ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ പിടിച്ചെടുത്ത പണമെല്ലാം ബി.ജെ.പിയുടേതും അവരുമായി ബന്ധപ്പെട്ടവരുടേതുമാണെന്ന് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. പണം കോൺഗ്രസിന്റേതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, അഴിമതിയുടെ സ്ഥാപകരാണ് ബി.ജെ.പിയെന്നും അവരുടേതാണ് പണമെന്നും ശിവകുമാർ തിരിച്ചടിച്ചു.
പിടിച്ചെടുത്ത പണം മുഴുവൻ ബി.ജെ.പി നേതാക്കളുടേതാണ്. കോൺഗ്രസിന് ഒരു ബന്ധവുമില്ല. ബി.ജെ.പിയാണ് അഴിമതി കണ്ടുപിടിച്ചതുതന്നെ. അതിനാലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം അവരെ തൂക്കിയെറിഞ്ഞതെന്നും ശിവകുമാർ പറഞ്ഞു. ഒക്ടോബർ 12 മുതൽ കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ 55 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 94 കോടി രൂപയാണ് കണ്ടെടുത്തത്. സർക്കാർ കരാറുകാർ, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
എട്ടു കോടിയുടെ സ്വർണ-വജ്ര ആഭരണങ്ങൾ, 30 ആഡംബര വാച്ചുകൾ, നിരവധി രേഖകൾ എന്നിവയും കണ്ടെടുത്തു. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിൽ റെയ്ഡ് നടത്തിയത്. ബംഗളൂരുവിൽ പ്രമുഖ കരാറുകാരന്റെ ഫ്ലാറ്റിൽനിന്ന് 42 കോടി രൂപ പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ ‘40 ശതമാനം കമീഷൻ’ ആരോപണം ഉന്നയിച്ചതിൽ പ്രധാനിയായ പ്രമുഖ കരാറുകാരൻ ആർ. അംബികാപതിയുടെ ആർ.ടി നഗറിനടുത്ത ആത്മാനന്ദ കോളനിയിലെ ഫ്ലാറ്റിൽനിന്നാണിത്. കർണാടക തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യകാരണമായ ‘40 ശതമാനം കമീഷൻ സർക്കാർ’ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യം തീർക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.