മണ്ഡ്യ ഹൊസഹള്ളിയിൽ അൾട്രാസൗണ്ട് സ്കാനിങ് കേന്ദ്രം പ്രവർത്തിച്ചിരുന്ന ശർക്കര ഫാക്ടറി

900 ഭ്രൂണഹത്യ; ഡോക്ടർമാരും കൂട്ടാളികളും അറസ്റ്റിൽ

ബംഗളൂരു: മൈസൂരുവിലെ സ്വകാര്യ ആശുപത്രികളിലും മാണ്ഡ്യയിൽ ശർക്കര നിർമാണ ശാലയുടെ മറവിലും നടത്തിവന്ന ഭ്രൂണഹത്യ വ്യാപാര സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു ഉദയഗിരി മാത ആശുപത്രിയിലെ ഡോ. ചന്ദൻ ബള്ളാൾ, ഡോ. തുളസീരാമൻ, ആശുപത്രി മാനേജറും ഡോ. ചന്ദൻ ബള്ളാളിന്റെ ഭാര്യയുമായ സി.എം. മീന, റിസപ്ഷനിസ്റ്റും മണ്ഡി മൊഹല്ലയിലെ താമസക്കാരിയുമായ റിസ്മ ഖാനൂം, ലബോറട്ടറി ടെക്നീഷ്യൻ നിസാർ, മൈസൂരു സ്വദേശി ശിവലിംഗഗൗഡ, മണ്ഡ്യ സ്വദേശി നയൻകുമാർ, ദാവൻഗരെ സ്വദേശി ടി.എം. വീരേഷ്, മണ്ഡ്യ സ്വദേശി നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഡോ. ചന്ദൻ ബള്ളാളിനെ കെ.ആർ പേട്ടിലെ ഫാം ഹൗസിൽനിന്ന് പിടികൂടി. ഉദയഗിരിയിലെ ആശുപത്രിയും മൈസൂരു രാജ്കുമാർ റോഡിലെ ആയുർവേദിക് പൈൽസ് ഡേകെയർ ​സെന്ററും പൊലീസ് സീൽ ചെയ്തു.

ഡോ. തുളസിറാമിന്റെ അമ്മ മൈസൂരുവിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റായിരുന്നു. ഇവരുടെ ആശുപത്രിയിൽ പീഡിയാട്രീഷ്യനായി ജോലി തുടങ്ങിയ തുളസിറാം പിന്നീട് ഭ്രൂണഹത്യ സൈഡ് ബിസിനസായി നടത്തി. മാതാവ് മരണപ്പെട്ടതോടെ ഡോ. ചന്ദൻ ബള്ളാളുമായി ചേർന്ന് മുഴുവൻ സമയവും ഭ്രൂണഹത്യയുമായി ബന്ധപ്പെട്ടാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ചെന്നൈയിലേക്ക് മാറിയ തുളസിറാം, ആശുപത്രി ചന്ദൻ ബള്ളാളിന് വിറ്റു. മാത ആശുപത്രിയിൽ ഭ്രൂണഹത്യക്ക് ഗർഭിണികൾ അധികമാവുമ്പോൾ കൂടുതലുള്ളവരെ രാജ്കുമാർറോഡിലെ ആയുർവേദ ക്ലിനിക്കിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നത്.

ഡോ. ചന്ദൻ ബള്ളാൾ

മൂന്നുവർഷത്തോളമായി പ്രവർത്തിക്കുന്ന റാക്കറ്റ് 900ത്തോളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയതായാണ് പ്രാഥമിക വിവരമെന്ന് മണ്ഡ്യ ജില്ല അസി. പൊലീസ് കമീഷണർ ശിവമൂർത്തി പറഞ്ഞു. 2000ത്തിലേറെ ലിംഗ നിർണയവും സംഘം നടത്തി. കഴിഞ്ഞ മൂന്നുമാസങ്ങളിൽ മാത്രം 242 പെൺ ഭ്രൂണഹത്യകൾ നടന്നു. 30,000 രൂപ വരെയാണ് ഓരോ ഭ്രൂണഹത്യക്കും ഈടാക്കി വന്നത്.

പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മണ്ഡ്യ ഹൊസഹള്ളിയിലെ ശർക്കര ഫാക്ടറിയിൽ പ്രവർത്തിക്കുന്ന അൾട്രാ സൗണ്ട് സ്കാനിങ് കേന്ദ്രം ജില്ല ഡെപ്യൂട്ടി കമീഷണർ പൂട്ടി സീൽവെച്ചതായി അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷൻ നമ്പറോ മറ്റു രേഖകളോ ഇല്ലാതെയാണ് പോർട്ടബിൾ സ്കാനിങ് മെഷീൻ ശർക്കര നിർമാണ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്നതെന്ന് കണ്ടെത്തി. ജില്ല മെഡിക്കൽ ഓഫിസറുടെ അനുമതി പ്രകാരം ഡോക്ടറുടെ കീഴിലല്ലാതെ ഇത്തരം മെഷീനുകൾ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കാനാവില്ല. എന്നാൽ, മെഷീനിലെ രജിസ്ട്രേഷൻ സ്റ്റിക്കർ നീക്കിയതായി കണ്ടെത്തി. ഇലക്ട്രോണിക്സ് റിപ്പയറായ സിദ്ധേശ് എന്നയാളിൽനിന്നാണ് നടത്തിപ്പുകാർ ഈ മെഷീൻ സംഘടിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ ഒളിവിലാണ്.

മണ്ഡ്യയിലെ സ്കാനിങ് കേന്ദ്രം പുറംകാഴ്ചയിൽ വെറും പഞ്ചസാര ഉപോല്പന്ന ഫാക്ടറി മാത്രമാണ്. കരിമ്പിൻചണ്ടി കൂമ്പാരത്തിലാണ് ആദ്യം ആരുടെയും നോട്ടം പതിയുക. കഴിഞ്ഞ മാസം ബംഗളൂരു ബൈയപ്പനഹള്ളി പൊലീസ് നടത്തിയ റോഡ് പരിശോധനക്കിടെ നിർത്താതെ പോയ എസ്.യു.വി കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് വൻ റാക്കറ്റിനെക്കുറിച്ച വിവരം നൽകിയത്.

മണ്ഡ്യയിൽ ഈ ഫാക്ടറിയിലേക്ക് കാറിൽ ഗർഭിണിയെ കൊണ്ടുപോവുന്നതിനിടെ വീരേശ് എന്നയാളാണ് ആദ്യം പിടിയിലായത്. ഇയാളെയും തുടർന്ന് അനധികൃത ഭ്രൂണ പരിശോധന നടത്തുന്ന സംഘത്തിൽപെട്ട ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവരിൽനിന്നാണ് ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. അവിഹിത ഗർഭം, ലിംഗനിർണയത്തിലൂടെ പെൺഭ്രൂണം എന്നിവയാണ് സംഘം ഹത്യ നടത്തി വന്നത്. ഗർഭസ്ഥശിശു ആണാണെങ്കിൽ നിർണയത്തിനുള്ള ഫീസ് മാത്രം ഈടാക്കും. മണ്ഡ്യ ശർക്കര ഫാക്ടറിയിൽനിന്ന് നിലവാരം കുറഞ്ഞ സ്കാൻ യന്ത്രം പിടിച്ചെടുത്തിട്ടുണ്ട്. കർണാടകയിലെ വിവിധ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഭ്രൂണഹത്യക്കായി ആളുകൾ എത്തുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - 900 feticide; Doctors and associates arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.