ബംഗളൂരു: അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി വീണ്ടും ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ. നവംബർ 15ന് കൂടുതൽ ബി.ജെ.പി, ജെ.ഡി.എസ് നേതാക്കൾ കോൺഗ്രസിൽ എത്തുമെന്നും കോൺഗ്രസിലേക്കുള്ള അടുത്തഘട്ട പ്രവേശനം അന്ന് തുടങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
എന്നാൽ ഏതൊക്കെ നേതാക്കളാണെന്നോ എം.എൽ.എമാർ വരുമോയെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല. ഭരണകക്ഷിയായ കോൺഗ്രസിലേക്ക് ഇരുപാർട്ടികളിൽ നിന്നും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. അത് താൻ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെന്നും ശിവകുമാർ പറഞ്ഞു.
കൂടുതൽ നേതാക്കൾ കോൺഗ്രസിൽ ചേരും. ഏതൊക്കെ നേതാക്കളാണ് എത്തുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ നവംബർ 14ന് വൈകീട്ട് വെളിപ്പെടുത്താമെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം പാർട്ടി എം.എൽ.എമാരെ ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റും മുൻമുഖ്യമന്ത്രിയുമായ കുമാരസ്വാമി ഹാസനിലെ റിസോർട്ടിലും പ്രസിദ്ധമായ ഹാസനമ്പ ക്ഷേത്രത്തിലും എത്തിച്ച് വിശ്വാസ്യത ഉറപ്പിക്കൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെ. ശിവകുമാറിന്റെ പുതിയ പ്രഖ്യാപനം.
19 എം.എൽ.എമാരിൽ 18 പേരെയാണ് കുമാരസ്വാമി ഹാസനിൽ എത്തിച്ചത്. എന്നാൽ എൻ.ഡി.എയിൽ ചേർന്ന ജെ.ഡി.എസ് തീരുമാനത്തെ എതിർക്കുന്ന ഗുർമിത്കൽ മണ്ഡലം എം.എൽ.എ ശരണഗൗഡ കണ്ടകുർ യോഗത്തിൽ പങ്കെടുത്തില്ല. പാർട്ടി എം.ൽ.എമാർ ഒറ്റക്കെട്ടാണെന്നും പാർട്ടി ശക്തമാണെന്നും കാണിക്കുകയായിരുന്നു കുമാരസ്വാമിയുടെ ലക്ഷ്യം. ഓരോ എം.എൽ.എമാരെയും പ്രത്യേകം കണ്ട് ആശങ്കകളും പ്രശ്നങ്ങളും കുമാരസ്വാമി ചോദിച്ചറിയുകയും ചെയ്തിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യത്തിൽ എതിർപ്പുള്ള എം.എൽ.മാരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കാനും ശ്രമം നടത്തുന്നുണ്ട്.
കർണാടകയിൽ മൂന്ന് അധികാരകേന്ദ്രങ്ങളുണ്ടെന്ന ആരോപണം ഡി.കെ. ശിവകുമാർ തള്ളി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി. താൻ ഉപമുഖ്യമന്ത്രിയും.
ഞങ്ങൾ തമ്മിൽ അധികാര വടംവലിയില്ല. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിങ്ങനെ മൂന്ന് അധികാരകേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടെന്ന ആരോപണത്തോട് പ്രതികരികുകയായിരുന്നു ശിവകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.