കുട്ടിക്കാലത്ത് കണ്ട സൂപ്പർഹിറ്റ് ചിത്രമാണ് ജീവിതനൗക. ഏറെ സ്വാധീനിച്ച സിനിമ കൂടിയാണത്. ഒരു വർഷത്തോളം ആ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിൽ ബി.എസ് സരോജ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ മറക്കാനാവില്ല.
കഥാപാത്രം: ലക്ഷ്മി
അഭിനേതാവ്: ബി.എസ് സരോജ
ചിത്രം: ജീവിതനൗക (1951)
സംവിധാനം: കെ. വേമ്പു
മലയാളത്തിലെ നിയോറിയലിസ്റ്റിക് സിനിമയാണ് നീലക്കുയിൽ. ആ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് സത്യൻ ആണെങ്കിലും മനസിൽ തൊട്ട കഥാപാത്രം പി. ഭാസ്കരൻ അവതരിപ്പിച്ച പോസ്റ്റ് മാന്റെ കഥാപാത്രമാണ്. സിനിമയിൽ പുതുമ കൊണ്ടുവന്ന ചിത്രം കൂടിയാണ് നീലക്കുയിൽ
കഥാപാത്രം: പോസ്റ്റുമാൻ ശങ്കരൻ നായർ
അഭിനേതാവ്: പി. ഭാസ്കരൻ
ചിത്രം: നീലക്കുയിൽ (1954)
സംവിധാനം: പി. ഭാസ്കരൻ
പ്രേം നസീറിന് അവാർഡ് നൽകാൻ മടിച്ച ജൂറി
പ്രേംനസീറിന്റെ മികച്ച കഥാപാത്രം ഇരുട്ടിന്റെ ആത്മാവിലെ വേലായുധനാണ്. നസീർ നല്ല നടനല്ല എന്ന് പറയുന്നവർക്ക് മുഖത്തേറ്റ അടിയാണ് വേലായുധനെന്ന കഥാപാത്രം. മനോഹരമായാണ് പ്രേംനസീർ വേലായുധനെ അവതരിപ്പിച്ചത്. അന്ന് നസീറിന് സംസ്ഥാന അവാർഡ് ലഭിക്കേണ്ടതുമായിരുന്നു. എന്നാൽ അന്നത്തെ ഫിലിം സ്കൂളിൽ പഠിച്ചവർക്ക് മാത്രം അവാർഡ് നൽകിയിരുന്ന ജൂറി നസീറിന് അവാർഡ് കൊടുത്തില്ല.
കഥാപാത്രം: വേലായുധൻ
അഭിനേതാവ്: പ്രേംനസീർ
ചിത്രം: ഇരുട്ടിന്റെ ആത്മാവ് (1966)
സംവിധാനം: പി. ഭാസ്കരൻ
സത്യൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് വാഴ് വേ മായം എന്ന ചിത്രത്തിലെ സുധീന്ദ്രനെയാണ്. വികാരഭരിതമായ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആ കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല.
കഥാപാത്രം: സുധീന്ദ്രൻ
അഭിനേതാവ്: സത്യൻ
ചിത്രം: വാഴ് വേ മായം (1970)
സംവിധാനം: കെ.എസ് സേതുമാധവൻ
ഓളവും തീരവും ആണ് പി.എൻ മേനോൻ ചിത്രങ്ങളിൽ മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നത്. ചിത്രത്തിൽ മധുവിന്റെ ബാപ്പുട്ടി എന്ന കഥാപാത്രം ഏറെ വ്യത്യസ്തമായിരുന്നു. മധു മാനറിസങ്ങൾ കാണാത്ത കഥാപാത്രം കൂടിയായിരുന്നു ബാപ്പുട്ടി. മധു കഥാപാത്രമായി അഭിനയിച്ചു.
