ബംഗളൂരു: വഖഫ് ഭൂമി വിവാദത്തിൽ ബി.ജെ.പി നടത്തുന്ന പ്രതിഷേധം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഒരു വിഷയത്തിന് മേൽ ബി.ജെ.പി ഒരിക്കലും സമരം നടത്താറില്ല. എപ്പോഴും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കാറുള്ളത്. രാഷ്ട്രീയ നേട്ടത്തിനായാണ് അവരുടെ പ്രതിഷേധം. അന്യാധീനപ്പെട്ട ഓരോ ഇഞ്ച് വഖഫ് ഭൂമിയും തിരിച്ചുപിടിക്കുമെന്നാണ് ഇപ്പോഴത്തെ ബി.ജെ.പി എം.പിയായ ബസവരാജ് ബൊമ്മൈ മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പറഞ്ഞത്.
ഇപ്പോൾ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹം അതിനെതിരായി പറയുന്നു. വഖഫ് ഭൂമി വിഷയം പുതിയ പ്രശ്നമല്ലെന്ന് ജനങ്ങൾക്കറിയാം. ബി.ജെ.പി സർക്കാറടക്കം മുൻ സർക്കാറുകളെല്ലാം വഖഫ് ഭൂമി കൈയേറ്റത്തിനെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. കർഷകർക്കെതിരെ നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാരണവശാലും കർഷകർ ഒഴിപ്പിക്കപ്പെടില്ല. അത് ഹിന്ദുവാകട്ടെ, മുസ്ലിമാകട്ടെ, ക്രിസ്ത്യനാകട്ടെ കർഷകരെ ഒഴിപ്പിക്കുന്ന പ്രശ്നമുദിക്കുന്നില്ല - മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ തനിനിറം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയ ചേരിതിരിവുണ്ടാക്കുക എന്നതാണെന്നും ഈ സമരത്തിലൂടെ കർഷകരുടെ താൽപര്യം സംരക്ഷിക്കാനല്ല, കർണാടകയിലെ സൗഹാർദ അന്തരീക്ഷം തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.