ഞാൻ മമ്മൂക്കയുടെ കടുത്ത ആരാധിക -സിതാര

ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റെടുക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന നടൻ സത്യൻ മാഷാണ്. അദ്ദേഹത്തിന്റെ തന്നെ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ പോലും അത് ശ്രമകരമായിരിക്കും. സത്യൻ മാഷിന്റെസയൊക്കെ കാലത്തിനു ശേഷം ജനിച്ച എന്നെപ്പോലൊരാൾ സത്യൻ മാഷിലേക്കും അക്കാലത്തെ മറ്റ് നടന്മാരിലേക്കും എത്തുന്നത് പാട്ടിലൂടെയാണ്. ഒരു ഗായിക എന്ന നിലയിൽ പഴയ പാട്ടുകൾ കേൾക്കാനും ആ രംഗങ്ങൾ കാണാനുമായാണ് പഴയ കാല സിനിമകൾക്കു പിന്നാലെ പോകുന്നത്. കേവലം പാട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ ആ സിനിമ മുഴുവനായി കാണാൻ കൂടി നമ്മൾ അപ്പോൾ പ്രേരിപ്പിക്കപ്പെടും.

ഇന്നും വിസ്മയിപ്പിക്കുന്ന ദാമോദരൻ മുതലാളി

എ. വിൻസെന്റ് സംവിധാനം ചെയ്ത 'ത്രിവേണി' എന്ന ചിത്രത്തിൽ സത്യൻ മാസ്റ്റർ ചെയ്ത ദാമോദരൻ മുതലാളി എന്ന കഥാപാത്രമാണ് ആദ്യം മനസ്സിൽ വരുന്നത്. പ്രേംനസീറും ശാരദയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം കൂടിയാണത്. പ്രതിഭകളുടെ ഒരു സംഗമം തന്നെയായിരുന്നു ത്രിവേണി. പ്രായമായ ഒരാളായിട്ടാണ് സത്യന്റെ വേഷം.


പ്രായം കുറഞ്ഞ ശാരദയെ അദ്ദേഹം വിവാഹം കഴിക്കുന്നു. തന്റെെ ഭാര്യയുടെ വയറ്റിൽ വളരുന്നത് തന്റെ് കുഞ്ഞല്ല എന്നറിഞ്ഞിട്ടും അതിനെ തന്റേ‍തായി തന്നെ കാണുന്ന മനുഷ്യൻ. ഇന്ന് ആ സിനിമ കാണുമ്പോൾ പോലും അതിശയിച്ചുപോകുന്നത്ര സ്വാഭാവികതയോടെയാണ് അദ്ദേഹം ദാമോദരൻ മുതലാളിയെ അനശ്വരമാക്കിയിരിക്കുന്നത്.

കഥാപാത്രം: ദാമോദരൻ മുതലാളി
അഭിനേതാവ്: സത്യൻ
ചിത്രം: ത്രിവേണി (1970)
സംവിധാനം: എ. വിൻസെന്റ്

ഭാർഗവിക്കുട്ടിയുടെ പ്രത്യേകത

മലയാളത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് 'ഭാർഗവിനിലയ'ത്തിലെ ഭാർഗവിക്കുട്ടിയാണ്. വിജയനിർമലയാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നത്. അതൊന്നും അറിഞ്ഞല്ല ആ സിനിമ കണ്ടത്. ബാബുക്കയുടെ അതിമനോഹരമായ ഗാനങ്ങളാണ് ആ സിനിമയുടെ പ്രത്യേകത. എ. വിൻസെന്റ്് മാഷ് തന്നെയാണ് ആ സിനിമയയുടെയും സംവിധാനം നിർവഹിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചത്തെ ആസ്പദമാക്കി എടുത്ത ചിത്രം. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ആ സിനിമ കണ്ടത്. ആ പ്രായത്തിൽ അതിലെ നായിക ആരാണെന്നുപോലും അത്ര നിശ്ചയമില്ലായിരുന്നു. പിന്നീടാണ് വിജയനിർമല എന്ന നടിയുടെ വലിപ്പം തിരിച്ചറിയുന്നത്. ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിതയെന്ന ഗിന്നസ് റെക്കോർഡ് പോലും സ്വന്തമാക്കിയ ഒരു നടിയാണവർ.