കഥാപാത്രം: ബാപ്പുട്ടി
അഭിനേതാവ്: മധു
ചിത്രം: ഓളവും തീരവും (1969)
സംവിധാനം: പി.എൻ മേനോൻ
ചെമ്മീൻ എന്ന ചിത്രം കണ്ടവർക്ക് മറക്കാനാവാത്ത കഥാപാത്രം കൊട്ടാരക്കര ശ്രീധരൻ നായർ അവതരിപ്പിച്ച ചെമ്പൻ കുഞ്ഞ് ആയിരിക്കുമെന്നതിൽ സംശയമില്ല. ചിത്രത്തിലെ കൊട്ടാരക്കരയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടുപോയി. ഒരു മനുഷ്യന്റെ ആർത്തിയും വീഴ്ച്ചയുമെല്ലാം അദ്ദേഹം മനോഹരമാക്കി അവതരിപ്പിച്ചു. നാടകത്തിന്റെ ഹാങ് ഓവറില്ലാത്ത നടനാണ് കൊട്ടാരക്കര ശ്രീധരൻ നായർ
കഥാപാത്രം: ചെമ്പൻകുഞ്ഞ്
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
സിനിമ: ചെമ്മീൻ (1965)
സംവിധാനം: രാമു കാര്യാട്ട്
ഞാൻ സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന ചിത്രത്തിലെ മോഹിനി പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള താക്കീതാണ് ചിത്രം. നിരൂപകപ്രശംസ നേടിയ കഥാപാത്രമായിരുന്നു മോഹിനി.
കഥാപാത്രം: മോഹിനി
അഭിനേതാവ്: ലക്ഷ്മി
സിനിമ: മോഹിനിയാട്ടം (1976)
സംവിധാനം: ശ്രീകുമാരൻ തമ്പി
മോഹൻലാൽ ചിത്രങ്ങളിൽ ഇഷ്ടപ്പെട്ട കഥാപാത്രം വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെയാണ്. ആട്ടക്കാരൻ എന്നും ആട്ടക്കാരൻ തന്നെയെന്നാണ് ആ ചിത്രം പറയുന്നത്. മോഹൻലാലിന് കഥകളി നടന്റെ മുദ്രയും ഭാവങ്ങളും എങ്ങിനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ എനിക്കിപ്പോഴും അത്ഭുതമാണ്. വളരെ പെട്ടെന്ന് കാര്യങ്ങൾ പഠിച്ചെടുക്കുന്ന നടനാണ് മോഹൻലാൽ.
കഥാപാത്രം: കുഞ്ഞിക്കുട്ടൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: വാനപ്രസ്ഥം (1999)
സംവിധാനം: ഷാജി എൻ കരുൺ
മമ്മൂട്ടി മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണ് കാഴ്ചയിലെ മാധവൻ. മനുഷ്യന്റെ ആത്മസംഘർഷങ്ങളെ ചിത്രത്തിൽ മമ്മൂട്ടി മനോഹരമായി അവതരിപ്പിച്ചു.
കഥാപാത്രം: മാധവൻ
അഭിനേതാവ്: മമ്മൂട്ടി
സിനിമ: കാഴ്ച (2004)
സംവിധാനം: ബ്ലെസി
ഞാൻ സംവിധാനം ചെയ്ത ഗാനം എന്ന ചിത്രത്തിൽ ലക്ഷ്മി അവതരിപ്പിച്ച പാലക്കാട് രുഗ്മിണിയമ്മയും പ്രിയപ്പെട്ട കഥാപാത്രമാണ്. സംഗീതത്തിന് അതിരുകളില്ല എന്നാണ് ചിത്രം പറയുന്നത്. ചിത്രം പുറത്തിറങ്ങിയ കാലത്തും ജനങ്ങൾ ഏറ്റെടുത്ത കഥാപാത്രമായിരുന്നു പാലക്കാട് രുഗ്മിണിയമ്മ
കഥാപാത്രം: പാലക്കാട് രുഗ്മിണിയമ്മ
അഭിനേതാവ്: ലക്ഷ്മി
സിനിമ: ഗാനം (1982)
സംവിധാനം: ശ്രീകുമാരൻ തമ്പി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.