പ്രേം നസീർ വഴി മാറി നടന്നപ്പോൾ
ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിലെ ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാനാവില്ല. ഈ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളിലൂടെയുള്ള യാത്ര അതിമനോഹരമായി ആവിഷ്കരിക്കാൻ പ്രേം നസീർ എന്ന നടന് കഴിഞ്ഞിട്ടുണ്ട്. പ്രണയനായകനായി മാത്രം നമ്മൾ അതുവരെ കണ്ട പ്രേം നസീർ ആ വേഷത്തിലെത്തി വേറൊരു തലത്തിലുള്ള അഭിനയ പ്രകടനമാണ് കാഴ്ചവെച്ചത്.
കഥാപാത്രം: ഭ്രാന്തൻ വേലായുധൻ
അഭിനേതാവ്: പ്രേം നസീർ
സിനിമ: ഇരുട്ടിന്റെ ആത്മാവ് (1967)
സംവിധാനം: പി. ഭാസ്കരൻ
ഓടയിൽ നിന്ന് സത്യൻ
ഓടയിൽ നിന്ന് എന്ന സിനിമയിൽ ബുദ്ധിപൂർവ്വവും ഏറെ കഠിനാധ്വാനം ചെയ്തും സത്യൻ അവതരിപ്പിച്ച കഥാപാത്രമായ പപ്പു ആണ് രണ്ടാമതായി എന്റെ മനസിലേക്ക് ഓടിയെത്തുന്നത്. സത്യന്റെ അഭിനയപാടവം അതിഗംഭീരമായി പ്രകടമാക്കിയ സിനിമയാണ് ഓടയിൽ നിന്ന്.
കഥാപാത്രം: പപ്പു
അഭിനേതാവ്: സത്യൻ
സിനിമ: ഓടയിൽ നിന്ന് (1965)
സംവിധാനം: കെ എസ് സേതുമാധവൻ
കൊട്ടാരക്കരയ്ക്ക് മാത്രം കഴിയുന്ന ചെമ്പൻകുഞ്ഞ്
ചെമ്മീൻ എന്ന സിനിമയിൽ സത്യനും മധുവുമടക്കമുള്ള എല്ലാവരും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചെങ്കിലും കൊട്ടാരക്കര ശ്രീധരൻനായർ അനശ്വരമാക്കിയ ചെമ്പൻ കുഞ്ഞിനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. കൊട്ടാരക്കരയുടെ ഏറ്റവും മനോഹരമായ കഥാപാത്രമാണത്. കടലോര ജീവിതങ്ങളെന്തെന്ന് പ്രേക്ഷകർ കൂടുതൽ മനസിലാക്കിയത്ത് ചെമ്പൻ കുഞ്ഞിന്റെ ജീവിതത്തിലൂടെയാണ്. കൊട്ടാരക്കരയേക്കാൾ ആ റോൾ മനോഹരമാക്കാൻ ആർക്കും സാധിക്കില്ല.
കഥാപാത്രം: ചെമ്പൻകുഞ്ഞ്
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്
ചന്തുവാകാൻ മമ്മൂട്ടിക്കേ കഴിയൂ
ഏറ്റവും വലിയ വില്ലനായി മലയാളികൾ വായിച്ചറിഞ്ഞ ചന്തുവിനെ സുന്ദരനും മനസിലേക്ക് കുടിയേറും വിധമുള്ള നായകനുമായി അവതരിപ്പിച്ച് എം.ടിയെന്ന എഴുത്തുകാരൻ കലാപം തന്നെ സൃഷ്ടിച്ച ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ. അതേസമയം, ആ വേഷം അങ്ങേയറ്റം മനോഹരമായി അവതരിപ്പിക്കാൻ മമ്മൂട്ടിയെന്ന നടന് കഴിഞ്ഞു. അദ്ദേഹത്തിനല്ലാതെ അത് ചെയ്യാൻ കഴിയുമെന്ന് കരുതുന്നില്ല.
കഥാപാത്രം: ചന്തു
അഭിനേതാവ്: മമ്മൂട്ടി
സിനിമ: ഒരുവടക്കൻ വീരഗാഥ (1989)
സംവിധാനം: ഹരിഹരൻ
മോഹൻലാലിന്റെ ചില ട്രിക്കുകൾ
മോഹൻലാൽ ഗംഭീരമാക്കിയ അനവധി കഥാപാത്രങ്ങളുണ്ടെങ്കിലും എന്റെ മനസിൽ തട്ടിയ ഒരു കഥാപാത്രം ഹിസ്ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അബ്ദുള്ളയാണ്. കഥാപാത്രത്തിന്റെ പൂർത്തീകരണത്തിനായി മോഹൻലാലിന് മാത്രം കഴിയുന്ന അഭിനയത്തിന്റെ ചില ട്രിക്കുകളുണ്ട്. നിസാരമെന്ന് തോന്നുന്ന പല കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു രീതി അദ്ദേഹത്തിനുണ്ട്. അത് ഹിസ്ഹൈനസ് അബ്ദുള്ളയിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
കഥാപാത്രം: അബ്ദുള്ള
അഭിനേതാവ്: മോഹൻലാൽ
സിനിമ: ഹിസ് ഹൈനസ്സ് അബ്ദുള്ള (1990)
സംവിധാനം: സിബി മലയിൽ
ഗംഗയെയും ശോഭനയെയും ഒരിക്കലും മറക്കാനാവില്ല
മണിച്ചിത്രത്താഴിൽ ശോഭന അനശ്വരമാക്കിയ ഗംഗ എന്ന കഥാപാത്രത്തെയും അവരുടെ അഭിനയത്തെയും ഒരിക്കലും മറക്കാനാവില്ല. ആർക്കും എളുപ്പം ചെയ്യാനാകാത്ത ഇരട്ട സ്വഭാവമുള്ള കഥാപാത്രമായിരുന്നു അത്. മാനസിക വിഭ്രാന്തിയുണ്ടാകുന്ന രീതിയിലുള്ള ഗംഗയെ ഗംഭീരമാക്കാൻ ശോഭനയ്ക്ക് കഴിഞ്ഞു. മലയാള സിനമയുടെ മറക്കാനാകാത്ത ഒരേടിൽ ശോഭനയ്ക്ക് സ്ഥാനമുണ്ട്.
