മലയാള സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ പത്തെണ്ണം തിരഞ്ഞെടുക്കുക ഏറെ ദുഷ്കരമാണ്. കാരണം, അത്രമേൽ ഇഷ്ടപ്പെട്ട ധാരാളം സിനിമകളും കഥാപാത്രങ്ങളുമുണ്ട്. അതെല്ലാം അവതരിപ്പിച്ച മികച്ച നടീനടന്മാരെയും മറക്കാനാവില്ല.
സത്യൻ അനശ്വരമാക്കിയ 'പളനി'
രാമു കാര്യാട്ടിന്‍റെ ചെമ്മീൻ എന്ന ചിത്രത്തിൽ സത്യൻ അവതരിപ്പിച്ച പളനി എന്ന കഥാപാത്രത്തെയാണ് ഞാൻ ഒന്നാമതായി തെരഞ്ഞെടുക്കുന്നത്. ഒരിക്കലും മറക്കാനാവാത്തതും ഉജ്ജ്വലവുമായ കഥാപാത്രമാണത്. പളനിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച സത്യൻ സിനിമയിറങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മായാതെ മനസ്സിൽ നിൽക്കുന്നുണ്ട്. സത്യൻ ആ കഥാപാത്രത്തെ അനശ്വരമാക്കി എന്നാണ് എന്‍റെ നിരീക്ഷണം.
കഥാപാത്രം: പളനി
അഭിനേതാവ്: സത്യൻ
സിനിമ: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്
മറക്കാനാവാത്ത 'ചെമ്പൻകുഞ്ഞ്'
ചെമ്മീൻ എന്ന ചിത്രത്തിലെ മറ്റൊരു കഥാപാത്രം തന്നെയാണ് എന്‍റെ മികച്ച രണ്ടാമത്തെ കഥാപാത്രം. അതിൽ കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രം, കടലോരത്തെ സാമാന്യം മെച്ചപ്പെട്ട ഒരു മത്സ്യത്തൊഴിലാളി. അയാളുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തമാണ് ചെമ്പൻ കുഞ്ഞിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. കൊട്ടാരക്കരയെന്ന നടന്‍റെ നടനവൈഭവം ചാരുതയോടെ പകർത്തിയ ചിത്രമാണ് ചെമ്മീൻ. അതിലെ ചെമ്പൻ കുഞ്ഞ് എനിക്ക് മറക്കാനാവാത്ത കഥാപാത്രമാണ്.
കഥാപാത്രം: ചെമ്പൻകുഞ്ഞ് / കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: ചെമ്മീൻ
വർഷം: 1965
സംവിധാനം: രാമു കാര്യാട്ട്
ഒരു പെണ്ണിന്‍റെ കഥയിലെ ഷീല
ഒരു പെണ്ണിന്‍റെ കഥ എന്ന ചിത്രത്തിൽ നടി ഷീല അവതരിപ്പിച്ച നായിക കഥാപാത്രമാണ് മറ്റൊന്ന്. പുരുഷനാൽ വഞ്ചിക്കപ്പെട്ട് പ്രതികാരത്തിനായി ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കുന്ന ഷീലയുടെ ആ കഥാപാത്രവും അവരുടെ അഭിനയവും ഒരിക്കലും മറവിയിലേക്ക് മറയില്ല.
കഥാപാത്രം: സാവിത്രി / ഷീല
സിനിമ: ഒരു പെണ്ണിെൻറ കഥ
വർഷം: 1971
സംവിധാനം: കെ.എസ് സേതുമാധവൻ
പ്രേംനസീറിന്‍റെ 'പൊട്ടൻ രാഘവൻ'
പമ്മന്‍റെ കഥയെ ആസ്പദമാക്കി കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'അടിമകൾ' എന്ന സിനിമയിൽ പ്രേം നസീർ അവതരിപ്പിച്ച 'പൊട്ടൻ രാഘവൻ' എന്ന കഥാപാത്രവും ആ സിനിമയും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. പ്രേം നസീർ അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അടിമകൾ എന്ന ചിത്രത്തിലെ പൊട്ടൻ രാഘവനെ അദ്ദേഹം അനശ്വരമാക്കി. എത്ര വർഷം കഴിഞ്ഞാലും ആ കഥാപാത്രം ഒാർമയിൽ നിലനിൽക്കും.
