മംഗളൂരു: എല്ലാവരെയും കണ്ണീരിലാഴ്ത്തി ജീവനറ്റ് അർജുൻ നാട്ടിലേക്ക് മടങ്ങുന്നു. ഉത്തര കന്നട ജില്ലയിലെ ഷിരൂർ ദേശീയപാതയിൽ കുന്നിടിഞ്ഞ് ഗംഗാവാലി നദിയിൽ പതിച്ച മൺകൂമ്പാരത്തിനടിയിൽനിന്ന് 72 ദിവസത്തിന് ശേഷം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ(30) മൃതദേഹവും ലോറിയും വീണ്ടെടുത്തു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് ഡ്രഡ്ജറിലെ ക്രെയിൻ ഉപയോഗിച്ച് പുഴക്കടിയിൽനിന്ന് ലോറി വടംകെട്ടി ഉയർത്തിയത്. തുടർന്ന് കാബിനകത്ത് കുടുങ്ങിയ മൃതദേഹ ഭാഗങ്ങളും പുറത്തെടുത്തു. നാവികസേന അടയാളപ്പെടുത്തിയ രണ്ടാം പോയന്റിൽ ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ജലോപരിതലത്തിൽനിന്ന് 12 അടി താഴ്ചയിൽ ബുധനാഴ്ച ലോറിയും മൃതദേഹവും കണ്ടെത്തിയത്.
ചൊവ്വാഴ്ച റിട്ട.മേജർ ജനറൽ ഇന്ദ്രപാൽ അടയാളപ്പെടുത്തി നൽകിയ സ്ഥലമാണിത്. ഉത്തര കന്നട ജില്ലയിൽ റെഡ് അലർട്ട് നിലവിലിരിക്കെ മഴയത്ത് തിരച്ചിൽ തുടരുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ ദുരന്ത നിവാരണ സേന പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. പിന്നീട് നദിയുടെ മറുകരയിലെത്തിച്ച് ആംബുലൻസിൽ കാർവാറിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാൻ ഡി.എൻ.എ പരിശോധന നടത്തും. മൃതദേഹത്തിൽനിന്നുള്ള സാമ്പിളും അർജുന്റെ സഹോദരന്റെ ഡി.എൻ.എ സാമ്പിളും ശേഖരിച്ച് വ്യാഴാഴ്ച മംഗളൂരുവിലെ ലാബിലേക്ക് അയക്കും. പരമാവധി രണ്ടു ദിവസത്തിനകം ഡി.എൻ.എ പരിശോധനാ ഫലം ലഭ്യമാക്കുമെന്ന് ഉത്തര കന്നട ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. തുടർന്ന് പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കൾക്ക് കൈമാറും.
കഴിഞ്ഞ ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ, ജഗന്നാഥ്, ലോകേഷ് ഭട്ട് എന്നിവരുടെ തിരച്ചിലിനായി കോടിയോളം രൂപ മുടക്കി കർണാടക സർക്കാർ ഗോവയിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള ദൗത്യമാണ് വിജയം കണ്ടത്. അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, ലോറി ഉടമ മനാഫ് എന്നിവർ ലോറിയും മൃതദേഹഭാഗങ്ങളും പുറത്തെടുത്ത വൈകാരിക രംഗത്തിന് സാക്ഷിയായി.
അർജുന്റെ കുടുംബത്തെ ചേർത്തുനിർത്തി കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് എന്നിവർ നടത്തിയ ശ്രമങ്ങൾ ദൗത്യത്തിൽ നിർണായകമായി. നാട്ടുകാരായ ജഗന്നാഥ്, ലോകേഷ് ഭട്ട് എന്നിവർക്കായുള്ള തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.