അക്കാലത്ത് ശാരദയുടെയും ഷീലയുടെയും ഒക്കെ കഥാപാത്രങ്ങളാണ് കൂടുതലായി കണ്ടിട്ടുള്ളത്. അതിൽ നിന്നും വ്യത്യസ്തമായിരുന്നു വിജയനിർമലയുടെ ഭാർഗവിക്കുട്ടി. പ്രത്യേകിച്ച് ഒരു ബഷീറിയൻ ബാക്ഡ്രോപ് കൂടിയാകുമ്പോൾ ആ ചിത്രവും ഭാർഗവിക്കുട്ടി എന്ന കഥാപാത്രവും ഏറ്റവും ഇഷ്ടപ്പെട്ടവരുടെ പട്ടികയിൽ ഇടംപിടിക്കുന്നു.

കഥാപാത്രം: ഭാർഗവി
അഭിനേതാവ്: വിജയനിർമല
ചിത്രം: ഭാർഗവിനിലയം (1964)
സംവിധാനം: എ. വിൻസെന്റ്

ആരും കൊതിച്ചുപോകുന്ന കറുത്തമ്മ

മലയാള സിനിമ ചരിത്രത്തിലെ പകരമില്ലാത്ത പേരാണ് 'ചെമ്മീൻ' എന്ന ചിത്രത്തിന്റെടത്. ഇന്ത്യൻ സിനിമയിൽ തന്നെ മലയാളത്തിന്റെ് അഭിമാനമായി മുന്നോട്ടുവെക്കുന്ന ചിത്രമാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ. അതിൽ ഷീലാമ്മ അവതരിപ്പിച്ച കറുത്തമ്മ എന്ന കഥാപാത്രം എക്കാലത്തെയും ഉജ്ജ്വലമായ പാത്രസൃഷ്ടിയാണ്.


അതേക്കുറിച്ച് അധികം പറയേണ്ട ആവശ്യം പോലുമില്ലാത്തത്രയും മലയാളിക്ക് പരിചിതമാണ് കറുത്തമ്മ. ഇന്ത്യൻ സിനിമയിൽ തന്നെ മലയാളത്തിന്റെണ അഭിമാനമായി നമ്മൾ മുന്നോട്ടുവെച്ച സിനിമയാണ് ചെമ്മീൻ. അതിലെ പാട്ടുകൾ അതിപ്രശസ്തങ്ങളാണ്. ഓരോ കഥാപാത്രങ്ങളും ഉജ്ജ്വലങ്ങളാണ്. സാഹിത്യത്തിൽ നിന്നുണ്ടായ സിനിമയായതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങൾക്കും ആഴമുണ്ട്. ചെറിയ സീനിൽ വന്നുപോകുന്ന കഥാപാത്രങ്ങൾക്കുപോലും വലിയ പ്രധാന്യവുമുണ്ട്.

മലയാള സിനിമയിലെ ഏതൊരു നടിയും ആഗ്രഹിച്ചുപോകുന്ന കഥാപാത്രമായിരുന്നു കറുത്തമ്മ. ഷീലാമ്മയുടെ നിരവധി കഥാപാത്രങ്ങളിൽ തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ടതും കറുത്തമ്മയാണ്.

കഥാപാത്രം: കറുത്തമ്മ
അഭിനേതാവ്: ഷീല
ചിത്രം: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്

