ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) ബജറ്റിൽ 30 വർഷം മുന്നിൽ കണ്ട് മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതി. നഗരാതിർത്തികളിൽ നാല് മാലിന്യസംസ്കരണ പ്ലാന്റുകൾ നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കുന്നതിനായി 100 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്.
ബംഗളൂരു ഖരമാലിന്യ സംസ്കരണ വിഭാഗത്തിന് 1000 കോടി രൂപ നൽകും. നഗരവ്യാപകമായി രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. പുതിയ പാർക്കുകൾ നിർമിക്കാൻ 35 കോടിയാണ് നീക്കിവെച്ചത്. 35 കോടി മുടക്കി തടാകങ്ങളും നവീകരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മേക്കറി ജങ്ഷൻ മുതൽ ഹെബ്ബാൾ ജങ്ഷൻ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭപാത നിർമിക്കാൻ 200 കോടി രൂപ അനുവദിച്ചു.
റോഡുകളുടെ നവീകരണത്തിന് 130 കോടി രൂപ വിനിയോഗിക്കും. 250 മീറ്റർ ഉയരത്തിൽ ആകാശഗോപുരം നിർമിക്കാൻ 350 കോടി രൂപ നീക്കിെവച്ചു. റോഡുകളുടെ വൈറ്റ്ടോപ്പിങ്ങിന് 300 കോടി രൂപ, മഴവെള്ള കനാലുകൾക്കു ചുറ്റും ബഫർസോൺ വികസിപ്പിക്കാൻ 100 കോടി രൂപ, ബി.എം.ആർ.സി, കെ-റൈഡ് എന്നിവയുമായി സഹകരിച്ച് ഡബിൾ ഡെക്കർ മേൽപാലം നിർമിക്കാൻ 100 കോടി രൂപ എന്നിങ്ങനെ നീക്കിവെച്ചു.
വികസന പ്രവർത്തനങ്ങൾക്കായി ഓരോ വാർഡുകൾക്കും രണ്ട് കോടി രൂപ നൽകും. ബനശങ്കരി മെട്രോ സ്റ്റേഷനെയും ബസ് ടെർമിനലിനെയും ബന്ധിപ്പിച്ച് കാൽനട മേൽപാലം നിർമിക്കാൻ 50 കോടി വിനിയോഗിക്കും.
ബി.ബി.എം.പി ആശുപത്രികളുടെ നിലവാരം ഉയർത്താൻ അടുത്ത രണ്ട് വർഷത്തേക്ക് 200 കോടി രൂപ ചെലവഴിക്കും. 50 ഇന്ദിര കാന്റീനുകൾകൂടി നിർമിക്കും. പുതിയ പൊതു ശ്മശാനങ്ങൾ ആരംഭിക്കാൻ 15 കോടി, കോളജുകൾക്കും സ്കൂളുകൾക്കും കെട്ടിടങ്ങൾ നിർമിക്കാൻ 35 കോടി എന്നിങ്ങനെ നൽകും.
സ്ത്രീകൾക്കായി 100 ശുചിമുറികൾകൂടി നിർമിക്കും. നഗരത്തിലെ ശുചീകരണ പ്രവൃത്തികൾക്കായി 10,000 തൊഴിലാളികളെക്കൂടി നിയമിക്കും. ബി.ബി.എം.പി ആസ്ഥാനത്ത് ലൈബ്രറിയും ഇന്ദിര കാന്റീനും സ്ഥാപിക്കും.
ആകർഷകമായ ഇലക്ട്രിക് ലൈറ്റുകൾ ഉപയോഗിച്ച് മേൽപാതകൾ, അടിപ്പാതകൾ, പാർക്കുകൾ എന്നിവ അലങ്കരിക്കാനായി 100 കോടി രൂപ, ജങ്ഷനുകളുടെ മോടി കൂട്ടാൻ 20 കോടി, ഐ.ടി മേഖലയുടെ വികസനത്തിനു 50 കോടി എന്നിങ്ങനെ വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.