കഥാപാത്രം: പൊട്ടൻ രാഘവൻ / പ്രേം നസീർ
സിനിമ: അടിമകൾ
വർഷം: 1969
സംവിധാനം: കെ.എസ് സേതുമാധവൻ
ഭരത് ഗോപിയുടെ 'ഓർമ്മയ്ക്കായ്'
മലയാള സിനിമയിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത നടനാണ് ഭരത് ഗോപി. അദ്ദേഹത്തിന്‍റെ അനേകം കഥാപാത്രങ്ങളെ എനിക്ക് ഇഷ്ടമാണ്. അതിൽ രണ്ട് സിനമകൾ ഞാൻ പ്രത്യേകമായി ഓർക്കുന്നു. അതിലൊന്ന് 'ഓർമയ്ക്കായ്' എന്ന ചിത്രമാണ്. അതിൽ ഭരത് ഗോപി അവതരിപ്പിച്ച സംസാരിക്കാൻ കഴിയാത്ത കഥാപാത്രം, മറ്റൊന്ന് 'സന്ധ്യ മയങ്ങും നേരം' എന്ന ചിത്രത്തിലെ ജഡ്ജിയുടെ വേഷവും. ഭരത് ഗോപിയുടെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളായി ഞാൻ തെരഞ്ഞെടുക്കുന്നത് അവയാണ്. ഭരത് ഗോപിയെ കുറിച്ചോർക്കുേമ്പാൾ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളാണവ. ഇതിലൊന്ന് മാത്രമായി തെരഞ്ഞെടുക്കാനാണെങ്കിൽ അത് ഓർമയ്ക്കായി എന്ന ചിത്രത്തിലെ നന്ദഗോപാൽ ആയിരിക്കും.
കഥാപാത്രം: നന്ദഗോപാൽ / ഭരത് ഗോപി
സിനിമ: ഒാർമ്മയ്ക്കായി
വർഷം: 1982
സംവിധാനം: ഭരതൻ
'ഉയരെ'യിലെ പാർവതി
മലയാള സിനമയ്ക്ക് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച നടിയാണ് പാർവതി തിരുവോത്ത്. ഉയരെ എന്ന ചിത്രത്തിൽ പാർവതി അവതരിപ്പിച്ച പല്ലവി അതിമനോഹരമായൊരു കഥാപാത്രമായിരുന്നു. പ്രണയിച്ചയാൾ മുഖത്ത് ആസിഡൊഴിച്ച് ജീവിതം പ്രതിസന്ധിയിലാക്കിയിട്ടും തന്‍റെ ഇച്ഛാശക്തികൊണ്ട് അതിനെ അതിജീവിക്കുന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് പാർവതി അപൂർവ്വ ചാരുതയോടെ അവതരിപ്പിച്ചത്. മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായിട്ട് ഞാൻ പല്ലവിയിയെ കാണുന്നു.
കഥാപാത്രം: പല്ലവി രവീന്ദ്രൻ / പാർവതി തിരുവോത്ത്
സിനിമ: ഉയരെ
വർഷം: 2019
സംവിധാനം: മനു അശോകൻ
നെടുമുടിയുടെ ചെല്ലപ്പനാശാരി
ഭരതൻ എന്ന സംവിധായകൻ ഒേട്ടറെ മറക്കാനാവാത്ത സിനിമകൾ സംഭാവന ചെയ്തിട്ടുണ്ട്. ഒരേസമയം കലാമൂല്യമുള്ളതും ബോക്സ് ഓഫീസിൽ വിജയിച്ചതുമായ സിനിമകൾ. ഇന്ന് കാണുേമ്പാൾ പോലും വളരെ വിസ്മയത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന സിനിമകളാണ് അദ്ദേഹം നൽകിയത്.
പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് തകര. അതിൽ നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരി എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാനാവില്ല. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും നമ്മൾ ജീവതത്തിൽ എവിടെയോ കണ്ടുമുട്ടുന്ന ഒരു ആശാരിയായി തോന്നിക്കുംവിധം നെടുമുടി വേണു ആ കഥാപാത്രത്തിന് ജീവൻ പകർന്നു. ഇപ്പോഴും ഞാൻ ഓർത്തുവെക്കുന്ന കഥാപാത്രമാണത്.
കഥാപാത്രം: ചെല്ലപ്പനാശാരി / നെടുമുടി വേണു
സിനിമ: തകര
വർഷം: 1979
സംവിധാനം: ഭരതൻ
ഭരതത്തിലെ മോഹൻലാൽ
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന് ഒരു സംശയവുമില്ലാതെ നമ്മൾ പറയാവുന്ന നടനാണ് മോഹൻലാൽ. സൂപ്പർതാരം മാത്രമല്ല, അഭിനയ തികവുള്ള നടൻ കൂടിയാണ് മോഹൻലാൽ. അദ്ദേഹത്തിന്‍റെ ഒരുപാട് നല്ല സിനിമകൾ പറയാനുണ്ടെങ്കിലും എന്‍റെ മനസിൽ ആദ്യം ഓടിയെത്തുന്നത് 'ഭരതം' എന്ന സിനിമയിലെ കല്ലൂർ ഗോപി എന്ന കഥാപാത്രമാണ്. നെടുമുടി വേണു അവതരിപ്പിക്കുന്ന സംഗീതകാരന്‍റെ അനുജനായാണ് മോഹൻലാൽ സിനിമയിലെത്തുന്നത്.
