ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസിന്റെ പുതിയ സർക്കാർ ഭരണം തുടങ്ങിയിട്ട് ആറു മാസമായെങ്കിലും ഇതുവരെ പ്രതിപക്ഷ നേതാവിനെ പോലും തീരുമാനിക്കാൻ കഴിയാതെ ബി.ജെ.പി.
നിയമസഭയുടെ ബെളഗാവി സെഷൻ ആരംഭിക്കുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കണമെന്ന് പാർട്ടി എം.എൽ.എമാർ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയടക്കമുള്ള നേതാക്കളിൽ സമ്മർദം ശക്തമാക്കിത്തുടങ്ങി.
പ്രതിപക്ഷ നേതാവില്ലാതെ ഡിസംബറിൽ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ബെളഗാവി സെഷൻ തങ്ങൾക്ക് അഭിമുഖീകരിക്കാൻ കഴിയില്ലെന്നും ഇക്കാര്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും എം.എൽ.എമാർ പറഞ്ഞു. കഴിഞ്ഞ ദിവസം യെദിയൂരപ്പ വിളിച്ച എം.എൽ.എമാരുടെ യോഗത്തിലാണിത്.
ബെളഗാവി സെഷൻ നടക്കുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവിനെ നിയമിക്കാൻ കേന്ദ്ര കമ്മിറ്റിയിൽ യെദിയൂരപ്പ സമ്മർദം ചെലുത്തണമെന്ന എം.എൽ.എമാരുടെ ആവശ്യം അദ്ദേഹം യോഗത്തിൽ അംഗീകരിച്ചിട്ടുണ്ട്.
ബംഗളൂരു: ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ നിയമിക്കാനാണ് സാധ്യത. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹം നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നതോടെ ജാതിസമവാക്യങ്ങൾ കൂടി കണക്കിലെടുത്ത് ബി.ജെ.പി മാറിച്ചിന്തിക്കാനും സാധ്യതയുണ്ട്. വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ, കർക്കള എം.എൽ.എ സുനിൽ കുമാർ എന്നിവരും പട്ടികയിൽ മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.