കഥാപാത്രം: ഗംഗ
അഭിനേതാവ്: ശോഭന
സിനിമ: മണിച്ചിത്രത്താഴ് (1993)
സംവിധാനം: ഫാസിൽ
ശാരദയ്ക്ക് അനശ്വരമാക്കിയ വിജയ
തുലാഭാരം എന്ന ചിത്രത്തിൽ ശാരദ അനശ്വരമാക്കിയ വിജയ എന്ന കഥാപാത്രം ഒരു ഭാരതീയ സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു. അവർ അനുഭവിക്കുന്ന ദുഃഖങ്ങളും ദൗർഭാഗ്യങ്ങളും ഗാംഭീര്യത്തോടെ തുറന്നുകാണിച്ച ചിത്രമായിരുന്നു അത്. മറ്റേത് നടിമാർക്കും സാധ്യമല്ലാത്ത വിധം ശാരദ മികവോടെ ആ കഥാപാത്രമായി ജീവിച്ചു.
കഥാപാത്രം: വിജയ
അഭിനേതാവ്: ശാരദ
സിനിമ: തുലാഭാരം (1968)
സംവിധാനം: എ. വിൻസെന്റ്
മഞ്ജു വാര്യറെന്ന സൂപ്പർതാരത്തിന് തുടക്കം നൽകിയ കളിയാട്ടം
കളിയാട്ടം എന്ന സിനിമയിൽ മഞ്ജു വാര്യർ അവതരിപ്പിച്ച താമര എന്ന കഥാപാത്രം നമ്മുടെ മനസിൽ തട്ടുന്നതാണ്. മലയാളത്തിലെ സൂപ്പർതാരമായി മാറിയ മഞ്ജു വാര്യറിന് ഒരു തുടക്കം നൽകിയ ചിത്രമാണ് കളിയാട്ടം എന്ന് പറയാം. ആ കഥാപാത്രം മാത്രമല്ല അത് അഭിനയിച്ച നടിയും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്.
കഥാപാത്രം: താമര
അഭിനേതാവ്: മഞ്ജു വാര്യർ
സിനിമ: കളിയാട്ടം (1997)
സംവിധാനം: ജയരാജ്
ഷമ്മി ഹീറോയാടാ....
കുമ്പളങ്ങി നൈറ്റ്സിൽ ഷമ്മി എന്ന കഥാപാത്രത്തെ ഫഹദ് ഫാസിൽ അവതരിപ്പിച്ച രീതി എടുത്തുപറയേണ്ടതാണ്. സിനിമയുടെ അവസാന ഘട്ടത്തിലാണ് അയാളൊരു ഭ്രാന്തനാണെന്ന് നാം മനസിലാക്കുന്നത്. വളരെ വ്യത്യസ്തമായ അഭിനയപാടവമാണ് ഫഹദ് അതിൽ കാഴ്ചവെച്ചിരിക്കുന്നത്. അത്തരമൊരു അഭിനയ രീതിയിലൂടെ താരം ഭാവി വാഗ്ദാനമാണെന്നാണ് തെളിയിക്കുന്നത്. നമ്മുടെ അഭിമാനമാണ് ഫഹദെന്ന് പറയാം.
കഥാപാത്രം: ഷമ്മി
അഭിനേതാവ്: ഫഹദ് ഫാസിൽ
സിനിമ: കുമ്പളങ്ങി നൈറ്റ്സ് (2019)
സംവിധാനം: മധു സി. നാരായണൻ
കിലുക്കത്തിലെ തിലകൻ
കിലുക്കത്തിൽ മികച്ച പ്രകടനങ്ങളൊരുപാടുണ്ടെങ്കിലും എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് തിലകന്റെ കഥാപാത്രമാണ്. അതിൽ ചെയ്യാൻ എളുപ്പമല്ലാത്ത ഒരു ദ്വിമുഖ വ്യക്തിത്വത്തെയാണ് തിലകൻ അവതരിപ്പിക്കുന്നത്. കാർക്കശ്യമുള്ള റിട്ടയേർഡ് ജസ്റ്റിസായാണ് എത്തുന്നതെങ്കിലും ആ കഥാപാത്രത്തിനുള്ളിലുള്ള മറ്റൊരു ഭാവം സിനിമയിലുടനീളം കലർന്നിരിക്കുന്നുണ്ട്. അതുപോലുള്ള കഥാപാത്രങ്ങളെ കണ്ടുമുട്ടാൻ പാടാണ്. മലയാള സിനിമയുടെ ഒരു പ്രത്യേക കാലഘട്ടത്തിന്റെ ജീവസ്പന്ദനമാണ് തിലകനെന്ന് പറയേണ്ടിവരും.
കഥാപാത്രം: ജഡ്ജി പിള്ള
അഭിനേതാവ്: തിലകൻ
സിനിമ: കിലുക്കം (1991)
സംവിധാനം: പ്രിയദർശൻ
തയ്യാറാക്കിയത്: അമീർ സാദിഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.