ആൾക്കൂട്ടത്തിൽ മാധവൻ തനിയെ

ഐ.വി. ശശി സാറിന്റെത് മികച്ച സിനിമകൾ ഉണ്ടായ കാലമാണ്. മമ്മുക്കയും ലാലേട്ടനുമൊക്കെ ഒന്നിച്ചണിനിരന്ന, നിരവധി നായികമാർ നിറഞ്ഞഭിനയിച്ച ഒരു കാലം കൂടിയായിരുന്നു അത്. നേരത്തെ പറഞ്ഞപോലെ മികച്ച സാഹിത്യകാരന്മാരുടെ രചനകൾ കൊണ്ടും അനുഗ്രഹിക്കപ്പെട്ട ഒരു കാലം.എം.ടിയുടെ സ്ക്രിപ്റ്റിൽ ഐ.വി. ശശി സംവിധാനം ചെയ്ത 'ആൾക്കൂട്ടത്തിൽ തനിയെ' അത്തരമൊരു മികച്ച സിനിമയാണ്. മമ്മൂട്ടിയും മോഹൻലാലും സീമയും അടക്കമുള്ള വലിയൊരു താരനിര ആ ചിത്രത്തിലുണ്ട്. അൽപ നേരം മാത്രമേയുള്ളുവെങ്കിലും അപാരമായ പ്രകടനം കൊണ്ട് ഞെട്ടിച്ച കഥാപാത്രങ്ങൾ വരെയുണ്ട്.


പക്ഷേ, ആ ചിത്രം ആകെ ചുറ്റിനിൽക്കുന്നത് ബാലൻ കെ. നായർ അവതരിപ്പിച്ച മാധവൻ എന്ന അച്ഛൻ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്. ആ സിനിമയിലുടനീളം കിടപ്പിലായ, മരണാസന്നനായ ഒരു രോഗിയായാണ് ബാലൻ കെ. നായർ അഭിനയിക്കുന്നത്. ആ കിടപ്പിൽ കിടന്നുകൊണ്ട് നമ്മളെ വല്ലാതെ ഹോണ്ട് ചെയ്യിക്കാൻ കഴിയുന്നത് ആ അഭിനേതാവിന്റെ മിടുക്കുകൊണ്ടാണ്. അതൊരു രോഗിയല്ല എന്ന് നമുക്ക് വിശ്വസിക്കാൻ പോലുമാകാത്തവിധമാണ് അദ്ദേഹം കഥാപാത്രമായി മാറിയത്. നമ്മുടെ ജീവിതത്തിൽ കണ്ട ഏതോ ഒരാളുടെ ഛായയാണ് അപ്പോൾ ആ കഥാപാത്രത്തിന്.

കഥാപാത്രം: മാധവൻ
അഭിനേതാവ്: ബാലൻ കെ. നായർ
ചിത്രം: ആൾക്കൂട്ടത്തിൽ തനിയെ (198)
സംവിധാനം: ഐ.വി. ശശി

നെഞ്ചിലൊരു ഭാരമായി ബാലൻ മാഷ്

മമ്മുക്കയുടെ ഒരു കടുത്ത ആരാധികയാണ്. ഏതാണ് അദ്ദേഹത്തിന്റെെ പ്രിയപ്പെട്ട കഥാപാത്രം എന്നു ചോദിച്ചാൽ എല്ലാം പ്രിയപ്പെട്ടതാണ് എന്നേ പറയാനാവൂ. അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ പോകുമ്പോൾ എന്റെ മനസ്സിൽ ബാക്കി എല്ലാവർക്കും ആ കഥാപാത്രം ഇഷ്ടപ്പെടണേ എന്നാണ്. അത്രയ്ക്കും എനിക്കത് ഇഷ്ടമായി കഴിഞ്ഞതാണ്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസിനെ അത്രയേറെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ. അദ്ദേഹത്തിന്റെ ഓരോ സിനിമകളും എനിക്ക് ആഘോഷമാണ്.പക്ഷേ, അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെ ഗൗരവമായി സമീപിക്കുമ്പോൾ അതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സിബി മലയിൽ സംവിധാനം ചെയ്ത, ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതിയ 'തനിയാവർത്തനത്തിലെ ബാലൻ മാസ്റ്ററാണ്.


