ബംഗളൂരു: മത നിരപേക്ഷ ജനതയെ സൃഷ്ടിക്കുന്നതിൽ ചരിത്രത്തിന്റെ സത്യസന്ധമായ പഠനം ആവശ്യമാണെന്ന് കേരള മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജീവൻ ബീമാ നഗറിലെ കാരുണ്യ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘നവ വിദ്യാഭ്യാസ നയവും തിരുത്തപ്പെടുന്ന ചരിത്രവും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ തിരുത്തലുകൾ നടത്തി വ്യവസ്ഥയെ പിറകിലേക്ക് നയിക്കുന്ന പ്രതിലോമ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കേന്ദ്രത്തിന്റെ നവ വിദ്യാഭ്യാസ നയത്തിന് ഗൂഢ ലക്ഷ്യങ്ങളാണുള്ളത്. തങ്ങളുടെ പിന്തിരിപ്പൻ ആശയങ്ങളെ വിദ്യാഭ്യാസം എന്ന പ്രത്യയശാസ്ത്രത്തിലൂടെ ജനമനസ്സുകളിൽ എത്തിക്കുക വഴി ചൂഷണാധിഷ്ഠിത വ്യവസ്ഥയെ അംഗീകരിക്കുന്ന ഒരു ജനതയെ സൃഷ്ടിക്കുകയാണ് ഇന്നത്തെ ഭരണകൂടം ചെയ്യുന്നത്. നിലവിലുള്ള വ്യവസ്ഥയിലെ കുറവുകളെ വിമർശന ബോധത്തോടെ സമീപിക്കുകയും അവ തിരുത്തുകയും ചെയ്ത് സമൂഹത്തെ മുന്നോട്ടു നയിക്കുന്ന പുരോഗമന വിദ്യാഭ്യാസം മനുഷ്യനിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുകയും അതുവഴി അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് കെ.ജി. ഇന്ദിര അധ്യക്ഷത വഹിച്ചു. ട്രഷറർ ടി.വി. പ്രതീഷ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും ജോ. സെക്രട്ടറി പി.പി. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.