന് ചോദിച്ചാൽ ജഗതി ശ്രീകുമാർ എന്ന് ഒരുപാട് പേർ ഉത്തരം പറയും. അദ്ദേഹത്തിന്‍റെ ഏതെങ്കിലുമൊരു പ്രത്യേക കഥാപാത്രത്തെ മാത്രം അന്വേഷിച്ച് പോയാൽ നമ്മൾതന്നെ ആശയക്കുഴപ്പത്തിലാകും. എങ്കിലും, അദ്ദേഹത്തിന്‍റെ അനേകം കഥാപാത്രങ്ങളിൽ നിന്ന് ഒരു പ്രതിനിധാനം എന്ന നിലയ്ക്ക് ഞാൻ എടുക്കുന്നത് 'കിലുക്ക'ത്തിലെ നിശ്ചലിനെയാണ്.

മോഹൻലാലുമായിട്ടുള്ള ഓരോ കോമ്പിനേഷൻ സീനും അത്രയേറെ നമ്മെ ചിരിപ്പിക്കുന്നതാണ്. ഇരുവരും ഒരുമിച്ചുള്ള സിനിമകൾ വേറെയും നിരവധി ഉണ്ടെങ്കിൽ പോലും കിലുക്കത്തിലെ ജഗതിയുടെ പെർഫോമൻസ് വേറിട്ട് നിൽക്കുന്നു. ഒരു കേവല ഹാസ്യകഥാപാത്രത്തിനപ്പുറത്തേക്ക് നിശ്ചൽ പോയിരിക്കുന്നു. മോഹൻലാലിനോടും രേവതിയോടും ഒപ്പം തന്നെ ജഗതിയും സിനിമ കഴിയുമ്പോൾ നമ്മുടെ കൂടെപ്പോരുന്നുണ്ട്.

കഥാപാത്രം: നിശ്ചൽ

അഭിനേതാവ്: ജഗതി ശ്രീകുമാർ

ചിത്രം: കിലുക്കം (1991)

സംവിധാനം: പ്രിയദർശൻ

********************************************************



 

7. കള്ളനായി ജീവിച്ച ഫഹദ്

ഒരു കള്ളനെ ഇത്ര നാച്വറലായി അവതരിപ്പിക്കുന്നത് അത്ഭുതത്തോടെ കണ്ട കഥാപാത്രമാണ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയിലെ ഫഹദ് ഫാസിലിന്‍റെ പ്രസാദ് എന്ന കഥാപാത്രം. ഏത് കഥാപാത്രത്തെയും അങ്ങനെ അവതരിപ്പിക്കാൻ ശേഷിയുള്ള നടനാണ് ഫഹദ് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ആ കള്ളൻ, അയാളുടെ സ്വഭാവരീതികൾ, കള്ളനാകാൻ കാരണമായ പരിസരം, ഇതെല്ലാം കൂടിച്ചേരുമ്പോൾ ഫഹദല്ലാതെ മറ്റൊരാൾ ആ വേഷം ചെയ്യുകയെന്നത് സങ്കൽപ്പിക്കാവുന്നതിലപ്പുറമാണ്. അത്രമേൽ തന്മയത്വത്തോടെ ഫഹദ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

കഥാപാത്രം: പ്രസാദ്

അഭിനേതാവ്: ഫഹദ് ഫാസിൽ

ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും (2017)

സംവിധാനം: ദിലീഷ് പോത്തൻ

****************************************************************



 

8. വഞ്ചനയിൽ തളരാത്ത ടെസ്സ

'22 ഫീമെയിൽ കോട്ടയം' എന്ന സിനിമയിലെ റിമ കല്ലിങ്കലിന്‍റെ സാധാരണക്കാരിയായ നഴ്സ് കഥാപാത്രം, ടെസ്സ, പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. അവളുടെ ആഗ്രഹങ്ങൾ, അവൾ നേരിട്ട വഞ്ചന, ഒടുവിൽ അവൾ നിർവഹിക്കുന്ന പ്രതികാരം, ഈ ഘടകങ്ങളെയെല്ലാം ഒന്നിച്ചെടുത്ത് കാണുമ്പോൾ ഈ കഥാപാത്രം ഗംഭീരമെന്ന് പറയാം. റിമയുടെ കരിയറിന്‍റെ തുടക്കകാലത്തായിരുന്നു ഈ കഥാപാത്രം എന്നുകൂടി ഓർക്കണം.

കഥാപാത്രം: ടെസ്സ

അഭിനേതാവ്: റിമ കല്ലിങ്കൽ

ചിത്രം: 22 ഫീമെയിൽ കോട്ടയം (2012)

സംവിധാനം: ആഷിഖ് അബു

*****************************************************************



 

9. കാത്തിരിപ്പിന്‍റെയും നഷ്ടത്തിന്‍റെയും മൂന്നാംപക്കം

തിലകൻ അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങളുണ്ട്. അതിൽ, അച്ഛൻ വേഷങ്ങളിൽ ഏറ്റവും ഹൃദയഹാരിയായ കഥാപാത്രം 'മൂന്നാംപക്ക'ത്തിലെ കഥാപാത്രമാണ്. സിനിമയിൽ അദ്ദേഹത്തിന്‍റെ കാത്തിരിപ്പുണ്ട്, അദ്ദേഹത്തിന്‍റെ നഷ്ടമുണ്ട്, ഇത് പ്രതിഫലിപ്പിക്കുന്ന കടലുണ്ട്. ഇതെല്ലാംകൂടി ചേർന്ന് തിലകൻ അനശ്വരമാക്കിയതാണ് മൂന്നാംപക്കത്തിലെ തമ്പി എന്ന ശക്​തമായ കഥാപാത്രം.

കഥാപാത്രം: തമ്പി

അഭിനേതാവ്: തിലകൻ

ചിത്രം: മൂന്നാംപക്കം (1988)

സംവിധാനം: പദ്മരാജൻ

**********************************************************



 

10. തിരശ്ശീലയിലെ പ്രിയ ദമ്പതിമാർ

പത്താമത്തെ പ്രിയ കഥാപാത്രം ഒരാളല്ല, രണ്ടുപേരാണ്. 'മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം' എന്ന ചിത്രത്തിലെ ശാരദയും നെടുമുടി വേണുവുമാണ് അത്. അവരെ കഥാപാത്രമായല്ല, സിനിമയിലെ ദമ്പതിമാർ എന്ന നിലയിലാണ് പരിഗണിക്കുന്നത്. അവരുടെ ജീവിതസായാഹ്നം ചെലവഴിക്കുന്നതിനിടെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടി, അവളോട് അവർ കാണിക്കുന്ന സ്നേഹം, കടപ്പാട്, ഇതെല്ലാം കൂടി നോക്കുമ്പോൾ എന്‍റെ പ്രിയകഥാപാത്രങ്ങളായി ഈ ദമ്പതിമാർ കടന്നുവരികയാണ്.

കഥാപാത്രങ്ങൾ: സരസ്വതി ടീച്ച / രാവുണ്ണി നായർ മാഷ്

അഭിനേതാക്കൾ: ശാരദ / തിലകൻ

ചിത്രം: മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം (1987)

സംവിധാനം: ഭരതൻ 


Full View


Tags:    
News Summary - marakkillorikkalum Abhilash mohanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.