ബംഗളൂരു: കർണാടക- തമിഴ്നാട് അതിർത്തിയായ അത്തിബലെയിൽ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 14 പേർ വെന്തുമരിച്ച സംഭവത്തിൽ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് (സി.ഐ.ഡി) ഏറ്റെടുത്തു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് സി.ഐ.ഡി വിഭാഗം ഡി.ഐ.ജി ഡോ. എം.എ. സലീം പറഞ്ഞു. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനും എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 10 അംഗ അന്വേഷണ സംഘം ഇതിനായി രൂപവത്കരിച്ചു.
അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ബാലാജി ട്രേഡേഴ്സ് ഗോഡൗൺ ഉടമക്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നതായും പൊലീസ്, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നതുമായ വിവരങ്ങളും പുറത്തുവന്നു. ഗോഡൗൺ പൂട്ടിച്ചതിന് പിന്നാലെ രാഷ്ട്രീയ ഇടപെടലിൽ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നെന്നാണ് വിവരം. ബംഗളൂരു നഗരത്തിലെ ജനത്തിരക്കേറിയ ചിക്കപേട്ടിലും ഇയാൾക്ക് പടക്ക കടയുണ്ട്. നവരാത്രി ആഘോക്കാലത്തെ വിപണി മുന്നിൽക്കണ്ട് ശിവകാശിയിൽനിന്ന് എത്തിച്ച പടക്ക ലോഡുകൾ ശനിയാഴ്ച ലോറിയിൽനിന്ന് ഇറക്കവെ തീപിടിച്ചാണ് വൻ ദുരന്തം. അപകടത്തിൽ മരിച്ച 14 പേരും തമിഴ്നാട് സ്വദേശികളാണ്. കെട്ടിട ഉടമ അനിൽറെഡ്ഡി അറസ്റ്റിലായിരുന്നു. കടയുടമ രാമസ്വാമി റെഡ്ഡി, മകൻ നവീൻ റെഡ്ഡി എന്നിവർക്ക് പൊള്ളലേറ്റു. അനുമതിയില്ലാതെയാണ് കടയുടമ പടക്കങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, അപകടത്തിൽ പരിക്കേറ്റ നാലുപേരുടെയും ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്നുപേർ മടിവാള സെന്റ് ജോൺസ് ആശുപത്രിയിലും ഒരാൾ വിക്ടോറിയ ആശുപത്രിയിലുമാണുള്ളത്. മൂന്നുപേർക്ക് ശരീരത്തിന്റെ 17 മുതൽ 30 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലുള്ള വെങ്കടേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇയാൾ പടക്കങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് അപകടത്തിൽപെട്ടത്. അത്തിബലെ മേഖലയിൽ 20 ഓളം പടക്ക മൊത്തക്കച്ചവടക്കാരാണുള്ളത്. മുമ്പ് 1980ൽ മേഖലയിലെ 15 പടക്ക കടകൾക്ക് തീപിടിച്ച് 28 പേർ വെന്തുമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.