ബംഗളൂരു: എ.ഐ.കെ.എം.സി.സി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ സമൂഹ വിവാഹം സീസണ് ആറ് നവംബര്‍ 26ന് നടക്കും. മില്ലേഴ്സ് റോഡ് ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന വിവാഹത്തില്‍ 100 ജോഡി ദമ്പതികളുടെ മംഗല്യസ്വപ്നമാണ് സഫലമാകുന്നത്. അഞ്ചു സീസണിലായി ഇതുവരെ 363 ജോഡി ദമ്പതികള്‍ക്ക് സമൂഹ വിവാഹത്തിലൂടെ ദാമ്പത്യത്തിലേക്ക് വഴിതുറന്നിട്ടുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ എ.ഐ.കെ.എം.സി.സിക്ക് കീഴില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി തുടങ്ങിയിട്ടുണ്ട്.
കര്‍ണാടകയില്‍ ആദ്യമായി കേരള മോഡല്‍ പാലിയേറ്റിവ് ഹോംകെയർ തുടങ്ങി. ബംഗളൂരു, മൈസൂരു, കൊടക്, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാലിയേറ്റിവ് ഹോംകെയറുകള് ആരംഭിച്ചു. കോവിഡ് കെയര്‍ സെന്റര്‍, അപകട സ്ഥലങ്ങളിലുള്ള സന്നദ്ധ സേവനങ്ങള്‍, രക്തദാനം, നിംഹാന്‍സ്, കിദ്വായി ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങളും നൽകുന്നു.
കഴിഞ്ഞകാല സമൂഹ വിവാഹങ്ങളിലെ ദമ്പതിസംഗമം, മെഡിക്കല്‍ ക്യാമ്പ്, ബിരിയാണി ചലഞ്ച്, സ്മൃതിയാത്ര, മെഗാ ജോബ് ഫെയര്‍, ഉപന്യാസ രചന മത്സരം, കായിക മത്സരങ്ങള്‍, 100 വിവാഹം, 1000 രക്തദാന കാമ്പയിന് തുടങ്ങിയ വിവിധ പരിപാടികള്‍ സീസണ്-6 സമൂഹവിവാഹത്തോടനുബന്ധിച്ചും സംഘടിപ്പിക്കുന്നുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുൻ എം.പി പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവർ പങ്കെടുക്കും.
ജീവകാരുണ്യ രംഗത്ത് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും സമൂഹ വിവാഹത്തോടനുബന്ധിച്ച് നടക്കും. ഇതോടനുബന്ധിച്ച ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പും നേത്രരോഗ പരിശോധന ക്യാമ്പും തിങ്കളാഴ്ച ശിഹാബ് തങ്ങള്‍ സെന്ററില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.