സിനിമയിൽ അത്യപൂർവമായി മാത്രം സംഭവിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണത്. മമ്മൂക്കയുടെ അഭിനയപ്രകടനത്തിന്റെ പല തലങ്ങളും ആ ചിത്രത്തിൽ കാണാം. വളരെ സ്വാസ്ഥ്യമുള്ളൊരാളെ സമൂഹം പിന്നാലെ കൂടി ഭ്രാന്തനാക്കുമ്പോൾ അയാൾ ആ അവസ്ഥയിലേക്ക് എങ്ങനെ സംക്രമിക്കുന്നുവെന്ന് വളരെ സൂക്ഷ്മമായ പ്രകടനത്തിലൂടെ മമ്മൂട്ടി എന്ന നടൻ അദ്ഭുതപ്പെടുത്തി. ഇപ്പോൾ കാണുമ്പോഴും നെഞ്ചിലൊരു ഭാരമാണ് ആ ചിത്രം. സഹോദരിയുടെ വിവാഹമുറപ്പിക്കുന്ന ചടങ്ങിലേക്ക് ആ വീട്ടുകാരനല്ലെന്നു പറഞ്ഞ് കയറിച്ചെല്ലുകയും ഇറങ്ങിപ്പോവുകയും ചെയ്യേണ്ടിവരുന്ന സീനൊക്കെ ഇപ്പോൾ കാണുമ്പോഴും ആദ്യം കണ്ട അതേ കനം തൂങ്ങുന്ന മനസ്സോടെയേ കണ്ടിരിക്കാനാവൂ. മമ്മൂക്കയുടെ ഇഷ്ടകഥാപാത്രങ്ങളിൽ ഒന്ന് തനിയാവർത്തനത്തിലെ ബാലൻ മാഷ് തന്നെയാണ്.

കഥാപാത്രം: ബാലൻ മാഷ്
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ

നമുക്കറിയാവുന്ന കാഞ്ചന

മലയാളത്തിലെ മികച്ച അഭിനേത്രികളിൽ മുൻനിരയിൽ തന്നെ സ്ഥാനമുള്ള നടിയാണ് ഉർവശി ചേച്ചി. മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഉർവശിച്ചേച്ചിക്കു പകരം മറ്റൊരാളില്ല. ഏതു വേഷവും ചെയ്യാൻ പോന്ന റേഞ്ചുള്ള ഒരു നടിയാണവർ. തലയണമന്ത്രത്തിലെ കാഞ്ചന എന്ന കഥാപാത്രത്തെ നോക്കുക. നമ്മുടെ ബന്ധുവീടുകളിലോ അയൽപക്കത്തോ ഒക്കെ കണ്ടിട്ടുള്ള ഒരു ചെറിയമ്മയോ വലിയമ്മയോ ഒക്കെയായ ഒരാളായേ ആ കഥാപാത്രത്തെ നമുക്ക് അനുഭവപ്പെടൂ.


ഒരു കഥാപാത്രം പോസിറ്റീവ്, നെഗറ്റീവ് എന്നീ രണ്ടു കോളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യൻ എന്നു പറയുന്നത് ബ്ലാക്കും വൈറ്റും മാത്രമല്ലെന്നും എല്ലാം കൂടി കലർന്നതാണെന്നും ആ കഥാപാത്രം പറയുന്നുണ്ട്. നല്ലത്, ചീത്ത എന്നു പറഞ്ഞ് ആരുമില്ല. എല്ലാം കൂടി ചേർന്നതാണ് നമ്മളെല്ലാം. അങ്ങനെയുള്ള മനുഷ്യരെ ആലോചിക്കുമ്പോൾ കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ മറ്റൊരാൾക്കും സാധിക്കില്ല എന്നവിധം ഉർവശി ചേച്ചി ഭംഗിയാക്കി. ചെറിയ സങ്കടവും കുശുമ്പും ഒരു വീട്ടമ്മയുടെ നിരാശയുമെല്ലാം ചേർന്നു നിൽക്കുമ്പോഴും കുടുംബത്തെ അതിയായി സ്നേഹിക്കുകയും ചെയ്യുന്ന സങ്കീർണമായ ആ കഥാപാത്രത്തെ അവർ അവിസ്മരണീയമാക്കി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയായ ഉർവശി ചേച്ചിയുടെ ഏറ്റവും ഇഷ്ടമായ കഥാപാത്രമാണ് കാഞ്ചന.

