ബംഗളൂരു: കാഴ്ച പരിമിതിയുള്ള വയോധികനെ ഒരു സംഘം മർദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതി. കൊപ്പാലിലെ ഗംഗാവതി മെഹബൂബ് നഗറിലെ ഹുസൈൻ സാബിനാണ് (65) ഹിന്ദുത്വ പ്രവർത്തകരുടെ മർദനമേറ്റ് പരിക്കേറ്റത്.
ഹൊസപേട്ടിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നവംബർ 25ന് രാത്രി ഗംഗാവതി ടൗൺ ഓട്ടോ സ്റ്റാൻഡിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഗംഗാവതി നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ‘വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗംഗാവതി ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ മോട്ടോർ ബൈക്കുകളിലെത്തിയ സംഘം തന്നോട് എങ്ങോട്ടാണ് പോകുന്നത് എന്ന് തിരക്കി.
തുടർന്ന് വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കിൽ കയറ്റി പമ്പ നഗർ ഭാഗത്തേക്ക് കൊണ്ടുപോയി. റെയിൽവേ മേൽപാലത്തിനുസമീപം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് അവിടെ വെച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. മതം ചൂണ്ടിക്കാട്ടി അവമതിക്കുകയും ഉച്ചത്തിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്തു. മർദിച്ച് അവശനാക്കിയ ശേഷം പാലത്തിന് താഴെ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ അതുവഴി വന്ന കർഷകരാണ് രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചതെന്ന് തായി ഹുസൈൻ സാബ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികളെ ഉടൻ പിടികൂടുമെന്ന് കൊപ്പാൽ എസ്.പി യശോധ വന്ദെഗൊഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.