ബംഗളൂരു: ബംഗളൂരു-മൈസൂരു എക്സ് പ്രസ് വേയിൽ നാലുമാസത്തിനിടെയുണ്ടായ അപകടങ്ങളിൽ 100 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര. നിയമസഭയിൽ ബി.ജെ.പി അംഗം സുരേഷ് കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി കണക്ക് പുറത്തുവിട്ടത്. എന്നാൽ, 132 പേർ മരണപ്പെട്ടതായി ചൂണ്ടിക്കാട്ടിയ ബി.ജെ.പി അംഗം, ഹൈവേയിൽ അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
എക്സ്പ്രസ്വേയിൽ ശരിയായ വിധത്തിൽ അടയാള ബോർഡുകളില്ലെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. പാതയിൽ പലയിടത്തും വളവുകളുണ്ട്. എന്നാൽ, അവ സൂചിപ്പിക്കുന്ന ബോർഡുകളില്ല. എക്സ്പ്രസ് വേ തുറന്ന മാർച്ചിൽ പാതയിലുണ്ടായ അപകടങ്ങളിൽ 20 പേർ മരിക്കുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏപ്രിലിൽ 23 പേർ മരിക്കുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേയിൽ 29 മരണവും 93 പേർക്ക് പരിക്കും രേഖപ്പെടുത്തി. ജൂണിൽ 29 പേർ മരിക്കുകയും 96 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഭിച്ച റിപ്പോർട്ട് പ്രകാരം ജൂൺ വരെ 100 പേർ മരിക്കുകയും 335 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വ്യക്തമാക്കിയ പരമേശ്വര, ബി.ജെ.പി എം.എൽ.എ ഉന്നയിച്ച എണ്ണം പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. എക്സ്പ്രസ്വേയിൽ ഉണ്ടായ അപകടങ്ങളിൽ രാമനഗരയിൽ 63ഉം മാണ്ഡ്യയിൽ 65ഉം മൈസൂരുവിൽ നാലും പേർ മരണപ്പെട്ടതായാണ് സുരേഷ് കുമാറിന്റെ വാദം.
അപകടങ്ങൾ കുറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. അമിതവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ഓരോ 30 കി.മീ. പരിധിയിലും ഹൈവേ പട്രോൾ വാഹനങ്ങളുണ്ടാവും. ചില വാഹനങ്ങൾ ഹൈവേയിൽ അനധികൃതമായി നിർത്തിയിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ആവശ്യമായ ഇടങ്ങളിൽ അടയാള ബോർഡുകൾ സ്ഥാപിക്കും. ലൈനുകളിലെ അച്ചടക്കം പാലിക്കാത്ത വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാവും. ഭാരവാഹനങ്ങൾ ഏറ്റവും ഇടത്തേ ലൈനിലൂടെ സഞ്ചരിക്കണമെന്നാണ് എക്സ്പ്രസ്വേകളിലെ നിയമം. ചിലയിടങ്ങളിൽ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതും തടയാൻ നാഷനൽ ഹൈവേ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. എക്സിറ്റ് പോയന്റുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതും ശ്രദ്ധയിൽപെടുത്തിയതായി ആഭ്യന്തരമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.