കഥാപാത്രം: കാഞ്ചന
അഭിനേതാവ്: ഉൾവശി
ചിത്രം: തലയണമന്ത്രം (1990)
സംവിധാനം: സത്യൻ അന്തിക്കാട്

ഉള്ളുലച്ച സത്യനാഥൻ

നേരത്തെ മമ്മൂക്കയുടെ കാര്യം പറഞ്ഞപോലെ മലയാളികളുടെ അഹങ്കാരവും അഭിമാനവുമൊക്കെയാണ് മോഹൻലാൽ. ലാലേട്ടന്റെ കഥാപാത്രങ്ങളിൽ ഇഷ്ടക്കേട് തോന്നേണ്ട കഥാപാത്രങ്ങളെ കണ്ടെത്തുക തന്നെ ബുദ്ധിമുട്ടാണ്. അത്രയധികം മലയാളിയുടെ സ്വന്തവും വികാരവുമാണ് ലാലേട്ടൻ. അതിൽ തന്നെ 'സദയം' എന്ന ചിത്രത്തിലെ സത്യനാഥൻ എന്ന കഥാപാത്രമാണ് ഏറെ ഇഷ്ടത്തോടെ ഞാൻ തെരഞ്ഞെടുക്കുന്നത്.


എം.ടി  രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ആ ചിത്രത്തിനായി ജോൺസൺ മാഷ് ചെയ്ത അതിമനോഹരമായ പശ്ചാത്തല സംഗീതം ഇപ്പോഴും മനസ്സിലുണ്ട്. നിശബ്ദതയും വളരെ കുറച്ചുമാത്രം സംഗീതവും ഇടകലർത്തിയ ആ പശ്ചാത്തലത്തിന് ജോൺസൺ മാഷിന് ദേശീയ പുരസ്കാരവും കിട്ടിയതാണ്. എല്ലാം ഒന്നിനൊന്ന് മത്സരിക്കുന്ന ആ ചിത്രത്തിൽ ഇടയ്ക്കിടെ ഒരു മണിമുഴങ്ങുന്ന ശബ്ദം കേൾക്കാം. അതു കേൾക്കുമ്പോൾ ഭയത്തിന്റെ തണുപ്പ് അരിച്ചുകയറുന്നപോലെ തോന്നും.

സവിശേഷമായ മാനസികഘടനയുള്ളവരാണ് ചിത്രകാരന്മാർ. അങ്ങനെയൊരാളെ അവതരിപ്പിക്കുക അത്ര എളുപ്പമല്ല. അവരുടെ മനസ്സും ആലോചനകളും പോകുന്ന രീതി വളരെ വ്യത്യസ്തമായിരിക്കും. അതെല്ലാം അറിഞ്ഞു ചെയ്യാൻ ഒരതുല്ല്യ പ്രതിഭക്കു മാത്രമേ കഴിയൂ. അതിന്റെന ഷൂട്ടിങ്ങിനെക്കുറിച്ച് പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. ആക്ഷൻ പറയുന്നതിനു തൊട്ടുമുമ്പുവരെ സാധാരണ കളിതമാശകളുമായിരിക്കുന്ന ലാലേട്ടൻ ആക്ഷൻ പറഞ്ഞുകഴിഞ്ഞാൽ മറ്റൊരാളായി മാറുന്നതിനെക്കുറിച്ച് സിബി സാറിന്റെു ചില അഭിമുഖങ്ങളിൽ ഞാൻ കേട്ടിട്ടുണ്ട്. മലയാളത്തിലുണ്ടായ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സദയത്തിലെ സത്യനാഥൻ.

