ബംഗളൂരു: കുടിവെള്ളപദ്ധതിയായ പ്രധാനമന്ത്രി ജലജീവൻ മിഷൻ പ്രവർത്തനം സംസ്ഥാനത്ത് അവതാളത്തിൽ. പദ്ധതി നടപ്പാക്കിയ കർണാടകയിലെ പലയിടങ്ങളിലും കുടിവെള്ളം കിട്ടുന്നില്ല. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് വിവിധയിടങ്ങളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഓഡിറ്റ് നടത്താൻ ഉത്തരവിട്ടു. പദ്ധതി സംബന്ധിച്ചും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലെ വെള്ളക്ഷാമം സംബന്ധിച്ചും തിങ്കളാഴ്ച മൂന്നുമണിക്കൂർ നീണ്ട അവലോകന യോഗം നടത്തിയിരുന്നു. മാലിന്യം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് കൊപ്പൽ, റായ്ചൂർ, യാദ്ഗിർ എന്നിവിടങ്ങളിൽ മരണങ്ങൾ ഉണ്ടായ സംഭവങ്ങളിലും അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിലെ 1.01 കോടി വീടുകളിൽ ടാപ്പുകളിൽ കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ജലജീവൻ മിഷൻ.
ജൽശക്തി മന്ത്രാലയത്തിന്റെയും പദ്ധതി വിഭാഗത്തിന്റെയും കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 69,33,340 വീടുകളിൽ കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുണ്ട്. എന്നാൽ, ഉപയോഗയോഗ്യമായ വെള്ളത്തിന്റെ സ്രോതസ്സ് കണ്ടെത്താതെയാണ് ടാപ്പുകൾ സ്ഥാപിച്ചതും പൈപ്പുകൾ കുഴിച്ചിട്ടതെന്നും കോൺഗ്രസ് എം.എൽ.എമാർ കുറ്റപ്പെടുത്തുന്നുണ്ട്. പദ്ധതിയുടെ സംസ്ഥാനത്തെ നിർവഹണ വിഭാഗം ഗ്രാമവികസന പഞ്ചായത്ത് രാജ് വകുപ്പാണ്. ഇതുസംബന്ധിച്ച പരാതികളിൽ നടപടിയെടുക്കാനും പൈപ്പുകൾ സ്ഥാപിച്ചയിടങ്ങളിൽ കുടിവെള്ളസ്രോതസ്സ് ഉണ്ടോ എന്ന് പരിശോധിക്കാനും അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. പൈപ്പുലൈനുകളിൽ തകരാർ ഉണ്ടോ എന്ന് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തണം. പലയിടത്തും വെള്ളം കിട്ടാനുള്ള വഴിയുണ്ടോ എന്ന് അന്വേഷിക്കാതെയാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. കൊപ്പൽ, റായ്ചൂർ ജില്ലകളിൽ മലിനജലം കുടിച്ച് മരണങ്ങൾ സംഭവിച്ചതിൽ സ്ഥലം സന്ദർശിച്ച് കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകണമെന്ന് ഗ്രാമവികസന പഞ്ചായത്തിരാജ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോട് സിദ്ധരാമയ്യ ഉത്തരവിട്ടു.
ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ അപേക്ഷിച്ച് ജൂൺ ഒന്നിനും പത്തിനും ഇടയിൽ മഴയിൽ വൻകുറവാണുണ്ടായത്. 15 ജില്ലകൾ, 322 വില്ലേജുകൾ എന്നിവിടങ്ങളിൽ ടാങ്കറുകളിലാണ് കുടിവെള്ളം എത്തിക്കുന്നത്. 148 വില്ലേജുകളിൽ സ്വകാര്യ കുഴൽകിണറുകളിൽ നിന്നാണ് വെള്ളം എടുക്കുന്നത്. കുടിവെള്ളം കിട്ടാത്തത് സംബന്ധിച്ച പരാതി കിട്ടിയാൽ 24 മണിക്കൂറിനുള്ളിൽ പരിഹാരം കാണണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.