മംഗളൂരു: ബി.ജെ.പി നേതൃത്വം തനിക്ക് ഗവർണർ പദവിയും മകൻ കെ.ഇ.കാന്തേശിന് എം.എൽ.സി സ്ഥാനവും വാഗ്ദാനം ചെയ്തതായി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്.ഈശ്വരപ്പ. ബുധനാഴ്ച ശിവമോഗ്ഗയിൽ ബിജെപി പ്രവർത്തകരുടെ കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മകന് ലോക്സഭ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി അകന്ന്
ശിവമോഗ ലോക് സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈശ്വരപ്പ തന്നെ അനുകൂലിക്കുന്ന പ്രവർത്തകരുടെ കൺവെൻഷൻ സംഘടിപ്പിച്ചത്. ശിവമോഗ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതോടെ ബി.എസ്.യദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താവും.
പാർട്ടിയിൽ യദ്യൂരപ്പയുടെ കുത്തകവത്കരണമാണ് നടക്കുന്നതെന്ന് ഈശ്വരപ്പ ആവർത്തിച്ച് ആരോപിച്ചു. ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തിലെ അണികൾ വേണ്ടെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെക്ക് യദ്യൂരപ്പ ബംഗളൂരു നോർത്ത് മണ്ഡലം നൽകി.അദ്ദേഹത്തിന്റെ മകൻ ബി.വൈ.രാഘവേന്ദ്ര ശിവമോഗ സീറ്റിൽ മത്സരിക്കുന്നു.മറ്റൊരു മകൻ വിജയേന്ദ്ര ബിജെപി സംസ്ഥാന അധ്യക്ഷനാണ്-അദ്ദേഹം പറഞ്ഞു.
"അച്ഛനോ അച്ഛനെയോ ഇതുവരെ ആരും ചതിച്ചിട്ടില്ലായിരുന്നു.എന്നാൽ ഇത്തവണ യദ്യൂരപ്പ അച്ഛനെ പറഞ്ഞു പറ്റിച്ചു.എനിക്ക് വേണ്ടി പ്രചാരണം നടക്കുന്നതിനിടെയാണ് സീറ്റ് ഇല്ലെന്ന് അറിയുന്നത്"-കാന്തേശ് പറഞ്ഞു. കർണാടക ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ ഈശ്വരപ്പയെ പ്രധാന മന്ത്രി നരേന്ദ്ര മോദി ശിവമോഗയിൽ റാലിയിലും റോഡ്ഷോയിലും പങ്കെടുത്ത തിങ്കളാഴ്ച നേരിൽ കണ്ട് സംസാരിച്ചിരുന്നു. ശിവമോഗയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് മോദിയുമായി വേദി പങ്കിടാൻ അഭ്യർഥിച്ചെങ്കിലും ഈശ്വരപ്പ വഴങ്ങിയിരുന്നില്ല.പകരം അദ്ദേഹം മഠങ്ങളും താൻ പ്രതിനിധാനം ചെയ്യുന്ന കുറുബ സമുദായ നേതാക്കളേയും സന്ദർശിക്കാനാണ് സമയം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.