കഥാപാത്രം: സത്യനാഥൻ
അഭിനേതാവ്: മോഹൻലാൽ
ചിത്രം: സദയം (1992)
സംവിധാനം: സിബി മലയിൽ

സ്നേഹത്തുരുത്തായ രാവുണ്ണി നായർ

മലയാളിക്ക് അഭിമാനത്തോടെ ലോകത്തോട് പറയാവുന്ന ഒരു നടനായിരുന്നു നെടുമുടി വേണു. അദ്ദേഹത്തിന്റൊ വേർപാടുണ്ടാക്കിയ നഷ്ടമൊന്നും ഒരിക്കലും നികത്താനാവില്ല. ഏതാണ് മികച്ച കഥാപാത്രമെന്നു ചോദിച്ചാൽ നമുക്ക് കൺഫ്യൂഷനുണ്ടാക്കുന്ന നടനാണദ്ദേഹം. പക്ഷേ, എനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രം 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തിലെ രാവുണ്ണി നായരാണ്. വേണുച്ചേട്ടനും ശാരദാമ്മയും ചേർന്ന അപൂർവമായ ഒരു കോമ്പിനേഷനായിരുന്നു ആ സിനിമ. മക്കളില്ലാത്ത റിട്ടയറായ രണ്ട് അധ്യാപകദമ്പതികൾ. അവർ മാത്രമുള്ളൊരു വീട്. അവിടേക്ക് മകളെപ്പോലെ കടന്നുവരുന്നൊരു പെൺകുട്ടി. സ്നേഹത്താൽ ചുറ്റപ്പെട്ട ഒരു കഥ.


ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ് പ്രായം അദ്ഭുതപ്പെടുത്തും. ഇരട്ടി പ്രായമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ച് അമ്പരപ്പിച്ചത്. ശരീരഭാഷയിലും ഡയലോഗിലുമെല്ലാം അതു കൊണ്ടുവരിക ഒരു ശ്രമകരമായ യജ്ഞമായിരുന്നു. വളരെ സൂക്ഷ്മമായ പ്രകടനമാണത്. ഒ.എൻ.വി ^ ജോൺസൺ മാഷ് കൂട്ടുകെട്ടിലെ പാട്ടുകൾ കൊണ്ടും ഏറെ പ്രിയപ്പെട്ടതാണ് ജോൺപോൾ എഴുതി ഭരതൻ സംവിധാനം ചെയ്ത ആ ചിത്രം. വേണുസാറിന്റെ നിരവധി ഇഷ്ടവേഷങ്ങളിൽ നിന്ന് ഇപ്പോൾ മനസ്സിൽ വന്ന കഥാപാത്രമാണ് മിന്നാമിനുങ്ങിന്റെത നുറുങ്ങുവെട്ടം.

കഥാപാത്രം: രാവുണ്ണി നായർ
അഭിനേതാവ്: നെടുമുടി വേണു
ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)
സംവിധാനം: ഭരതൻ

കൊത്തിവലിക്കുന്ന കുഞ്ഞിപ്പെണ്ണ്

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കളെക്കുറിച്ച് പറയുമ്പോൾ എതിരഭിപ്രായമില്ലാതെ പറയുന്ന പേരാണ് കെ.പി.എ.സി ലളിതയുടെത്. ഏത് കഥാപാത്രത്തെക്കുറിച്ച് പറയുമെന്ന് ആശങ്കപ്പെടുത്തുന്ന ഒരു നടിയാണവർ. പക്ഷേ, 'വെങ്കല'ത്തിൽ ലളിതാമ്മ അവതരിപ്പിച്ച കുഞ്ഞിപ്പെണ്ണ് എന്ന കഥാപാത്രം എല്ലാത്തിൽനിന്നും വേറിട്ടുനിൽക്കുന്നതാണ്.


ഒരു പ്രത്യേക സമുദായത്തിനിടയിൽ നിലനിൽക്കുന്ന പ്രത്യേകമായ ഒരു ബന്ധത്തിന്റെ' കഥയാണത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംസാരമോ ജീവിതമോ അല്ല ആ കുടുംബത്തിൽ. അതുകൊണ്ടുതന്നെ ആ സവിശേഷതകൾ മുഴുവൻ അറിഞ്ഞ് അഭിനയിക്കേണ്ട ഒരു കഥാപാത്രമാണത്. അതുൾക്കൊണ്ടാണ് ലളിതാമ്മ ആ വേഷം അവതരിപ്പിച്ചത്. ഒരു ചെറിയ ചിരിയാവട്ടെ കരച്ചിലാവട്ടെ നിലവിളിയാവട്ടെ അതിലെല്ലാം മനസ്സിനെ കൊളുത്തിവലിക്കുകയാണ് അവരുടെ അഭിനയം.

