ബംഗളൂരു: ഭാഗികമായി നിർമാണം പൂർത്തിയായ ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ വാഹനാപകടങ്ങൾ വർധിച്ചു. പാത ഘട്ടംഘട്ടമായി ഗതാഗതത്തിന് തുറന്നുനൽകിയിരുന്നു. ഈ മേഖലയിൽ അമിതവേഗമാണ് അപകടത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറയുന്നു. വാഹനങ്ങളുടെ വേഗം മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടരുതെന്നും മറ്റ് സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശം നൽകി. സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം. പതുക്കെ വാഹനമോടിക്കുന്നവർ വലതുവശത്തെ പാത ഉപയോഗിക്കരുതെന്നും രാമനഗര ജില്ലാ പൊലീസ് മേധാവി കെ. സന്തോഷ് ബാബു പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡിലെ വളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കണം.
അടുത്തിടെ രാമനഗരയിലെ ചന്നപട്ടണയിൽവെച്ച് അതിവേഗപാതയിൽ സ്വകാര്യ ബസും ആറ് വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ബംഗളൂരുവിൽനിന്നുള്ള യുവാക്കൾ ആഡംബര ബൈക്കുകളിലെത്തി പാതയിൽ അഭ്യാസപ്രകടനം നടത്തുന്നതും പതിവാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇവർ മറ്റു വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണി സൃഷ്ടിക്കുന്നു.
ഇത്തരം ബൈക്കുകൾ പിടികൂടി ഉടമസ്ഥരിൽനിന്ന് പിഴയീടാക്കുമെന്നും പൊലീസ് അറിയിച്ചു.ബംഗളൂരുവിൽനിന്ന് മൈസൂരുവരെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് 10 വരിയുള്ള അതിവേഗപാത. 2022ലെ മൈസൂരു ദസറയോടെ പാതയുടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനായിരുന്നു ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിന് സാധിച്ചില്ല. പാത യാഥാർഥ്യമാകുന്നതോടെ മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് 90 മിനിറ്റിനകം എത്തിച്ചേരാൻ സാധിക്കും.
എട്ടുകിലോമീറ്റർ തൂണുകളിലൂടെ നിർമിക്കുന്ന പാതയിൽ ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, നാല് റെയിൽവേ മേൽപാലങ്ങൾ, അഞ്ച് ബൈപ്പാസുകൾ എന്നിവയുണ്ടാകും. അടുത്തവർഷം ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം.
പാതയുടെ നിർമാണം പൂർത്തിയായാൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവിസ് റോഡുകളിലൂടെയാണ് ഇത്തരം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ടാകുക. കാറുകൾ, ബസുകൾ തുടങ്ങിയ വാഹനങ്ങൾ അതിവേഗപാതയിലൂടെ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരുചക്രവാഹനങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടാകില്ലെന്നതുകൊണ്ടാണ് വിലക്കേർപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.