ചേട്ടന്‍റെ മരണം തളർത്തിയ മനസ്സുമായി ചേട്ടത്തിയമ്മയുടെയും കുടുംബത്തിന്‍റെയും മുന്നിൽ നിൽക്കുന്ന മോഹൻലാൽ അവതരിപ്പിച്ച വേഷം വളരെയേറെ പ്രശംസ പിടിച്ചുപറ്റിയ അഭിനയവും കഥാപാത്രവുമാണ്. എനിക്കേറെ ഇഷ്ടമായ മികച്ചൊരു മോഹൽലാൽ കഥാപാത്രം കൂടിയാണത്.
കഥാപാത്രം: കല്ലൂർ ഗോപി / മോഹൻലാൽ
സിനിമ: ഭരതം
വർഷം: 1991
സംവിധാനം: സിബി മലയിൽ
മമ്മൂട്ടിയുടെ ബാലൻ മാഷ്
മലയാള സിനിമയുടെ വരദാനമാണ് മമ്മൂട്ടി എന്ന നമ്മുടെ മമ്മൂക്ക. അദ്ദേഹവും നമ്മുടെ മനസ്സിലേക്ക് ചേക്കേറിയ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഒരു കഥാപാത്രത്തെ മാത്രമായി തെരഞ്ഞെടുക്കുക വിഷമമാണ്. എങ്കിലും എനിക്ക് പെട്ടെന്ന് പറയാനാവുന്ന കഥാപാത്രം സിബി മലയിൽ സംവിധാനം ചെയ്ത 'തനിയാവർത്തന'ത്തിലെ ബാലൻ മാഷാണ്.
പാരമ്പര്യ ചിന്തകൾ കാരണം ചില കുടുംബങ്ങളിൽ നിസ്സഹായരായിപ്പോകുന്ന മനുഷ്യരുടെ ജീവിതത്തെയാണ് മമ്മൂട്ടി ആ സിനിമയിൽ വരച്ചുകാട്ടുന്നത്. കുടുംബത്തിൽ പാരമ്പര്യമായി വരുന്ന ഭ്രാന്ത് അദ്ദേഹത്തിനും വരുന്നു എന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് ആരോപിക്കുകയും അവസാനം ചങ്ങലയിൽ കിടക്കുന്ന മകനെ അമ്മ വിഷം കൊടുത്ത് കൊല്ലുന്ന വളരെ വേദനിപ്പിക്കുന്ന ക്ലൈമാക്സുള്ള ചിത്രമാണ്. അതിലെ മമ്മൂട്ടിയുടെ അഭിനയം ഒരിക്കലും മറക്കാനാവാത്തതാണ്. ആ കഥാപാത്രത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
കഥാപാത്രം: ബാലഗോപാൽ / മമ്മൂട്ടി
സിനിമ: തനിയാവർത്തനം
വർഷം: 1987
സംവിധാനം: സിബി മലയിൽ
ഫഹദ് ഫാസിലെന്ന കള്ളൻ
മലയാള സിനിമയിലെ പുതുതലമുറയിൽ ഒേട്ടറെ മികച്ച നടീനടൻമാരും അവരിലൂടെ നല്ല സിനിമകളും ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും എടുത്തുപറയേണ്ട നടനാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിലേക്ക് വന്ന കാലം മുതൽ ഇപ്പോൾ വരെ അദ്ദേഹം സമ്മാനിച്ച നിരവധി നല്ല കഥാപാത്രങ്ങളുണ്ട്. അതിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ കള്ളനാണ്. സുരാജ് വെഞ്ഞാറമൂടിെൻറ ഭാര്യയുടെ മാല ബസിൽ വെച്ച് മോഷ്ടിച്ച് പൊലീസ് സ്റ്റേഷനിൽ കഴിയുന്ന ഏതാനും ദിവസങ്ങളാണ് ആ സിനിമയുടെ പ്രമേയം.
ആ കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കി. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് ഫഹദ് ഫാസിലെന്നാണ് എന്‍റെ അഭിപ്രായം.
കഥാപാത്രം: പ്രസാദ് / ഫഹദ് ഫാസിൽ
സിനിമ: തൊണ്ടിമുതലും ദൃക്സാക്ഷിയും
വർഷം 2017
സംവിധാനം: ദിലീഷ് പോത്തൻ
തയ്യാറാക്കിയത്: അമീർ സാദിഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.