ബംഗളൂരു: പ്രവാസ ജീവിതത്തിലും ആറ്റുകാൽ ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് പരശ്ശതം ഭക്തകൾ ഞായറാഴ്ച കർണാടകയിൽ വിവിധ നായർ സർവിസ് സൊസൈറ്റി കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ പൊങ്കാല അർപ്പിച്ചു. കാത്തിരുന്ന പ്രഭാതം പുലർന്നതിന്റെ പ്രസരിപ്പോടെ ഭക്തിനിർഭര മനസ്സുമായി സ്വപ്നങ്ങളും പ്രതീക്ഷകളും ദുഃഖങ്ങളും പ്രാർഥനകളായി നിറച്ച് സ്ത്രീകൾ പൊങ്കാല അടുപ്പിലേക്ക് തീ പകർന്നു. പൊങ്കാല സമർപ്പണ ചടങ്ങുകൾക്ക് ശേഷം എല്ലാ കരയോഗങ്ങളിലും അന്നദാനവും നടത്തി.
മത്തിക്കരെ കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ രാവിലെ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നിറപറ സമർപ്പണം എന്നിവക്ക് ശേഷം 10.30ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
ബനസങ്കരി കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാപീഠം റോഡിൽ ഓം ശക്തി ക്ഷേത്രത്തിനു സമീപത്തെ ശ്രീ രാമസേവാ മണ്ഡലി ട്രസ്റ്റിൽ പൊങ്കാല അർപ്പണത്തിനായി രാവിലെ 10ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.
ദൂരവാണി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ടി.സി പാളയ മെയിൻ റോഡ്, കെ.വി. മുനിയപ്പ ഗാർഡൻ വിജയ ഗണപതി സന്നിധിയിൽ സംഘടിപ്പിച്ച പൊങ്കാല മഹോത്സവം രാവിലെ 9.30ന് ഗണപതി ഹോമത്തോടെ ആരംഭിച്ചു. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ജയറാം ശർമ മുഖ്യ കാർമികത്വം വഹിച്ചു. ഹോരമാവ് കരയോഗത്തിന്റെ നേതൃത്വത്തിൽ ബഞ്ചാര ലേ ഔട്ടിലുള്ള ഓം ശക്തി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം സംഘടിപ്പിച്ചു.
രാവിലെ എട്ടിന് ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പൂജകൾക്കുശേഷം പൊങ്കാല അടുപ്പിൽ അഗ്നിപകർന്നു. ജലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ഗംഗമ്മ ദേവി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിച്ചു. പൂജകൾക്ക് ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. കൊത്തനൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ ബൈരതി അയ്യപ്പൻ ക്ഷേത്രത്തിന് സമീപം ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ രാവിലെ 10.30ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്നു. പൂജകൾക്ക് ബ്രഹ്മശ്രീ മാങ്കുന്നം ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ ഗോശാല റോഡ് കരുമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 9.30ന് പൂജകൾ ആരംഭിച്ചു. ബ്രഹ്മശ്രീ വിഷ്ണു പ്രകാശ്തി എമ്പ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. തിപ്പസാന്ദ്ര സി.വി. രാമൻ നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ മല്ലേശ്പാളയ ജലകണേ്ഠശ്വര ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം സംഘടിപ്പിക്കുന്നു. മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിച്ചു.
കെ.ജി.എഫ് കരയോഗം മഹിള വിഭാഗത്തിന്റെയും പാലാർ നഗർ അയ്യപ്പ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ പാലാർ നഗർ അയ്യപ്പൻ ക്ഷേത്രത്തിൽവെച്ചും മൈസൂരു കരയോഗം മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്റ്റെർലിങ് തിയറ്ററിന് സമീപം ചാമുണ്ഡിവനം ക്ഷേത്രത്തിൽവെച്ചും ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു.
യശ്വന്തപുരം കരയോഗത്തിന്റെ നേതൃത്വത്തിൽ ജാലഹള്ളി ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രസന്നിധിയിൽവെച്ച് ആറ്റുകാൽ പൊങ്കാല മഹോത്സവം നടന്നു. പുലർച്ച നാലു മുതൽ പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ 10.20ന് പൂലൂർ ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലക്ക് തുടക്കമായി. ഉച്ചക്ക് 12.15ന് തീർഥം തളിച്ചു പൊങ്കാല ദേവിക്ക് സമർപ്പിച്ചു. രാജരാജേശ്വരി നഗർ എം.എൽ.എ മുനിരത്നം, ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രം പ്രസിഡന്റ് വാസു, പൊതുപ്രവർത്തക സുനന്ദ, എൻ.എസ്.എസ് കർണാടക ചെയർമാൻ ആർ ഹരീഷ് കുമാർ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, ട്രഷറർ പി.എം. ശശീന്ദ്രൻ, ജോയന്റ് ട്രഷറർ എൻ. വിജയകുമാർ, സെക്രട്ടറിമാരായ വിജയൻ തോണുർ, എ.വി. ഗിരീഷ് എന്നിവർ പൊങ്കാലക്ക് ആശംസകൾ അർപ്പിച്ചു. 900ത്തിലധികം വനിതകൾ പൊങ്കാലയിൽ പങ്കെടുത്തു.
പരിപാടിക്ക് കരയോഗം പ്രസിഡന്റ് പി.ആർ. ഉണ്ണികൃഷ്ണൻ, കരയോഗം സെക്രട്ടറി സുരേഷ് ജി. നായർ, ട്രഷറർ എൻ.എസ്. വിക്രമൻ പിള്ള, കൺവീനർ ബിജിപാൽ നമ്പ്യാർ, ധനേഷ് കുമാർ, മുരളിമോഹൻ നമ്പ്യാർ, ശ്രീധരൻ നായർ, പി. കെ. മുരളീധരൻ, ആർ. ആനന്ദൻ, കെ. കൃഷ്ണൻ കുട്ടി, പത്മകുമാർ, രാജീവൻ കെ.പി., സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. നന്മ അസോസിയേഷന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.