ടീസ്റ്റ സെറ്റൽവാദ്

ബംഗളൂരു ഐ.ഐ.എസ് സിയിൽ ടീസ്റ്റ സെറ്റൽവാദിനെ അധികൃതർ തടഞ്ഞു

ബംഗളൂരു: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ് സി) അധികൃതർ തടഞ്ഞു. ഐ.ഐ.എസ് സി കാമ്പസിലെ സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ (സി.സി.ഇ) ലെക്ചർ ഹാളിൽ ​‘ബ്രേക്ക് ദ സൈലൻസ്’ വിദ്യാർഥി കൂട്ടായ്മ ‘സാമുദായിക സൗഹാർദവും നീതിയും’ വിഷയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു ടീസ്റ്റ. ഐ.ഐ.എസ് സിയിൽ തനിക്ക് നേരിട്ട ദുരനുഭവം ടീസ്റ്റ സെറ്റൽവാദ് പിന്നീട് സമൂഹമാധ്യമത്തിൽ വിഡിയോ സന്ദേശത്തിൽ പങ്കുവെച്ചു.

ഐ.ഐ.എസ് സിയുടെ കവാടത്തിൽ തന്നെ തടഞ്ഞെന്നും യോഗം റദ്ദാക്കാനുള്ള തീരുമാനം അവസാന നിമിഷമാണ് അധികൃതർ കൈക്കൊണ്ടതെന്ന് കരുതുന്നതായും ടീസ്റ്റ പറഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഉന്നത ശാസ്ത്രസ്ഥാപനത്തിലും മറ്റു പൊതുസ്ഥലങ്ങളിലും സാമുദായിക സൗഹാർദവും നീതിയും സമാധാനവും വിലക്കപ്പെടരുതെന്ന് ടീസ്റ്റ സംഭവത്തോട് പ്രതികരിച്ചു.

ഫാക്കൽറ്റി അംഗങ്ങൾ നടത്തിയ ഇടപെടലിനെ തുടർന്ന് ഒരു മണിക്കൂറിനുശേഷം യോഗം മറ്റൊരിടത്ത് നടത്താൻ അധികൃതർ അനുമതി നൽകി. ഹാളിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ അധ്യാപകരും വിദ്യാർഥികളും കാമ്പസിലെ കാന്റീൻ പരിസരത്തെ ഗാർഡനിലാണ് യോഗം സംഘടിപ്പിച്ചത്. ടീസ്റ്റ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിച്ചു. ഓഡിറ്റോറിയത്തിൽ പരിപാടിക്ക് അനുമതി തേടി ഒരാഴ്ച മുമ്പേ ഐ.ഐ.എസ് സി അധികൃതർക്കും രജിസ്ട്രാർക്കും ഇ-മെയിൽ അയച്ചിരുന്നതായും ഇതിന് ഔദ്യോഗിക പ്രതികരണമൊന്നും നൽകിയില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

പരിപാടി ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പേ സംഘാടകരിലൊരാളായ ഷൈരിക സെൻ ഗുപ്തയെ രജിസ്ട്രാർ വിളിപ്പിക്കുകയും പരിപാടിക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, കഫറ്റീരിയ ഭാഗത്ത് ഒന്നിച്ചിരുന്ന് അനൗപചാരികമായി പരിപാടി നടത്താൻ സംഘാടകർ തീരുമാനിച്ചു.

സംഘാടകർക്കൊപ്പം ടീസ്റ്റ കാമ്പസിലേക്ക് വരുന്നതിനിടെ അഞ്ചു സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് തടഞ്ഞു. ടീസ്റ്റക്ക് കാമ്പസിൽ പ്രവേശിക്കാൻ അനുമതിയില്ലെന്നായിരുന്നു വാദം. ഇതോടെ ചില ഫാക്കൽറ്റി അംഗങ്ങൾ ഇടപെട്ട്, ടീസ്റ്റ തങ്ങളുടെ അതിഥിയാണെന്ന് ചൂണ്ടിക്കാട്ടി യോഗസ്ഥലത്തേക്കു നയിച്ചു. പരിപാടിയിൽ പ​ങ്കെടുക്കാനെത്തിയ മറ്റു കോളജുകളിൽനിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും കാമ്പസിൽ സെക്യൂരിറ്റി ജീവനക്കാർ പ്രവേശിപ്പിച്ചില്ലെന്ന് സെൻ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ജൂൺ 28ന് ​‘ബ്രേക്ക് ദ സൈലൻസ്’ സംഘടിപ്പിക്കാൻ നിശ്ചയിച്ച യു.എ.പി.എ സംബന്ധിച്ച ചർച്ചക്കും അധികൃതർ അനുമതി നിഷേധിച്ചിരുന്നു.

Tags:    
News Summary - Authorities stopped Teesta Setalvad at IISC, Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.