കഥാപാത്രം: കുഞ്ഞിപ്പെണ്ണ്
അഭിനേതാവ്: കെ.പി.എ.സി ലളിത
ചിത്രം: വെങ്കലം (1993)
സംവിധാനം: ഭരതൻ

ഞങ്ങളുടെ തലമുറയുടെ ഭാനു

ഞങ്ങളുടെയൊക്കെ തലമുറ കടന്നുപോകുന്ന ഈ കാലത്ത് ഏറ്റവും ആവേശത്തോടെ കേൾക്കുന്ന പേരാണ് മഞ്ജുവാര്യരുടേത്. അവർ അവതരിപ്പിച്ചതിൽ ഏറെ ഇഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളുണ്ട്. പത്രത്തിലും കണ്ണെഴുതിപൊട്ടുംതൊട്ടിലും അവർ അവതരിപ്പിച്ച വേഷങ്ങൾ വളരെ ഇഷ്ടപ്പെട്ടതാണ്. വളരെ ചെറിയ പ്രായത്തിൽ അതിശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരമുണ്ടായ നടിയാണ് മഞ്ജു വാര്യർ. പക്ഷേ, അക്ഷരാർത്ഥത്തിൽ ശക്തമായ കഥാപാത്രം എന്നു വിളിക്കാവുന്നതാണ് 'കന്മദ'ത്തിലെ ഭാനു.


ആ പ്രായത്തിൽ ഒരു നടിക്ക് കാഴ്ചവെക്കാവുന്ന പ്രകടനത്തിെൻറ പാരമ്യമായാണ് എനിക്ക് തോന്നുന്നത്. പിന്നീട് അത്തരം ഛായയുള്ള കഥാപാത്രങ്ങൾ വരുമ്പോഴൊക്കെ അതവതരിപ്പിക്കുന്ന നടിമാരുടെ മനസ്സിൽ തെളിയുന്ന ചിത്രം ഭാനുവിന്റെകതായിരിക്കും ഒരു നടി എന്നതിനപ്പുറം ജീവിതത്തിലും എനിക്കേറെ ആരാധന തോന്നിയ ഒരു വ്യക്തിയാണ് മഞ്ജുചേച്ചി. നർത്തകിയായും പാട്ടുകാരിയായും അടുത്തിടെയായി ചിത്രകാരി എന്ന നിലയിലും എല്ലാം വേറിട്ട വ്യക്തിത്വമാണ് മഞ്ജുചേച്ചിയുടെത്. അവർ നമ്മളെ ഇപ്പോഴും അദ്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

പുരുഷകേന്ദ്രിതമാണ് സിനിമാലോകം എന്നു പറയുമ്പോൾ തന്നെ അവിടെ തന്റേയതായ ഒരു ഇടം കണ്ടെത്തുവാൻ കഴിഞ്ഞ നടിയാണ് അവർ. ഒരു ഫീമെയിൽ ആക്ടറുടെ പേരിൽ ഒരു സിനിമ കാണാൻ ആളുകൾ കയറുക എന്നതൊക്കെ അപൂർവമായ കാര്യങ്ങളാണ്. മഞ്ജു ചേച്ചിയുടെ മികച്ച കഥാപാത്രങ്ങളിൽ എനിക്കേറ്റവും ഇഷ്ടം കന്മദത്തിലെ ഭാനുവാണ്.

കഥാപാത്രം: ഭാനു
അഭിനേതാവ്: മഞ്ജു വാര്യർ
ചിത്രം: കന്മദം (1998)
സംവിധാനം: ലോഹിതദാസ്



തയാറാക്കിയത്: കെ.എ. സൈഫുദ്ദീൻ


Full View


Tags:    
News Summary - Singer Sithara Best characters in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.